മികവിന്റെ തിളക്കത്തില്‍ ചേലക്കര ഗവ. പോളിടെക്‌നിക് കോളേജ്
പ്രൊഫഷണല്‍ മേഖലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ലഭിക്കുന്ന മികവിന്റെ അംഗീകാരമായ എന്‍.ബി.എ കരസ്ഥമാക്കി ചേലക്കര ഗവ. പോളിടെക്‌നിക് കോളേജ്. കോളേജിലെ സിവില്‍, കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ എന്നീ മൂന്നു ഡിപ്ലോമാ പ്രോഗ്രാമുകള്‍ക്കാണ് എന്‍.ബി.എ അക്രഡിറ്റേഷന്‍ ലഭിച്ചത്.
ഒക്ടോബര്‍ 13 മുതല്‍ 15 വരെ നടന്ന വിദഗ്ദ സമിതിയുടെ വിലയിരുത്തല്‍ പ്രകാരം അധ്യാപന-പഠന നിലവാരം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലും മറ്റും മികവ് ഉറപ്പാക്കിക്കൊണ്ട് എന്‍ബിഎയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് കോളേജ് ഈ നേട്ടം കൈവരിച്ചത്. വ്യവസായ ആവശ്യകതകള്‍ നിറവേറ്റുന്നതിനും ഉയര്‍ന്ന കഴിവുള്ള ബിരുദധാരികളെ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അന്തര്‍ദേശീയ മികച്ച സമ്പ്രദായങ്ങളുമായി യോജിപ്പിച്ചതാണ് അക്രഡിറ്റേഷന്‍.
2023 ഏപ്രില്‍ മാസത്തിലാണ് സിവില്‍, മെക്കാനിക്കല്‍ വിഭാഗം പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്.
സാമൂഹിക പ്രസക്തിയുള്ള ധാരാളം പ്രോജക്ടുകള്‍ കോളേജ് ഏറ്റെടുത്തിട്ടുണ്ട്. എം.ജി. യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഫണ്ട് ഉപയോഗിച്ച് ഖരമാലിന്യങ്ങളില്‍ നിന്നും കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ ബ്ലോക്കുകള്‍ നിര്‍മിക്കുന്ന സിവില്‍ മെക്കാനിക്കല്‍ ഇന്റര്‍ ഡിസിപ്ലിനറി പ്രോജക്ടിന് നിലവില്‍ ഒരുപാട് അംഗീകാരങ്ങള്‍ ലഭിച്ചു കഴിഞ്ഞു.