മലയോര മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം - സീതത്തോട് - നിലയ്ക്കൽ കുടിവെള്ള പദ്ധതി യാഥാർഥ്യമായി.
ജലവിതരണ രംഗത്ത് പുതിയ ചരിത്രം കുറിച്ച് സീതത്തോട് - നിലയ്ക്കൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ ട്രയൽ റൺ പൂർത്തിയായി. നബാർഡിന്റെ ഫണ്ടിനു പുറമേ ജെ ജെ എമ്മിലും കൂടി ഉൾപ്പെടുത്തി 120 കോടി രൂപ ചെലവഴിച്ച് ശബരിമല ഇടത്താവളമായ നിലയ്ക്കലിലും പെരിനാട് പഞ്ചായത്തിന്റെ ഇതര ഭാഗങ്ങളിലും, സീതത്തോട് പഞ്ചായത്തിലും, നാറാണംതോട്, ളാഹ തുടങ്ങിയ സ്ഥലങ്ങളിലും കുടിവെള്ളം എത്തിക്കുന്ന ബൃഹുത്തായ പദ്ധതിയാണിത്.
നിലയ്ക്കൽ കുടിവെള്ളപദ്ധതി പൂർണമായി യാഥാർത്ഥ്യമാകുന്നതോടെ മലയോര മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് വലിയൊരു പരിഹാരമാകും. 2016-ലാണ് കക്കാട്ടാറ് കേന്ദ്രീകരിച്ച് നിലയ്ക്കൽ-സീതത്തോട് കുടിവെള്ള പദ്ധതിയുടെ നിർമാണം തുടങ്ങിയത്. ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും കിണറിന്റെയും നിർമാണ പ്രവർത്തനം ഒൻപത് കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചിരുന്നു. ഇപ്പോൾ 120 കോടി രൂപയുടെ പ്രവർത്തനമാണ് അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.
സീതത്തോട് മുതൽ നിലയ്ക്കൽ വരെയുള്ള പമ്പിങ് മെയ്നിന്റെയും സീതത്തോടിനും നിലക്കലിനും ഇടയിലുള്ള മൂന്ന് ബൂസ്റ്റിംഗ് പമ്പിങ് സ്റ്റേഷന്റെയും ടാങ്കിന്റെയും നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കിയതോടെയാണ് ട്രയൽ റൺ സാധ്യമായത്. നിലവിൽ ജല സംഭരണം നടത്തുന്ന 50 ലക്ഷം ലിറ്റർ ടാങ്കിലാണ് സീതത്തോട്ടിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ശേഖരിക്കുന്നത്. നിലയ്ക്കലിൽ ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ട് 20 ലക്ഷം ലിറ്റർ വീതം സംഭരണ ശേഷിയുള്ള മൂന്നു ടാങ്കുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടു കൂടി നിലയ്ക്കൽ ബേസ് ക്യാമ്പിൽ ജല വിതരണത്തിനായി ജല അതോറിറ്റിക്ക് വേണ്ടി വരുന്ന കോടികളുടെ അധിക ബാധ്യതയ്ക്ക ശാശ്വത പരിഹാരമായിരിക്കുകയാണ്. നബാർഡ് പദ്ധതിയിൽ ടെൻഡർ ആകാത്ത പ്രവർത്തികൾ ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കിയത്.
പദ്ധതിയുടെ ഭാഗമായി നിലയ്ക്കൽ ബേസ് ക്യാമ്പിലെ 20 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള 3 ഉന്നതതല ജല സംഭരണികളുടെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. എസ്എൻഎൽ ടവറിന് സമീപമുള്ള 20 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള സംഭരണിയുടെ റൂഫ് സ്ലാഫിന്റെ പണി കൂടിയാണ് പൂർത്തിയാകാനുള്ളത്. ഗോശാലയ്ക്ക് സമീപമുള്ള 20 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജല സംഭരണിയുടെ സ്ട്രക്ചറൽ വർക്കുകളും, പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപമുള്ള 20 ലക്ഷം ലിറ്റർ സംഭരശേഷിയുള്ള ജല സംഭരണിയുടെ ബോട്ടം സ്ലാബ് വരെയുള്ള പ്രവർത്തികളും പൂർത്തിയാക്കി.
സീതത്തോട്, പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിവിടങ്ങളിൽ താമസിക്കുന്ന 7000 ഓളം കുടുംബങ്ങൾക്കും പൈപ്പ്ലൈനിന്റെ പ്രയോജനം ലഭിക്കും. നിലവിൽ നിലയ്ക്കലിൽ ടാങ്കറുകളിൽ വെള്ളമെത്തിച്ചാണ് മണ്ഡലകാലത്ത് വിതരണം ചെയ്യുന്നത്. ഇതിനാകട്ടെ വർഷംതോറും കോടികളാണ് സർക്കാരിന് ചെലവഴിക്കേണ്ടിവരുന്നത്. ശുദ്ധജലവിതരണ പദ്ധതികളൊന്നുമില്ലാത്ത സീതത്തോട് പഞ്ചായത്തിലെ ജനങ്ങളും തങ്ങളുടെ ദുരിതത്തിനും ഇതോടെ പരിഹാരമാകുകയാണ്. പദ്ധതിയുടെ ആദ്യഘട്ടം നിലയ്ക്കലിൽ വെള്ളമെത്തിക്കുക എന്നതാണ്. തുടർന്നാവും സീതത്തോട് പഞ്ചായത്തിൽ വെള്ളമെത്തിക്കുന്നതിനുള്ള നടപടികളാരംഭിക്കുക.
.
23-12-2024
ദേശീയ നേട്ടം: സെന്റർ ഓഫ് എക്സലൻസ് പദവിയിലേക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗം.
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ രാജ്യത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തിരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് - ഐസിഎംആർ തിരഞ്ഞടുക്കുന്ന രാജ്യത്തെ 5 മെഡിക്കൽ കോളേജുകളുടെ പട്ടികയിലാണ് മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗം ഇടം നേടിയത്. കേരളത്തില്‍ നിന്നൊരു മെഡിക്കല്‍ കോളേജ് ഈ സ്ഥാനത്ത് എത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും രണ്ടു കോടി രൂപ മെഡിക്കല്‍ കോളേജിന് ലഭിക്കും.
കാലഘട്ടത്തിന്റെ അനിവാര്യതക്കനുസൃതമായി സമാനകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സാക്ഷ്യം വഹിക്കുന്നത്. അതിനൂതന എമർജൻസി മെഡിസിൻ സംവിധാനങ്ങളോടെയാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചത്. എമർജൻസി വിഭാഗത്തിന്റെ സേവനങ്ങളും ഇൻഫ്രാസ്റ്റ്‌സർ സൗകര്യങ്ങളും ഇതിനോടകം തന്നെ ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട് .ശാസ്ത്രീയമായ ട്രയാജ് സംവിധാനം ഉൾപ്പടെ ചെസ്റ്റ് പെയിൻ ക്ലിനിക്, സ്ട്രോക്ക് ഹോട്ട്‌ലൈൻ, അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ എന്നിവ എമർജൻസി വിഭാഗത്തിൽ സജ്ജമാണ്. കൂടാതെ കൂടുതൽ രോഗീ പരിചരണത്തിനായി 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക്, എന്നിവയും ആരംഭിച്ചു. ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ നൂതന സ്പെക്റ്റ് സിടി സ്‌കാനർ സ്ഥാപിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കി. ലിനാക്, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, ബേൺസ് ഐസിയു എന്നിവ സ്ഥാപിച്ചു. രാജ്യത്ത് മെഡിക്കൽ കോളേജുകളിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ ഇന്റർവെൻഷൻ ആരംഭിച്ചു.ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ തുടർച്ചയായ രണ്ട് വർഷങ്ങളിൽ മെഡിക്കൽ കോളേജ് നേട്ടം കൈവരിച്ചു. മെഡിക്കൽ കോളേജ് ഇൻഫ്രാസ്റ്റ്‌സർ വികസന മാസ്റ്റർപ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിർമ്മാണം പൂർത്തിയാക്കി 194.32 കോടി അനുവദിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിലെ ന്യൂറോ കാത്ത് ലാബ് ഉൾപ്പെട്ട 14.3 കോടിയുടെ സമഗ്ര സ്‌ട്രോക്ക് സെന്റർ സജ്ജമാക്കി. മെഡിക്കൽ കോളേജിൽ റോബോട്ടിക് സർജറി സംവിധാനവും ഉടൻ ആരംഭിക്കും. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിറ്റിക്കൽ കെയർ, ജനറ്റിക്സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സെന്റർ ഓഫ് എക്സലൻസ് പദവിയിലേക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗം എത്തിയത് കേരളത്തിന്റെ ആരോഗ്യ പരിപാലന രംഗത്ത് ഒരു പുത്തൻ ചുവടുവെയ്‌പിന് നാന്ദി കുറിക്കും.
.
16-12-2024
മികവിന്റെ നിറവില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് - ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം.
ഭിന്നശേഷി മേഖലയില്‍ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം നേടി മതിലകം ബ്ലോക്ക് പഞ്ചായത്ത്. സമൂഹത്തില്‍ ഏറ്റവും കരുതലും കൈത്താങ്ങും ആവശ്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ ലക്‌ഷ്യം വെച്ച് ആരംഭിച്ച മതിലകം ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണവും പരിശീലനവും ലക്ഷ്യമാക്കി 2022-23 വാര്‍ഷിക പദ്ധതി കാലയളവില്‍ 2022 ജൂണിലാണ് മതിലകം ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന് ഔപചാരികമായി തുടക്കം കുറിച്ചത്. മതിലകം ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലുള്ള 7 ഗ്രാമപഞ്ചായത്തുകളില്‍ മാനസിക വെല്ലുവിളി നേരിടുന്ന 444 പേരും 18 വയസ്സിന് മുകളിലുള്ളവര്‍ 346 പേരുമാണ്. മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പ്രാരംഭ ഘട്ടത്തില്‍ 15 കുട്ടികളാണ് ഉണ്ടായിരുന്നത്. കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി എല്ലാ ദിവസവും എക്‌സര്‍സൈസും കുട്ടികളുടെ ദൈനംദിന കാര്യങ്ങളില്‍ ഉള്ള പരിശീലനവും നല്‍കുന്നുണ്ട്. നിപ്മറുമായി സഹകരിച്ച് എല്ലാ മാസവും ക്യാമ്പുകള്‍ നടത്തി വരുന്നു. ബഡ്‌സ് കലോത്സവങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ മികച്ച വിജയങ്ങള്‍ നേടിയിട്ടുണ്ട്. സുരക്ഷിതമായ കെട്ടിടവും വിശാലമായ അങ്കണവും സമാധാനപൂര്‍ണമായ പഠനാന്തരീക്ഷവും മതിലകം ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ സവിശേഷതകളാണ്. പരിശീലനം സിദ്ധിച്ച അധ്യാപകനും, ആയയും, കുട്ടികള്‍ക്ക് സഹായത്തിനായുണ്ട്. നിപ്മറിന്റെ സഹായത്തോടെ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ക്യാമ്പുകളില്‍ ഒക്യുപ്പ്ഷന്‍ തെറാപ്പി, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയും സൈക്കോളജിസ്റ്റ് സേവനവും ലഭ്യമാക്കുന്നുണ്ട്.മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പലവിധ കാരണങ്ങളാല്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുവാന്‍ കഴിയാത്ത കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും മുന്‍നിരയിലേക്കും എത്തിക്കുന്നതിനുവേണ്ടി കേരള സര്‍ക്കാര്‍ കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച സംവിധാനമാണ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും എസ്.സി.ഇ.ആര്‍.ടി പ്രത്യേക പാഠ്യപദ്ധതി പ്രകാരമുള്ള പരിശീലനവും പാഠ്യേതര പരിശീലനം നല്‍കുന്നതിനും ദൈനംദിന ആവശ്യങ്ങള്‍ പരസഹായം ഇല്ലാതെ നിര്‍വഹിക്കുന്നതിനും വേണ്ടിയുള്ള രീതിയിലാണ് ബഡ്സ് സ്‌കൂള്‍ സംവിധാനത്തിലൂടെ രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ളത്.
.
7-12-2024
അഭിമാന നേട്ടം: ആലത്തൂർ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷൻ.
രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മികവിന്റെ അടിസ്ഥാനത്തിൽ ഈ വർഷം അന്തിമ പട്ടികയിലുൾപ്പെടുത്തിയ 76 പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് ആലത്തൂർ അഞ്ചാമതെത്തിയത്. വിവിധ തരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പോലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണനാവിഷയമായി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര്‍ ജില്ലയിലെ വളപട്ടണം എന്നീ പോലീസ് സ്റ്റേഷനുകൾ മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പോലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ആലത്തൂർ സ്റ്റേഷൻ പരിധിയിലെ യുവജനങ്ങളെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി കാര്യക്ഷമമായ ഇടപെടൽ നടത്തി, സ്കൂളുകൾ കേന്ദ്രീകരിച്ചു പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ രൂപീകരിച്ചു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി, ഭിന്നശേഷി സൗഹൃദ സ്റ്റേഷൻ എന്ന നിലയിലും ശ്രദ്ധേയമായി. ഭിന്നശേഷിക്കാർക്കു പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിക്കുകയും അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. ആശാ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും ഏകോപിപ്പിച്ചു സ്ത്രീ സുരക്ഷയെക്കുറിച്ചു ബോധവൽക്കരണം നടത്തി.
സ്റ്റേഷൻ പ്രവർത്തനവും വളരെ ചിട്ടയായ നിലയിലാണ്. ഫ്രണ്ട് ഓഫീസ്, പിആർഒ, ജിഡി എന്നിങ്ങനെ എല്ലാ സംവിധാനങ്ങളും ഫലപ്രദമായി പ്രവർത്തിക്കുന്നു. സ്റ്റേഷനിലെത്തുന്ന വനിതകൾക്കായി പ്രത്യേക വിശ്രമമുറിയും അമ്മമാർക്കായി ഫീഡിങ് മുറിയുമുണ്ട്. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ നിരന്തരം നിരീക്ഷിച്ചും ആവശ്യമായ ഘട്ടത്തിൽ താക്കീതുകൾ നൽകിയും കുറ്റവാസനയിൽ നിന്ന് പിന്തിരിപ്പിക്കുന്നു. സമൻസുകൾ കൃത്യസമയത്തും വേഗത്തിലും എത്തിക്കുന്നു. വാറന്റ് പുറപ്പെടുവിച്ച് എത്രയും വേഗം പ്രതികളെ പിടികൂടാനായിട്ടുണ്ട്.
സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങളുടെ പ്രശ്നങ്ങൾ വിശദമായി കേട്ട് ആവശ്യമായ നിർദേശം നൽകി നീതി ഉറപ്പാക്കാനായതും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിലെ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയതും കുറ്റകൃത്യങ്ങൾ ആവർത്തിക്കാതെ തടയാൻ കഴിഞ്ഞതും ആലത്തൂർ സ്റ്റേഷനെ പുരസ്കാര നിറവിലെത്തിച്ചു.ഒരു വർഷത്തിനിടെ 1,260 ക്രിമിനൽ കേസുകളാണ് ആലത്തൂർ പോലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒടുവിലെടുത്ത 90 എണ്ണത്തിന്റേത് ഒഴികെ എല്ലാത്തിലും കുറ്റപത്രം സമർപ്പിച്ചു.
കുറ്റകൃത്യങ്ങളിലെല്ലാം യഥാസമയം അന്വേഷണം പൂർത്തിയാക്കി, മീഡിയേഷൻ വിഭാഗം വഴി മുന്നൂറോളം പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി. ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് എന്നിവ നല്ല പ്രവർത്തനം കാഴ്ചവെച്ചു. സ്കൂളുകളിലും യുവാക്കളിലും ലഹരിക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരായ ബോധവത്കരണവും പ്രകൃതിക്ഷോഭ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും നടത്തി. 2 എസ്ഐ, 2 എഎസ്ഐ എന്നിവരുൾപ്പെടെ 52 ഉദ്യോഗസ്ഥരുടെ സേവനം ആലത്തൂർ പോലീസ് സ്റ്റേഷനിൽ ലഭ്യമാണ്. 5 പഞ്ചായത്തുകളും ഒരു പഞ്ചായത്തിന്റെ പകുതിയും ഉൾപ്പെട്ട 40 കിലോമീറ്ററാണു സ്റ്റേഷൻ പരിധി.
.
7-12-2024
ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച സംസ്ഥാനത്തെ ആദ്യത്തെ സിഡിഎസ് വെങ്ങപ്പള്ളി.
ലോകത്തിന് തന്നെ മാതൃകയായ കുടുംബശ്രീക്ക് വീണ്ടും അഭിമാന നേട്ടം. മാതൃകാപരമായ പ്രവർത്തന മികവിന് വയനാട് ജില്ലയിലെ വെങ്ങപ്പള്ളി സി.ഡി.എസിന് ഇൻറർ നാഷണൽ സ്റ്റാൻഡാർഡ് ഓപ്പറേഷൻ(ഐ.എസ്.ഓ) സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് കുടുംബശ്രീയുടെ കീഴിൽ ഒരു സി.ഡി.എസിന് പ്രവർത്തന സേവന മികവിൻറെ അടിസ്ഥാനത്തിൽ ഈ അംഗീകാരം ലഭിക്കുന്നത്. സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമാർജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേരള സർക്കാർ രൂപം കൊടുത്ത ബൈലോ പ്രകാരമുള്ള എല്ലാ സേവനങ്ങളും കുടുംബശ്രീ മുഖേന ലഭ്യമാക്കിയതിനാണ് അംഗീകാരം. മൂന്നു വർഷമാണ് സർട്ടിഫിക്കേഷൻറെ കാലാവധി. സി.ഡി.എസ് അധ്യക്ഷ നിഷാ രാമചന്ദ്രൻറെ നേതൃത്വത്തിലുള്ള സി.ഡി.എസ്ഭരണ സമിതിയുടെ കഴിഞ്ഞ ആറു മാസത്തെ കഠിനാധ്വാനത്തിൻറെ ഫലമാണ് വെങ്ങപ്പള്ളി സി.ഡി.എസിന് ലഭിച്ച അംഗീകാരം. പൗരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് സി.ഡി.എസിൻറെ എല്ലാ പ്രവർത്തനങ്ങളും. ഫയലുകളുടെ വിനിയോഗം, സാമ്പത്തിക ഇടപാടുകളുടെയും രജിസ്റ്ററുകളുടെ സൂക്ഷിപ്പിലെയും കൃത്യത, അയൽക്കൂട്ടങ്ങളുടെ വിവരങ്ങൾ, കൃത്യമായ അക്കൗണ്ടിങ്ങ് സിസ്റ്റം, കാര്യക്ഷമത എന്നിവ ഉൾപ്പെടെ മികവുറ്റ രീതിയിൽ സ്ഥിരതയാർന്ന പ്രവർത്തനമാണ് സി.ഡി.എസ് നടത്തിയത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏതു വിവരവും മൂന്നു മിനുട്ടിൽ ലഭ്യമാക്കുന്ന വിധം ഓഫീസ് സംവിധാനം മെച്ചപ്പെടുത്താനും സി.ഡി.എസിന് സാധിച്ചു. കൂടാതെ അക്കൗണ്ടിങ്ങ് സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് ആറുമാസം കൂടുമ്പോൾ ഇൻറേണൽ ഓഡിറ്റും നടത്തുന്നു. ജില്ലയിലെ താരതമ്യേനെ ചെറിയ സി ഡി എസ് ആയ വെങ്ങപ്പള്ളി കഴിഞ്ഞ വർഷമാണ് ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. നൂറ്റി അൻപതിലധികം അയൽക്കൂട്ടങ്ങളിൽ നിന്നായി രണ്ടായിരത്തോളം കുടുംബങ്ങൾ ആണ് വെങ്ങപ്പള്ളി സി ഡി എസിൽ ഉള്ളത്.ജില്ലാ മിഷൻറെ നേതൃത്വത്തിൽ സി.ഡി.എസ് ഓഫീസിലെ ഫയലുകളുടെ ക്രമീകരണം, സി.ഡി.എസിൻറെ ഗുണമേൻമാ നയം രൂപീകരണം, പൊതുജനാഭിപ്രായ രൂപീകരണം എന്നിവ ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ നേട്ടം കൈവരിക്കുന്നതിൽ നിർണായകമായി. നിലവിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഫയൽ സംവിധാനം കാര്യക്ഷമമാക്കുന്നതിനും കിലയുടെ സഹകരണവും ലഭിച്ചു. കൂടാതെ കിലയുടെ പിന്തുണയോടെ സി.ഡി.എസിൻറെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പുസ്തകവും തയ്യാറാക്കി. എല്ലാ പ്രവർത്തനങ്ങൾക്കും പഞ്ചായത്ത് ഭരണസമിതിയുടെ പൂർണ പിന്തുണ ലഭിച്ചതും നേട്ടത്തിന് വഴിയൊരുക്കി. സമാന രീതിയിൽ ജില്ലയിലെ മാതൃകാ സി.ഡി.എസുകൾക്കും ഐ.എസ്.ഓ സർട്ടിഫിക്കേഷൻ നേടാനുള്ള ശ്രമത്തിലാണ് അധികൃതർ. സ്ഥാപനത്തിൽ ക്വാളിറ്റി മാനേജ്‌മെൻറ് സിസ്റ്റം നടപ്പാക്കുന്നതു വഴി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായരീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഓ 9001-2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. ഇതു പ്രകാരം സി.ഡി.എസ് പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും സി.ഡി.എസിൻറെ വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു..
2-12-2024
രാജ്യത്തെ ഏറ്റവും മികച്ച മറൈൻ ജില്ലയെന്ന നേട്ടം സ്വന്തമാക്കി കൊല്ലം.
ഇന്ത്യയിലെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനത്തിനുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയ പുരസ്‌കാര നേട്ടവുമായി കേരളം. 2024 ലെ ലോക ഫിഷറീസ് ദിനത്തോട് അനുബന്ധിച്ച് മത്സ്യബന്ധന മേഖലയിൽ കേരളം നടത്തുന്ന സമഗ്ര പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. രാജ്യത്തെ ഏറ്റവും മികച്ച മറൈൻ ജില്ലയായി കൊല്ലത്തെ തെരഞ്ഞെടുത്തു.മത്സ്യബന്ധന-വിപണന-മത്സ്യക്കൃഷി മേഖലകളിലെ മികച്ച പ്രവർത്തനങ്ങളാണ് കൊല്ലത്തെ പുരസ്‌കാരത്തിനർഹമാക്കിയത്. പ്രധാനമന്ത്രി സമ്പദ് യോജന സമയബന്ധിതമായും സുതാര്യമായു നടപ്പാക്കിയതിൽ കൊല്ലം മുന്നിലാണ്.മത്സ്യകർഷകർക്കും തൊഴിലാളികൾക്കും യൂണിറ്റുകൾക്കും ലഭിച്ച അവാർഡുകൾ, മത്സ്യബന്ധന മേഖലയിൽ നടപ്പാക്കിയ പുതിയ പദ്ധതികൾ, സർക്കാർ സഹായങ്ങളുടെ കൃത്യമായ വിതരണം, മത്സ്യലഭ്യതയിലെ വർധന, മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതി എന്നീ പ്രവർത്തനങ്ങളും അടക്കം കഴിഞ്ഞ മൂന്ന് സാമ്പത്തികവർഷം നടത്തിയ പ്രവർത്തനങ്ങളാണ് കേന്ദ്രഫിഷറീസ് മന്ത്രാലയത്തിന്റെ അവാർഡിനായി പരിഗണിക്കുന്നത്. നടപ്പാക്കി പദ്ധതികളുടെയും നേട്ടങ്ങളുടെയും റിപ്പോർട്ടുകൾ കൃത്യമായി സമർപ്പിക്കാൻ കൊല്ലത്തിനു സാധിച്ചു.
വിദ്യാതീരം പദ്ധതി, ഐസ് പ്ലാന്റുകൾക്കുള്ള ധനസഹായം, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് 10 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ വിതരണം ചെയ്തത്. പുനർഗേഹം പദ്ധതി നടത്തിപ്പ്, ഇന്തോ-നോർവീജിയൻ പദ്ധതി പ്രവർത്തനങ്ങൾ, ട്രോളിങ് നിരോധന കാലയളവിലെ ധനസഹായ വിതരണം, മത്സ്യം-ചെമ്മീൻ വിത്തുൽപാദനത്തിലെ വളർച്ച എന്നിവയൊക്കെ ഇതിൽ ഉൾപ്പെട്ടതാണ്.
സമുദ്ര മത്സ്യ ഉത്പാദനത്തിലെ വർധനവ്, മത്സ്യത്തൊഴിലാളികൾക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികൾ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയ വിവിധ മേഖലകളിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്. സർക്കാരും മത്സ്യത്തൊഴിലാളികളും ഒന്നിച്ച് മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ ദേശീയ അംഗീകാരം.
.
26-11-2024
ഭാഷയുടെ കഥ നിറച്ച് രാജ്യത്തെ ആദ്യ ഭാഷ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയം.
അക്ഷരങ്ങൾക്കും ഭാഷയ്ക്കും സംസ്‌കാരത്തിനും ഊന്നൽ നൽകി ഇന്ത്യയിലെ തന്നെ ആദ്യത്തെ ഭാഷ-സാഹിത്യ-സാംസ്‌കാരിക അക്ഷരം മ്യൂസിയം കേരളത്തിന്റെ അക്ഷരനഗരമായ കോട്ടയത്തെ നാട്ടകത്ത്. അന്തർദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് 15,000 ചതുരശ്രയടിയിലാണ് നാട്ടകത്തെ മറിയപ്പള്ളിയിൽ മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിൻറെ സാമ്പത്തിക സഹായത്തോടെ സഹകരണവകുപ്പിൻറെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘം നടപ്പിലാക്കുന്ന ബൃഹദ് പദ്ധതിയാണ് 'അക്ഷരം മ്യൂസിയം'.
മ്യൂസിയം പൂർണ്ണമായും പരിസ്ഥിതി സൗഹാർദ്ദപരവും ഭിന്നശേഷി സൗഹാർദ്ദവുമാണ്. നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ആദ്യഘട്ടത്തിൽ ഭാഷയുടെ ഉൽപത്തി മുതൽ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികളാണ്. 4 ഗാലറികളിലായാണ് ഒന്നാംഘട്ട ഉള്ളടക്കം പ്രദർശിപ്പിച്ചിട്ടുള്ളത്. മനുഷ്യഭാഷയുടെ ഉദ്ഭവവുമായി ബന്ധപ്പെട്ട വിഡീയോ പ്രൊജക്ഷൻ, വാമൊഴി പാരമ്പര്യം, ഗുഹാചിത്രങ്ങൾ, ചിത്രലിഖിതങ്ങൾ എന്നിവയുടെ വിശദാംശങ്ങളാണ് ഒന്നാം ഗാലറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻലിപികളുടെ പരിണാമ ചരിത്രത്തെ അടയാളപ്പെടുത്തുന്നതാണ് മ്യൂസിയത്തിന്റെ രണ്ടാം ഗാലറി. അച്ചടി സാങ്കേതികവിദ്യയെക്കുറിച്ചും മലയാളം അച്ചടിയുടെ ചരിത്രത്തെക്കുറിച്ചും പ്രധാന പുസ്തകങ്ങളെക്കുറിച്ചും അറിവു നൽകുന്നതാണ് മ്യൂസിയത്തിന്റെ മൂന്നാം ഗാലറി. കൂടാതെ കേരളത്തിലെ സാക്ഷാരതാപ്രവർത്തനങ്ങളെക്കുറിച്ചും ദ്രാവിഡ ഭാഷകളെക്കുറിച്ചും കേരളത്തിലെ 36 ഗോത്രഭാഷകളുടെ വിഡീയോ/ഓഡിയോ ഉള്ളടക്കവും മ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് മ്യൂസിയത്തിന്റെ നാലാംഗാലറി. മ്യൂസിയത്തിന്റെ ഒന്നാം നിലയിൽ ലോകത്തിലെ ആറായിരത്തോളം ഭാഷകളെക്കുറിച്ച് വിവരം നൽകുന്ന ലോക ഭാഷാഗാലറിയും സജ്ജീകരിച്ചിരിക്കുന്നു. ലോകത്തെ പ്രധാന എഴുത്തുകാരുടെ ശിൽപങ്ങളും 124 സാഹിത്യകാരന്മാരുടെ ഒപ്പുകളും ശേഖരത്തിലുണ്ട്.
ലോകത്തിലെ വിവിധ ലിപികളെയും പരിചയപ്പെടുന്നതിനൊപ്പം പ്രത്യേകമായി തയാറാക്കിയിരിക്കുന്ന ലോകഭൂപടത്തിൽ തൊടുമ്പോൾ ഓരോ രാജ്യത്തെയും ഭാഷകളും അതിന്റെ പ്രത്യേകതകളും അറിയാൻ കഴിയുന്ന ഡിജിറ്റൽ സംവിധാനവുമുണ്ട്. കൂടാതെ ഇന്ത്യൻ ലിപികളുടെ പരിണാമചരിത്രം കാലഘട്ടം തിരിച്ച് അടയാളപ്പെടുത്തുന്ന അക്ഷരമാലാ ചാർട്ടുകളും പ്രദർശിപ്പിക്കുന്നു. കോട്ടയത്തെ പ്രധാന സാംസ്‌കാരിക-ചരിത്ര-പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ലെറ്റർ ടൂറിസം സർക്യൂട്ടും അക്ഷരം മ്യൂസിയത്തിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.
അക്ഷരത്തിനും സാഹിത്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് അക്ഷരം ടൂറിസം യാത്രയിൽ ഇന്ത്യയിലെ ആദ്യത്തെ കോളേജായ സി.എം.എസ്. കോളേജ്, കേരളത്തിൽ മലയാളം അച്ചടി ആരംഭിച്ച കോട്ടയം സി.എം.എസ്. പ്രസ്സ്, ആദ്യകാലപത്രസ്ഥാപനമായ ദീപിക ദിനപത്രം, പഹ്‌ലവി ഭാഷയിലുള്ള ലിഖിതം കൊത്തിവെച്ച പഹ്‌ലവി കുരിശുള്ള കോട്ടയം വലിയപള്ളി, താളിയോലകളും ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്ന കുമാരനെല്ലൂർ ദേവീക്ഷേത്രം, ചരിത്ര-സാംസ്‌കാരിക പ്രാധാന്യം വിളിച്ചോതുന്ന വിവിധ രേഖകൾ സൂക്ഷിച്ചിരിക്കുന്ന ദേവലോകം അരമന, മനോഹരമായ മ്യൂറൽ പെയിന്റിംഗുകളുള്ള ചെറിയപള്ളി, തിരുനക്കരക്ഷേത്രം, കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന പനച്ചിക്കാട് ദേവീക്ഷേത്രം, കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകം, താഴത്തങ്ങാടി ജുമാമസ്ജിദ്, കേരളത്തിലെ ആദ്യകാല പ്രസ്സുകളിലൊന്നായ മാന്നാനം സെന്റ് ജോസഫ് പ്രസ്സ് എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡിജിറ്റൾ വോളുകൾ, വീഡിയോ ഗ്യാലറികൾ, തിയേറ്ററിൽ പ്രദർശിപ്പിക്കാൻ ഡോക്യുമെന്ററികളും പുസ്തകങ്ങളുടെ പ്രഥമപതിപ്പുകളുടെ ശേഖരവും, വിപുലമായ പുരാരേഖ-പുരാവസ്തുശേഖരണങ്ങളും ആക്ടിവിറ്റി കോർണറുകളും മൾട്ടിപ്ലക്സ് തിയേറ്റർ സൗകര്യവും ഹോളോഗ്രാമും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.
15 കോടി രൂപ ചെലവിട്ട് നിർമ്മിച്ചിരിക്കുന്ന മ്യൂസിയത്തിൽ ഡിസംബർ 10 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. അക്ഷരനഗരിയായ കോട്ടയത്തിന്റെ അക്ഷരം ഭാഷ-ചരിത്രത്തെ നേരിട്ട് മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി അക്കാദമിക താൽപര്യങ്ങൾക്ക് ഊർജ്ജം പകരുന്നതാണ്.
.
26-11-2024
യുഎൻ-ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടുന്ന രാജ്യത്തെ ആദ്യ നഗരമായി തിരുവനന്തപുരം; നേട്ടം ലോകനഗരങ്ങളോട് മത്സരിച്ച്.
തിരുവനന്തപുരം നഗരസഭ രാജ്യാന്തര പുരസ്‌കാരത്തിന്റെ നിറവിൽ. ഇന്ത്യയിൽ നിന്ന് യുഎൻ-ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടുന്ന ആദ്യത്തെ നഗരമായി തിരുവനന്തപുരം. യു.എൻ. ഹാബിറ്റാറ്റിന്റെയും, ഷാങ്ഹായ് മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലുള്ള ആഗോള സംരംഭമാണ് നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള പുരസ്‌കാരത്തിനായി തിരുവനന്തപുരം കോർപ്പറേഷനെ തിരഞ്ഞെടുത്തത്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ, ബ്രസീലിലെ സാൽവഡോർ, ചൈനയിലെ ഫൂചൗ, മലേഷ്യയിലെ ജോർജ് ടൗൺ, ഉഗാണ്ടയിലെ കംപാല തുടങ്ങിയ നഗരങ്ങളാണ് മുൻവർഷങ്ങളിൽ ഈ പുരസ്‌കാരം നേടിയത്. ഇന്ത്യയിൽ നിന്ന് ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ നഗരമാണ് തിരുവനന്തപുരം.
ന്യൂ അർബൺ അജണ്ട് (അജണ്ട 2030) നടപ്പാക്കുന്നതിനായുള്ള നഗരങ്ങളുടെ പുരോഗതി, ഭരണം, പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ് നിർണയിച്ചത്. ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ നിന്ന് സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കും, നഗരസുരക്ഷാ മാനദണ്ഡങ്ങൾക്കും, നഗര ശാക്തീകരണ പ്രവർത്തനങ്ങൾക്കും വേണ്ടി തിരുവനന്തപുരം നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വിദഗ്ധർ അടങ്ങിയ അന്താരാഷ്ട്ര ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
2025 ജൂൺ 5 നു ട്രിവാൻഡ്രം ക്ലൈമറ്റ് ബജറ്റ് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. സുസ്ഥിര നഗരമെന്നും, സോളാർ നഗരമെന്നുമുള്ള നിലയിൽ വിഭാവനം ചെയ്തിട്ടുള്ള ലക്ഷ്യങ്ങളും നഗരസഭ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 17000 കിലോവാട്ട് സോളാർ പാനൽ, 2000 സോളാർ തെരുവ് വിളക്കുകൾ, എല്ലാ തെരുവ് വിളക്കുകളും എൽ.ഇ.ഡി ലൈറ്റാക്കൽ, പൊതുഗതാഗത സൗകര്യത്തിനായി 115 ഇലക്ട്രിക ബസുകൾ, തൊഴിൽ രഹിതർക്കായി 100 ഇലക്ട്രിക്കൽ ഓട്ടോ, 35 ഇലക്ട്രിക് സ്‌കൂട്ടർ തുടങ്ങി നിരവധി പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയാക്കി. അഞ്ഞൂറിലധികം ഓഫീസുകൾ സോളാർ ആക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്താനിരിക്കുകയാണ്. ഇങ്ങനെ വൈവിധ്യവും വിപുലമായ പ്രവർത്തനങ്ങളാണ് കോർപറേഷൻ നടത്തുന്നഈ പ്രവർത്തനങ്ങൾ പുരസ്‌കാര നേട്ടത്തിന് വഴിയൊരുക്കി.
2010ലെ ഷാങ്ഹായ് വേൾഡ് എക്‌സ്‌പോയുടെ ഭാഗമായി നല്ല നഗരം, നല്ല ജീവിതം എന്ന ആപ്തവാക്യത്തിലൂന്നി നഗര ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 31ന് ലോക അർബൺ ഡേ(നഗര ദിനം) ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വികസനോന്മുഖ ലക്ഷ്യങ്ങളിൽ മികവു തെളിയിക്കുന്ന നഗരങ്ങളെ തെരഞ്ഞെടുത്ത് പുരസ്‌കാരം നൽകുന്നത്. തിരുവനന്തപുരത്തെ കൂടാതെ അഗദിർ(മൊറോക്കോ), ദോഹ (ഖത്തർ), Iztapalapa (മെക്‌സിക്കോ), മെൽബൺ (ഓസ്ട്രലിയ) പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്.
വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്‌കാരങ്ങളും നഗരസഭയെ തേടിയെത്തിയിട്ടുണ്ട്. മാസങ്ങൾക്ക് മുൻപാണ് കേന്ദ്രസർക്കാരിന്റെ പ്രധാൻമന്ത്രി സ്വനിധി PRAISE പുരസ്‌കാരം നഗരസഭ സ്വന്തമാക്കിയത്. കേന്ദ്രസർക്കാരിന്റെ ഹൗസിംഗ് ആൻഡ് ഡെവലപ്മെന്റ് കോർപറേഷൻ ഏർപ്പെടുത്തിയ രണ്ട് ദേശീയ പുരസ്‌കാരങ്ങൾ അടുത്തിടെ തിരുവനന്തപുരം നഗരസഭ സ്വന്തമാക്കിയിരുന്നു. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന് കീഴിലെ ഹഡ്കോ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങളിൽ അർബൻ ഗവേണൻസ്, സാനിറ്റേഷൻ എന്നീ രണ്ട് വിഭാഗത്തിലാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. സ്മാർട്ട് സിറ്റി പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിൽ സിറ്റി 2.0 യ്ക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ അപൂർവം നഗരങ്ങളിലൊന്നാവാനും തിരുവനന്തപുരത്തിന് കഴിഞ്ഞു.
അമൃത് 1 പദ്ധതി നടത്തിപ്പിലെ മികവിന്റെ അടിസ്ഥാനത്തിൽ 10 കോടി രൂപയുടെ പ്രത്യക ഇൻസെന്റീവും കേന്ദ്രസർക്കാരിൽ നിന്ന് നഗരസഭ നേടിയെടുത്തിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി, ആർദ്രകേരളം പുരസ്‌കാരം, വയോസേവന പുരസ്‌കാരം, ഭിന്നശേഷി സൗഹൃദനഗര തുടങ്ങി നഗരസഭയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങൾ നീളുന്നു. തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മേയർക്ക് ടൈംസ് ബിസിനസ് ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്‌കാരവും ലഭിച്ചിരുന്നു.
.
23-11-2024
കേരളത്തിലെ ആദ്യത്തെ എക്‌സ്ട്രാഡോസ്ഡ് കേബിൾ പാലം ആലപ്പുഴയിൽ.
കേരളത്തിലെ ആദ്യത്തെ Extra-dosed cable stayed പാലം ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി നാലുചിറയിൽ. അമ്പലപ്പുഴ, കുട്ടനാട് നിയോജകമണ്ഡലങ്ങളിലെ കരുവാറ്റ - കുപ്പപ്പുറം റോഡിനെയും ദേശീയപാത 66 നെയും കൂട്ടിയോജിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ Extra-dosed cable stayed പാലമാണ് തോട്ടപ്പള്ളി നാലു ചിറ പാലം. തോട്ടപ്പള്ളിക്ക് സമീപം നാലുചിറയിൽ 458 മീറ്റർ നീളമുള്ള പാലത്തിനു 10.50 മീറ്റർ വീതിയുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. ദേശീയപാതയിൽ നിന്നും അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയെ ബന്ധിപ്പിക്കാനും പാലം സഹായകമാകും. 2016-17ലെ സംസ്ഥാന ബജറ്റിലാണ് പാലത്തിനു തുക അനുവദിച്ചത്. 2020ൽ നിർമാണം തുടങ്ങി. 2 ഏക്കർ 60 സെന്റ് വസ്തു പാലത്തിനായി സ്വകാര്യവ്യക്തികളിൽ നിന്ന് ഏറ്റെടുത്തു.തീർത്തും വാഹന ഗതാഗതമില്ലാത്ത പ്രദേശമായിരുന്നു നാലുചിറ. ഇല്ലിച്ചിറ, നാലു ചിറ നിവാസികൾ പാലം കടന്ന് മറുകരയിലെത്തിയാണ് ദേശീയപാതയിലെത്തിയിരുന്നത്. കിഫ്ബി പദ്ധതിയിൽ 56.82 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാലം ആലപ്പുഴ ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവേകും.അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ കരുമാടിക്കുട്ടൻ മണ്ഡപം മുതൽ തോട്ടപ്പള്ളി കൊട്ടാരവളവു വരെയുള്ള ബൈപാസ് നിർമാണവും പുരോഗമിക്കുന്നു. നാലുചിറ പാലം കടന്നാണ് ബൈപാസ് ദേശീയപാതയിലെത്തുക. 90.625 കോടി രൂപയാണ് ബൈപാസിന്റെ ചെലവ് അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ 7-ാം വാർഡ്, പുറക്കാട് പഞ്ചായത്തിലെ 6,7 വാർഡുകളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്..
23-11-2024
ഇ–കോടതി നയം: രാജ്യത്തെ ആദ്യ 24x7 ഓൺലൈൻ കോടതി കേരളത്തിൽ പ്രവർത്തനമാരംഭിച്ചു.
കക്ഷിയും വക്കീലും കോടതിയിൽ ഹാജരാകാതെ തന്നെ ഇനി കേസുകൾ തീർപ്പാക്കാം. രാജ്യത്തെ ആദ്യ 24x7 ഓൺ കോടതി (ഓപ്പൺ ആൻഡ് നെറ്റ് വർക്ക് കോടതി) കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. ആഴ്ചയിൽ എല്ലാ ദിവസവും മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഈ കോടതിയിൽ കേസുകൾ പേപ്പറിൽ ഫയൽ ചെയ്യുന്നതിന് പകരം ഓൺലൈനായി വെബ്‌സൈറ്റിൽ നിശ്ചിത ഫോറം സമർപ്പിച്ചാണ് കേസ് ഫയൽ ചെയ്യേണ്ടത്. കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായാണ് നടക്കുക. കേസിന്റെ നടപടികൾ ആർക്കുവേണമെങ്കിലും പരിശോധിക്കാനും സംവിധാനമുണ്ട്. ഈ ഹൈബ്രിഡ് കോടതി, പൂർണമായും കടലാസ് രഹിതമാണ്. സുപ്രീം കോടതിയുടെ ഇ– കോടതി നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുഴുവൻ സമയം കോടതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയിരിക്കുന്നത്.കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികളിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ ഓൺലൈൻ കോടതിയിൽ പരിഗണിക്കുന്നത്. കലക്ടറേറ്റ് കെട്ടിട സമുച്ചയത്തിലെ രണ്ടാം നിലയിൽ, നേരത്തെ കൺസ്യൂമർ കോടതി പ്രവർത്തിച്ചിരുന്ന ഇടത്താണ് പുതിയ കോടതി ആരംഭിച്ചിരിക്കുന്നത്. ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരും ആണ് കോടതിയിൽ ഉണ്ടാവുക. കക്ഷികൾക്കും അഭിഭാഷകർക്കും ഓൺലൈൻ വഴി കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാം. ഇതിനായി വീഡിയോ കോണ്‍ഫറന്‍സിങ്ങിനുള്ള സംവിധാനം കോടതി മുറിയിലുണ്ട്.
24 മണിക്കൂറും എവിടെയിരുന്നും ഏതു സമയത്തും കേസ് ഫയൽ ചെയ്യാനും കോടതി സംവിധാനത്തിൽ ഓൺലൈനായി പ്രവേശിക്കാനും കഴിയും എന്നതാണ് ഇതിൻറെ പ്രധാന നേട്ടം. പൊലീസ് സ്റ്റേഷൻ, ട്രഷറി, തപാൽ തുടങ്ങിയവയുമായി കോടതിയെ ബന്ധിപ്പിച്ചിട്ടുണ്ട്. സമൻസ് ഉൾപ്പെടെ ഡിജിറ്റൽ ആണ്. സമൻസ് ജനറേറ്റ് ചെയ്താൽ ഉടൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ലഭിക്കും. ജാമ്യ അപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത് ജാമ്യം എടുക്കാനുമാകും. ഇതിനുള്ള രേഖകൾ അപ്ലോഡ് ചെയ്യണം. കോടതി ഫീസ് ഇ-പെയ്‌മെൻറ് വഴി അടയ്ക്കാം. കോടതി പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്നോടിയായി അഭിഭാഷകര്‍ക്കായി പരിശീലന പരിപാടിയും നടത്തിയിരുന്നു.
.
23-11-2024
വൈദ്യുതി ഉത്പാദനത്തിൽ റെക്കോർഡിട്ട് കണ്ണൂരിലെ ബാരാപോൾ.
ഊർജോൽപാദനത്തിൽ റെക്കോർഡിട്ട് ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതി. കണ്ണൂർ ജില്ലയിലെ ഏക ജലവൈദ്യുതി ഉത്പാദന കേന്ദ്രമായ ബാരാപോളിൽ പ്രതിവർഷ ഉത്പാദന ലക്ഷ്യമായ 360 ലക്ഷം യൂണിറ്റ് ഇത്തവണ കൈവരിച്ചത് ഇനിയും ഏഴ് മാസം ബാക്കിനിൽക്കെയാണ്.2016 ഫെബ്രുവരി 29ന് ഉദ്ഘാടനംചെയ്ത പദ്ധതി മൂന്നു വർഷംകൊണ്ട് സ്ഥാപിതശേഷിയിൽ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചു. 2021 - 22 കാലത്ത് 498.3 ലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിച്ച് ചരിത്രംകുറിച്ചു. 500 ലക്ഷം യൂണിറ്റ് ഉൽപ്പാദനമാണ് ഇനി ലക്ഷ്യം. ജൂൺ - മെയ് ആണ് കെഎസ്ഇബിയുടെ വൈദ്യുതി ഉൽപ്പാദന കലണ്ടർ കാലം. 15 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള നിലയത്തിൽ അഞ്ച് മെഗാവാട്ട് ശേഷിയുള്ള മൂന്ന് ജനറേറ്ററാണുള്ളത്. 11 കിലോവാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി 33 കെവിയാക്കി രണ്ട് ഭൂഗർഭ കേബിളുകൾവഴി കുന്നോത്ത് 110 കെവി സബ്‌സ്റ്റേഷനിലെത്തിച്ചാണ് പ്രസരണം. അണക്കെട്ടും തടയണയുമില്ലാതെ ട്രഞ്ച് വിയർ സംവിധാനത്തിലാണ് ഊർജോൽപ്പാദനം. ദക്ഷിണേന്ത്യയിൽ ആദ്യത്തേതും രാജ്യത്തെ നീളംകൂടിയവയിലൊന്നുമാണ് ബാരാപോളിലെ ട്രഞ്ച് വിയർ.ഉദ്ഘാടനശേഷം ഇതുവരെയായി 2745.4 ലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാന പവർഗ്രിഡിലെത്തിച്ചതും ഒരു മെഗാവാട്ടിന്റെ കനാൽ സൗരോർജ പദ്ധതിയും മൂന്ന് മെഗാവാട്ടിന്റെ കനാൽ മേൽപ്പുര സൗരോർജ പദ്ധതിയും ബാരാപോളിന്റെ സവിശേഷതയാണ്..
29-10-2024
എറണാകുളം ഡിജിറ്റൽ നഗരം ; സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ ജില്ല.
സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ലയെന്ന വിശേഷണത്തിനു പിന്നാലെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയും ആദ്യം പൂർത്തിയാക്കി എറണാകുളം. കൃത്യമായ മോണിറ്ററിങ് നടത്തിയതിലൂടെയാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. ഡിജി കേരളം പദ്ധതിയിൽ സർക്കാർ മാർഗരേഖപ്രകാരം ജില്ല, മണ്ഡല, തദ്ദേശസ്ഥാപന, വാർഡ് തലങ്ങളിൽ സമിതികൾ രൂപീകരിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.8,36,648 കുടുംബങ്ങളിൽ നടത്തിയ സർവേയിൽ 1,92,883 പേർ ഡിജിറ്റൽ നിരക്ഷരരായിരുന്നു. അവർക്ക് സന്നദ്ധസംഘടനകൾ, കോളേജുകൾ, കുടുംബശ്രീ, സാക്ഷരത മിഷൻ തുടങ്ങിയവയുടെ സഹായത്തോടെ പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരരാക്കി. കൂടുതൽ ആളുകളിൽ സർവേ നടത്തിയത് കൊച്ചി കോർപറേഷനിലാണ്- 1,47,392 പേർ. കൂടുതൽ പഠിതാക്കളും ഇവിടെയാണ്- 11,958 പേർ.നഗരസഭാതലത്തിൽ കൂടുതൽപേരിൽ സർവേ നടത്തിയത് തൃപ്പൂണിത്തുറയാണ്- 24,438. കൂടുതൽ പഠിതാക്കൾ കളമശേരിയിലും- 5938 പേർ. ഗ്രാമപഞ്ചായത്ത് തലത്തിൽ കൂടുതൽ സർവേ നടത്തിയത് എടത്തലയാണ്- 5270. ഈ പഞ്ചായത്തിൽ തന്നെയാണ് കൂടുതൽ പഠിതാക്കളും ഉണ്ടായിരുന്നത്- 7309 പേർ. അശമന്നൂർ പഞ്ചായത്തിലെ അബ്ദുള്ള മൗലവി (99) ജില്ലയിൽ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പ്രായംകൂടിയ പഠിതാവായി. 4591 കുടുംബശ്രീ വോളന്റിയർമാരും വിവിധ സ്‌കൂൾ- കോളേജുകളിലെ 3421 എൻഎസ്എസ് വോളന്റിയർമാരും ജില്ലയിലെ 95 വിദ്യാഭ്യാസ സ്ഥപനങ്ങളും പദ്ധതിയുടെ ഭാഗമായി.സമ്പൂർണ ഡിജിറ്റൽ സാക്ഷര കൈവരിച്ച ആദ്യ നഗരസഭയായി മൂവാറ്റുപുഴ നഗരസഭയും ആദ്യ പഞ്ചായത്തായി ആയവന പഞ്ചായത്തും ഓഗസ്റ്റ് 14ന് പ്രഖ്യാപനം നടത്തിയിരുന്നു. ഡിജി കേരളം പദ്ധതിയിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷര കൈവരിച്ച രാജ്യത്തെ ആദ്യ നിയോജകമണ്ഡലം മൂവാറ്റുപുഴയാണ്..
24-10-2024
ദേശീയ പുരസ്‌കാര നിറവിൽ പുല്ലമ്പാറ പഞ്ചായത്ത്.
പ്രകൃതിയിലെ ജലസ്രോതസ്സുകൾ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി ഭൂമിക്കും ജീവജാലങ്ങൾക്കും സംരക്ഷണം ഒരുക്കുന്നതിന് പുല്ലമ്പാറ പഞ്ചായത്തിന് ദേശീയ പുരസ്‌കാരം. മികച്ച പഞ്ചായത്തിനുള്ള അഞ്ചാമത് ദേശീയ ജലശക്തി അവാർഡും ദേശീയ തലത്തിൽ ഒന്നാം സ്ഥാനവും നേടുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് കൂടിയാണ് പുല്ലമ്പാറ. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി അഗ്രി എഞ്ചിനീയറിങ്, ജിഐഎസ് സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച്
പ്രകൃതിയിലെ ജലസ്രോതസ്സുകൾ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി ഭൂമിക്കും ജീവജാലങ്ങൾക്കും സംരക്ഷണം ഒരുക്കുന്നതിന് പുല്ലമ്പാറ പഞ്ചായത്തിന് ദേശീയ പുരസ്‌കാരം. മികച്ച പഞ്ചായത്തിനുള്ള അഞ്ചാമത് ദേശീയ ജലശക്തി അവാർഡും ദേശീയ തലത്തിൽ ഒന്നാം സ്ഥാനവും നേടുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് കൂടിയാണ് പുല്ലമ്പാറ.
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി അഗ്രി എഞ്ചിനീയറിങ്, ജിഐഎസ് സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച് നീരുറവ് പദ്ധതി വിജയകരമായി പൂർത്തിയാക്കിയിരുന്നു.2021ൽ ഉദ്ഘാടനം ചെയ്ത പദ്ധതി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കി. സജലം എന്ന പേരിൽ തയാറാക്കിയ സ്പ്രിംഗ് ഷെഡ് വികസന പദ്ധതിയും മാതൃകാപരമായി പൂർത്തിയായി. കളരിവനം വൃക്ഷവത്കരണ പദ്ധതിയിലൂടെ മാതൃകാപരമായി വാമനപുരം നദിയുടെ പാർശ്വപ്രദേശങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ അറുന്നൂറോളം കുളങ്ങൾ നിർമിക്കുകയും കിണർ റീചാർജ് ചെയ്യുകയും ചെയ്തതിലൂടെ ജലനിരപ്പ് ഉയർത്താൻ കഴിഞ്ഞതായും അവാർഡ് കമ്മറ്റി വിലയിരുത്തി.
കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും ക്രോപ്പ് റൊട്ടേഷൻ പോലെയുള്ള സാങ്കേതങ്ങൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി. വാമനപുരം നിയോജക മണ്ഡലത്തിൽ നടക്കുന്ന നീർധാര പദ്ധതിയുടെ ഭാഗമായി നിരവധി ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിച്ചിട്ടുണ്ട്.
.
23-10-2024
സംരംഭക വർഷം 3.O: 100 ശതമാനം ലക്ഷ്യം കൈവരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി ആലപ്പുഴ.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംരംഭക വർഷം 3.0 ന്റെ ഭാഗമായി 2024-2025 സാമ്പത്തിക വർഷം 100% ലക്ഷ്യം കൈവരിച്ച സംസ്ഥാനത്തെ ആദ്യത്തെ ജില്ലയായി ആലപ്പുഴ. ഈ വർഷം 7600 യൂണിറ്റുകളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 6 മാസവും 17 ദിവസവും കൊണ്ട് 7613 പുതിയ യൂണിറ്റുകൾ തുടങ്ങിയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. 1090 യൂണിറ്റുകൾ ഉൽപ്പാദനമേഖലയിലും 2980 യൂണിറ്റുകൾ സേവന മേഖലയിലും 3543 യൂണിറ്റുകൾ വാണിജ്യ മേഖലയിലും പ്രവർത്തിക്കുന്നു. പുതിയ സംരംഭങ്ങൾ വഴി 273.35 കോടി രൂപയുടെ നിക്ഷേപവും 13559 പേർക്ക് തൊഴിലവസരങ്ങളും നൽകി. ഈ സംരംഭകരിൽ 44 % വനിതാ സംരഭകരാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ഈ വർഷം കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് തണ്ണീർമുക്കം പഞ്ചായത്തിലാണ് (123 സംരംഭങ്ങൾ). നഗരസഭകളിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് മുന്നിൽ (392 സംരംഭങ്ങൾ).
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ മറ്റ് വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ചുകൊണ്ട് 2022- 23 സാമ്പത്തിക വർഷം ജില്ലയിൽ നടപ്പിലാക്കിയ 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതി വൻ വിജയമായിരുന്നു. 9666 സംരംഭങ്ങൾ ആരംഭിക്കുവാൻ ലക്ഷ്യമിട്ട പ്രസ്തുത പദ്ധതി പൂർത്തീകരിച്ചപ്പോൾ 9953 പുതിയ സംരംഭങ്ങൾ ആരംഭിക്കുവാനും അതുവഴി 527.57 കോടി രൂപയുടെ നിക്ഷേപവും 21213 പേർക്ക് തൊഴിലവസരവും നൽകുവാനും സാധിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സാധ്യതക്കനുസരിച്ച് സംരംഭകരെ കണ്ടെത്തി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 72 പഞ്ചായത്തുകളിലും 6 നഗരസഭകളിലുമായി 86 എൻ്റർപ്രൈസസ് ഡവലപ്മെൻ്റ് എക്സിക്യൂട്ടിവുകൾ (EDE) പ്രവർത്തിക്കുന്നുണ്ട്.
പ്രദേശത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് പുതിയ സംരംഭങ്ങൾക്കുളള ആശയങ്ങൾ നൽകുക, സംരംഭകത്വത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, സംരംഭം തുടങ്ങാൻ പ്രാപ്തരാക്കുക, ലൈസൻസ്, വായ്പ എന്നിവയിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചുകൊടുക്കുക തുടങ്ങി ഓരോ ഘട്ടത്തിലും സഹായികളായി എൻറർപ്രൈസസ് ഡവലപ്മെൻ്റ് എക്സിക്യൂട്ടിവുകൾ ഉണ്ടാവും. കൂടാതെ സാമ്പത്തിക വർഷങ്ങളിലെ സംരംഭക വർഷം പദ്ധതിയിലെ സംരംഭകരുടെ നിലനിൽപ് -ഉറപ്പു വരുത്തുന്നതിനും എൻറർപ്രൈസസ് ഡവലപ്‌മെൻ്റ് എക്സിക്യൂട്ടീവുകൾ വഴി സാധിച്ചിട്ടുണ്ട്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഹെൽപ് ഡസ്കുകൾ വഴി എൻ്റർപ്രൈസസ് ഡവലപ്മെൻ്റ് എക്സിക്യൂട്ടീവുകൾ സംരംഭകർക്ക് കൈത്താങ് സഹായം നൽകുന്നതാണ്. സംരംഭകരാകാൻ താൽപര്യമുള്ളവർക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലത്തിൽ പൊതു ബോധവൽക്കരണ ശിൽപശാലകൾ, ലോൺ ലൈസൻസ് സബ്സിഡി മേളകൾ, പഞ്ചായത്തടിസ്ഥാനത്തിൽ വിപണന മേളകൾ, സംരംഭക സംഗമങ്ങൾ എന്നിവയെല്ലാം സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നു. സംരംഭങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും വിപണി ഉറപ്പാക്കൽ സംരംഭങ്ങളുടെ സ്കെയിൽ അപ് എന്നിവയ്ക്കായി എം.എസ്.എം.ഇ ഇൻഷുറൻസ് കേരള ബ്രാൻഡ്, മിഷൻ 1000 തുടങ്ങി നിരവധി പദ്ധതികൾ വ്യവസായ വാണിജ്യവകുപ്പ് വഴി നടപ്പിലാക്കിവരുന്നു.
.
21-10-2024
വിനോദസഞ്ചാരികളുടെ 2025 ലെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരം.
വിനോദ സഞ്ചാരികൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളത്തിന്റെ തലസ്ഥാനഗരം തിരുവനന്തപുരം. പ്രമുഖ ട്രാവല്‍ വെബ്സൈറ്റ് സ്കൈ സ്കാന്നറിന്‍റെ 2025 ലെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് തിരുവനന്തപുരം സ്ഥാനം പിടിച്ചിരിക്കുന്നത്.
അനുയോജ്യമായ വിനോദ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി സഞ്ചാരികൾ കഴിഞ്ഞ 12 മാസം നടത്തിയ തിരച്ചിലിലെ വര്‍ധനവും 2024 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ നിശ്ചിത നഗരങ്ങളിലേക്കുള്ള വിമാന യാത്രയ്ക്കായുള്ള അന്വേഷണത്തിലെ വര്‍ധനവും അടിസ്ഥാനമാക്കിയാണ് സ്ഥലങ്ങളെ പട്ടികപ്പെടുത്തിയത്. ഇക്കാലയളവില്‍ 66 ശതമാനം വര്‍ധനവാണ് തിരുവനന്തപുരത്തിന് ഉണ്ടായത്. ഇറ്റലിയിലെ റെഗ്ഗിയോ കലാബ്രിയ ആണ് പട്ടികയില്‍ ഒന്നാമത്. എസ്റ്റോണിയയിലെ താര്‍തു രണ്ടാമതും. 2023 ല്‍ ഇതേ കാലയളവിലെ അന്വേഷണവുമായി താരതമ്യപ്പെടുത്തിയാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.
സമ്പന്നമായ പ്രകൃതിഭംഗിയും ഹെൽത്ത്-വെൽനെസ് ടൂറിസത്തിലെ പ്രാധാന്യവുമാണ് ജനപ്രിയ ഡെസ്റ്റിനേഷന്‍ എന്ന നിലയിൽ തിരുവനന്തപുരത്തെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നിലനിര്‍ത്തുന്നതെന്ന് സ്കൈസ്കാന്നര്‍ വ്യക്തമാക്കുന്നു. യാത്രികരുടെ മാറുന്ന അഭിരുചികള്‍ തിരിച്ചറിഞ്ഞുകൊണ്ട് കേരളം നടപ്പാക്കുന്ന നൂതന ടൂറിസം ഉത്പന്നങ്ങള്‍ക്കും പദ്ധതികള്‍ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടം.
.
17-10-2024
ദേശീയ പുരസ്‌കാര നേട്ടത്തിൽ തിരുവനന്തപുരം നഗരസഭ;അർബൻ ഗവേണൻസ്, സാനിറ്റേഷൻ വിഭാഗങ്ങളിൽ നേട്ടം.
ദേശീയ പുരസ്‌കാര നിറവിൽ തിരുവനന്തപുരം നഗര സഭ. നഗര ഭരണ- ശുചിത്വ പ്രവർത്തനങ്ങളിലും നഗരസഭ നൽകിയ സമഗ്ര സംഭാവനകൾക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിനു കീഴിലെ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപറേഷന്റെ അർബൻ ഗവേണൻസ്, സാനിറ്റേഷൻ എന്നീ ദേശീയ പുരസ്‌കാരങ്ങൾ. നൂതന മാലിന്യ സംസ്‌കരണ രീതികൾ സ്വീകരിക്കുക, സുസ്ഥിര ശുചിത്വ പദ്ധതികൾ നടപ്പാക്കുക, നഗര ശുചിത്വ സംരംഭങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവ ഉൾപ്പെടുന്ന നഗര ഭരണത്തിൽ തിരുവനന്തപുരം നഗരസഭ നടപ്പിലാക്കിയ നൂതന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.
നഗരഭരണ വിഭാഗത്തിൽ കുടിവെള്ള വിതരണം കൈകാര്യം ചെയ്യുന്നതിലെ നൂതന സമീപനത്തിനാണ് നഗരസഭക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. ഇ-ഗവേണൻസ് സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ട്, ടാങ്കർ ട്രക്കുകൾ വഴി സുരക്ഷിതമായ കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രക്രിയ കോർപ്പറേഷൻ കാര്യക്ഷമമായി നടപ്പിലാക്കി. കൃത്യമായ ട്രാക്കിങ്, സമയബന്ധിതമായ ജലവിതരണം , അമിത നിരക്ക് ഈടാക്കുന്നത് തടയൽ തുടങ്ങിയ പ്രവർത്തങ്ങൾ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നടത്തുകയും ചെയ്തു. സുഗമമായ കുടിവെള്ള വിതരണത്തിന് സാങ്കേതിക സംവിധാനം ഉപയോഗിക്കുകയും ശാസ്ത്രീയമാനദണ്ഡങ്ങളിലൂടെ ശുദ്ധജല വിതരണം നടത്തുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക പരാമർശം ലഭിച്ചു. നഗരസഭയുടെ 87 കുടിവെള്ള ടാങ്കറിലും സ്വകാര്യവാഹനങ്ങളിലും ജിപിഎസ് ഏർപ്പെടുത്തി കുടിവെള്ളത്തിന്റെ സുരക്ഷയും അമിത ചാർജ് ഈടാക്കുന്നില്ലായെന്നും ഉറപ്പിക്കാൻ ശക്തമായ നിരീക്ഷണ സംവിധാനമാണുള്ളത്. ഇ-ഗവേണൻസ് സംവിധാനം ഉപയോഗിച്ച് ടാങ്കറിലുള്ള കുടിവെള്ള വിതരണം കാര്യക്ഷമമായും കൃത്യമായും കൈകാര്യം ചെയ്യുന്നതിലൂടെ സുരക്ഷിതമായ കുടിവെള്ളം അമിത ചാർജ് ഇല്ലാതെ നഗരത്തിൽ ഉറപ്പാക്കാനാവുന്നുവെന്ന് കേന്ദ്രസർക്കാർ വിലയിരുത്തി.
രാജ്യത്തെ ഏറ്റവും ഫലപ്രദമായ സേപ്റ്റേജ് ശേഖരണ-സംസ്‌കരണ സംവിധാനം ഏർപ്പെടുത്തിയതിനാണ് രണ്ടാമത്തെ പുരസ്‌കാരം. നഗരത്തിലെ വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സെപ്റ്റേജ് മാലിന്യം മികച്ച രീതിയിൽ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് രാജ്യത്ത് മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം നഗര സഭയാണ് . ശക്തമായ സെപ്‌റ്റേജ് സംഭരണവും സംസ്‌കരണ സംവിധാനവും സ്ഥാപിക്കാനുള്ള കോർപ്പറേഷന്റെ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. നഗരത്തിലുട നീളമുള്ള വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള സെപ്‌റ്റേജ് മാലിന്യങ്ങൾ ശേഖരിക്കുന്നതിലും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലും മികവ് പുലർത്തുന്ന സംവിധാനമാണ് തിരുവനന്തപുരം നടപ്പാക്കിയത്. നഗര ശുചിത്വം മെച്ചപ്പെടുത്തുന്നതിനും പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള മാലിന്യ സംസ്‌കരണ രീതികളിലൂടെ പൊതുജനാരോഗ്യം വർദ്ധിപ്പിക്കുന്ന നഗരസഭയുടെ ശക്തമായ പ്രവർത്തങ്ങൾ ഈ നേട്ടം എടുത്തുകാണിക്കുന്നു.
കുടിവെള്ള വിതരണത്തിനും സേപ്റ്റേജ് മാലിന്യ ശേഖരണത്തിനും ബുക്കിങ് മുതൽ ഫീസ് വരെയുള്ള സേവനം ഓൺലൈനായത് ദേശീയതലത്തിലുള്ള നേട്ടത്തിന് കാരണമായി. രാജ്യത്തെ തന്നെ മാതൃകാപരമായ സേപ്റ്റേജ് മാലിന്യ ശേഖരണ സംസ്‌കരണമാണ് തിരുവനന്തപുരം നഗരസഭയിൽ നടക്കുന്നത്. ശേഖരിക്കുന്ന മാലിന്യം കോർപറേഷന്റെ ട്രീറ്റ്മെന്റ് പ്ലാന്റിൽ സംസ്‌കരിക്കും. സ്വകാര്യ വാഹനങ്ങളുൾപ്പെടെ 36 ടാങ്കറാണ് കോർപറേഷൻ ഉപയോഗിക്കുന്നത്. ഈ വാഹനങ്ങളുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാൻ പ്രത്യേക കോൾ സെന്റർ സംവിധാനവുമുണ്ട്. ഏകദേശം 40 കോടി ലിറ്ററിലേറെ മാലിന്യം സംസ്‌കരിച്ചു കഴിഞ്ഞു.
സുസ്ഥിര നഗര ഭരണത്തിനും ശുചിത്വ സമ്പ്രദായങ്ങൾക്കും ഇന്ത്യയിലെ മാതൃകാ നഗരമായി അടയാളപ്പെടുത്തിക്കൊണ്ട് നഗര അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പൊതു സേവന വിതരണത്തിൽ ഉയർന്ന നിലവാരം നിലനിർത്തുന്നതിനുമുള്ള നഗരസഭയുടെ ദൗത്യങ്ങൾക്കുള്ള അംഗീകാരമാണ് ദേശീയ തലത്തിൽ ലഭ്യമായ ഈ പുരസ്‌കാരങ്ങൾ.
.
17-10-2024
വന്യജീവി സംരക്ഷണത്തിന് പുതുമാതൃകയുമായി കേരളം: ആനകളെ വനാധിഷ്ഠിത ആവാസവ്യവസ്ഥയിലേക്ക് പുനഃസ്ഥാപിച്ച് കോട്ടൂർ ആന പുനരധിവാസ കേന്ദ്രം.
വന്യജീവി സംരക്ഷണത്തിന് പുതിയ മാതൃക സൃഷ്ടിച്ച് കേരളം. വനാധിഷ്ഠിത ആവാസ ആവാസവ്യവസ്ഥയിൽ ആനകളെ പാർപ്പിക്കുന്നതിനു കേരള വനം വന്യജീവി വകുപ്പ് ആവിഷ്കരിച്ച ബൃഹദ് പദ്ധതിയായ കോട്ടൂർ ആന പുനരധിവാസ കേന്ദ്രം പ്രവർത്തന സജ്ജമായി. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ധനസഹായത്തോടെ കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ സ്ഥാപിച്ച ആന പുനരധിവാസ കേന്ദ്രം വനാധിഷ്ഠിത ആവാസ ആവാസവ്യവസ്ഥയിൽ സ്ഥാപിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യ സംരംഭമാണ് . ആനകൾക്ക് പ്രകൃതിദത്തവും വനസമാനവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക, വന്യ ജീവികളുടെ ക്ഷേമം വർദ്ധിപ്പിച്ച് പുനരധിവാസം ആഗോള നിലവാരത്തിലേക്കുയർത്തുക, ടൂറിസം മേഖലയെ പരിപോഷിപ്പിച്ച് വനാശ്രിത സമൂഹത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കിയത് . അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ആന പുനരധിവാസ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സാശ്രയത്വം, റെസ്പോൺസിബിൾ ടൂറിസം എന്നീ മേഖലകളെയും ഗണ്യമായി സ്വാധീനിക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തി 108 കോടി രൂപ ചെലവിലാണ് 50 ആനകളെ പാർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയത്. 176 ഹെക്ടർ വിസ്തൃതിയുള്ള ഈ കേന്ദ്രത്തിൽ 50 ആനകളെ വരെ പാർപ്പിക്കാൻ കഴിയും. രണ്ട് ഘട്ടങ്ങളിലായി സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത് .പുനരധിവാസ കേന്ദ്രത്തിലെത്തിക്കുന്ന ആനകൾക്ക് കാട്ടിലുള്ളതുപോലെതന്നെ സ്വാഭാവിക ജീവിതം നൽകുകയാണ് പുതിയ കേന്ദ്രത്തിന്റെ ലക്ഷ്യം. ആന മ്യൂസിയം, സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്ററിനറി ആശുപത്രി, പ്രകൃതി സ്‌നേഹികൾക്കും വിദ്യാർത്ഥികൾക്കുമായി പഠന ഗവേഷണ കേന്ദ്രം, പാപ്പാൻമാർക്കുള്ള പരിശീലന കേന്ദ്രം, എൻട്രൻസ് പ്‌ളാസ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, സന്ദർശകർക്കായി പാർക്കിംഗ് സൗകര്യം, കഫറ്റീരിയ, കോട്ടേജുകൾ, ടോയ്‌ലറ്റ് ബ്ലോക്ക്, ആനകളെ വീക്ഷിക്കാനുള്ള പ്രത്യേക സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. നാട്ടാനകളുടേതടക്കം ജഡങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. ആനകൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കളയും അവയ്ക്ക് ഭക്ഷണം നൽകുന്നതിനുള്ള വിശാലമായ പ്രത്യേക ഇടവും പൊതുജനങ്ങൾക്ക് സുരക്ഷിതമായ അകലത്തിൽ ആനകളെ വീക്ഷിക്കുന്നതിനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട് .സമീപ വനമേഖലയിൽ താമസിക്കുന്ന ആദിവാസി വിഭാഗക്കാർക്ക് ഈ കേന്ദ്രത്തിലെ തൊഴിലവസരങ്ങളിൽ മുൻഗണന ഉണ്ടായിരിക്കും. നെയ്യാർ ഡാം മേഖലയിലെ വനം വകുപ്പിന്റെയും, ജലവിഭവ വകുപ്പിന്റെയും ടൂറിസം പദ്ധതികളും ഇതിനോടൊപ്പം വികസിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടൂരില്‍ നിന്നും ഈ കേന്ദ്രത്തിലേക്കുള്ള 1.7 കിലോമീറ്റര്‍ പഞ്ചായത്തു റോഡ് ആധുനിക നിലവാരത്തില്‍ പൂര്‍ത്തീകരിച്ചു. കോട്ടൂരിനെ കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന ഈ പദ്ധതി കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ വനാശ്രിത സമൂഹത്തിന്റെ തൊഴില്‍, സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കും. വന്യജീവി സംരക്ഷണത്തിനും സുസ്ഥിര ടൂറിസത്തിനുമുള്ള കേരളത്തിന്റെ പ്രതിബദ്ധത ഉയർത്തികാട്ടുന്ന ഈ സംരംഭം കോട്ടൂരിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി സ്ഥാപിക്കുകയും ഏഷ്യയിലുടനീളമുള്ള ആന പുനരധിവാസത്തിന് ഒരു മുൻനിര മാതൃകയായി നിലകൊള്ളുകയും ചെയ്യും.
.
15-10-2024
സംസ്ഥാനത്തെ ആദ്യ കന്നുകാലി വന്ധ്യതാ നിവാരണ റഫറൽ കേന്ദ്രം കൊല്ലത്ത്.
സംസ്ഥാനത്ത് ആദ്യത്തെ കന്നുകാലി വന്ധ്യതാ നിവാരണ റഫറൽ കേന്ദ്രം(ആർ.എൽ.എഫ്.എം.സി ) കൊല്ലത്ത്. ജില്ലയിലെ ചിതറയിലെ തെരഞ്ഞെടുക്കപ്പെട്ട വെറ്റിനറി സെന്ററുകളുടെ കീഴിലെ ക്ഷീരകർഷകർഷകർക്കാണ് സേവനം ലഭിക്കുക.കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് കേരള കന്നുകാലി വികസന ബോർഡിലൂടെയാണ് (കെ.എൽ.ഡി) പദ്ധതി നടപ്പാക്കുന്നത്. റഫറൽ കേന്ദ്രമായാണ് ആർ.എൽ.എഫ്.എം.സി പ്രവർത്തിക്കുക. മൃഗഡോക്ടറുടെ നിർദ്ദേശപ്രകാരം വന്ധ്യതാകേന്ദ്രത്തിലേക്ക് തെരഞ്ഞെടുക്കുന്ന പശുക്കൾക്ക് ആവശ്യമായ സേവനം കർഷകരുടെ വീട്ടുപടിക്കൽ ലഭിക്കും. ഭ്രൂണമാറ്റ പ്രക്രിയയിലൂടെ നല്ലയിനം പശുക്കുട്ടികളെ ഉത്പാദിപ്പിക്കുന്നതിന് സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറിയും സജ്ജമാക്കും. ഭ്രൂണമാറ്റ ഐവിഎഫ് സാങ്കേതിക വിദ്യകളുടെ സേവനം ചടയമംഗലം ബ്ലോക്കിലാകും ആദ്യഘട്ടത്തിൽ ലഭ്യമാകുക.പ്രസവ ശേഷവും മദി ലക്ഷണം കാണിക്കാത്ത, കൃത്രിമ ബീജസങ്കലനം ചെയ്യാത്ത, കൃത്രിമ ബീജസങ്കലനം മൂന്ന് തവണ ചെയ്തിട്ടും ചെനയേൽക്കാത്ത പശുക്കളെയാണ് ചികിത്സയ്ക്കായി തെരഞ്ഞെടുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നത്. ചിതറ കൂടാതെ കോട്ടയത്തെ തലയോലപ്പറമ്പിലും കോഴിക്കോടും സെന്റർ ഉടൻ ആരംഭിക്കും. പ്രത്യുൽപ്പാദന ക്ഷമതയിൽ വർദ്ധനവുണ്ടാക്കി പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടുകയാണ് സർക്കാർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്..
7-10-2024
എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി മണിമലക്കുന്ന് ഗവ. കോളേജ്.
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി മണിമലക്കുന്ന് ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മാലിന്യ പരിപാലനം, ജൈവ വൈവിധ്യം, കൃഷി, ഊർജ സംരക്ഷണം, ജല സുരക്ഷ, ഹരിത പെരുമാറ്റ ചട്ടം, മറ്റു അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനത്തിൽ നടത്തിയ ഗ്രേഡിങ്ങിൽ എ പ്ലസ് നേടികൊണ്ടാണ് കോളേജ് ഈ അംഗീകാരം നേടിയത്. ക്യാമ്പസിൽ എൻ എസ് എസിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പ്രവർത്തനം, പച്ചത്തുരുത്ത് എന്നിവ നിർമ്മിച്ചു പരിപാലിച്ചു വരുന്നു. കാന്റീനിലെ ജൈവ മാലിന്യം ഉൾപ്പെടെ സംസ്കരിക്കുന്നത്തിനായി ബയോ ഗ്യാസ് പ്ലാന്റ് പ്രവർത്തിച്ചു വരുന്നു. ഒരു ദിവസം രണ്ടു മണിക്കൂർ ബയോ ഗ്യാസ് പാചക ആവശ്യത്തിനായി ഉപയോഗിക്കുന്നു. കൂടാതെ ഓഫീസ് പൂർണമായും പ്രവർത്തിക്കുന്നത് സോളാർ പാനലിലാണ്. പൊതു സ്ഥലങ്ങളിൽ ഉൾപ്പെടെ മാലിന്യ പരിപാലന ബോർഡുകൾ, ക്ലാസ്സ് മുറികളിൽ ഉൾപ്പെടെ പ്ലാസ്റ്റിക്, കടലാസ്, ജൈവ അവശിഷ്ടം നിക്ഷേപിക്കിന്നതിന് പ്രത്യേക ബിന്നുകൾ എന്നിവ കോളജിൽ പ്രവർത്തിക്കുന്നുണ്ട്. അതിനോടൊപ്പം മെഗാ ക്ലീനിങ് ഡ്രൈവ്, ഗ്രീൻ ടോക്ക് എന്നിവയും സംഘടിപ്പിച്ചു.2025 മാർച്ച് 30 ന് കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഹരിത ക്യാമ്പസ് നാടിനു സമർപ്പിച്ചുകൊണ്ടാണ് ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചത്. തിരുമാറാടി ഗ്രാമപഞ്ചായത്ത്, ഹരിതകേരളം മിഷൻ,ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജ് മണിമലക്കുന്ന് NSS യൂണിറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് കോളേജിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
.
4-10-2024
സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച് വളയവും പെരുമണ്ണയും, ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്തുകൾ.
ഡിജി കേരളം പദ്ധതിയിലൂടെ, ജില്ലയിൽ നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യ ഗ്രാമപഞ്ചായത്തുകളായി വളയവും പെരുമണ്ണയും. വളയം ഗ്രാമപഞ്ചായത്തില്‍ 2519 പഠിതാക്കളേയും, പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ 2543 പഠിതാക്കളേയും സര്‍വേയിലൂടെ കണ്ടെത്തുകയും അവര്‍ക്ക് അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരതയില്‍ പരിശീലനം നല്‍കുകയും ചെയ്തു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.14 വയസ്സിനു മുകളിലുള്ള ജില്ലയിലെ മുഴുവന്‍ ആളുകളെയും ഡിജിറ്റല്‍ സാക്ഷരതയുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായിട്ടാണ് ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിജി വീക്ക് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. ക്യാമ്പയിനോടെ ജില്ലയിലെ ഡിജിറ്റല്‍ സാക്ഷരത നിരക്ക് 100 ശതമാനമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷന്‍ തലങ്ങളില്‍ വിവിധ ഏജന്‍സികളെ ഉള്‍പ്പെടുത്തി സര്‍വേ, പരിശീലന പരിപാടികള്‍ ഏകോപിപ്പിക്കും. വാര്‍ഡ്, ഡിവിഷന്‍ തലങ്ങളില്‍ വീടുകളില്‍ സര്‍വേ നടത്തി ഡിജിറ്റല്‍ സാക്ഷരതയില്ലാത്തവരെ കണ്ടെത്തുകയും അവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്യും. ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡിജി കേരളം ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത ഡിജി കേരളം വളണ്ടിയര്‍മാരെ ഉപയോഗിച്ചാണ് സര്‍വേ, പരിശീലനം, മൂല്യനിര്‍ണയം എന്നിവ പൂര്‍ത്തിയാക്കുന്നത്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ വാര്‍ഡ് തലത്തില്‍ ഡിജി കേരളം പോര്‍ട്ടലില്‍ നല്‍കുന്ന വീടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വളണ്ടിയര്‍മാര്‍ സര്‍വേ പൂര്‍ത്തിയാക്കും. ഇതിനായി നിശ്ചിത വളണ്ടിയര്‍മാരെ വാര്‍ഡ് തലത്തില്‍ ഓണ്‍ലൈന്‍ വഴി നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് സര്‍വേയിലൂടെ കണ്ടെത്തുന്ന ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവര്‍ക്ക് പരിശീലനം നല്‍കും. മൂന്ന് ഘട്ടമായി അടിസ്ഥാന സാക്ഷരതയുമായി ബന്ധപ്പെട്ട 15 കാര്യങ്ങളാണ് പരിശീലനത്തില്‍ പഠിപ്പിക്കുക. ഓരോ ഘട്ടവും പൂര്‍ത്തിയായാല്‍ ഇവരെ ഓണ്‍ലൈനായി മൂല്യനിര്‍ണയത്തിനു വിധേയമാക്കും. മൂല്യനിര്‍ണയം വിജയിക്കാന്‍ ഒന്നിലധികം അവസരമുണ്ടാവും. ഇവ പൂര്‍ത്തിയായാല്‍ ഡിജിറ്റല്‍ പ്രോഗ്രസ് കാര്‍ഡ് ആപ്പില്‍ ലഭിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കുകയാണ് ചെയ്യുക.
.
2-10-2024
കാസർഗോഡ് 'കുട്ടി ചന്ത' ഒരുക്കി കുടുംബശ്രീ ബാലസഭ.
കുട്ടികൾ വിപണന കേന്ദ്രമൊരുക്കുന്നു എന്ന പ്രത്യേകതയുമായാണ് കാസർഗോഡ് കുടുംബശ്രീയുടെ കുട്ടിചന്തകൾ തുറക്കുന്നത്. വിദ്യാഭ്യാസ കാലയളവിൽ തന്നെ തൊഴിലിന്റെ മാഹാത്മ്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ചെറു സംരംഭ ആശയങ്ങൾ പകർന്ന് നൽകുന്നതും ലക്ഷ്യമിട്ട് ആണ് കാസർഗോഡ് കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭ 'കുട്ടി ചന്ത'യ്ക്ക് തുടക്കമിടുന്നത്.ബാലസഭയിൽ അംഗങ്ങളായ കുട്ടികൾ സ്‌കൂൾ അവധി ദിവസങ്ങളിൽ ജില്ലയിലെ 42 സിഡിഎസുകളിലും മാസത്തിലൊരിക്കൽ കുട്ടിച്ചന്തകൾ (ചെറിയ ചന്തകൾ) നടത്തുന്നു. കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന ബഡ്സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ, അവരുടെ രക്ഷിതാക്കൾ എന്നിവർ ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ, കുടുംബശ്രീ കാർഷിക, ചെറുകിട സംരംഭങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവയെല്ലാമാണ് 'കുട്ടി ചന്ത'കൾ വഴി വിറ്റഴിക്കുന്നത്. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക, ഉപജീവന നൈപുണ്യങ്ങൾ നൽകുക, സാമൂഹിക ഇടപെടലുകൾക്ക് അവസരമൊരുക്കുക എന്നിവയും 'കുട്ടി ചന്ത' ലക്ഷ്യമിടുന്നു.കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ, അഗ്രികൾച്ചർ, സോഷ്യൽ ഡെവലപ്പ്‌മെന്റ് കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവർ അതാത് സി.ഡി.എസിന്റെ നേതൃത്വത്തിലാണ് കുട്ടി ചന്തകളിലേക്ക് ഉത്പന്നങ്ങൾ എത്തിക്കുന്നത്. ചന്തകളിൽ നിന്ന് ലഭിക്കുന്ന തുക സി.ഡി.എസ് അക്കൗണ്ടിൽ നിക്ഷേപിച്ച് കുട്ടികളുടെ പഠന, പാഠ്യേതര വിഷയങ്ങൾക്ക് ഉപയോഗിക്കും..
1-10-2024
മനുഷ്യ-വന്യജീവിസംഘർഷങ്ങൾ ലഘൂകരിക്കാൻ - തിരുവനന്തപുരത്തെ മലയോര മേഖലകളിൽ ആനപ്രതിരോധ കിടങ്ങുകൾ.
മനുഷ്യ-വന്യജീവിസംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പോട്ടോമാവ് ആദിവാസി നഗറിൽ ആനപ്രതിരോധ കിടങ്ങുകൾ നിർമ്മിക്കുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ഒൻപത് പ്രദേശങ്ങളിൽ നബാർഡിന്റെ ധനസഹായത്തോടെ 2.77 കോടി രൂപ ചെലവഴിച്ച് 15.5 കിലോമീറ്റർ ദൂരത്തിൽ ആനപ്രതിരോധ കിടങ്ങുകൾ നിർമിക്കുന്നത്. മലയോരമേഖലകളായ കുളത്തൂപ്പുഴ, പാലോട്, പരുത്തിപ്പള്ളി എന്നിവിടങ്ങളിലെ വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലും ആദിവാസി ഉന്നതികളിലുമാണ് കിടങ്ങുകളുടെ നിർമ്മാണം. വന്യജീവി ആക്രമണം തടയുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ തരത്തിലുള്ള പ്രതിരോധ നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. ഘട്ടം ഘട്ടമായി മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാവുകയുള്ളു. വന്യമൃഗങ്ങൾ കാടിറങ്ങുന്നത് ഒഴിവാക്കുന്നതിനായി കാടിനുള്ളിൽ ജലലഭ്യതയും ഭക്ഷണവും ഉറപ്പു വരുത്തുന്നതിന് ചെറുകുളങ്ങൾ നിർമ്മിക്കകയും, ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്യും. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്.വനമേഖലയില്‍ കഴിയുന്ന എല്ലാ കര്‍ഷകരും വന്യജീവി ഇടപെടലുകളാല്‍ നിരന്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പലപ്പോഴും ഇവര്‍ സ്വയം കരുതലുകള്‍ വന്യജീവി ആക്രമങ്ങള്‍ക്കെതിരെ സ്വീകരിക്കാറുണ്ട്. അവര്‍ സ്വീകരിക്കുന്ന പ്രധാന മാര്‍ഗ്ഗം വൈദ്യുതവേലികളാണ്. വലകള്‍, കുരുക്കുകള്‍, പന്നിപ്പടക്കങ്ങള്‍, പി.വി.സി. തോക്കുകള്‍ എന്നിവയും ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം പ്രതിരോധമാര്‍ഗ്ഗങ്ങള്‍ പലപ്പോഴും അപ്രായോഗികവും അപര്യാപ്തവുമാണ്. ശാസ്ത്രീയവും ആസൂത്രിതവുമായ പ്രവർത്തനങ്ങളോടെ വന്യജീവി ആക്രമണ ഭീതിയില്ലാതെ ജീവിക്കാൻ മലയോര കർഷകർക്ക് സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. വന്യജീവി ആക്രമണ മരണങ്ങളില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ഇത്തരം പദ്ധതികൾ ലക്ഷ്യമിടുന്നത്.
.
28-9-2024
ഓണം വിപണനമേളയിലെ താരമായി മാറിയ വരവൂർ ഗോൾഡ്.
ഈ കഴിഞ്ഞ ഓണക്കാലത്ത് തൃശ്ശൂരിലെ വരവൂർ പഞ്ചായത്ത് കുടുംബശ്രീ ഒരുക്കിയ ഓണ വിപണിയിൽ മിന്നും താരമായിരുന്നു വരവൂർ ഗോൾഡ്. കുടുംബശ്രീ കൃഷി സംഘങ്ങൾ 63 ഏക്കറിൽ വരവൂർ പാടത്ത് കൃഷി ചെയ്ത നല്ലൊന്നാന്തരം കൂർക്കയാണ് വരവൂർ ഗോൾഡ്. വിളവെടുക്കുമ്പോഴുള്ള പ്രത്യേക മണം തന്നെ വരവൂർ ഗോൾഡിനെ മറ്റ് കൂർക്ക ഇനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു. ഇടവിളയായി ചെയ്യുന്ന വിരിപ്പ് കൃഷിക്ക് പകരമായാണ് കൂർക്ക കൃഷി ചെയ്തത്. വിളവെടുപ്പ് കഴിഞ്ഞതോടെ മുണ്ടകൻ കൃഷിക്കായ് കൂർക്കച്ചെടിയുടെ തലപ്പും, വേരും ഉൾപ്പെടെ പാടത്ത് ഉഴുതുമറിച്ചു മണ്ണിനോട് ചേർത്തു. സാധാരണ വൃശ്ചിക മാസത്തിലാണ് നാട്ടിൽ പുറങ്ങളിൽ കൂർക്ക കൃഷി വിളവെടുപ്പ് തുടങ്ങുക. എന്നാൽ വരവൂരിലെ കുടുംബശ്രീയുടെ കൂർക്ക മൂന്നു മാസം മുമ്പേ വിപണി കയ്യടക്കും. വിദേശത്തേക്കു വരെ വരവൂർ ഗോൾഡ് കയറ്റുമതി ചെയ്യുന്നുണ്ട്. കർഷകർക്ക് നല്ല വിലയും ലഭിക്കുന്നുണ്ട്. വരവൂർ സി.ഡി.എസ് ഓണം വിപണന മേളയിൽ കിലോഗ്രാമിന് 100 രൂപ നിരക്കിലായിരുന്നു വിൽപ്പന. 400 കിലോഗ്രാം കൂർക്ക ഓണ വിപണിയിൽ വിറ്റഴിക്കാനും കഴിഞ്ഞു.കഴിഞ്ഞ വർഷം പഞ്ചായത്തിന്റെയും സിഡിഎസിന്റെയും നേതൃത്വത്തിൽ 25 ലക്ഷം രൂപയുടെ കൂർക്കയാണ് വരവൂരിൽ നിന്നും വിറ്റഴിച്ചത്. നിള ജെഎൽജി ഗ്രൂപ്പിന്റെ കൂർക്കയാണ് ഇത്തവണ വിപണിയിൽ എത്തിയത്. പുറത്ത് മാർക്കറ്റിൽ 180 രൂപ വരെയാണ് ഇതിന് വില ഈടാക്കുന്നത്..
26-9-2024
വിദ്യാർഥികൾക്ക് അഭിരുചി അനുസരിച്ച് അറിവും നൈപുണിയും: മലപ്പുറത്ത് 16 തൊഴിൽ നൈപുണി കേന്ദ്രങ്ങൾ.
വിദ്യാർഥികൾക്ക് അഭിരുചിക്ക് അനുസരിച്ച് തൊഴിൽ സാധ്യതയുള്ള അറിവും നൈപുണിയും നൽകുകയെന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലയിലെ 16 സ്‌കൂളുകളിൽ തൊഴിൽ നൈപുണി കേന്ദ്രങ്ങൾ (സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ) തുറക്കുന്നു. സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി ജില്ലയിൽ 15 ഹയർസെക്കന്ററി സ്‌കൂളുകളും രണ്ട് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകളുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. പൈലറ്റ് അടിസ്ഥാനത്തിൽ അരിമ്പ്ര ജി.വി.എച്ച്.എസ്.എസിൽ നേരെത്തെ തന്നെ നൈപുണി വികസന കേന്ദ്രം പ്രവർത്തനമാരംഭിച്ചിരുന്നു. മറ്റുള്ള 16 കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്.ഓരോ സെന്ററുകളിലും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള രണ്ടു ജോബ് റോളുകളുടെ 25 കുട്ടികൾ വീതമുള്ള ഓരോ ബാച്ചുകൾ വീതമാണ് ഉണ്ടാകുക. ഓരോ കേന്ദ്രത്തിനും 21.5 ലക്ഷം രൂപയാണ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി വിനിയോഗിക്കുന്നത്. എച്ച്.എസ്.എസ്/ വി.എച്ച്.എസ്.ഇ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ, ഔട്ട് ഓഫ് സ്‌കൂൾ കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ, സ്‌കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത് ഓപ്പൺ വിദ്യാഭ്യാസത്തിൽ പഠിക്കുന്നവർ, ഭിന്നശേഷി കുട്ടികൾ, ബിരുദ പഠനം നടത്തുന്നവർ, ഹയർസെക്കണ്ടന്ററി വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികൾ എന്നിവർക്ക് തൊഴിൽ നൈപുണി കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കാം.മങ്കട ജി.വി.എച്ച്.എസ്.എസ്, പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ്, വേങ്ങര ജി.വി.എച്ച്.എസ്.എസ്, ചെട്ടിയാംകിണർ ജി.വി.എച്ച്.എസ്.എസ്, ബി.പി അങ്ങാടി ഗേൾസ് ജി.വി.എച്ച്.എസ്.എസ്, പുറത്തൂർ ജി.എച്ച്.എസ്.എസ്, പറവണ്ണ ജി.വി.എച്ച്.എസ്.എസ്, കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ്, തവനൂർ കെ.എം.പി.ബി.ജി.വി.എച്ച്.എസ്.എസ്, മഞ്ചേരി ജി.ജി.വി.എച്ച്.എസ്.എസ് ആന്റ് ടി.എച്ച്.എസ്, പെരിന്തൽമണ്ണ ജി.വി.എച്ച്.എസ്.എസ്, നിലമ്പൂർ ജി.വി.എച്ച്.എസ്.എസ്, വണ്ടൂർ ഗേൾസ് ജി.വി.എച്ച്.എസ്.എസ്, കീഴുപറമ്പ ജി.വി.എച്ച്.എസ്.എസ്, തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, തൃക്കാവ് ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്..
25-9-2024
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യ ത്രോംബക്ടമി ചികിത്സ.
സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജിൽ ഇന്റർവെൻഷൻ ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരമായി പൂർത്തിയാക്കി. പക്ഷഘാതം ബാധിതനായ രോഗിക്കാണ് മെക്കാനിക്കൽ ത്രോമ്പക്ടമിയിലൂടെ ചികിത്സ നൽകിയത്. ധമനിയിൽ നിന്നോ സിരയിൽ നിന്നോ രക്തം കട്ടപിടിക്കുന്നത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് ത്രോംബെക്ടമി. കാലുകൾ, കൈകൾ, കുടൽ, വൃക്കകൾ, തലച്ചോറ് അല്ലെങ്കിൽ മറ്റ് സുപ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാൻ ഈ പ്രക്രിയലിലൂടെ സാധ്യമാകും. ആദ്യമായാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ബാഹ്യ സഹായമില്ലാതെ മെക്കാനിക്കൽ ത്രോമ്പക്ടമി ചെയ്യുന്നത്. താരതമേന്യ ചെലവ് കൂടിയ ചികിത്സാ രീതിയാണ് മെക്കാനിക്കൽ ത്രോമ്പക്ടമി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗത്തെ കോമ്പ്രിഹെൻസീവ് സ്ട്രോക്ക് സെന്ററായി (സമഗ്ര പക്ഷാഘാത പരിചരണ വിഭാഗം) അടുത്തിടെ വികസിപ്പിച്ചിരുന്നു. ഇതിന്റെ ഭഗമായി പുതിയ ചികിത്സാ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പക്ഷാഘാത പരിചരണത്തിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ സാധിക്കും.
.
24-9-2024
അരനൂറ്റാണ്ടിന് ശേഷം ആലങ്ങാടൻ ശർക്കര വീണ്ടും വിപണിയിലേക്ക്.
ചരിത്ര പ്രസിദ്ധവും പെരിയാറിന്റെ തീരപ്രദേശമായ ആലങ്ങാട് ഗ്രാമത്തിൻ്റെ തനത് ഉൽപന്നവുമായ ആലങ്ങാടൻ ശർക്കര വീണ്ടും വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങുന്നു. ഗുണമേൻമയിൽ ഏറെ മുന്നിലായിരുന്ന ആലങ്ങാടൻ ശർക്കരയുടെ ഉൽപാദനം പ്രതിസന്ധികളിൽ പെട്ട് നിലച്ചുപോയിരുന്നു. ഇപ്പോൾ കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് സഹകരണ ബാങ്കാണ് 43 വർഷങ്ങൾക്ക് ശേഷം ആലങ്ങാടൻ ശർക്കര വീണ്ടും ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. കരിമ്പ് കൃഷിയും ശർക്കര ഉൽപാദനവും ടൂറിസവുമായി ബന്ധപ്പെടുത്തി വീണ്ടും മൂല്യവർധിത പ്രകിയയായി വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഓരോ വീട്ടിലും ശർക്കര ആല ഉണ്ടായിരുന്നതിനാലാണ് ആലങ്ങാട് എന്ന പേര് വന്നത് എന്നാണ് സങ്കൽപം. ഫലഭൂയിഷ്ഠമായ പെരിയാറിന്റെ എക്കൽ മണ്ണിൽ വിളഞ്ഞ കരിമ്പിൽ നിന്നാണ് ശർക്കര ഉണ്ടാക്കിയിരുന്നത്. ഗുണമേന്മയിൽ ഏറെ മുന്നിലായിരുന്ന ആലങ്ങാടൻ ശർക്കര വിവിധ ആയുർവേദ ഉല്പന്നങ്ങളുടേയും മരുന്നുകളുടെയും മുഖ്യ ചേരുവയായിരുന്നു. മനുഷ്യ ശരീരത്തിൽ അനാവശ്യമായി കടന്നുകൂടുന്ന കാർബൺ ഇല്ലാതാക്കാൻ ആലങ്ങാടൻ ശർക്കര കഴിക്കുന്ന രീതിയുണ്ടായിരുന്നു. പ്രാചീന കൃതികളിലും മറ്റും ആലങ്ങാടൻ ശർക്കരയെ പരാമർശിച്ചിട്ടുമുണ്ട്. എന്നാൽ പിന്നീട് പ്രതിസന്ധികളിൽ പെട്ട് ശർക്കരനിർമ്മാണം നിലച്ചു പോയി.ആലങ്ങാട് സഹകരണ ബാങ്കിന്റെയും, കൃഷി വിജ്ഞാൻ കേന്ദ്രയുടേയും, ആലങ്ങാട് ഗ്രാമ പഞ്ചായത്തിൻ്റേയും സഹകരണത്തോടെ വ്യാവസായിക അടിസ്ഥാനത്തിൽ ആലങ്ങാടൻ ശർക്കരയുടെ നിർമ്മാണത്തിനായി 42 സെൻറ് സ്ഥലത്ത് വിപുലമായ ശർക്കര നിർമ്മാണ പ്ലാൻറ് നിർമ്മിച്ചു. ഒരു ദിവസം ആയിരം കിലോ ശർക്കര ഉല്പാദിപ്പിക്കാൻ പ്ളാൻ്റിന് കഴിയും. കൃഷി വകുപ്പ്, സഹകരണ വകുപ്പ്, കേരള ബാങ്ക്, കാർഷിക സർവ്വകലാശാല, നബാർഡ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശർക്കര ഉത്പാദനം ആരംഭിച്ചത്. കൃഷി വിപുലമാകുന്ന മുറയ്ക്ക് ശർക്കര ഉല്പാദനത്തിലും വലിയ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
.
24-9-2024
ടൂറിസം സാധ്യതകളിലേക്ക് ചിറകുവിരിച്ച് പുന്നമട-നെഹ്റു ട്രോഫി പാലം.
ആലപ്പുഴ പുന്നമടയാറിന്റെ കരയിൽ താമസിക്കുന്ന ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്‌നം യാഥാർത്ഥ്യത്തിലേക്ക്. അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട വാർഡിനെയും നെഹ്‌റു ടോഫി വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 'പുന്നമട - നെഹ്റു ട്രോഫി പാലം' നിർമാണത്തിന് തുടക്കം. ആലപ്പുഴ നഗരത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന നെഹ്‌റു ട്രോഫി മുനിസിപ്പൽ വാർഡ് നിവാസികളുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് പ്രദേശവാസികളുടെയും യാത്ര ദുരിതം ഇല്ലാതാക്കുവാനും ഈ പ്രദേശങ്ങളിലെ ടൂറിസം വികസനവും പദ്ധതി ലക്ഷ്യമിടുന്നു. തണ്ണീർമുക്കം ആലപ്പുഴ റോഡിൽ നിന്നും ആലപ്പുഴ ടൗണിൽ കയറാതെ എ.സി. റോഡിൽ എത്താനും ആലപ്പുഴ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വിഭാവനം ചെയ്തിരിക്കുന്ന പള്ളാത്തുരുത്തി കിഴക്കൻ ബൈപ്പാസിന്റെ അലൈന്മെന്റിൽ ഉൾപ്പെടുന്നതാണ് പുന്നമടപാലം. പുന്നമട കായലിലൂടെയുള്ള ഹൗസ് ബോട്ട് ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ജലപാതയ്ക്ക് തടസം വരാത്ത രീതിയിൽ ഇൻ ലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ടാണ് പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്. പാലത്തിന്റെ നീളം 384.1 മീറ്ററാണ്. 12 മീറ്റർ നീളമുള്ള 25 സ്പാനുകളും 72.05 മീറ്ററിന്റെ ബോ സ്ട്രിങ് ആർച്ച് മാതൃകയിലുള്ള ജല ഗതാഗത സ്പാനുമാണ് പാലത്തിനുള്ളത്. കൂടാതെ, ഇരു കരകളിലുമായി 110 മീറ്റർ അപ്രോച്ച് റോഡും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ മണ്ണ് പരിശോധന, സർവേ എന്നിവയ്ക്ക് ശേഷം കിഫ്ബിയിലേക്ക് ഡിപിആർ തയ്യാറാക്കി സമര്‍പ്പിച്ചു.2016 - 17 വർഷത്തെ ബജറ്റിൽ ഉൾപ്പെട്ട പദ്ധതിക്ക് 25 കോടി രൂപയുടെ ഭരണാനുമതിയും. 2018ൽ 44.80 കോടി രൂപയുടെ സാമ്പത്തികാനുമതിയും ലഭിച്ചു. പദ്ധതിക്കായി 7.99 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്ത സ്ഥലം റവന്യൂ വകുപ്പിൽനിന്ന് 2023 ഓഗസ്റ്റിൽ കെആർഎഫ്ബിക്കു കൈമാറി. കിഫ്ബിയിൽ യിൽ നിന്ന് പുതിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള 57.40 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ലഭിച്ചതിനെ തുടർന്ന് കെഎസ്ഇബി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി 22.14 ലക്ഷം രൂപയും കേരള വാട്ടർ അതോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി 27 ലക്ഷം രൂപയും അതാത് വകുപ്പുകൾക്ക് കൈമാറി. യാത്ര ദുരിതത്തിന് അന്ത്യം കുറിക്കുന്നതിനൊപ്പം പുന്നമട-നെഹ്റു ട്രോഫി പാലം ചിറകുവിരിക്കുന്ന ടൂറിസം സ്വപ്നങ്ങളും ജനങ്ങളുടെ പ്രതീക്ഷകൾ ഉയർത്തുന്നു..
23-9-2024
അഭ്യസ്ത വിദ്യർക്ക് തൊഴിൽ; വിജ്ഞാന ആലപ്പുഴ' പദ്ധതിയുമായി ജില്ല പഞ്ചായത്ത്.
അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയുമായി ആലപ്പുഴ ജില്ല പഞ്ചായത്ത്. 'വിജ്ഞാന ആലപ്പുഴ' എന്ന പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ജില്ലാ പഞ്ചായത്ത് ഒരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ കെഡിസ്‌ക്, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. ജില്ലാ പഞ്ചായത്ത് 2022- 23 പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഡിവിഷണുകളിൽ സംഘടിപ്പിച്ച തൊഴിൽ മേളകളിൽ 3500 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളും കുടുംബശ്രീ മിഷനും വിജ്ഞാന ആലപ്പുഴ പദ്ധതിയിൽ അണിചേരും. തൊഴിൽ തേടുന്നവരെയും തൊഴിൽ ദാദാക്കളെയും ഒരു തട്ടകത്തിൽ കൊണ്ടുവരുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ 1,03,442 തൊഴിൽ അന്വേഷകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരെ തൊഴിലിന് പ്രാപ്തരാക്കി തൊഴിലവസരങ്ങൾ മുന്നോട്ടുവയ്ക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി വിവരശേഖരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. ഇങ്ങനെ കണ്ടെത്തിയവരെ ഉൾപ്പെടുത്തി ബ്ലോക്ക് തലത്തിൽ സമിതി രൂപീകരിച്ച് പരിശീലനം നൽകും. വിദ്യാഭ്യാസം യോഗ്യതയും തൊഴിൽ താൽപര്യവും അനുസരിച്ച് രജിസ്റ്റർ ചെയ്യുന്ന തൊഴിൽ അന്വേഷികരെ വിവിധ കാറ്റഗറികളിലായി തിരിക്കും. തൊഴിൽ ദാദാക്കൾ ആവശ്യപ്പെടുന്നതനുസരിച്ച് യോഗ്യതയുള്ളവരെ വിവരമറിയിക്കും. അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് പ്രസ്തുത ജോലിക്കായി അപേക്ഷ നൽകണം. തൊഴിൽ അന്വേഷകരെ സഹായിക്കുന്നതിനായി ജില്ലയിലെ 12 ബ്ലോക്കുകളിലും ബ്ലോക്ക്തല സംവിധാനം പ്രവർത്തന സജ്ജമാക്കും. തൊഴിലിൽ പ്രവേശിക്കാൻ ആവശ്യമായ നൈപുണ്യ പരിശീലനമാണ് പ്രധാനമായും നൽകുക. അഭിമുഖ പരിശീലനം, വ്യക്തിത്വ വികസന പരിശീലനം, ഇംഗ്ലീഷ് പരിശീലനം, സ്‌കിൽ ഗ്യാപ് ട്രെയിനിങ് എന്നിവയും സംഘടിപ്പിക്കും. കരിയർ ബ്രേക്ക് സംഭവിച്ചവർക്ക് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ ആവശ്യമായ പരിശീലനങ്ങൾ നൽകുന്നതോടൊപ്പം വർക്ക് ഫ്രം ഹോം, വർക്ക് നിയർ സാധ്യതകൾ പരിശോധിച്ചു അതിനുള്ള സംവിധാനങ്ങളും ഒരുക്കും..
19-9-2024
കുടുംബശ്രീയുടെ പ്രീമിയം കഫേ ഇനി പത്തനംതിട്ടയിൽ.
കൈപുണ്യത്തിന്റെയും ശുചിത്വത്തിന്റെയും മികവുമായി രുചിയുടെ ലോകത്ത് കാലുറപ്പിച്ച കുടുംബശ്രീയുടെ പ്രീമിയം കഫേ, എം.സി റോഡില്‍ പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അനിമിറ്റി സെന്ററിൽ പ്രവർത്തനമാരംഭിച്ചു.
സംസ്ഥാനമൊട്ടാകെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രീമിയം കഫേ ശൃഖലയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 2024 ജനുവരി 27ന് എറണാകുളം അങ്കമാലിയിലാണ് ആദ്യ പ്രീമിയം കഫേ തുടങ്ങിയത്. പിന്നീട് തൃശ്ശൂരില്‍ ഗുരുവായൂരും, വയനാട്ടിലെ മേപ്പാടിയിലും പ്രീമിയം കഫേകള്‍ ആരംഭിച്ചു. ഇന്ന് പത്തനംതിട്ടയില്‍ കുടുംബശ്രീ തുടക്കം കുറിച്ച പ്രീമിയം കഫേ ഈ ശൃംഖലയിലെ നാലാമത്തെ കഫേയാണ്. സംരംഭകര്‍ക്ക് വരുമാന വര്‍ദ്ധനവ് നേടുന്നതിനൊപ്പം വനിതകളുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ഭക്ഷ്യശൃംഖല രൂപീകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കാന്റീന്‍ കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴില്‍ രംഗത്ത് ഉയര്‍ന്ന തലത്തില്‍ എത്തിക്കുകയെന്നതും പ്രീമിയം കഫേകളിലൂടെ ലക്ഷ്യമിടുന്നു. പരിശീലനം ലഭിച്ച 17 വനിതകളുടെ നേതൃത്വത്തില്‍ രാത്രി 11 വരെയാണ് കഫേയുടെ പ്രവര്‍ത്തനം. പാചക വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണ വിതരണം, പാഴ്‌സല്‍ സര്‍വീസ്, കാറ്ററിങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, ശുചിത്വം, മികച്ച മാലിന്യ സംസ്‌കരണ ഉപാധികള്‍ എന്നിവ കഫേയിലൊരുക്കിയിട്ടുണ്ട്.
.
12-9-2024
സംസ്ഥാനത്ത് ആദ്യത്തെ വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസുമായി ആലപ്പുഴ.
വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ബസ്സുകളിൽ സുഖകരമായ യാത്ര ഒരുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസ്സ് സർവീസിന് ആലപ്പുഴ ജില്ലയിൽ തുടക്കമായി. ജില്ല നിയമ സേവന അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ജില്ല നിയമ സേവന അതോറിറ്റി തയാറാക്കിയ വിദ്യാർത്ഥി സൗഹൃദ സർവീസ് സ്റ്റിക്കറുകൾ ബസ്സുകളിൽ പതിപ്പിച്ചു.എൻഎഎൽഎസ്എ സ്‌കീം 2015ൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ആദ്യഘട്ടമായി സിറ്റി സർവീസുകളിലാണ് സ്റ്റിക്കറുകൾ പതിപ്പിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ഏഴ് മണി വരെ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കുന്ന കാര്യം സ്റ്റിക്കറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷക്കാലം ഇവ നിരീക്ഷിക്കും. ഏറ്റവും സൗഹൃദപരമായി സർവീസ് നടത്തുന്ന ബസുകൾക്ക് റിപ്പബ്ലിക് ദിനത്തിൽ റിവാർഡ് നൽകും. കുട്ടികളുടെ മാനസികവും കായികവുമായ ഉല്ലാസത്തിനുള്ള കാര്യങ്ങൾ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട് അതോടൊപ്പം ഇത്തരം പരിപാടിയിലൂടെ അവരുടെ സുരക്ഷക്ക് കൂടി പരിഗണന നൽകുകയാണ് ജില്ലാഭരണകൂടം.
.
9-9-2024
പച്ചത്തുരുത്തിൽ സെഞ്ച്വറി കടന്ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ 101 മത് ജൈവ വൈവിധ്യ പച്ചതുരുത്ത് സൃഷ്ടിച്ച് ഹരിത കേരളം മിഷൻ. പ്രകൃതി പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ ഭാഗമായാണ് നഗരൂർ ഗ്രാമപഞ്ചായത്തിൽ ശ്രീശങ്കര ട്രസ്റ്റിന് കീഴിലുള്ള ഭൂമിയിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പച്ചത്തുരുത്ത് നിർമിച്ചത്.
ബോട്ടാണിക്കൽ ഗാർഡനിൽ നിന്നും ഹരിത കേരള മിഷൻ ശേഖരിച്ച 500 തൈകളും തദ്ദേശീയമായി ലഭ്യമാക്കിയ 500 തൈകളും ഉപയോഗിച്ച് തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് നഗരൂർ ശ്രീശങ്കര ട്രസ്റ്റിന് കീഴിലുള്ള രണ്ട് ഏക്കർ സ്ഥലത്ത് പച്ചത്തുരുത്ത് നിർമിച്ചത്. ശ്രീശങ്കര വിദ്യാപീഠം കോളേജ് മുൻഭാഗത്ത് ഔഷധത്തോട്ടവും, സ്‌കൂളിന് സമീപമുള്ള കിഴക്കുഭാഗത്ത് ഫലവൃക്ഷതൈകളും, സ്‌കൂളിന് തെക്കുഭാഗത്ത് പൊക്കം കുറഞ്ഞ ഫലവൃക്ഷതൈകളും, ക്ഷേത്രകാവിനു സമീപം കാവ് സംരക്ഷണം നൽകുന്നതിന് സഹായിക്കുന്ന വൃക്ഷങ്ങളും, കോളേജിനോട് ചേർന്ന് സംരക്ഷിത തൈകളും, ക്ഷേത്രകുളം മുതൽ ക്ഷേത്രം വരെ ക്ഷേത്രത്തിന് ഉപയോഗപ്രദമാകുന്ന, ചെടികളുമാണ് വെച്ചുപിടിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.
കരവാരം പഞ്ചായത്തിൽ 46, നഗരൂർ പഞ്ചായത്തിൽ 14, നാവായിക്കുളം പഞ്ചായത്തിൽ 10 , പുളിമാത്ത് പഞ്ചായത്തിൽ ഒൻപത് , കിളിമാനൂർ പഞ്ചായത്തിൽ ഒൻപത്, പള്ളിക്കൽ പഞ്ചായത്തിൽ ആറ്, മടവൂർ പഞ്ചായത്തിൽ നാല്, പഴയ കുന്നുമ്മൽ പഞ്ചായത്തിൽ രണ്ട് എന്നിങ്ങനെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 100 പച്ചത്തുരുത്തുകളാണ് ഉള്ളത്. കരവാരം, പുളിമാത്ത്, നഗരൂർ, പള്ളിക്കൽ, മടവൂർ, കിളിമാനൂർ ഗ്രാമപഞ്ചായത്തുകളിലും മാതൃക പച്ചത്തുരുത്തുകളും സ്ഥിതിചെയ്യുന്നുണ്ട്.
.
6-9-2024
അതിനൂതന ഹൃദയ ശസ്ത്രക്രിയമാര്‍ഗങ്ങള്‍ വികസിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളേജ്; ഇത് ആരോഗ്യരംഗത്തെ അഭിമാന നേട്ടം.
രക്തക്കുഴലുകളുടെ വീക്കം പരിഹാരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയമാർഗങ്ങൾ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് ആന്റ് വാസ്‌കുലാർ സർജറി വിഭാഗം. അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം, സബ്‌ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്.
രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം. സങ്കീർണമായ അവസ്ഥകളിൽ ഈ രക്തക്കുഴൽ വീർത്ത് പൊട്ടി മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരം സങ്കീർണമായ അവസ്ഥകളിൽ ഫലപ്രദമായ നൂതന ശസ്ത്രക്രിയാ രീതികളാണ് കോട്ടയം മെഡിക്കൽ കോളേജ് വിജയിപ്പിച്ചത്. അപൂർവമായി ഹൃദയത്തിനുണ്ടാകുന്ന സങ്കീർണമായ അവസ്ഥയായ സബ് മൈട്രൽ അന്യൂറിസത്തിന്റെ ചികിത്സയ്ക്കായി ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം ശസ്ത്രക്രിയയാണ് നടത്തിയത്. ഹൃദയം നിർത്തിവെച്ച ശേഷം ഹൃദയം തുറന്ന് സങ്കീർണമായ ശസ്ത്രക്രിയയാണ് പരമ്പരാഗതമായി ചെയ്തിരുന്നത്. എന്നാൽ എക്കോകാർഡിയോഗ്രാഫിയുടെ സഹായത്തോടെ, ഹൃദയം നിർത്തി വയ്ക്കാതെ, മിടിക്കുന്ന ഹൃദയത്തിൽ പുറത്തുനിന്ന് ശസ്ത്രക്രിയ നടത്തുന്ന നൂതന രീതിയാണ് അവലംബിച്ചത്. ഈ രീതിയിലൂടെ ഹൃദയം പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ശസ്ത്രക്രിയ നടത്താൻ കഴിയുന്നത് മൂലം അപകട സാധ്യതകൾ കുറയുകയും, ശസ്ത്രക്രിയ കൂടുതൽ ഫലപ്രദമാകുകയും ചെയ്യുന്നു.
കൈയിലേക്കും തലച്ചോറിലേക്കും രക്തം എത്തിക്കുന്ന രക്തക്കുഴലിനുള്ള സങ്കീർണമായ വീക്കമായ സബ്‌ക്ലേവിയൻ അർട്ടറി അന്യൂറിസത്തിനും നൂതന ചികിത്സാ രീതി വികസിപ്പിച്ചെടുത്തു. മുൻവശത്തെ മാറെല്ലും വാരിയെല്ലുകളും തുറന്നാണ് പരമ്പരാഗതമായി ശസ്ത്രക്രിയ നടത്തിയിരുന്നത്. എന്നാൽ ചെറിയ മുറിവിലൂടെ ശസ്ത്രക്രിയ നടത്തുന്നതാണ് പുതിയ രീതി. ഇത് മൂലം ശസ്ത്രക്രിയയുടെ ദൈർഘ്യം കുറയ്ക്കാനും രക്തനഷ്ടം കുറയ്ക്കാനും സാധിക്കുന്നു. മാത്രമല്ല രോഗിയുടെ ആരോഗ്യം പെട്ടെന്ന് മെച്ചപ്പെടുകയും ചെയ്യുന്നു.
അതിസങ്കീർണമായ ഹൃദയ ശസ്ത്രക്രിയകളിൽ വിജയം കൈവരിച്ച ഈ നൂതന രീതികൾ, പരമ്പരാഗത ഹൃദയ ശസ്ത്രക്രിയാ രീതികളിൽ നിന്നും വലിയ മുന്നേറ്റമാണ്. നിലവിൽ തുടരുന്ന ചികിത്സാ രീതിയിൽ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. പുതിയ ശസ്ത്രക്രിയാ രീതികളുടെ അംഗീകാരമായി അന്നൽസ് ഓഫ് തൊറാസിക് സർജറി എന്ന അന്താരാഷ്ട്ര ജേണലിൽ https://www.annalsthoracicsurgeryshortrep.org/article/S2772-9931(24)00267-5/fulltetx പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകത്ത് അത്യപൂർവമായി മാത്രം കാണുന്ന ക്യൂട്ടിസ് ലാക്‌സ തൊറാസിക് അയോർട്ടിക് അന്യൂറിസം എന്ന ജനിതക രോഗത്തിനുള്ള സങ്കീർണ ശസ്ത്രക്രിയ വിജയകരമാക്കി കാർഡിയോതൊറസിക് വിഭാഗം കഴിഞ്ഞ വർഷവും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഇവിടെ നടക്കുന്ന ഗവേഷണങ്ങൾ, സാധാരണ രോഗികൾക്ക് ഫലപ്രദമായ നൂതന ചികിത്സ ഉറപ്പുവരുത്തുകയും ചികിത്സാ ചെലവ് കുറക്കുകയും ചെയ്യുന്നു. കോട്ടയം മെഡിക്കൽ കോളേജിന്റെ നേട്ടം കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മികവിനുള്ള ഒരു ഉദാഹരണമാകുന്നു.
.
4-9-2024
സ്മാർട്ട് ഫങ്ഷനിൽ തിളങ്ങി പ്രവച്ചമ്പലം - കരമന റോഡ്; ഇ-സാങ്കേതിക വിദ്യ കേരളത്തിൽ ആദ്യം.
ഇന്റർനെറ്റ് ഉപയോഗിച്ച് നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന വൈദ്യുതി വിളക്കുകൾ സ്ഥാപിച്ച് സ്മാർടായി തിരുവനന്തപുരം. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയാണ് തിരുവനന്തപുരം കരമന-പ്രാവച്ചമ്പലം മേഖലയിൽ നടപ്പിലാക്കിയത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചര കിലോമീറ്റർ വരുന്ന റോഡിന്റെ മീഡിയനുകളിൽ ആണ് ലൈറ്റുകൾ സ്ഥാപിച്ച് സുന്ദരമാക്കിയത്.സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി 4.9 കോടി രൂപ ചെലവിൽ ഒമ്പത് മീറ്റർ ഉയരമുളള 184 തൂണുകളിലായി പിയു കോട്ടഡ് വൈറ്റ് കോണിക്കൽ പോളുകളിൽ 170 വാട്്‌സ് ന്യൂട്രൽ വൈറ്റ് ബൾബുകളാണുള്ളത്. 170 തൂണുകളിൽ രണ്ട് ബൾബു വീതവും കരമന ഭാഗത്ത് 14 തൂണിൽ ഓരോ ബൾബു വീതവും. മൂന്ന് സ്മാർട്ട് മോണിറ്ററിങ് പാനലും സ്ഥാപിച്ചിട്ടുണ്ട്. നേമം, കാരയ്ക്കാമണ്ഡപം, പാപ്പനംകോട് എന്നിവിടങ്ങളിലാണ് കൺട്രോൾ യൂണിറ്റുകളുള്ളത്. ഇന്റർനെറ്റ് മുഖേന പ്രവർത്തനം നിയന്ത്രിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയായതിനാൽ റോഡിന്റെ തിരക്കിനനുസൃതമായി വൈകിട്ട് ആറ് മുതൽ രാവിലെ ആറുവരെ പ്രകാശം കൂട്ടാനും കുറയ്ക്കാനും സാധിക്കും. പ്രത്യേകം സിഗ്നലും സീബ്രലൈനുകളും ഇല്ലാത്ത ഭാഗങ്ങളിൽ റോഡ് മുറിച്ചു കടക്കുന്നതിനെ തുടർന്നുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി 4.75 കീലോമീറ്റർ നീളത്തിൽ ഇരുമ്പ് വേലി സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലങ്ങളിൽ ഡിവൈഡറിൽ പാഴ്‌ചെടികൾ വളർന്ന് യാത്രക്കാർക്ക് കാഴ്ചതടസ്സം ഉണ്ടാക്കുന്നത് ഒഴിവാക്കാനും മാലിന്യ നിക്ഷേപം തടയുന്നതിനുമായി ജംങ്ഷനുകളിലെല്ലാം 50 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്..
2-9-2024
പാരമ്പര്യത്തിന്റെയും അനുഭവസമ്പത്തിന്റെയും 'മറയൂർ മധുരം' വിപണിയിലേക്ക്.
ശർക്കര നിർമാണത്തിന്റെ വിവിധതലങ്ങളിൽ പരമ്പരാഗതമായി ഏർപ്പെട്ടിരുന്ന മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ പട്ടികവർഗ വിഭാഗത്തിൽ നിന്നും സ്വന്തം ബ്രാൻഡ് 'മറയൂർ മധുര'മെന്ന പേരിൽ വിപണിയിലേക്ക്. പട്ടികവർഗ വിഭാഗത്തിന്റെ പരമ്പരാഗത തൊഴിലുകൾ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച- 'സഹായകിരൺ' പദ്ധതിയിലുൾപ്പെടുത്തിയാണ് ശർക്കര നിർമാണ യൂണിറ്റ് യാഥാർഥ്യമാക്കിയത്. കേന്ദ്ര SCA to TSS ഫണ്ട് ഉപയോഗപ്പെടുത്തി സംസ്ഥാന പട്ടികവർഗ വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
പട്ടികവർഗ അംഗങ്ങൾ നിയന്ത്രിക്കുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം. കാലങ്ങളായി കരിമ്പുകൃഷി മുതൽ ശർക്കര നിർമാണം വരെ ചെയ്തിരുന്ന 150 കുടുംബങ്ങളെ ഉൾപ്പെടുത്തി 'മറയൂർകാന്തല്ലൂർ ട്രൈബൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി' രൂപീകരിച്ചു.പട്ടിക വർഗ കർഷകരുടെ കൈവശമുള്ള ഭൂമിയിലെ കരിമ്പ് കൃഷിക്ക് മതിയായ വില ലഭ്യമാക്കുകയും അതോടൊപ്പം ശർക്കര നിർമ്മാണത്തിന്റെ ലാഭം പൂർണമായും പട്ടികവർഗ മേഖലയിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 25 ഓളം പേർക്ക് പ്രത്യക്ഷത്തിലും 300 പേർക്ക് പരോക്ഷമായും തൊഴിൽ നൽകാൻ സംരംഭത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
ഗുണനിലവാരമുള്ള ശർക്കര വിപണിയിലെത്തിക്കാനും പ്രാദേശിക കരിമ്പുകർഷകർക്ക് ന്യായവില ഉറപ്പാക്കാനും ഇതിലൂടെ കഴിയും. പ്രതിദിനം 1000 കിലോ ശർക്കര ഉൽപ്പാദിപ്പിക്കാനാകും. ചില്ലറ വിപണിയെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. 30 ലക്ഷം രൂപ പദ്ധതി ചെലവിൽ കാന്തല്ലൂർ പഞ്ചായത്തിലെ ദണ്ട്‌കൊമ്പ് കോളനിയിൽ ആണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.'മറയൂർ മധുര'ത്തിന്റെ ശർക്കര ഓണക്കാലത്ത് വിപണിയിലെത്തും.
.
31-8-2024
എറണാകുളം ജില്ലയില്‍ നിന്ന് ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രം; ഒരുങ്ങി വേങ്ങൂര്‍ പാണിയേലി പോര്.
വിനോദസഞ്ചാര മേഖലയില്‍ ഹരിത പെരുമാറ്റച്ചട്ടം വിഭാവനം ചെയ്ത് ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ ആദ്യ മാതൃക ഹരിത ടൂറിസം കേന്ദ്രമാകാനുള്ള തയാറെടുപ്പിലാണ് പാണിയേലി പോര്. മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ വേങ്ങൂര്‍ പഞ്ചായത്തിലാണ് പാണിയേലി പോര്. ഒഴുകിവരുന്ന പെരിയാര്‍ നദിയിലെ വെള്ളം പാറക്കൂട്ടങ്ങളില്‍ തട്ടി പോരടിച്ചു ശബ്ദം ഉണ്ടാക്കുന്നതുകൊണ്ടാണ് ഈ സ്ഥലത്തിനു 'പാണിയേലി പോര് ' എന്ന പേര് വന്നതു എന്നാണ് കഥ. കൂറ്റന്‍ മരത്തൂണുകള്‍ കൊണ്ടുണ്ടാക്കിയ കമാനം വരെയാണ് വാഹനങ്ങള്‍ക്കു പ്രവേശനമുള്ളൂ. പാസ് വാങ്ങി വീതി കുറഞ്ഞ വഴികളിലൂടെ നടന്നു കാഴ്ചകള്‍ കാണാം.രാവിലെ എട്ടു മുതല്‍ അഞ്ചു മണി വരെയാണ് പ്രവേശനം. കാടിനുള്ളിലൂടെ ഒഴുകിയെത്തുന്ന പുഴയാണ് പാണിയേലിയുടെ ഭംഗി. കാട്ടിലെ വഴിയിലൂടെ നടന്ന് പെരിയാര്‍ നദിയെയും കണ്ട് ആ വെള്ളത്തില്‍ കളിച്ചുല്ലസിക്കാനാണ് മുഖ്യമായും ആളുകള്‍ ഇവിടെ എത്തുന്നത്. പോരിന്റെ മുഖ്യ കവാടത്തില്‍ നിന്നും ഏകദേശം മുന്നൂറു മീറ്റര്‍ ദൂരം കാട്ടിലൂടെ, പെരിയാറിനരുകിലൂടെ നടക്കാനായി നടപ്പാത ഒരുക്കിയിട്ടുണ്ട്. കാനന കാഴ്ചകളൊരുക്കിയ പാണിയേലി പോരിലെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നത്.ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യ സംസ്‌കരണം, ഒറ്റ തവണ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ കര്‍ശനമായ നിരോധനം നടപ്പാക്കല്‍,ബദല്‍ സംവിധാനം ഏര്‍പ്പെടുത്താല്‍,ടോയ്‌ലറ്റ് സംവിധാനവും ദ്രവ മാലിന്യ സംസ്‌കാരണവും കുറ്റമറ്റതാക്കല്‍,എം സി എഫ്, മിനി എം സി എഫുകള്‍, ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കല്‍,സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉറപ്പുവരുത്തി കൊണ്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രമാകുന്നത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍,വനം വകുപ്പ്, വന സംരക്ഷണ സമിതി, രാജഗിരി വിശ്വജ്യോതി കോളേജ് എന്നിവരുടെ സഹകരണത്തോടെ മെഗാ ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു..
30-8-2024
കേരള ബ്രാൻഡ് പദ്ധതിയിൽ രണ്ട് സ്ഥാപനങ്ങൾ, മികച്ച നേട്ടവുമായി കണ്ണൂർ ജില്ല.
സംസ്ഥാനത്ത് ഗുണമേന്മയുള്ള ഉത്പന്നങ്ങൾക്ക് അവതരിപ്പിക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന കേരള ബ്രാൻഡ് പദ്ധതിയിൽ മികച്ച നേട്ടവുമായി കണ്ണൂർ. കണ്ണൂർ ജില്ലയിലെ രണ്ട് സ്ഥാപനങ്ങൾക്ക് കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചു. അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡിന്റെ കീഴിലുള്ള സഹകാരി ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിംഗ് പ്ലാന്റ്, തളിപ്പറമ്പ നടുവിൽ മീൻപ്പറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കെ എം ഓയിൽ ഇൻഡസ്ട്രീസ് എന്നീ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾക്കാണ് ജില്ലയിൽ ആദ്യമായി കേരള ബ്രാന്റ് ലഭിച്ചത്.ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ആറ് സ്ഥാപനങ്ങൾക്ക് ആണ് കേരള ബ്രാൻഡ് അംഗീകാരം ലഭിച്ചത്.കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നേടുന്ന ഉത്പന്നങ്ങൾക്ക് ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ കേരള ബ്രാൻഡ് നാമത്തിൽ വിപണനം ചെയ്യാനാകും. ഗുണനിലവാരം, ഉത്പാദനത്തിലെ മൂല്യങ്ങൾ എന്നിവ പരിഗണിച്ചാണ് കേരള ബ്രാൻഡിംഗ് നൽകുന്നത്. തുടക്കത്തിൽ വെളിച്ചെണ്ണയ്ക്കും തുടർന്ന് 14 ഉത്പന്നങ്ങൾക്കുമാണ് കേരള ബ്രാൻഡിംഗ് നൽകുന്നത്..
30-8-2024
നീതി അയോഗ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൽ പരപ്പ ബ്ലോക്കിന് ഒന്നാം റാങ്ക്.
നീതി അയോഗ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം ഡിസംബർ 2023 (ക്വാർട്ടർ) റാങ്കിംഗിൽ സൗത്ത് സോൺ തലത്തിൽ പരപ്പ ബ്ലോക്കിന് ഒന്നാം റാങ്ക്. ദക്ഷിണ മേഖലയിലെ കേരളം, തമിഴ്നാട് കർണാടക ആന്ധ്രപ്രദേശ് തെലങ്കാന സംസ്ഥാനങ്ങളിലെ 64 ബ്ലോക്കുകളിൽ നിന്നുമാണ് പരപ്പ ബ്ലോക്ക് ഒന്നാമതെത്തിയത്.ആരോഗ്യവും പോഷകവും വിദ്യാഭ്യാസം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, അടിസ്ഥാന സൗകര്യം, സാമൂഹിക വികസനം എന്നീ അഞ്ചു വിശാല മേഖലകളിലെ 39 സൂചകങ്ങളിലെ വളർച്ച ആണ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം ലക്ഷ്യമാക്കുന്നത്
പരപ്പ ബ്ലോക്ക് പരിധിയിലെ കിനാനൂർ കരിന്തളം, പനത്തടി, കള്ളാർ, കോടോം ബേളൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകളിലെ പ്രവർത്തനങ്ങളാണ് ഈ നേട്ടം കൈവരിക്കുന്നതിന് കാരണമായത്. ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൻ്റെ ഭാഗമായി സമ്പൂർണത അഭിയാൻ എന്ന പരിപാടിയാണ് നിലവിൽ പഞ്ചായത്തിൽ നടക്കുന്നത്. ഗുണഭോക്തൃ രജിസ്ട്രേഷൻ, സമ്പൂർണത മേള സാംസ്കാരിക പരിപാടികൾ എ ബി സി ഡി പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിച്ച പരപ്പബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ വികസനത്തിനുള്ള നിരവധി പദ്ധതികൾ നിലവിൽ നടപ്പിലാക്കുന്നുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ഡയബറ്റിസ്, ഹൈപ്പർ ടെൻഷൻ ജീവിത ശൈലി നിർണ്ണയ ക്യാപുകളും, കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സോയിൽ ഹെൽത്ത് കാർഡ് വിതരണത്തിനുള്ള മണ്ണ് പരിശോധന ക്യാമ്പുകളും, കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്വയം സഹായ ഗ്രൂപ്പുകൾക്ക് റിവോൾവിംഗ് ഫണ്ട് വിതരണത്തിനുള്ള പ്രവർത്തനങ്ങളും , ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ ഗർഭിണികൾക്കുള്ള പോഷകാഹാര വിതരണവും നടപ്പിലാക്കി വരുന്നു.
.
24-8-2024
കുട്ടികളുടെ അമിത പഞ്ചസാര ഉപയോഗം തടയാൻ ഷുഗർ ബോർഡ് പദ്ധതി.
കുട്ടികളിലുള്ള അമിതമായ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഷുഗർ ബോർഡ് (SUGAR BOARD) എന്ന പേരിൽ പുത്തൻ പദ്ധതി ആവിഷ്‌കരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്. ലഘുപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്കരണ ബോർഡ് (SUGAR BOARD) സ്‌കൂളുകളിൽ സ്ഥാപിച്ച് കുട്ടികളിൽ പഞ്ചസാരക്കെതിരെ അവബോധം സൃഷ്ടിക്കുക ആണ് പദ്ധതിയുടെ ലക്ഷ്യം. ഭക്ഷ്യസുരക്ഷ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് കോഴിക്കോട് നടക്കാവ് വൊക്കേഷണൽ ഹയർസെക്കൺഡറി സ്‌കൂളിൽ തുടക്കമിട്ടു.
അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദയരോഗങ്ങൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകാം. ഒരാൾക്ക് ഒരു ദിവസം പരമാവധി 3 ടീ സ്പൂൺ (15g) പഞ്ചസാര വരെയാണ് ICMR (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) ശുപാർശ ചെയ്യുന്നത്. ഇത് സാധാരണ രണ്ട് നേരത്തെ ചായയിലൂടെയോ പാനീയങ്ങളിലൂടെയോ ശരീരത്തിലെത്തുന്നു. എന്നാൽ ലഘുപാനീയങ്ങളിൽ 10 മുതൽ 15% വരെ പഞ്ചസാര കാണപ്പെടുന്നു. ഇടവേളകളിൽ നമ്മൾ കുടിക്കുന്ന 300ാഹ ലഘുപാനീയങ്ങളിൽ 30ഴ മുതൽ 40ഴ വരെ പഞ്ചസാര നമ്മുടെ ശരീരത്തിൽ അധികമായി എത്തുന്നു. ഇത് ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും, പ്രത്യേകിച്ച് കുട്ടികളിൽ. പഞ്ചസാരയുടെ അളവിനെ കുറിച്ച് വിദ്യാർത്ഥികളിൽ അറിവുണ്ടാക്കാൻ ഷുഗർ ബോർഡ് സഹായിക്കും. ഇത്തരം ബോർഡുകൾ സ്‌കൂളുകളുമായി സഹകരിച്ച് ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സ്ഥാപിക്കുവാനുള്ള തയാറെടുപ്പിലാണ് ഭരണകൂടം.
.
23-8-2024
'ഒപ്പം' പദ്ധതി: ആദ്യ ആക്‌സസ് കഫേ പ്രവർത്തനം തുടങ്ങി.
ഭിന്നശേഷിക്കാർക്കായി മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഒപ്പം' ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ 'ആക്‌സസ് കഫേ' കളക്ടറേറ്റ് കോൺഫറൻസ് ഹാളിന് മുൻവശം പ്രവർത്തനമാരംഭിച്ചു. ഭിന്നശേഷിക്കാർക്ക് സ്ഥിര വരുമാനം നൽകുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് ഭിന്ന ശേഷി സൗഹൃദ കഫേകൾ സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാർക്കു തന്നെയാണ് കഫേയുടെ നടത്തിപ്പു ചുമതല.
ചാപ്പനങ്ങാടി പി എം എസ് എ എ വി എച്ച്എസ് സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റാണ് ആദ്യത്തെ ആദ്യത്തെ കഫേ സ്‌പോൺസർ ചെയ്തത്. കാപ്പി, ചായ, ചെറുകടികൾ എന്നിവയാണ് കഫേയിൽ വിൽപന നടത്തുക. നടുവിൽ വീൽചെയറിൽ ഇരുന്ന് ചായ കൊടുക്കാനും ചെറുകടികൾ നൽകാനും സൗകര്യമാകുന്ന രീതിയിലാണു നിർമാണം. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു മണി വരെ കഫേ പ്രവർത്തിക്കും.
ഭിന്നശേഷിക്കാരനായ ഒതുക്കുങ്ങൽ മുനമ്പത്ത് സ്വദേശി എ.കെ. ശംസുദ്ദീൻ ആണ് ആദ്യ കഫേയുടെ ഗുണഭോക്താവ്. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിശീലനവും പിന്തുണയും നൽകി അവരുടെ ജീവിതസുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഒപ്പം' പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തുമായി ചേർന്ന് ഒപ്പം പദ്ധതിയിൽ മലപ്പുറം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ഇത്തരം 'ആക്‌സസ് കഫേ'കൾ ഭിന്നശേഷിക്കാർക്ക് നൽകാനുള്ള ശ്രമത്തിലാണ് ഭരണകൂടം.
.
22-8-2024
പോഷക സമൃദ്ധം പ്രഭാതം പദ്ധതി : പ്രഭാത ഭക്ഷണം നൽകിയത് 22,791 കുട്ടികൾക്ക്.
കളമശ്ശേരി മണ്ഡലത്തിലെ സ്കൂളുകളിൽ സൗജന്യ പ്രഭാതഭക്ഷണം നൽകുന്ന 'പോഷകസമൃദ്ധം പ്രഭാതം' പദ്ധതി വഴി കഴിഞ്ഞ 3 വർഷത്തിനിടെ പ്രഭാത ഭക്ഷണം നൽകിയത് 22,791 കുട്ടികൾക്ക് . സ്കൂൾ കുട്ടികൾക്ക് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നൽകണമെന്ന ലക്ഷ്യത്തോടെ പ്രത്യേകമായൊരു പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ നിയമസഭാ മണ്ഡലമാണ് കളമശ്ശേരി. കളമശ്ശേരി നിയോജകമണ്ഡലത്തിലെ 39 സർക്കാർ എയ്ഡഡ് സ്കൂളുകളിലെ എൽ. പി, യു.പി വിദ്യാർഥികൾക്കാണ് പദ്ധതി വിഭാവനം ചെയ്‍തത്. ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെ പദ്ധതി ആവിഷ്കരിച്ചത്. കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വികാസത്തിന് പോഷക സമൃദ്ധമായ പ്രഭാതഭക്ഷണം പ്രധാന പങ്കുവഹിക്കുന്നന്നു അതിനാൽ വീട്ടിൽനിന്ന് പല കാരണങ്ങളാൽ പ്രഭാതഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമാകും വിധത്തിൽ സാർവത്രിക പ്രഭാതഭക്ഷണ പരിപാടി നടപ്പിലാക്കിയത്. .
16-8-2024