സമീപകാലത്ത് പ്രസിദ്ധീകരിച്ച് ജില്ലാ പരിപാടികൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  പോഷക സമൃദ്ധം പ്രഭാതം പദ്ധതി : പ്രഭാത ഭക്ഷണം നൽകിയത് 22,791 കുട്ടികൾക്ക്.
കളമശ്ശേരി മണ്ഡലത്തിലെ സ്കൂളുകളിൽ സൗജന്യ പ്രഭാതഭക്ഷണം നൽകുന്ന 'പോഷകസമൃദ്ധം പ്രഭാതം' പദ്ധതി വഴി കഴിഞ്ഞ 3 വർഷത്തിനിടെ പ്രഭാത ഭക്ഷണം നൽകിയത് 22,791 കുട്ടികൾക്ക് . സ്കൂൾ കുട്ടികൾക്ക് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നൽകണമെന്ന ലക്ഷ്യത്തോടെ പ്രത്യേകമായൊരു പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ നിയമസഭാ മണ്ഡലമാണ് കളമശ്ശേരി. കളമശ്ശേരി നിയോജകമണ്ഡലത്തിലെ 39 സർക്കാർ എയ്ഡഡ് സ്കൂളുകളിലെ എൽ. പി, യു.പി വിദ്യാർഥികൾക്കാണ് പദ്ധതി വിഭാവനം ചെയ്‍തത്. ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെ പദ്ധതി ആവിഷ്കരിച്ചത്. കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വികാസത്തിന് പോഷക സമൃദ്ധമായ പ്രഭാതഭക്ഷണം പ്രധാന പങ്കുവഹിക്കുന്നന്നു അതിനാൽ വീട്ടിൽനിന്ന് പല കാരണങ്ങളാൽ പ്രഭാതഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമാകും വിധത്തിൽ സാർവത്രിക പ്രഭാതഭക്ഷണ പരിപാടി നടപ്പിലാക്കിയത്. .
  16-8-2024
  കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ‘കുട്ടിയിടം’.
വയനാട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘കുട്ടിയിടം’ പദ്ധതി തുടങ്ങി. കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി മാനസിക സംഘര്‍ഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പുകളിൽ കുട്ടികള്‍ ഒറ്റപ്പെട്ട് പോവുന്നത് തടയുക, ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും കുട്ടികളെ മുക്തരാക്കുക എന്നിവയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. കുട്ടികൾക്ക് വിവിധ കളികളിലും ചിത്രരചന, കളറിങ് തുടങ്ങിയ വിനോദങ്ങളിലും ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണ് കുട്ടിയിടം. ദുരന്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മേപ്പാടി സെന്‍റ് ജോസഫ്സ് യു പി സ്കൂള്‍, മേപ്പാടി സെന്റ് ജോസഫ്സ് ഹൈസ്കുള്‍, കല്‍പ്പറ്റ എസ് കെ എം ജെ എച്ച് എസ് എസ്, ചുണ്ടേല്‍ ആര്‍ സി എല്‍ പി സ്‌കൂള്‍, കോട്ടനാട് യു പി സ്കൂള്‍, കാപ്പംകൊല്ലി ആരോമ ഇന്‍, അരപ്പറ്റ സി എം എസ്, റിപ്പണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേപ്പാടി എച്ച് എസ്, കല്‍പ്പറ്റ എസ് ഡി എം എല്‍ പി സ്കൂള്‍, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി, കല്‍പ്പറ്റ ഡീപോള്‍, മേപ്പാടി ജി എല്‍ പി എസ് എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലാണ് നിലവില്‍ കുട്ടിയിടം പദ്ധതി ആരംഭിച്ചത്. പൊതുജനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് കുട്ടികള്‍ക്കാവശ്യമായ കളറിങ് ബുക്കുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ലഭിച്ചത്. കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനായി മാജിക് ഷോ, നാടന്‍ പാട്ടുകള്‍ തുടങ്ങി വിവിധ പരിപാടികളും കുട്ടിയിടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. യൂണിസെഫുമായി സഹകരിച്ച് കുട്ടികള്‍ക്കായി ആര്‍ട്ട് തെറാപ്പിയും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്. .
  6-8-2024
  ഡയപ്പറുകൾ ഇനി വലിച്ചെറിയണ്ട - ഡയപ്പർ ഡിസ്ട്രോയെരുമായി എളവള്ളി പഞ്ചായത്ത്.
ഡയപ്പറുകൾ സംസ്കരിക്കാൻ സ്വന്തമായി ഒരു യന്ത്രം തന്നെ രൂപകൽപ്പന ചെയ്ത എളവള്ളി ഗ്രാമപഞ്ചായത്ത്. കിടപ്പുരോഗികളും കുട്ടികളും ഉപയോഗിക്കുന്ന ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും കത്തിക്കാൻ ഗ്രീൻ ഇൻസിനറേറ്റർ തയ്യാറാക്കിയിരിക്കുകയാണ് പഞ്ചായത്ത്. ഡയപ്പർ കത്തിക്കുമ്പോഴുണ്ടാവുന്ന പൊടിപടലങ്ങൾ, പ്രകൃതിക്ക്‌ ദോഷം വരുന്ന വാതകങ്ങൾ എന്നിവ നീക്കം ചെയ്യുന്ന സംവിധാനമുള്ള ഇൻസിനേറ്ററാണിത്‌. പുഴയ്‌ക്കൽ വ്യവസായ പാർക്കിൽ ആരംഭിച്ച 4 ആർ ടെക്നോളജീസ് കമ്പനിയാണ്‌ ഇൻസിനേറ്റർ നിർമിക്കുന്നത്‌. തൃശൂർ എളവള്ളി പഞ്ചായത്തിൽ സ്ഥാപിച്ചതിന്റെ ട്രയൽ റൺ വിജയകരമായിരുന്നു. ഇതിലൂടെ ശാസ്ത്രീയമായി ഡയപ്പർ സംസ്കരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായി മാറുകയാണ് എളവള്ളി.പ്രസ്തുത ഇൻസിനറേറ്ററിൽ, ഒന്നാമത്തെ ചേംബറിൽ നിക്ഷേപിക്കുന്ന ഡയപ്പറുകൾ 850 ഡിഗ്രി സെന്റിഗ്രേഡിലാണ് ഓട്ടോമാറ്റിക് ഇൻഡസ്ട്രിയൽ ബർണറുകളിൽ കത്തിക്കുന്നത്. ആദ്യ ബർണറിൽ പ്രവർത്തന താപനില 850 ഡിഗ്രി സെന്റിഗ്രേഡും രണ്ടാമത്തെ ചേംബറിൽ 1050 ഡിഗ്രി സെന്റിഗ്രേഡുമായി ക്രമീകരിക്കും. എൽപിജിയാണ്‌ ഇന്ധനം. ഉയർന്ന ജ്വലനംമൂലം കാർബൺ മോണോക്‌സൈഡ്‌ പോലുള്ള വിഷ വാതകങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല. വെള്ളം പുനരുപയോഗിക്കാവുന്ന തരത്തിലാണ് ഇൻസിനറേറ്റർ നിർമ്മിച്ചിരിക്കുന്നത്. നൂറടി ഉയരത്തിൽ തുരുമ്പു പിടിക്കാത്ത സ്റ്റീൽകൊണ്ടാണ്‌ ചിമ്മിനി നിർമാണം. പറുത്തുപോവുന്ന പുക പ്രകൃതിക്ക്‌ ദോഷമില്ലാത്ത വെളുത്ത നിറത്തിലുള്ളതായിരിക്കും. പ്ലാന്റിന്‌ 30 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. മണിക്കൂറിന് രണ്ട് കി.ഗ്രാം എൽപിജി ഉപയോഗിക്കുന്ന പ്ലാന്റിൽ 45 മിനിറ്റിനുള്ളിൽ 60 ഡയപ്പറുകൾ കത്തിക്കാം. ഉപഭോക്താക്കളുടെ പട്ടിക തയ്യാറാക്കി വാർഡ് തോറും ഇലക്ട്രിക് ഓട്ടോ വഴി ഡയപ്പർ ശേഖരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.ഡയപ്പറുകൾ സംസ്കരിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത കേരളത്തിലെ വളരെ രൂക്ഷമായ പ്രശ്നമാണ്. തിരുവനന്തപുരത്തും കൊച്ചിയിലും ഉൾപ്പെടെ സ്വകാര്യ സംരംഭകരുമായി ചേർന്ന് നഗരസഭകൾ ഈ പ്രവർത്തനം ഏകോപിപ്പിക്കുന്നു. സ്വന്തം സംവിധാനമോ സ്വകാര്യ സംരംഭകരുമായി ചേർന്നോ സൗകര്യം ഒരുക്കാൻ നഗരസഭകൾ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്, പലതും പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. നഗരങ്ങളോട് ചേർന്നുള്ള ക്ലസ്റ്ററുകളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്കും ഈ സൗകര്യം ഉപയോഗിച്ച് ഡയപ്പറുകൾ സംസ്കരിക്കാനുള്ള സൗകര്യം വൈകാതെ ഒരുക്കാനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്..
  25-7-2024
  ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 'ഒപ്പം' പദ്ധതി.
മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന 'ഒപ്പം ഇനീഷ്യേറ്റീവ്' പദ്ധതിക്ക് തുടക്കമായി. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലനവും പിന്തുണയും നല്‍കുകയും അതു വഴി അവരുടെ ജീവിത സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് 'ഒപ്പം' പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാരുടെ സമഗ്രവികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്നും, മറ്റുള്ളവരെപ്പോലെ അവരെയും ചേര്‍ത്തുനിര്‍ത്തേണ്ടത് സമൂഹത്തിന്റെ പ്രധാന കടമയാണ് എന്നുമുള്ള കാഴ്ചപ്പാടോടെ ആരംഭിക്കുന്ന ആക്‌സസ് (അസോസിയേഷന്‍ ഫോര്‍ ഡിസബിലിറ്റി കെയര്‍, കംപാഷന്‍, എജ്യുക്കേഷന്‍, സപ്പോര്‍ട്ട് ആന്റ് സര്‍വ്വീസസ്) മലപ്പുറത്തിന്റെ ആദ്യ ഘട്ടമായാണ് 'ഒപ്പം' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായുള്ള ശാക്തീകരണ പരിപാടികളാണ് 'ഒപ്പം' പദ്ധതിയുടെ ഭാഗമായി നടത്തുക. വിദഗ്ധ പരിശീലനം നല്‍കി കേരള പി.എസ്.സി, എസ്.സ്.സി, യു.പി.എസ്.സി തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്കായി ഭിന്നശേഷിക്കാരെ സജ്ജരാക്കും. അതോടൊപ്പം സ്വകാര്യ മേഖലയിലെ തൊഴില്‍ദാതാക്കളെ കണ്ടെത്തി ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയും നടക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രത്യേകം വിവര ശേഖരണം നടത്തിയാണ് ഓരോ ഭിന്നശേഷിക്കും അനുയോജ്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്തുക.   ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യം നല്‍കി സ്വയം തൊഴില്‍ ആരംഭിക്കുന്നതിനുള്ള നടപടികളും 'ഒപ്പം' പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിക്കുന്നുണ്ട്. മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്നുള്ള സൗജന്യ ചെസ് പരിശീലനം എന്നീ പദ്ധതികള്‍ക്ക് ഇതിനകം തുടക്കമായിട്ടുണ്ട്. മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് 'ഒപ്പം' പദ്ധതിയുടെ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുന്ന 'ഭിന്ന ശേഷി സേവന കേന്ദ്രം' ആയും ഓഫീസ് പ്രവര്‍ത്തിക്കും. കോഴിക്കോട് ആസ്ഥാനമായ എന്‍.ജി.ഒ പ്രജാഹിത ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്..
  19-7-2024
  ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്തിന്റെ ചര്‍ക്ക വിതരണ പദ്ധതി.
ജില്ലയിലെ 15 ബഡ്സ് സ്‌ക്കൂളുകളിലെ അഞ്ച് വീതം ഭിന്നശേഷി വിഭാഗക്കാര്‍ക്കായി നൂല്‍ നൂല്‍പ്പ് (നൂല്‍ നിര്‍മ്മാണം) തൊഴിലിനുളള സജ്ജീകരണങ്ങള്‍ നല്‍കികൊണ്ട് അവര്‍ക്കായി ഒരു വരുമാന മാര്‍ഗ്ഗം തുറന്നിടുകയാണ് ജില്ല പഞ്ചായത്ത് . 23-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മാര്‍ച്ച് 12-ന് ആരംഭിച്ച ജില്ലാ പഞ്ചായത്തിന്റെ ചര്‍ക്കവിതരണ പദ്ധതിപ്രകാരം അഞ്ച് ചര്‍ക്കകള്‍ വീതം ഒരു ബഡ്സ് സ്‌ക്കൂളിന് എന്ന കണക്കില്‍ 75 ചര്‍ക്കകളും ഇരിപ്പിട സൗകര്യങ്ങളുമാണ് ജില്ലാ പഞ്ചായത്ത് വിതരണം ചെ്തത്. കണ്ണാടി ബഡ്സ് സ്‌ക്കൂളിലാണ് പ്രവര്‍ത്തനത്തിന് തുടക്കമായത്. പദ്ധതിക്കായി 18 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്.  ഖാദി ബോര്‍ഡിനായി ചര്‍ക്കകളില്‍ നൂല്‍നൂല്‍ക്കുന്ന തൊഴിലാണ് നടക്കുന്നത്. പഞ്ഞി പോലുളള അനുബന്ധ സാമഗ്രികളെല്ലാം ഖാദി ബോര്‍ഡാണ് കൊടുക്കുക. ഒരു കഴി നൂലിന് 10 രൂപയാണ് വേതനം. 120 രൂപ ക്ഷാമബത്തയും, സര്‍ക്കാറിന്റെ മിനിമം വരുമാന പൂരക പദ്ധതി പ്രകാരം ഒരു കഴിക്ക് 4.90 രൂപ വീതവും ഇന്‍സെന്റീവ് 60 പൈസയും കിട്ടും. ഒരു ദിവസം കുറഞ്ഞത് അഞ്ച് കഴി നൂല്‍ നൂറ്റാല്‍ 200 രൂപ വരെ വേതനമായി കിട്ടും.നൂല്‍നൂല്‍പ്പിനുളള വേതനം ഖാദി ബോര്‍ഡാണ് നല്‍കുക. ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുളള 24 ശതമാനം അംശദായത്തില്‍ 12 ശതമാനം ഖാദി ബോര്‍ഡും ബാക്കി 12 ശതമാനം ഈ ഭിന്നശേഷി വിഭാഗം തൊഴിലാളികളുടെ വേതനത്തില്‍ നിന്നും ഈടാക്കും. ബഡ്സ് സ്‌ക്കൂളില്‍ നിന്ന് 18 വയസ്സിന് മുകളിലുളള അഞ്ച് പേരെയാണ് പ്രസ്തുത പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കുറഞ്ഞത് 100 ദിവസം തൊഴില്‍ ചെയ്താല്‍ ഖാദി ബോര്‍ഡിന്റെ ക്ഷേമനിധി ബോര്‍ഡില്‍ അംഗമാക്കും. തുടര്‍ന്ന് എംപ്ലോയ്മെന്റ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പ്രകാരമുളള ചികിത്സ സഹായം, ഭവനനിര്‍മ്മാണ സഹായം തുടങ്ങിയ ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങളും ലഭിക്കും. കണ്ണാടി, കിഴക്കഞ്ചേരി, എരിമയൂര്‍, മാത്തൂര്‍, കുത്തന്നൂര്‍, മുതുതല, വിളയൂര്‍, പരുതൂര്‍, തൃത്താല, തൃക്കടീരി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, എലപ്പുള്ളി, ആലത്തൂര്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുളള 15 ബഡ്സ് സ്‌ക്കൂളുകള്‍ക്കാണ് ജില്ലാ പഞ്ചായത്ത് ചര്‍ക്ക വിതരണം നടത്തിയത്. വരുമാനത്തിന് പുറമെ ഏകാഗ്രത വര്‍ദ്ധിക്കുകയും നല്ലൊരു വ്യായാമവും കൂടിയായി മാറുകയാണ് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഈ പ്രവര്‍ത്തനം..
  17-7-2024
  വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍.
മികച്ച ശിശു സൗഹൃദ സേവനങ്ങൾക്ക് നൽകുന്ന ദേശീയ ​ഗുണനിലവാര അം​ഗീകാരമായ മുസ്കാൻ സർട്ടിഫിക്കേഷൻ സ്വന്തമാക്കി വയനാട് മെഡിക്കൽ കോളേജ്. 95 ശതമാനം സ്‌കോറോടെയാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയത്.നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുന്നതുമാണ് മുസ്‌കാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസം ഉൾപ്പെടെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. എസ്.എൻ.സി.യു., എൻ.ബി.എസ്.യു., പ്രസവാനന്തര വാർഡ്, പീഡിയാട്രിക് ഒപിഡി, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് മുസ്‌കാൻ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. നേരത്തെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് 96 ശതമാനം സ്‌കോറോടെ മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ 2 ആശുപത്രികൾക്കാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചത്. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സിൽ (എൻക്യുഎഎസ്) ഏറ്റവും ഉയർന്ന സ്‌കോർ നേടിയ (99) മലപ്പുറം കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തെ അടുത്തിടെ രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ഇതുവരെ ആകെ 175 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരവും 76 ആശുപത്രികൾക്ക് പുന:അംഗീകാരവും ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളിൽ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്..
  15-7-2024
  വെസ്റ്റ് കല്ലട ഫ്‌ളോട്ടിങ് സോളാർ പദ്ധതി - ചതുപ്പു ഭൂമിയിൽ സൗരോർജ്ജ നിലയം.
കേരളത്തിലാദ്യമായി കർഷകരുടെ പങ്കാളിത്തത്തോടെ കൃഷിയോഗ്യമല്ലാത്ത ചതുപ്പു ഭൂമിയിൽ സൗരോർജ്ജ നിലയം സ്ഥാപിച്ച് വൈദ്യുതിയുത്പാദിപ്പിക്കുന്ന പദ്ധതിയാണ് വെസ്റ്റ് കല്ലട ഫ്‌ളോട്ടിങ് സോളാർ പദ്ധതി. കല്ലട നിവാസികളുടെ സ്വപ്നപദ്ധതിയാണ് 50 മെഗാവാട്ട് വൈദ്യുതോത്പാദന ശേഷിയുള്ള പ്രസ്തുത പദ്ധതി. ഇവിടെനിന്നുള്ള വൈദ്യുതോർജ്ജ വരുമാനത്തിന്റെ മൂന്ന് ശതമാനം ഭൂവുടമകൾക്ക് ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.ആഭ്യന്തര ഊർജ്ജോത്പാദനം വർദ്ധിപ്പിക്കുക, ഹരിതോർജ്ജം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും സംയുക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന നിരവധി പദ്ധതികളിൽ ശ്രദ്ധേയമായ ഒന്നാണ് വെസ്റ്റ് കല്ലട ഫ്‌ളോട്ടിങ് സോളാർ പദ്ധതി. സംസ്ഥാനത്തിന്റെ നെറ്റ് സീറോ കാർബൺ ലക്ഷ്യം കൈവരിക്കുന്നതിനു സഹായകമായ ഈ പദ്ധതി, കുന്നത്തൂർ താലൂക്കിലെ പടിഞ്ഞാറേ കല്ലട വില്ലേജിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള, ചെളിയും മണലും ഖനനം ചെയ്തു വെള്ളത്തിൽ മുങ്ങിയ, കൃഷിക്കനുയോജ്യമല്ലാതായിത്തീർന്ന 300 ഏക്കറോളം ഭൂമിയിലാണ് യാഥാർഥ്യമാകുന്നത്. ഭൂവുടമകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന തരത്തിൽ വിഭാവനം ചെയ്തിരിക്കുന്നു എന്നതാണ് വെസ്റ്റ് കല്ലട പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകൾക്കുവേണ്ടി വെസ്റ്റ് കല്ലട നോൺ കൺവെൻഷണൽ എനർജി പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (M/S WKNCEPPL) എന്ന കമ്പനി രജിസ്റ്റർ ചെയ്യുകയും ഭൂമി ഉപയോഗിക്കാനായുള്ള അവകാശം ഭൂവുടമകൾ കമ്പനിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതി NHPC യുടെ സഹായത്തോടെ നടപ്പിലാക്കുന്നതിനും ഉത്പാദിപ്പിക്കുന്ന വൈദ്യുതി KSEBL വാങ്ങുന്നതിനും തീരുമാനമായിട്ടുമുണ്ട്.വെസ്റ്റ് കല്ലട പദ്ധതി നടപ്പിലാക്കുന്നതിനുള്ള അംഗീകാരം കേന്ദ്ര നവ പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിൽ (MNRE) നിന്നും നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷന് (NHPC) ലഭിച്ചിട്ടുണ്ട്. NHPC-യും വെസ്റ്റ് കല്ലട നോൺ കൺവെൻഷണൽ എനർജി പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡും (WKNCEPPL)തമ്മിലുള്ള പാട്ടക്കരാർ നടപ്പിലാക്കിയതിന് ശേഷം പദ്ധതിക്ക് ആവശ്യമായ സ്വകാര്യ ഭൂമി കൈമാറുന്നതിന് WKNCEPPL-മായി നേരിട്ട് കരാർ സ്ഥാപിക്കും.പദ്ധതി വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി 3 രൂപ 4 പൈസ അഥവ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന നിരക്കിൽ കെ എസ് ഇ ബി വാങ്ങുന്നതിന് തീരുമാനമായിട്ടുണ്ട്. കെ എസ് ഇ ബിയും എൻ എച്ച് പി സിയും തമ്മിലുള്ള ഡ്രാഫ്റ്റ് പവർ പർച്ചേസ് എഗ്രിമെന്റ് ഒപ്പുവച്ചതിനുശേഷം അനുമതിക്കായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് സമർപ്പിക്കും. 2026 മുതൽ ഭൂവുടമകൾക്ക് ഇതിൽ നിന്നുള്ള വരുമാനം ലഭിച്ചുതുടങ്ങും.സംസ്ഥാനത്തെ പുനരുപയോഗ ഊർജ്ജോത്പാദനം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും സംയുക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഫലമായി 1100 മെഗാവാട്ട് സോളാർ സ്ഥാപിത ശേഷി എന്ന വലിയ നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചു. കർഷകർക്ക് കൃഷിഭൂമികളിൽ നിന്ന് അധിക വരുമാനം ലഭ്യമാകുന്ന പി.എം. കുസും സോളാർ പദ്ധതി, സ്ഥല പരിമിതി മറികടക്കാൻ ജലാശയങ്ങളിൽ ഫ്ലോട്ടിംഗ് സോളാർ പദ്ധതി, കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ഉന്നത ശേഷിയുളള പവനോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതി, അധിക ഹരിതോർജ്ജം സംഭരിച്ച് ആവശ്യാനുസരണം പിക്ക് മണിക്കൂറുകളിൽ ഉപയോഗിക്കുവാനായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം തുടങ്ങിയ പദ്ധതികൾ പുരോഗമിക്കുകയാണ്..
  12-7-2024
  പൈതൃക സ്മാരക സംരക്ഷണവും, പ്രദേശിക വികസനവും ലക്ഷ്യമിട്ട് മുസിരിസ് സംരക്ഷണ പദ്ധതികൾ.
സംസ്ഥാനത്തിനുടനീളമുള്ള പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം, സ്മാരകങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശത്തേയും, അവിടത്തെ സമൂഹത്തേയും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് മുസിരിസ് സംരക്ഷണ പദ്ധതികൾ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി പുതുക്കി പണിത ചേരമാന്‍ ജുമാമസ്ജിദ് കെട്ടിടവും, കൊടുങ്ങല്ലൂര്‍ ക്ഷേത്ര മ്യൂസിയം കെട്ടിടത്തിന്റേയുമടക്കം വിവിധ പൈതൃക സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള പൈതൃക അവശേഷിപ്പുകളെ വീണ്ടെടുക്കാനുള്ള ഈ പദ്ധതി ഏറ്റവും കാര്യക്ഷമമായും സമയബന്ധിതമായും പ്രദേശിക ജനതയ്ക്ക് ഉപയുക്തമായും നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി എന്ന് വിശ്വസിക്കപ്പെടുന്ന വിഖ്യാതമായ ചേരമാന്‍ പെരുമാള്‍ പള്ളിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 1.13 കോടി രൂപയാണ് ചെലവാക്കിയത്. 93.64 കോടി രൂപ ചെലവാക്കി പള്ളിയുടെ ചുറ്റുമതിലും പണികഴിപ്പിച്ചു. കേരളത്തിന്റെ ശ്രേഷ്ഠ പൈതൃക അവശേഷിപ്പുകളിലൊന്നായ കൊടുങ്ങല്ലൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുര, ഭണ്ഡാരപ്പുര മാളിക സമുച്ചയത്തിന്റെ സംരക്ഷരണ പദ്ധതിക്ക് 3.23 കോടി രൂപയാണ് ചെലവഴിച്ചത്. കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകം കൂടിയായ കീഴ്തളിക്ഷേത്രത്തിന്റെ ബലിക്കല്ല് മണ്ഡപത്തിന്റെ നിര്‍മ്മാണവും മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടത്തി. ചേര കാലത്തെ ക്ഷേത്രങ്ങളുടെ വാസ്തുശൈലിക്ക് സമാനമായാണ് ഈ ബലിക്കല്‍ മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത്. തിരുവഞ്ചിക്കുളത്തെ കനാല്‍ ഓഫീസ് യഥാര്‍ത്ഥത്തില്‍ ഡച്ചുകാരാല്‍ നിര്‍മ്മിതമായതാണ്. ആ ചരിത്ര നിര്‍മ്മിതിയുടേയും സംരക്ഷണം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചു. ഇതുകൂടാതെ തൃകുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗപുരം ശിവക്ഷേത്രം, തൃകുലശേഖരപുരം ആഴ്വാര്‍ ക്ഷേത്രം, പടാകുളം അയ്യപ്പക്ഷേത്രം എന്നിവടങ്ങളിലെ പ്രദക്ഷിണ പദങ്ങള്‍, ആല്‍ത്തറകള്‍ തുടങ്ങിയ അടക്കം പതിനാറ് ആരാധനാലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം 3.29 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചു.ഇന്നലെകളുടെ പൈതൃകത്തെ സംരക്ഷണക്കുന്നതിനൊപ്പം സമൂഹത്തിലെ മതേരത്വവും മൈത്രിയും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, പ്രദേശികമായ സഹകണത്തോടെയാണ് മുസിരിസ് പദ്ധതി നടപ്പാക്കുന്നത്. മുസിരിസ് പാസ്പോര്‍ട്ട് എന്ന നവീന പദ്ധതിക്കും തുടക്കമായി. മുസിരിസ് പൈതൃക പദ്ധതിയുടെ കീഴില്‍ കൊടുങ്ങല്ലൂര്‍, പറവൂര്‍ മേഖലകളിലുള്ള മുപ്പതോളം സ്മാരക/ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി 500 രൂപ നല്‍കി മുസിരിസ് പാസ്പോര്‍ട്ട് എടുത്ത്, ആറു മാസം കാലയളവിനുള്ളില്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികളെ മുസിരിസിന്റെ അംബാസിഡര്‍മാരായി പ്രഖ്യാപിക്കുന്ന പദ്ധതിയാണ് മുസിരിസ് പാസ്പോര്‍ട്ട്. .
  11-7-2024
  പറന്നുയരാൻ 'ഫീനിക്സ്' തെറാപ്പി യൂണിറ്റ്.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിമിതികളെ അതിജീവിക്കാൻ തെറാപ്പിയും പിന്തുണയും നൽകി, അവരെ സമൂഹത്തിൽ മെച്ചപ്പെട്ട രീതിയിൽ ഇടപഴകുന്നതിന് പാകപ്പെടുത്താൻ നേമം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'ഫീനിക്സ്' തെറാപ്പി യൂണിറ്റ് സജ്ജമായി. ബ്ലോക്ക് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് മലയൻകീഴ് ഗ്രാമപഞ്ചായത്തിലെ അന്തിയൂർക്കോണത്ത്, ഗാന്ധിഗ്രാമം സാംസ്കാരിക നിലയത്തിൽ തെറാപ്പി യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. 18 വയസ്സിൽ താഴെ പ്രായമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഓക്കുപ്പേഷണൽ തെറാപ്പി, ബിഹേവിയർ തെറാപ്പി എന്നിവ നൽകുകയാണ് തെറാപ്പി യൂണിറ്റിന്റെ ലക്‌ഷ്യം. ഒരു വ്യക്തിയുടെ ജ്ഞാനേന്ദ്രിയങ്ങൾ ഉദ്ദീപിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി പ്രത്യേക സംവിധാനങ്ങളോട് കൂടിയ സെൻസറി റൂമും തെറാപ്പി യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. അതുകൂടാതെ കേൾവി പരിമിതിയുള്ള കുഞ്ഞുങ്ങൾക്ക് കേൾവി ശക്തി പരിശോധനാ റൂമും, ശാരീരിക വൈകല്യമുള്ള കുഞ്ഞുങ്ങൾക്ക് അവരുടെ പരിമിതികൾ കണ്ടെത്തി ആവശ്യമായ തെറാപ്പി നൽകുന്നതിനുള്ള ആധുനിക ഉപകരണങ്ങളും ഒരുക്കിയിരിക്കുന്നു. തെറാപ്പികളുടെ ചെലവ് രക്ഷിതാക്കൾക്കു പ്രതിസന്ധിയാകാതെ, സമയബന്ധിതമായ ചികിത്സയും പിന്തുണയും ഉറപ്പാക്കുക എന്നാണ് ഇത്തരം കേന്ദ്രങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.  ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുന്നതിനോടൊപ്പം, ഭിന്നശേഷി മക്കൾക്ക് സ്വയംപര്യാപ്ത ജീവിതം ഉറപ്പാക്കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹം സഫലീകരിക്കാനും വരുമാന ദായകമായ ചെറിയ തൊഴിലെങ്കിലും ചെയ്തു ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്നതും ഏറെ പ്രാധാനമാണ്. സമ്പൂർണ സ്വാശ്രയത്തിലേക്ക് ഉയർന്നുകൊണ്ട് സമൂഹത്തിൽ ആത്മവിശ്വാസത്തോടെ സ്വയംപര്യാപ്തതയോടെ വളരാനും ഇത്തരം കേന്ദ്രങ്ങൾ ഇവർക്ക് സഹായകമാകും. .
  8-7-2024
  സംസ്ഥാനത്ത് ആദ്യ പാലിയേറ്റീവ് സേനയുമായി ആലപ്പുഴ.
സംസ്ഥാന സർക്കാർ കുടുംബശ്രീയിലൂടെ പാലിയേറ്റീവ് പദ്ധതി രൂപീകരിക്കാനൊരുങ്ങുമ്പോൾ ആലപ്പുഴ ജില്ല സംസ്ഥാനത്തിന് മാതൃകയാകുകയാണ്. ആലപ്പുഴ ജില്ലയിലെ കിടപ്പിലായ നൂറു കണക്കിന് രോഗികൾക്ക് സാന്ത്വനത്തിന്റെ സ്നേഹസ്പർശമാകാൻ 220 പേരുടെ സേനയെ സജ്ജമാക്കിയിരിക്കുകയാണ് ജില്ല പഞ്ചായത്ത്. സാന്ത്വനപരിചരണം ആവശ്യമുള്ള രോഗികളെ ഇവർ വീട്ടിലെത്തി പരിചരിക്കും. പരിശീലനം പൂർത്തിയാക്കിയ സേനയുടെ പാസിംഗ് ഔട്ട് പരിപാടിയുടെ ഉദ്ഘാടനവും അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പൂർത്തിയായി.സംസ്ഥാനത്ത് ആദ്യമായാണ് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് സേന രൂപീകരിക്കുന്നത്. പഞ്ചായത്തു തലത്തിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് നഴ്സുമാരെയും പദ്ധതിയുമായി ബന്ധപ്പെടുത്താനുള്ള നടപടികളിലാണ് ഭരണകൂടം.ആലപ്പുഴ ജില്ല പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ എന്നിവരുടെ നേതൃത്വത്തിലാണ് അംഗങ്ങൾക്ക് സാന്ത്വനപരിചരണ പരിശീലനം നൽകിയത്. ജില്ലയിലെ 12 ബ്ലോക്കുകൾ കേന്ദ്രീകരിച്ച് പത്താം ക്ലാസ് പാസ്സായ 50 വയസ്സിനു താഴെയുള്ളവരാണ് പരിശീലനത്തിൽ പങ്കെടുത്തത്. രണ്ട് മണിക്കൂർ, ഉച്ചവരെ, ഒരു പകൽ മുഴുവൻ, പകലും രാത്രിയും എന്നിങ്ങനെ സമയക്രമം തിരിച്ചാണ് സേവനം നൽകുന്നത്. ഓരോ സേവനത്തിനും നിശ്ചിത തുക നിശ്ചയിച്ചിട്ടുണ്ട്. ബ്ലോക്കടിസ്ഥാനത്തിലുള്ള സമിതിയുടെ നിയന്ത്രണത്തിലാണ് സാന്ത്വനപരിചരണ സേന പ്രവർത്തിക്കുക. മാരകമായ അസുഖങ്ങൾ നേരിടുന്ന വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണയും പരിചരണവും നൽകുന്നതിനായി ജില്ലാ പഞ്ചായത്ത് സമഗ്രമായ സാന്ത്വന പരിചരണ നയം നേരത്തെ തയ്യാറാക്കിയിരുന്നു. വൊളൻ്റിയർ സംഘത്തിൻ്റെ അംഗബലം 500 ആക്കി ഉയർത്താനാണ് പഞ്ചായത്തിന്റെ ലക്‌ഷ്യം. അടുത്ത ഘട്ടത്തിൽ പാലിയേറ്റീവ് കെയർ ആവശ്യമുള്ള രോഗികൾക്ക് വീട്ടിൽ തന്നെ പരിശീലനം ലഭിച്ച ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും..
  6-7-2024
  സമ്പാദ്യ ശീലത്തിന് 'കരുതൽ 2024' പദ്ധതി.
സമ്പാദ്യ ശീലം ജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യമാക്കി വയനാട് ജില്ലയിലെ മുഴുവൻ കുടുംബങ്ങളിലും ചെറുകിട സമ്പാദ്യശീലം വളർത്തുന്നതിനും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനുമായി രൂപീകരിച്ച കരുതൽ 2024 പദ്ധതിക്ക് തുടക്കമായി. രാജ്യത്തെ എല്ലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമുള്ള ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്, റിക്കറിംഗ് ഡെപ്പോസിറ്റായ കരുതൽ 2024 പദ്ധതി. പദ്ധതി വഴി വ്യക്തികൾക്ക് സ്ഥിരമായി ഒരു നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുന്നതിനും മുൻകൂട്ടി നിശ്ചയിച്ച കാലയളവിൽ മുതലും കൂട്ടു പലിശയും സഹിതം നേടുന്നതിനും സഹായിക്കുന്നു. ജില്ലാ ലീഡ് ബാങ്ക് ഓഫീസ് കൽപ്പറ്റയുടെ ആഭിമുഖ്യത്തിൽ ആണ് പദ്ധതി നടപ്പാക്കുന്നത്.സ്ഥിരവും നിശ്ചിതവുമായ തുകകൾ മാസം തോറും നിക്ഷേപിക്കുന്നതിലൂടെ, അച്ചടക്കമുള്ള സമ്പാദ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിലൂടെ സമ്പാദ്യ ശീലം വളർത്തുകയും ചെയ്യുന്നു. ഒറ്റത്തവണ തുക നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പ്രയോജനകരമായ പദ്ധതിയാണിത്. വിദ്യാഭ്യാസം, വിവാഹം, യാത്ര തുടങ്ങിയ ഭാവി സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറാൻ ഈ നിക്ഷേപം സഹായകമാകും. ഗ്യാരണ്ടീഡ് റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നതും മാർക്കറ്റ് റിസ്‌കുകൾക്ക് വിധേയമല്ലാത്തതുമായതിനാൽ സുരക്ഷിത നിക്ഷേപമായി പ്രസ്തുത പദ്ധതി കണക്കാക്കപ്പെടുന്നു. ഇത് നഷ്ട സാധ്യത ഏറ്റടുക്കാൻ തയ്യാറല്ലാത്ത സാധാരണ നിക്ഷേപകർക്ക് അനുയോജ്യവുമാണ്. നിക്ഷേപം അവസാനിപ്പിക്കാതെ തന്നെ അത്യാവശ്യത്തിനു പണം ലഭ്യമാക്കുന്ന പദ്ധതി, നിശ്ചിത പരിധിക്ക് താഴെയുള്ള പലിശയ്ക്ക് ടിഡിഎസ്സും ഈടാക്കുന്നില്ല. ബാങ്കുകൾ ആർഡികൾ നിയന്ത്രിക്കുന്നതിന് ഓൺലൈൻ സൗകര്യങ്ങൾ നൽകുകയും, കാലാവധിക്കു മുൻപ് പിൻവലിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു. ജില്ലയിലെ മുഴുവൻ കുടുംബങ്ങളെയും കരുതൽ 2024 പദ്ധതിയുടെ ഭാഗമാക്കും. സെപ്റ്റംബർ മാസത്തോടെ പദ്ധതി എല്ലാ കുടുംബങ്ങളിലും എത്തിക്കുക ആണ് ലക്ഷ്യം..
  5-7-2024
  അനുഗാമി ടു ഹീൽ ടുഗദർ പദ്ധതി - സാന്ത്വന പരിചരണത്തിൽ മാതൃകയായി എറണാകുളം ജനറൽ ആശുപത്രി.
എറണാകുളം ജനറൽ ആശുപത്രി സാന്ത്വന പരിചരണത്തിൽ മാതൃകയാകുകയാണ്. ജനുവരി 26ന് ആരംഭിച്ച അനുഗാമി ടു ഹീൽ ടുഗദർ പദ്ധതിയിലൂടെ പത്ത് വർഷത്തിലധികമായി മുറിവുകൾ ഉണങ്ങാതെ നരക യാതനകൾ അനുഭവിക്കുന്ന രോഗികൾക്ക് വിദഗ്ധ പരിചരണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ് ആശുപത്രി. എറണാകുളം ജനറൽ ആശുപത്രിയിലെ നിലാവ് എന്ന പേരിട്ടിരിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതിയിൽ ആയിരത്തോളം രോഗികളാണുള്ളത്. അതിൽ 51 രോഗികൾക്കാണ് പത്തിലധികം വർഷമായി മുറിവുണങ്ങാതെ കണ്ടെത്തിയത്. അവർക്ക് ഈ പദ്ധതിയിലൂടെ വിദഗ്ധ ചികിത്സയും സാന്ത്വന പരിചരണവും നൽകി. ഇതിലൂടെ 18 രോഗികളുടെ മുറിവ് പൂർണമായും ഉണങ്ങി.ബെഡ് സോറുകൾ, അണുബാധയുള്ള സർജിക്കൽ വ്രണങ്ങൾ, വെരിക്കോസ് വ്രണങ്ങൾ, ക്യാൻസർ വ്രണങ്ങൾ, തുടങ്ങി വിവിധങ്ങളായ തരത്തിലുള്ള വ്രണങ്ങളാണ് ഉണ്ടായിരുന്നത്. നിരന്തരമായ പരിചരണത്തിലൂടെ ഇവയെ 20% ഉണക്കിയെടുക്കുവാനും ശേഷിക്കുന്ന മുറിവുകളിൽ 40% എങ്കിലും വലിപ്പം കുറച്ച് കൊണ്ടുവരാനും ആണ് പദ്ധതി ലക്ഷ്യമിട്ടത്. ദിവസേനയുള്ള ഭവന സന്ദർശനം, ഡ്രസ്സിംഗ് പ്രക്രിയ, ആഴ്ചകൾ തോറുമുള്ള രക്ത പരിശോധന, ഷുഗർ പരിശോധന, കൾച്ചർ ആന്റ് സെൻസിറ്റിവിറ്റി, സ്‌ക്രീനിങ്, ക്വാർട്ടറൈസേഷൻ സ്‌കിൻ ഗ്രാഫ്റ്റിംഗ്, റീ-സൂച്ചറിങ്, പോഷണ കുറവ് നികത്തൽ, എഫ്എഫ്പി ട്രാൻസ്ഫ്യൂഷൻ തുടങ്ങിയ വിവിധങ്ങളായ മാർഗങ്ങളാണ് ഈ പദ്ധതിയിൽ ഉപയോഗിച്ചത്. സർജറി വിഭാഗത്തിന് കീഴിൽ 2 സർജിക്കൽ ക്യാമ്പ് നടത്തി പുന അവലോകനവും നടത്തി.ഡോക്ടർമാരും പാലിയേറ്റീവ് നഴ്സുമാരും നഴ്സിങ് വിദ്യാർത്ഥികളും ചേർന്ന് 656 ഭവന സന്ദർശനങ്ങൾ നടത്തുകയും, പദ്ധതി ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോഴേക്കും, 35 ശതമാനം മുറിവുകളും പൂർണമായും ഭേദപ്പെടുത്തുകയും ചെയ്തു. പാലിയേറ്റീവ് പരിചരണ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് എറണാകുളം ജനറൽ ആശുപത്രിയുടെ പാലിയേറ്റ് വിഭാഗം പദ്ധതിയിലൂടെ നേടിയെടുത്തത്..
  5-7-2024
  പ്രൗഢി വീണ്ടെടുക്കാൻ കാസർഗോഡ് സാരി.
ഭൗമ സൂചിക പദവി ലഭിച്ച കാസർഗോഡ് സാരിയുടെ വിപണി കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിനും ജില്ലയിൽ വരുന്ന വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിട്ട് ജില്ലാ ഭരണ സംവിധാനം നൂതന പദ്ധതി തയ്യാറാക്കുന്നു. കാസർഗോഡ് ജില്ലയിലെ മാത്രം നെയ്ത്തുകാർ നിർമ്മിക്കുന്ന പരമ്പരാഗത കോട്ടൺ സാരിയാണ് കാസർഗോഡ് സാരി. കേരളത്തിൽ നിലവിലുള്ള നാല് നെയ്ത്തുപാരമ്പര്യങ്ങളിൽ ഒന്നാണിത്. ബാലരാമപുരം, കുത്താമ്പള്ളി, ചേന്ദമംഗലം എന്നിവയാണ് മറ്റുള്ളവ. സാധാരണയായി ചായം പൂശിയ കോട്ടൺ നൂലുകൾ ഉപയോഗിച്ച് പ്ലെയിൻ അല്ലെങ്കിൽ വരയുള്ള സാരികളാണ് നെയ്‌തെടുക്കുന്നത്. ജാക്കാർഡ് അല്ലെങ്കിൽ ഡോബി ടെക്‌നിക്കുകൾ ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ച ഇവയുടെ ബോർഡറുകൾ വളരെ ആകർഷകമാണ്. ഈ സാരികൾ 60 മുതൽ 100 വരെയുള്ള ഉയർന്ന ത്രെഡ് കൗണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 1938-ൽ സ്ഥാപിതമായ കാസർകോട് വീവേഴ്സ് കോ ഓപ്പറേറ്റീവ് പ്രൊഡക്ഷൻ ആൻഡ് സെയിൽ സൊസൈറ്റി ലിമിറ്റഡാണ്‌ കാസർകോട് സാരി ഉത്പാദിപ്പിച്ച് വിപണനം ചെയ്തും നെയ്ത്ത് പരിശീലനം നൽകിയും ഈ പാരമ്പര്യം നിലനിർത്തുന്നത്. നിത്യോപയോഗത്തിന് അനുയോജ്യമായതിനാൽ ഈ സാരികൾക്ക് സ്ഥിരമായ ആവശ്യക്കാർ ഏറെയുണ്ട്. 2009ൽ കാസർകോട് സാരികൾ ഭൗമസൂചിക ഉല്പന്നമായി പ്രഖ്യാപിക്കുന്നതിന്ന് കേരള സർക്കാർ അപേക്ഷിക്കുകയും, 2010 മുതൽ ഇന്ത്യാ ഗവൺമെന്റ് ഇതിനെ ഒരു ഭൗമസൂചിക പദവിയുള്ള ഉൽപന്നമായി അംഗീകരിക്കുകയും ചെയ്തു. നിലവിൽ ഇന്ത്യൻ ഹാൻഡ്‌ലും ബ്രാൻഡും കേരള ഹാൻഡ്‌ലും ബ്രാൻഡ് മുദ്രകളുള്ള ഉൽപന്നമാണ് കാസർഗോഡ് സാരീസ്. പരമ്പരാഗത കേരള സാരിയിൽ നിന്ന് വ്യത്യസ്തമായ കരാവലി ശൈലിയുടെ സ്വാധീനം കാസർഗോഡ് സാരികളിൽ പ്രകടമായി കാണുന്നു. കാസർഗോഡ് സാരിക്കു പുറമേ യൂനിഫോം മെറ്റീരിയൽ, ബെഡ്ഷീറ്റ് ബാത്ത്‌റൂം ടവ്വൽ ലുങ്കി തുടങ്ങിയവയും ഇവിടെ നെയ്യുന്നുണ്ട്. വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിച്ച് വിപണി കണ്ടെത്തി ഉൽപ്പാദനം കൂട്ടുന്നതിനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്..
  4-7-2024
  പോഷകാഹാരക്കുറവ് നേരിടാൻ ഫീഡിംഗ് ഡിസോർഡർ ക്ലിനിക്കുകൾ.
കുട്ടികളിലെ പോഷണക്കുറവിനും അതുമൂലമുണ്ടാകുന്ന രോഗങ്ങൾക്കുമെതിരെ ഫലപ്രദമായി ഇടപെടൽ നടത്താൻ ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷനിൽ (നിപ്മർ) ഫീഡിംഗ് ഡിസോഡർ ക്ലിനിക് ആരംഭിക്കുന്നു. വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ പല ഭക്ഷണങ്ങളും കുട്ടികൾ കഴിക്കാറില്ല. ഇത് കുട്ടികളെ പോഷണക്കുറവിലേക്കും മറ്റു രോഗങ്ങളിലേക്കും നയിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള സംവിധാനമാണ് ഫീഡിംഗ് ഡിസോഡർ ക്ലിനിക്. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുകയാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്.ഓരോ കുട്ടിക്കും അനുയോജ്യമായ മെനു പ്ലാനുകൾ തയ്യാറാക്കുന്നതിനും അവ കുട്ടികളുടെ രക്ഷിതാക്കളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിനും നിപ്മറിലെ വിദഗ്ധ ടീം സജീവമായി ഇടപെടും. ഡയറ്റീഷൻ, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ എന്നിവരടങ്ങുന്ന ടീം ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡയറ്റീഷന്റെ നേതൃത്വത്തിൽ ഓരോ കുട്ടിയുടേയും ഭക്ഷണ 'ശീലവും ഭക്ഷണക്രമവും ശരിയായി നിരീക്ഷിച്ച ശേഷമാണ് ആവശ്യമായ മെനു പ്ലാൻ തയ്യാറാക്കുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട ഇന്ദ്രിയ സംയോജന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നത് ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ആണ്. ഭക്ഷണവസ്തുക്കളുടെ മൃദുത്വം, രൂപം, രുചി എന്നിവ കുട്ടിക്ക് സ്വീകാര്യവും സുഖകരവുമാക്കി മാറ്റുന്നതിന് ഒക്യുപേഷണൽ തെറാപ്പിസ്റ്റ് സഹായിക്കും.ഭക്ഷണം ശരിയായ രീതിയിൽ ചവച്ചരച്ച് കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാവശ്യമായ മോട്ടോർ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ സ്പീച്ച് തെറാപ്പിസ്റ്റ് നൽകും. കഥകൾ, പാചക പരീക്ഷണങ്ങൾ എന്നിവയിലൂടെ കുട്ടികളിൽ ഭക്ഷണത്തോടുള്ള താല്പര്യം വളർത്തുക, കുട്ടികളുടെ ചലന സംബന്ധമായ കഴിവുകൾ, സമൂഹത്തോടുള്ള ഇടപെടലുകൾ എന്നിവ മെച്ചപ്പെടുത്തുക, ഭക്ഷണം സ്വയം കഴിക്കുന്നതിനുള്ള താല്പര്യം വളർത്തിയെടുക്കുക എന്നിവക്ക് സ്‌പെഷ്യൽ എഡ്യുക്കേറ്റർ മേൽനോട്ടം വഹിക്കും. രണ്ടു വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായുള്ള ക്ലിനിക്കാണിത്. തുടക്കത്തിൽ മൂന്നുമാസ കാലയളവുള്ള പരിശീലന പദ്ധതിക്കാണ് നിപ്മർ രൂപം നൽകിയിട്ടുള്ളത്. .
  22-6-2024
  സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍.
മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍റെ (ടിആര്‍സിഎംപിയു) വിപണന ശ്യംഖല വിപൂലീകരിക്കുന്നതിന്‍റെ ഭാഗമായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള 'മില്‍മ മിലി മാര്‍ട്ട് ' സംരംഭത്തിനു തുടക്കമായി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ച 'റീപോസിഷനിംഗ് മില്‍മ 2023' പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ഭാഗ്യ ചിഹ്നമായ 'മിലി' എന്ന മില്‍മ ഗേളിന്‍റെ പേരിലാണ് 'മിലി മാര്‍ട്ട്' അറിയപ്പെടുന്നത്.മോഡേണ്‍ ട്രേഡില്‍ ഉള്‍പ്പെടുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് മില്‍മ ഉത്പന്നങ്ങള്‍ക്ക് മാത്രമായാണ് 'മില്‍മ മിലി മാര്‍ട്ട് ' പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മില്‍മ ഉത്പന്നങ്ങള്‍ ഏറ്റവും സൗകര്യപ്രദമായി യഥേഷ്ടം ലഭ്യമാക്കാനാണ് റിലയന്‍സുമായി ചേര്‍ന്നുള്ള മില്‍മ മിലി മാര്‍ട്ടിലൂടെ ടിആര്‍സിഎംപിയു ലക്ഷ്യമിടുന്നത്. ഇവിടെ ആകര്‍ഷകമായ നിരക്കില്‍ മില്‍മ ഉത്പന്നങ്ങള്‍ ലഭ്യമാകും.വിപണിയിൽ മിൽമയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ആഭ്യന്തര, ആഗോള ഡയറി ബ്രാൻഡുകളിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാൻ സജ്ജരാക്കുന്നതിനുമാണ് റീപോസിഷനിംഗ് മില്‍മ 2023 പദ്ധതി ആരംഭിച്ചത്. ദേശീയ ക്ഷീര വികസന ബോർഡിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ വിഭാവനം ചെയ്ത പദ്ധതി, മറ്റേതൊരു ബ്രാൻഡുകളുമായും മത്സരിക്കുന്നതിന് മിൽമയെ സജ്ജമാക്കാൻ, പാക്കേജിംഗ്, ഡിസൈൻ, പാലുൽപ്പന്നങ്ങളുടെ ഗുണനിലവാരം, വില എന്നിവയിൽ സമഗ്രമായ മാറ്റവും ഏകത്വവും വിഭാവനം ചെയ്യുന്നു. സംസ്ഥാനത്തുടനീളമുള്ള വിദൂര പ്രദേശങ്ങളിൽ മിൽമയുടെ എല്ലാ പാലുൽപ്പന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കിക്കൊണ്ട് മിൽമയുടെ വിപണന ശൃംഖല വിപുലീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു..
  21-6-2024
  പൈപ്പിലൂടെ പാചകവാതകം: സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കം.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പൈപ്പ് ലൈൻ വഴി പാചകവാതകം വിതരണം ചെയ്യുന്ന സിറ്റിഗ്യാസ് പദ്ധതിക്ക് തുടക്കമായി. 120 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. എ ജി ആൻഡ് പി പ്രഥം കമ്പനിയാണ് പദ്ധതിയുടെ നടത്തിപ്പുകാർ. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയിൽ, ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ പത്ത് വാർഡുകളാണുള്ളത്.മെഡിക്കൽ കോളേജ്, പട്ടം, മുട്ടട, കുറവൻകോണം, കേശവദാസപുരം, കവടിയാർ, പേരൂർക്കട, നന്ദൻകോട്, നാലാഞ്ചിറ, ശാസ്‌തമംഗലം എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസ് പദ്ധതി ആദ്യം എത്തുന്നത്. കമ്പനിയുടെ കൊച്ചുവേളി പ്ലാന്റിൽ നിന്നാണ് വാതകം എത്തിക്കുന്നത്. പദ്ധതിക്കായി 60 കിലോമീറ്റർ ദൈർഘ്യത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 12,000 കണക്ഷനുകളാണ് നൽകുന്നത്. നിലവിലെ പാചകവാതക സിലിണ്ടറുകളിൽ നിന്ന് സിറ്റി ഗ്യാസ് പദ്ധതിയിലേക്ക് മാറുമ്പോൾ 10% മുതൽ 20% വരെ സാമ്പത്തിക ലാഭം ഗുണഭോക്താക്കൾക്ക് ഉണ്ടാകും. കണക്ഷന്റെ ഭാഗമായി സ്ഥാപിക്കുന്ന മീറ്റർ റീഡിംഗിന് അനുസരിച്ച് ഉപയോഗിക്കുന്ന ഗ്യാസിന് പണം നൽകിയാൽ മതിയാകും. ഒരു യൂണിറ്റിന് 50 രൂപ നിരക്കിലാകും ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കുക. അന്താരാഷ്ട നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാചകവാതക സിലിണ്ടറുകളെ അപേക്ഷിച്ച് പൈപ്പ് ലൈനുകളിൽ ഗ്യാസിന്റെ മർദ്ദം വളരെകുറഞ്ഞ അളവിലാണുള്ളത്. ഇത് അപകട സാധ്യതയും കുറയ്ക്കും.അടുക്കളയിൽ പാചകവാതകവും(പിഎൻജി) വാഹനങ്ങളിൽ പ്രകൃതി വാതകവും(സിഎൻജി) ലഭ്യമാക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. പൈപ്പ് ലൈനിലൂടെ പാചകവാതകം ലഭ്യമാകുമ്പോൾ ഇന്ധനചെലവ് 25 ശതമാനം കുറയുമെന്നതാണ് പദ്ധതിയുടെ നേട്ടം. ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ചെറുകിട-വൻകിട വ്യവസായങ്ങൾക്ക് പ്രകൃതിവാതകം ലഭിക്കും. സാധാരണ ലഭ്യമാകുന്നതിനേക്കാൾ 30 ശതമാനം വിലക്കുറവിൽ വാതക പൈപ്പ്ലൈൻ പ്രകാരം ഗാർഹിക ഇന്ധനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ വലിയ സവിശേഷത. .
  18-6-2024
  പാരമ്പര്യേതര ഊർജ ഉൽപ്പാദനം വ്യാപകമാക്കാൻ സോളാര്‍ റൂഫിംഗ് പദ്ധതി.
പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം വ്യാപമാകുന്നതിന്റെ ഭാഗമായി കേരള പൊലീസ് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സോളാര്‍ റൂഫിംഗ്. ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്, നീന്തല്‍ക്കുളങ്ങള്‍, ഫെന്‍സിംഗ് സ്‌ക്വാഷ് അക്കാദമി തുടങ്ങി വിവിധ പരിശീലന കേന്ദ്രങ്ങളുള്‍പ്പെടുന്നതാണ് ഈ സമുച്ചയം. സ്റ്റേഡിയത്തിന്റെ ഗാലറിക്ക് പൂര്‍ണമായതും സുരക്ഷിതവുമായ മേല്‍ക്കൂര ആവശ്യമാണെന്നതിനാലാണ് ഗവണ്‍മെന്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. സൂര്യപ്രകാശം നന്നായി ലഭിക്കുമെന്നതിനാല്‍ സോളാര്‍ റൂഫിംഗ് എന്ന ആശയം നടപ്പിലാക്കി. വൈദ്യുതോല്‍പ്പാദനത്തിലൂടെ ആറ് വര്‍ഷം കൊണ്ട് മുടക്കു മുതല്‍ പൂര്‍ണമായി ലഭിക്കുമെന്നതും പൂര്‍ണമായ ഊര്‍ജാവശ്യം നടക്കുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.കേരള പോലീസ് ഇന്റര്‍ഗ്രേറ്റഡ് സ്പോര്‍ട്സ് ആന്റ് ഗെയിംസ് കോംപ്ലക്സ് പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ ഗ്യാലറിയുടെ മേല്‍ക്കൂരയിലാണ് ഒരു മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ഏഴരക്കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതി 6.98 കോടി രൂപ കൊണ്ട് പൂര്‍ത്തിയാക്കാനായി. ഇതില്‍ 2.75 കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ലഭ്യമാക്കിയത്. പദ്ധതി വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി വില്‍ക്കുന്നതിലൂടെ ആറു വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങള്‍ക്ക് വിവിധ കായിക ഇനങ്ങള്‍ പരിശീലിക്കുന്നതിനും കളിക്കുന്നതിനും ഇവിടെ അവസരമുണ്ട്. കൂടാതെ ഒരു നീന്തല്‍ കുളവും മൂന്ന് ജിംനേഷ്യവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്ത് തന്നെ മാതൃകാപരമായ ഹരിത സ്റ്റേഡിയങ്ങളിലൊന്നായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം മാറുകയാണ്. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ വ്യാപനത്തിന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍, അനെര്‍ട്ട് തുടങ്ങിയ വിവിധ ഏജന്‍സികളിലൂടെ വിവിധ പദ്ധതികള്‍ ഗവണ്‍മെന്റ് നടപ്പിലാക്കി വരികയാണ്. പുരപ്പുറ സോളാര്‍ പദ്ധതിയായ സൗര, അക്ഷയോര്‍ജ ഉപകരണങ്ങളുടെ ഇ മാര്‍ക്കറ്റ് ഇടമായ www.buymysun.com, നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള അക്ഷയോര്‍ജ സേവന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു..
  18-6-2024
  പെറ്റ് എക്സ്പോർട്ട് അനുമതി നേടിയ കേരളത്തിലെ ആദ്യ വിമാനത്താവളമായി കൊച്ചി.
വളർത്തുമൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള "പെറ്റ് എക്സ്പോർട്ട്" അനുമതി ലഭിക്കുന്ന കേരളത്തിലെ ആദ്യ വിമാനത്താവളമായി കൊച്ചി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടിയാണ് ആദ്യമായി വിദേശത്തേക്ക് പറന്നത്. കൊച്ചിയിൽ നിന്ന് ദോഹ വഴി ദുബായിലേക്കായിരുന്നു യാത്ര.വളർത്തുമൃഗങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ, പ്രത്യേക കാർഗോ വിഭാഗം, വെറ്ററിനറി ഡോക്ടർമാർ, കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടു വരുന്നവർക്കുള്ള ഫെസിലിറ്റേഷൻ സെന്റർ എന്നിവ സിയാൽ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ആഭ്യന്തര റൂട്ടുകളിൽ മൃഗങ്ങളെ കൊണ്ടുപോകാനും കൊണ്ടു വരാനുമുള്ള അനുമതി മാത്രമേ സിയാലിന് ഉണ്ടായിരുന്നുള്ളൂ. എന്നാലിപ്പോൾ എല്ലാ വിദേശ രാജ്യങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കൂടുകളിലൂടെ കാർഗോ വഴി കൊണ്ടുപോകാനാകും. വിദേശത്ത് നിന്ന് വളർത്തുമൃഗങ്ങളെ നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കായും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനു വേണ്ടി പ്രത്യേകം ‘അനിമൽ ക്വാറന്റൈൻ’ കേന്ദ്രം സ്ഥാപിച്ചു വരികയാണ്. സസ്യങ്ങളും ഫലങ്ങളും കൊണ്ട് പോകാനും ഇറക്കുമതി ചെയ്യാനുമുള്ള അനുവാദം സിയാലിനുണ്ട്. ഇതിനായുള്ള ‘പ്ലാന്റ് ക്വാറന്റൈൻ സെന്റർ’ കാർഗോ വിഭാഗത്തിന് സമീപം പ്രവർത്തിച്ചു വരുന്നു. ഈ സൗകര്യങ്ങൾ ലഭ്യമാകുന്നതിന് കാർഗോ ഹാൻഡ്ലിങ് ഏജൻസികളെയോ എയർലൈനുകളെയോ ബന്ധപ്പെടാവുന്നതാണ്.ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കൂടാതെ പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളവും കൊച്ചിയാണ്. .
  12-6-2024
  ജൈവവൈവിധ്യം സംരക്ഷിക്കാൻ പച്ചത്തുരുത്ത് പദ്ധതി.
നവകേരളം കർമപദ്ധതി രണ്ടിന്റെ ഭാഗമായി നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതി കുമരകം നോർത്ത് ഗവ. എൽ.പി. സ്കൂളിൽ ആരംഭിച്ചു. പച്ചപ്പുകൾ ധാരാളം സൃഷ്ടിക്കുന്നതിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുകയാണ് പ്രസ്തുത പദ്ധതി ലക്ഷ്യമിടുന്നത്. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കുന്ന പദ്ധതി ജൂൺ അഞ്ചിന് സംസ്ഥാനത്തു തുടക്കം കുറിച്ചിരുന്നു. നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി- ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരു ഗ്രാമപഞ്ചായത്ത്-നഗരസഭയിൽ ഒന്നു വീതം എന്ന തോതിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകൾ നടും. കുമരകം ഗവ. എൽ.പി സ്‌കൂളിൽ 10 സെന്റിൽ പച്ചത്തുരുത്ത് വ്യാപിപ്പിക്കുകയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങൾ ഉൾപ്പടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനം മാതൃകകൾ സൃഷ്ടിച്ചെടുത്തു സംരക്ഷിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സന്നദ്ധ സംഘടനകൾ, പൊതുസ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, വ്യക്തികൾ എന്നിവയുടെ പിന്തുണയോടെ പച്ചത്തുരുത്തുസ്ഥാപിക്കലും തുടർസംരക്ഷണവുമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി പച്ചത്തുരുത്തുകൾ നിർമ്മിക്കാനുള്ള ദൗത്യം 2019ലാണ് ഹരിത കേരളം മിഷൻ ഏറ്റെടുത്തത്. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ 7.82 ഏക്കർ തരിശുഭൂമിയിൽ 90 പച്ചത്തുരുത്തുകൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ 11 ബ്ലോക്ക് പരിധികളിൽ ഓരോ മാതൃക തുരുത്തുകൾ അടക്കം വളർത്തിയെടുത്തിട്ടുണ്ട്. ഈ സാമ്പത്തികവർഷം 50 ഏക്കറിൽ പദ്ധതി നടപ്പാക്കും അതിൽ 20 ഏക്കർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി. കോളജിൽ 10 ഏക്കറിൽ ജൈവ വൈവിധ്യ ക്യാമ്പസ് നിർമിക്കും..
  12-6-2024
  സ്വീപ് സ്വീറ്റി വയനാടിന്റെ സ്വന്തം ഇലക്ഷന്‍ മസ്‌ക്കോട്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവേശങ്ങള്‍ക്കൊപ്പം സ്വീപ്പ് വയനാടിന്റെ സ്വീറ്റിയും. ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗത്തിന്റെ അവബോധവുമായാണ് സ്വീറ്റി എന്ന വയനാടന്‍ തുമ്പിയെയും ഇലക്ഷന്‍ മസ്‌ക്കോട്ടായി തെരഞ്ഞെടുത്തത്. സ്പ്രെഡിങ്ങ് വയനാട്സ് ഇലക്ഷന്‍ എന്തുസിയാസം ത്രു എപിതെമിസ് വയനാടന്‍സിസ് എന്നതാണ് സ്വീപ് വയനാടിന്റെ സ്വീറ്റിയിലൂടെ ലക്ഷ്യമിടുന്നത്. വയനാടന്‍ ജൈവ മണ്ഡലത്തില്‍ അടുത്തിടെ കണ്ടെത്തിയ എപിതെമിസ് വയനാടന്‍സിസ് എന്ന തുമ്പിയെയാണ് ഇലക്ഷന്‍ പ്രചാരണത്തിന്റെ മാസ്‌ക്കോട്ടായി അവതരിപ്പിച്ചത്.ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായ സ്വീപ്പ് പൊതുജനങ്ങള്‍ക്കിടയില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന ബോധവ്തകരണ പരിപാടികളാണ് നടത്തിയത്. പുതിയ വോട്ടര്‍മാര്‍ക്കിടയിലും ഉറപ്പാണ് എന്റെ വോട്ട് എന്ന പേരില്‍ വിപുലമായ പ്രചാരണം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങള്‍ക്കുമിടയില്‍ വിവിധ മത്സരങ്ങളും നടത്തിയിരുന്നു. സ്വീപ്, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് നെഹ്റു യുവക് കേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗ അവബോധ ക്യാമ്പെയിനുകള്‍ മുന്നേറുന്നത്. വരും ദിവസങ്ങളില്‍ സ്വീറ്റിയെന്ന മസ്‌ക്കോട്ടും പ്രചാരണത്തിന്റെ ഭാഗമാകും..
  5-4-2024
  സംസ്ഥാനത്തെ ആദ്യത്തെ കേരളഗ്രോ ഷോപ്പ് തിരുവനന്തപുരത്ത്.
കേരളഗ്രോ ഔട്ട്‌ലെറ്റുകളിലൂടെയും ഓൺലൈനായും കർഷകരുടെ സ്വന്തം ബ്രാൻഡുകൾ വിപണിയിലെത്തിക്കാൻ കൃഷിവകുപ്പ് ആരംഭിച്ച കേരളഗ്രോ ഷോപ്പിന്റെ ആദ്യ ഔട്ട്‌ലെറ്റ് തിരുവനന്തപുരത്ത്. സൂപ്പർമാർക്കറ്റ് മാതൃകയിൽ കർഷകർ, കർഷക കൂട്ടായ്മകൾ, കൃഷി അധിഷ്ഠിത വ്യവസായ സംരംഭകർ എന്നിവരുടെ ഉത്പന്നങ്ങൾ ബ്രാൻഡുകളാക്കി കേരളഗ്രോ ഷോപ്പിലൂടെ വിപണനം ചെയ്യുന്നു. വെളിച്ചെണ്ണ, അരി, പലവ്യഞ്ജനം, സുഗന്ധവ്യഞ്ജനം, പഴം ഉത്പന്നങ്ങൾ, അച്ചാറുകൾ തുടങ്ങിയ ഉത്പന്നങ്ങൾ ബ്രാൻഡുകളാക്കി വിപണനം നടത്തും. ജൈവ ഉത്പന്നങ്ങൾക്ക് മാത്രമായി പ്രത്യേക വിഭാഗമുണ്ടാകും. കർഷകർക്ക് മികച്ച വരുമാനവും വിപണിയിൽ പോഷക സമൃദ്ധമായ ഭക്ഷണവും ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് കേരളഗ്രോ പ്രവർത്തിക്കുന്നത്.ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലും ഓരോ ഔട്ട്‌ലെറ്റ് വീതമാണ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യ ഔട്ട്‌ലെറ്റ് ഉള്ളൂരിൽ തുറക്കുന്നത്. കൃഷിവകുപ്പിന്റെ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന 205 ഉത്പന്നങ്ങൾ കേരളഗ്രോ ബ്രാൻഡിൽ വിപണിയിൽ ലഭ്യമാണ്.ഫ്‌ളിപ്കാർട്ട്, ആമസോൺ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ കർഷക ഉത്പന്നങ്ങൾ കേരളഗ്രോ വിപണനം നേരത്തെ തുടങ്ങിയിരുന്നെങ്കിലും ഔട്ട്‌ലെറ്റ് ആരംഭിച്ചിരുന്നില്ല. FSSAI, GST രജിസ്‌ട്രേഷനോടു കൂടി ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നവർക്കാണ് 'Keralagro' ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണനം നടത്താൻ കഴിയുക..
  16-3-2024
  ചങ്ങാതി പദ്ധതി: അതിഥി തൊഴിലാളികള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.
തൊഴില്‍ ചെയ്യുന്നതിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിയ അതിഥി തൊഴിലാളികള്‍ക്കായി ശ്രീകാര്യത്ത് ഹെല്‍പ്പ് ഡെസ്‌ക് ഒരുങ്ങി. സാക്ഷരതാ മിഷന്റെ ചങ്ങാതി പദ്ധതിയുടെ ഭാഗമായിട്ടാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരെ മലയാള ഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ചങ്ങാതി. 2018 ല്‍ പെരുമ്പാവൂർ നഗരസഭയിൽ ആരംഭിച്ച പദ്ധതി ഓരോ വര്‍ഷവും ഓരോ തദ്ദേശ സ്ഥാപനങ്ങളിലാണ് നടപ്പിലാക്കി വരുന്നത്. ഈ വര്‍ഷം തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീകാര്യം വാര്‍ഡിലാണ് നടത്തുന്നത്. അതിഥി തൊഴിലാളികളെ ഹമാരി മലയാളം എന്ന പാഠാവലിയെ അടിസ്ഥാനമാക്കി ഭാഷ, സംസ്‌കാരം, ആരോഗ്യം, ശുചിത്വം എന്നിവയില്‍ സാക്ഷരരാക്കുകയാണ് ലക്ഷ്യം. ഇതിനായി ശ്രീകാര്യത്ത് പഠന ക്ലാസുകള്‍ ക്രമീകരിക്കും.കേവലം എഴുത്തും വായനയും മാത്രമല്ല പാഠാവലിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യം, ശുചിത്വം, ലഹരിവിരുദ്ധത, ഭരണഘടനാ മൂല്യങ്ങള്‍, കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്‌കാരിക പശ്ചാത്തലം തുടങ്ങിയവയും ഹമാരി മലയാളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 25 അധ്യായങ്ങളുള്ള പുസ്തകത്തില്‍ സംഭാഷണ രൂപത്തിലാണ് ഭാഷാപഠനം.മലയാളം പഠിക്കുന്നതോടൊപ്പം കേരളസമൂഹവും ഇതര സംസ്ഥാന തൊഴിലാളികളും തമ്മിലുള്ള ആരോഗ്യകരമായ സൗഹൃദത്തിനും സഹായകരമായ രീതിയിലാണ് പുസ്തകം ഒരുക്കിയിട്ടുള്ളത്..
  15-3-2024
  സ്ത്രീകൾക്ക് സുരക്ഷിത താമസസൗകര്യമൊരുക്കി കോഴിക്കോട് ഷീ ലോഡ്‌ജും, ഷീ ഹോസ്റ്റലും.
വിവിധ ആവശ്യങ്ങള്‍ക്കായി കോഴിക്കോട് നഗരത്തിലെത്തുന്ന വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിത താമസ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഷീ ലോഡ്ജും വനിതാ ഹോസ്റ്റലും പ്രവര്‍ത്തന സജ്ജമായി. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പദ്ധതിയാണിത്. റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള ഷീ ലോഡ്ജ് കെട്ടിടത്തില്‍ ഡോര്‍മെറ്ററി മുതല്‍ എസി ഡീലക്‌സ് മുതല്‍ ഡബിള്‍ ബെഡ് വരെയുള്ള സൗകര്യങ്ങള്‍ ഒരു ദിവസത്തിന് 100 രൂപ മുതല്‍ 2250 രൂപ വരെയുള്ള വിവിധ നിരക്കുകളിലാണ് ഒരുക്കിയത്. സ്ത്രീകള്‍ക്ക് സാമ്പത്തികനിലയനുസരിച്ച് അനുയോജ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. ബുക്കിംഗിന് ഓണ്‍ലൈന്‍ സൗകര്യവുമുണ്ട് (www.shehomes.in, shelodge@shehomes.in). താമസത്തിനെത്തുന്നവര്‍ക്ക് മിതമായ നിരക്ക് ഈടാക്കി ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ജോലിക്കാരായ വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ താമസത്തിനായി നിര്‍മ്മിച്ച മാങ്കാവിലെ ഹൈമവതി തായാട്ട് സ്മാരക വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ രണ്ടു പേര്‍ക്ക് വീതം താമസിക്കാന്‍ കഴിയുന്ന ബെഡ്‌റൂമുകളും നാല് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ബെഡ്‌റൂമുകളുമാണ് സജ്ജീകരിച്ചത്. താമസത്തോടൊപ്പം ഭക്ഷണവും ഹോസ്റ്റലില്‍ ലഭ്യമാക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും യാത്ര ചെയ്യുന്ന സ്ത്രീകൾക്കും അവരുടെ കുട്ടികൾക്കും മാത്രമായി സുരക്ഷിതവും താങ്ങാനാവുന്നതുമായ താമസസൗകര്യം ലഭ്യമാക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ഷീ ലോഡ്ജ്. തൃശൂർ ജില്ലയിൽ ആരംഭിച്ച പദ്ധതി എന്ന് മറ്റു ജില്ലകളിലും വ്യാപിപ്പിച്ചിരിക്കുന്നു. യാത്രാവേളയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്, ഷീ ലോഡ്ജ് ഒറ്റമുറികളും ഒരേസമയം 50 സ്ത്രീകൾക്ക് താമസിക്കാവുന്ന ഡോർമിറ്ററികളും നൽകുന്നു. മുഴുവൻ കെട്ടിടത്തിലും കാർ സർവീസ് വിഭാഗത്തിലുൾപ്പെടെ മുഴുവൻ വനിതാ ജീവനക്കാരുമുണ്ട്. കൂടാതെ, സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി ലോഡ്ജ് എല്ലാം സിസിടിവി ക്യാമറകളും അധിക സെക്യൂരിറ്റികളും കൊണ്ട് മൂടിയിരിക്കുന്നു. അടുക്കളയും ഡൈനിംഗ് ഹാളും മറ്റ് അവശ്യസാധനങ്ങളുമുള്ള ഷി ലോഡ്ജ് പ്രത്യേക ഓൺലൈൻ ബുക്കിംഗ് സേവനവും ആരംഭിച്ചിട്ടുണ്ട്.ഷീ ലോഡ്ജ് സംരംഭം ചെലവേറിയ സ്വകാര്യ ഹോസ്റ്റലുകളും കുറഞ്ഞ ചെലവും എന്നാൽ സുരക്ഷാ പ്രശ്‌നങ്ങളുള്ള താമസസൗകര്യങ്ങളും തമ്മിലുള്ള വിടവ് നികത്തുന്നു. കുടുംബശ്രീ യൂണിറ്റുകളായ ഷീ വേള്‍ഡ്, സാഫല്യം അയല്‍ക്കൂട്ടം എന്നിവര്‍ക്കാണ് യഥാക്രമം ഷീ ലോഡ്ജിന്റെയും വനിതാ ഹോസ്റ്റലിന്റെയും നടത്തിപ്പ് ചുമതല. .
  13-3-2024
  ഹാപ്പി നൂൽപ്പുഴ പദ്ധതി: സെർവിക്കൽ ക്യാൻസറിനെതിരെ സൗജന്യ എച്ച്.പി.വി വാക്സിനേഷൻ.
രാജ്യത്ത് ആദ്യമായി, 9 വയസിന് മുകളിലുള്ള പെൺകുട്ടികൾക്ക് സൗജന്യമായി സെർവിക്കിൾ ക്യാൻസറിനെതിരെ എച്ച്.പി.വി വാക്‌സിൻ നൽകി നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത്. ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ പഞ്ചായത്ത് പരിധിയിലെ സ്ത്രീകളെ ഗർഭാശയ അർബുദത്തിൽ നിന്നും മുക്തരാക്കുന്ന പദ്ധതിയുടെ ഭാഗമായി ഒൻപത് വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്സിനേഷൻ നൽകും. പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുത്ത 53 കുട്ടികളാണ് ആദ്യ ഘട്ടത്തിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചത്. ഏപ്രിൽ മുതൽ ക്യാമ്പിലൂടെ വാക്‌സിനേഷൻ വിപുലീകരിക്കും. 15 വയസ് വരെയുള്ള കുട്ടികൾക്കാണ് നിലവിൽ സൗജന്യമായി വാക്‌സിനേഷൻ നൽക്കുന്നത്. നൂൽപ്പുഴ പഞ്ചായത്തിന്റെ 160000 രൂപ വിഹിതം ഉപയോഗിച്ചാണ് ഈ വർഷം വാക്‌സിനേഷൻ നടപ്പിലാക്കുന്നത്. വരും വർഷം 10 ലക്ഷം രൂപ ഇതിനായി വകയിരുത്താനാണ് പഞ്ചായത്തിന്റെ ലക്ഷ്യം. സെർവിക്കൽ ക്യാൻസറിന്റെ പ്രധാന കാരണമായ ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയിൽ നിന്നും സംരക്ഷിച്ച് പൂർണ്ണമായും സെർവിക്കൽ ക്യാൻസർ പ്രതിരോധ ശേഷിയുള്ളവരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയിൽ ആദ്യമായാണ് ഒരു ട്രൈബൽ പഞ്ചായത്തിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. പൂർണ്ണമായും നൂൽപ്പുഴ പഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തിയാണ് ഹാപ്പി നൂൽപ്പുഴ നടപ്പിലാക്കുന്നത്.ലോകത്തിൽ ഏറ്റവുമധികം സ്ത്രീകൾ മരണപ്പെടുന്നതിന് കാരണമായിട്ടുള്ള ക്യാൻസറുകളിൽ നാലാം സ്ഥാനമാണ് സെർവിക്കൽ ക്യാൻസറിനുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഓരോ 8 മിനുട്ടിലും ഒരു സ്ത്രീ വീതം സെർവിക്കൽ ക്യാൻസർ ബാധിച്ച് മരണമടയുന്നുണ്ട്. ലോക വനിതാ ദിനത്തിൽ നൂൽപ്പുഴ കൂടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിലുള്ള 9 വയസ്സിന് മുകളിൽ പ്രായമുളള പെൺകുട്ടികൾക്കായി ആരംഭിച്ച ഹാപ്പി നൂൽപ്പുഴ വാക്സിനേഷൻ പദ്ധതി ഇന്ത്യയുടെ ആരോഗ്യ ചരിത്രത്തിൽ ഇടം നേടുകയാണ്..
  13-3-2024
  രോഗികളുടെ വിവരങ്ങൾ തത്സമയം അറിയാൻ ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റം.
ആംബുലൻസ് ആശുപത്രിയിലേക്ക് തിരിക്കുമ്പോൾ തന്നെ രോ​ഗിയുടെ വിവരങ്ങൾ അത്യാഹിത വിഭാ​ഗത്തിലെത്തുന്ന ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റത്തിന് തുടക്കം. സംസ്ഥാനത്ത് മികച്ച ട്രോമാകെയർ സംവിധാനം ഒരുക്കുന്നത് ലക്ഷ്യമിട്ട് കനിവ് 108 ആംബുലൻസ് പദ്ധതിയുടെ ഭാ​ഗമായാണ് സംവിധാനം ഏർപ്പെടുത്തുന്നത് . പൈലറ്റ് പ്രോജക്ടായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച സംവിധാനത്തിലൂടെ രോ​ഗിയുമായി കനിവ് 108 ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് തിരിക്കുമ്പോൾ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്‌ക്രീനിൽ തെളിയും. രോഗിയുടെ പേര്, വയസ്, ഏത് തരത്തിലുള്ള അത്യാഹിതം, എവിടെ നിന്നാണ് കൊണ്ട് വരുന്നത് എന്നുൾപ്പടെയുള്ള വിവരങ്ങളും എത്ര സമയത്തിനുള്ളിൽ ആംബുലൻസ് ആശുപത്രിയിലെത്തും എന്നുള്ള വിവരങ്ങളും ഈ സ്‌ക്രീനിൽ തെളിയും. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കനിവ് 108 ആംബുലൻസ് പദ്ധതിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ആംബുലൻസുകളിൽ സ്ഥാപിച്ചിരിക്കുന്ന ജി.പി.എസിന്റെ സഹായത്തോടെയാണ് ആംബുലൻസ് ആശുപത്രിയിൽ എത്തുന്ന സമയം കണക്കാക്കുന്നത്. ഇതിലൂടെ രോ​ഗിയെത്തുന്നതിന് മുൻപ് തന്നെ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനും ആശുപത്രിയിൽ എത്തിയ ശേഷമുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാനും കഴിയും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നത്. ഭാവിയിൽ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലേയ്ക്കും ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റം വ്യാപിപ്പിക്കും. .
  12-3-2024
  ദേശീയ മാനദണ്ഡങ്ങൾ പാലിച്ച്‌ സംസ്ഥാനത്തെ ആദ്യത്തെ ബ്ലഡ് ബാങ്ക് കോന്നിയിൽ.
സംസ്ഥാനത്ത് ആദ്യമായി പുതുക്കിയ ദേശീയ മാനദണ്ഡങ്ങൾ പ്രകാരം പ്രവർത്തനമാരംഭിച്ച ബ്ലഡ് ബാങ്ക് കോന്നി മെഡിക്കൽ കോളേജിന് സ്വന്തം. പൂർണ്ണ തോതിലുള്ള പ്രവർത്തനങ്ങളിലേക്ക് വ്യാപിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ബ്ലഡ് ബാങ്ക്. പല വകുപ്പുകളുടെയും പ്രവർത്തനത്തിന് നെടുംതൂണാവേണ്ട ഒന്നാണ് ബ്ലഡ് ബാങ്ക്. സംസ്ഥാനത്തെ ആധുനിക രക്ത ബാങ്കുകളിൽ ഒന്നായി കോന്നി മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് മാറിയിരിക്കുകയാണ്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്‌സ് കണ്ട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ ) ലൈസൻസ് ലഭിച്ചതോടെയാണ് പത്തനംതിട്ട ജില്ലയിൽ അടിയന്തരമായി രക്തവും രക്ത ഘടകങ്ങളും ആവശ്യമായ രോഗികൾക്ക് പ്രയോജന പ്രദമാംവിധത്തിൽ രക്തബാങ്ക് പ്രവർത്തനം ആരംഭിക്കാൻ സജ്ജമായത്. കോന്നി മെഡിക്കൽ കോളജിന്റെ ആദ്യ ഫേസ് പ്രോജക്ടിലൂടെ 3200 ചതുരശ്ര അടി വിസ്തൃതിയിലുള്ള ബ്ലഡ് ബാങ്ക് മൂന്നു കോടി രൂപ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ് പൂർത്തീകരിച്ചത്. പ്രത്യേക പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാതൃകാപരമായ വേഗത്തിൽ പുരോഗതി കൈവരിക്കുന്ന കോന്നി മെഡിക്കൽ കോളജിന്റെ വളർച്ചക്ക് ബ്ലഡ് ബാങ്ക് ഏറെ സഹായകരമാകും. ഡോക്ടേഴ്സ് റൂം,മെഡിക്കൽ എക്സാമിനേഷൻ റൂം, ബ്ലഡ് കളക്ഷൻ റൂം, ഡോണർ റിഫ്രഷ്മെന്റ് റൂം, കോമ്പോണന്റ് സെപറേഷൻ റൂം തുടങ്ങിയവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഓരോ രക്തദാതാക്കളിൽ നിന്നും ശേഖരിക്കുന്ന രക്തം പ്ലേറ്റ്ലെറ്റ്, പ്ലാസ്മ, ചുവന്ന രക്ത കോശം എന്നീ മൂന്നു ഘടകങ്ങളായി വേർതിരിച്ച് ശേഖരിക്കാനും അടിയന്തരമായി ആവശ്യം വരുന്ന രോഗികൾക്ക് നൽകാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ബ്ലഡ് ബാങ്കിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ കോന്നി മെഡിക്കൽ കോളജിലെ ഐസിയു, ലേബർ റൂം, ഓപ്പറേഷൻ റൂം, കാഷ്വാലിറ്റി തുടങ്ങി എല്ലാ വിഭാഗങ്ങളിലും രക്തം എത്തിക്കാൻ കഴിയും .രക്തം ദാനം ചെയ്യാനായി എത്തുന്നവർ കൗൺസലിങ്ങിനും മെഡിക്കൽ പരിശോധനയ്ക്കും വിധേയമാകുകയും തുടർന്ന് ശേഖരിക്കപ്പെടുന്ന രക്തം ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി, മലേറിയ, സിഫിലസ് തുടങ്ങിയ രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ ഇല്ല എന്ന് ശാസ്ത്രീയമായ പരിശോധനയിലൂടെ ഉറപ്പാക്കുകയും ചെയ്യും. അങ്ങനെ ലോകാരോഗ്യ സംഘടനയും നാഷണൽ എയ്ഡ്സ് കണ്ട്രോൾ ഓർഗനൈസേഷനും നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള സുരക്ഷിത രക്തം എല്ലാവർക്കും ലഭ്യമാവുകയും ചെയ്യും. .
  12-3-2024
  രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജവത്കൃത ആദിവാസി കോളനിയായി നടുപ്പതി.
സര്‍ക്കാറിന്റെ ഊര്‍ജ വകുപ്പിന് കീഴിലുള്ള അനര്‍ട്ട് നടപ്പാക്കിവരുന്ന ഹരിത ഊര്‍ജ വരുമാന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഗ്രിഡ് ബന്ധിത സൗരോര്‍ജവത്കൃത ആദിവാസി ഗോത്ര മേഖലയായി നടുപ്പതി. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ച് സൗജന്യ വൈദ്യുതിയും അധികവരുമാനവും ലഭ്യമാക്കുന്നതിനുവേണ്ടി അനര്‍ട്ട് മുഖേന ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത ഊര്‍ജ്ജ വരുമാന പദ്ധതി. ലൈഫ് മിഷന്‍, പുനര്‍ഗേഹം വഴി നിര്‍മിച്ചു നല്‍കിയ വീടുകളിലും, പട്ടിക ജാതി വകുപ്പ് നിര്‍മിച്ചു നല്‍കിയ വീടുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസി കോളനിയിലെ വൈദ്യുത ആവശ്യം പുര്‍ണമായും നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 120 വീടുകളില്‍ സൗരോര്‍ജ്ജവത്കരണം പൂര്‍ത്തിയായി. ഇതോടുകൂടി നെറ്റ് മീറ്ററിങ്ങ് സംവിധാനത്തിലൂടെ സമ്പൂര്‍ണ്ണ ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജവത്കൃതമാകുന്ന ഇന്ത്യയിലെ ആദ്യത്തെ ആദിവാസി ഗോത്ര മേഖലയായി നടുപ്പതി മാറും. നടുപ്പതിയിലെ 80 വീടുകളിലായി രണ്ടു കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റുകളാണ് സ്ഥാപിച്ചു നല്‍കിയത്. ബാക്കിയുള്ള വീടുകളില്‍ മേല്‍ക്കൂരകള്‍ സജ്ജമാകുന്നമുറയ്ക്ക് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കും. 60% സംസ്ഥാന സര്‍ക്കാറിന്റെ വികസന ഫണ്ടും 40% കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡിയും ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിന് ഗുണഭോക്ത്യ വിഹിതമായ 72,75,100 രൂപ അനെര്‍ട്ടിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ചെലവാക്കിയിട്ടുള്ളത്. കൂടാതെ പദ്ധതിക്കായി 250kVA ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനായി 5 ലക്ഷം രൂപയോളം വനം വകുപ്പും ചെലവാക്കിയിട്ടുണ്ട്. 2 കിലോവാട്ട് ഗ്രിഡ് കണക്റ്റഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുമ്പോള്‍, പ്രതിദിനം ഏകദേശം 8 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുന്ന അധിക വൈദ്യുതിയില്‍ നിന്ന് ഒരു ചെറിയ വരുമാനം കണ്ടെത്താന്‍ ഈ കുടുംബങ്ങള്‍ക്ക് സാധിക്കും. 100 യൂണിറ്റ് വൈദ്യുതി മാസ ഉപഭോഗമുള്ള ഒരു കുടുംബത്തിന്, ഏകദേശം 1200 യൂണിറ്റ് വൈദ്യുതി ഒരു വര്‍ഷം ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയും. ഇതിലൂടെ വര്‍ഷത്തില്‍ ഏകദേശം 4000 രൂപയോളം വരുമാനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി ഒരു ഇന്‍ഡക്ഷന്‍ സ്റ്റൗ കൂടി ഗുണഭോക്താവിനു നല്‍കുന്നുണ്ട്. ഇന്‍ഡക്ഷന്‍ സ്റ്റൗ കൂടി ഉപയോഗിക്കുകയാണെങ്കില്‍, എല്‍പിജിയുടെ ചിലവ് ലാഭിച്ച് അധിക വരുമാനം ഉണ്ടാക്കുവാന്‍ ഗുണഭോക്താവിന് സാധിക്കും. ഇതുവഴി ഏകദേശം 6000 രൂപയോളം വര്‍ഷത്തില്‍ ലാഭമുണ്ടാവുകയും, ഏകദേശം 10000 രൂപ അധിക വരുമാനം ഗുണഭോക്താവിന് ലഭിക്കുകയും ചെയ്യും..
  7-3-2024
  സംസ്ഥാനത്തെ ആദ്യ ജനമൈത്രി ചെക്ക്‌പോസ്റ്റ് മറയൂരിൽ.
സംസ്ഥാനത്തെ ആദ്യ സ്മാർട് ജനമൈത്രി ചെക്ക്‌പോസ്റ്റ് മറയൂരിൽ പ്രവർത്തനം തുടങ്ങി. മറയൂർ ചന്ദന ഡിവിഷനിലെ ചട്ടമൂന്നാർ ചെക്ക്‌പോസ്റ്റാണ് സ്മാർട്ടും ജനസൗഹൃദവുമാകുന്നത്. വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്ന ഡിജിറ്റൽ ആപ്ലിക്കേഷനിലൂടെയാണ് മറയൂരിൽനിന്നും 16 കിലോമീറ്ററുള്ള ചട്ടമൂന്നാർ ചെക്ക്‌പോസ്റ്റ് പ്രവർത്തിക്കുക. ചെക്ക്‌പോസ്റ്റുകളോടുള്ള പൊതുജനത്തിന്റെ ആശങ്കയും ഭയവും മാറ്റി സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ജനമൈത്രി മോഡൽ ചെക്ക്‌പോസ്റ്റുകൾക്ക് സർക്കാർ തുടക്കം കുറിക്കുന്നത്. യാത്രക്കാരോട് ജീവനക്കാർ വാഹനത്തിന് അരികിലെത്തി സൗഹൃദപരമായി വിവരങ്ങൾ ചോദിച്ച് മൊബൈൽ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തും. മഴയത്ത് വാഹനത്തിൽനിന്ന് ഡ്രൈവർ ഇറങ്ങി വിവരം നൽകി ഒപ്പിടുന്ന രീതി ഇതോടെ അവസാനിക്കും. ജീവനക്കാർ അടുത്തെത്തി നാലുചോദ്യങ്ങളാണ് ചോദിക്കുക. പേര്, എവിടെനിന്ന് വരുന്നു, എവിടേയ്ക്ക് പോകുന്നു, വാഹനത്തിന്റെ നമ്പർ. അപ്പോൾ തന്നെ ആപ്ലിക്കേഷനിൽ വിവരങ്ങൾ ഉൾപ്പെടുത്തും. തിരുവനന്തപുരം, കോട്ടയം എന്നിവടങ്ങളിലെ ഓഫീസുകളിൽനിന്നും വിവരങ്ങൾ ഡിജിറ്റലായി ലഭിക്കും. ആപ്ലിക്കേഷൻ ആയതിനാൽ ചരക്ക്, ടാക്‌സി, തുടങ്ങി വാഹനങ്ങളുടെ വിവരങ്ങൾ വേർതിരിച്ച് രേഖപ്പെടുത്താം. കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്ര വാഹനങ്ങളെത്തിയെന്നും ഒറ്റ ക്ലിക്കിലറിയാം. ഏതൊക്കെ സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളാണെന്നും വ്യക്തമാകും.ദീർഘദൂരം യാത്രചെയ്ത് എത്തുന്നവർക്ക് വൃത്തിയുള്ള ശൗചാലയം, സ്ത്രീകൾക്ക് നാപ്കിൻ വെൻഡിങ് മെഷീൻ, വിശ്രമ മുറികൾ, വിനോദസഞ്ചാര വിവരങ്ങൾ, വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ മുന്നറിയിപ്പ് സുരക്ഷാ നിർദ്ദേശങ്ങൾ എന്നിങ്ങനെ ജനസൗഹൃദ സമീപനമാകും ചെക്‌പോസ്റ്റിൽ ലഭിക്കുക. നബാർഡ്, കേരള സർക്കാർ ഫണ്ട് എന്നിവ വിനയോഗിച്ചാണ് ചട്ടമൂന്നാർ സ്മാർട്ട് ജനമൈത്രി ചെക്ക് പോസ്റ്റ് ആരംഭിച്ചത്..
  7-3-2024
  സ്മാർട്ട് സിറ്റിയിൽ നിന്ന് 'സിറ്റിസ് 2.0'ലേക്ക്: നേട്ടം കൊയ്ത് തിരുവനന്തപുരം ന​ഗരസഭ.
സ്മാർട്ട് സിറ്റി മിഷൻ്റെ 'സിറ്റിസ് 2.0' ചലഞ്ചിൽ തെരഞ്ഞെടുക്കപ്പെട്ട 18 ന​ഗരങ്ങളിൽ ഒന്നായി തിരുവനന്തപുരം. രാജ്യത്തുടനീളം സ്മാർട്ട് സിറ്റികൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നടപ്പിലാക്കുന്ന ന​ഗര നവീകരണ പുനർനിർമ്മാണ പദ്ധതിയാണ് സ്മാർട്ട് സിറ്റി മിഷൻ. പദ്ധതിയുടെ ഉപഘടകമായ നൂതനവും സുസ്ഥിരവുമായ നഗരവികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള CITIIS 2.0 ചലഞ്ചിലാണ് തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്ന് സിറ്റിസ് 2.0 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക നഗരമാണ് തിരുവനന്തപുരം. സുസ്ഥിര നഗരവികസനം, സംയോജിത മാലിന്യ സംസ്‌കരണം, കാലാവസ്ഥാ അധിഷ്‌ഠിത പരിഷ്‌കരണങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സിറ്റിസ് 2.0 നടപ്പിലാക്കുന്നത്. ഫ്രഞ്ച് വികസന ഏജൻസി (AFD), Kreditanstaltfür Wiederaufbau (KfW), യൂറോപ്യൻ യൂണിയൻ (EU), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്‌സ് (NIUA) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് CITIIS 2.0 ചലഞ്ച് വിഭാവനം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ന​ഗരങ്ങൾ സംയോജിത മാലിന്യ സംസ്‌കരണം, കാലാവസ്ഥാ അധിഷ്‌ഠിത പരിഷ്‌കരണങ്ങൾ, വിജ്ഞാന വ്യാപനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്ക് മുൻ​ഗണന നൽകേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങൾക്ക് 135 കോടിരൂപയുടെ സാമ്പത്തിക സാങ്കേതിക സഹായം പദ്ധതിയിലൂടെ ലഭിക്കും. രാജ്യത്തുടനീളമുള്ള 100 സ്മാർട്ട് സിറ്റികൾ ചലഞ്ചിൽ പങ്കെടുക്കുകയും പ്രോഗ്രാമിൻ്റെ ഭാഗമാകാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ 36 നഗരങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും തുടർന്ന് 18 നഗരങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്. അഗർത്തല, ആഗ്ര, ബറേലി, ബെലഗാവി, ബിലാസ്പൂർ, ഗുവാഹത്തി, ജബൽപൂർ, ജയ്പൂർ, മധുരൈ, മുസാഫർപൂർ, ന്യൂ ടൗൺ കൊൽക്കത്ത, പനാജി, രാജ്കോട്ട്, ശ്രീനഗർ, തഞ്ചാവൂർ, ഉദയ്പൂർ, ഉജ്ജയിൻ എന്നിവയാണ് തിരഞ്ഞെടുത്ത മറ്റ് നഗരങ്ങൾ. 2017ൽ കോർപറേഷൻ നടപ്പിലാക്കിയ സ്മാർട്ട് സിറ്റി 2.0 പദ്ധതി 2024ൽ അവസാനിക്കാനിരിക്കെയാണ് സിറ്റിസ് 2.0ലേക്ക് തിരുവനന്തപുരം തെരഞ്ഞെടുക്കപ്പെട്ടത്. 'സിറ്റിസ് 2.0' ലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോട് കൂടി മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാകും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാലിന്യ നിക്ഷേപം നിരീക്ഷിക്കാനും സമാഹരിക്കാനും മൂല്യവർധിത ഉത്പന്നങ്ങളായി മാറ്റാനും കഴിയും. കഴിഞ്ഞ രണ്ടു വർഷങ്ങളിലും സംസ്ഥാനത്തെ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള 'സ്വരാജ് ട്രോഫി'യും തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചിരുന്നു. .
  6-3-2024
  ശുചിമുറി മാലിന്യം സംസ്‌കരിക്കാൻ സഞ്ചരിക്കുന്ന പ്ലാന്റ്.
നഗരസഭയിൽ മാലിന്യം സംസ്കരിക്കാൻ സഞ്ചരിക്കുന്ന ഫീക്കൽ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വരുന്നു. വീടുകളിൽ നേരിട്ടെത്തി, ആധുനിക സംവിധാനങ്ങളോടെ ശുചിമുറി മാലിന്യം ട്രീറ്റ്‌മെന്റ് ചെയ്യുന്ന പദ്ധതിക്കാണ് ചാലക്കുടിയിൽ തുടക്കമായത്. രാജ്യത്തെയും സംസ്ഥാനത്തെയും മാലിന്യ സംസ്‌കരണ സംവിധാനത്തിൽ ഒരു നാഴികക്കല്ലാണ് ഈ ബൃഹത്പദ്ധതി. കേന്ദ്ര സർക്കാരിന്റെ അംഗീകൃത സ്ഥാപനമായ ഡിണ്ടിഗലിലെ ഡബ്ല്യു എ എസ് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ചു തിരുവനന്തപുരത്തെ ഭൗമ എന്ന സ്ഥാപനമാണ് ഇതിന്റെ നിർമാണം നടത്തിയത്. വാഹനത്തിൽ തയാറാക്കിയ ആധുനിക യന്ത്രസാമഗ്രികൾ ഉൾപ്പെടുന്ന പ്ലാന്റ് നഗരസഭാപ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്ന സംവിധാനമാണിത്. 50 ലക്ഷം ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്.മാലിന്യം സംസ്‌കരിച്ചതിന് ശേഷമുള്ള ജലം മലിനീകരണം ഇല്ലാത്തതും കൃഷിക്കും മറ്റും ഉപയോഗിക്കാവുന്നതുമാണ്. അപകടകാരികളായ അണുക്കളോ മറ്റു മാലിന്യമോ മണമോ സംസ്‌കരിച്ച ജലത്തിൽ ഉണ്ടാവില്ല. സംസ്‌കരണത്തിന് ശേഷം ബാക്കി വരുന്ന ഖരമാലിന്യം യന്ത്രസംവിധാനത്തിൽ തന്നെ ഉണക്കി ചെറിയ ബ്രിക്കറ്റുകളാക്കി മാറ്റും. സർക്കാർ അംഗീകൃത ഏജൻസിയായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണു നഗരസഭയ്ക്ക് വേണ്ടി ഇതിന്റെ നിർവഹണ ഏജൻസിയും പ്രവർത്തിക്കുന്നത്. പരിശീലനം ലഭിച്ചവരായിരിക്കും യൂണിറ്റ് പ്രവർത്തിപ്പിക്കുക. തുടർപ്രവർത്തനവും പരിപാലനവും ഇവർ തന്നെ നടത്തും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സംസ്‌കരണ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്ന സംവിധാനമാണിത്. ട്രീറ്റ്‌മെന്റ് യൂണിറ്റിന്റെ ശേഷി മണിക്കുറിൽ 6,000 ലീറ്റർ ആണ്. മുൻകൂർ ബുക്കിങ് അനുസരിച്ച് വിവിധ സ്ഥലങ്ങളിൽ പ്ലാന്റ് പ്രവർത്തിക്കും. ഇതിന്റെ യൂസർ ഫീ കൗൺസിൽ തീരുമാനിക്കും. .
  5-3-2024
  ദക്ഷിണേഷ്യയിലെ ആദ്യത്തെ വയോജന സൗഹൃദ നഗരമായി കൊച്ചി.
ലോകാരോഗ്യ സംഘടന (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) വയോജന സൗഹൃദ നഗരമായി പ്രഖ്യാപിക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യത്തെ നഗരം എന്ന സുപ്രധാന നേട്ടം കൊച്ചിക്ക്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻറെ ആസ്ഥാനമായ ജനീവയിൽ വെച്ചാണ് ഈ പ്രഖ്യാപനം നടന്നത്. മുതിർന്ന പൗരന്മാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും മാനസികവും ശാരീരികാരോഗ്യത്തിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമായി കഴിഞ്ഞ മൂന്നുവർഷമായി കൊച്ചി നഗരസഭ നടത്തിയ പരിശ്രമങ്ങൾക്കായുള്ള അംഗീകാരമാണ് നേട്ടം. മാജിക്‌സ് എന്ന സന്നദ്ധ സംഘടന, ഐ.എം.എ. എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾക്കടിസ്ഥാനമാക്കിയുള്ള നൂതന പദ്ധതികളും പരിപാടികളും നഗരസഭ ഈ കാലയളവിൽ നടപ്പിലാക്കി. പൊതുയിടങ്ങളും കെട്ടിടങ്ങളും വയോജന സൗഹൃദമാക്കുക, മുതിർന്നവരുടെ സാമൂഹികമായ ജീവിതത്തിന് ഉതകുന്ന സൗകര്യങ്ങൾ ഒരുക്കുക, വയോജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക, കോളേജുകളുമായി സഹകരിച്ച് നൂതന സാങ്കേതികവിദ്യയിലുള്ള പരിശീലനം ലഭ്യമാക്കുന്ന വയോവിജ്ഞാനം പദ്ധതി, വയോജനങ്ങൾക്ക് മാത്രമായുള്ള സീനിയർ ടാക്‌സി സർവീസ്, മാതൃകാ സായം പ്രഭ പകൽ വീട് എന്നിവയടക്കമുള്ള നിരവധി നൂതന പദ്ധതികൾ കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി കൊച്ചി നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കായുള്ള ദന്തസംരക്ഷണത്തിൽ ഊന്നിയുള്ള വയോസ്മിതം പദ്ധതി, വയോജനങ്ങളുടെ വിനോദസഞ്ചാര പരിപാടിയായ ജെറിയാട്രിക് ടൂറിസം പദ്ധതി, മുതിർന്ന പൗരന്മാർക്കായുള്ള കായികമേള, മുതിർന്ന പൗരന്മാരുടെ പ്രതിഭ കണ്ടെത്തുന്നതിനായുള്ള വയോപ്രതിഭ പദ്ധതി എന്നിവയും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്വയോമിത്രം പദ്ധതിയിൽ ഉൾപ്പെടുന്ന ശരാശരി നാലായിരത്തോളം വയോജനങ്ങൾക്ക് പ്രയോജനമാകും വിധം, വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. തേവരയിലെ വൃദ്ധസദനം മന്ദിരം, മൂന്ന് ഓൾഡ് എയ്ജ് ഹോം ക്ലിനിക്കുകൾ എന്നിവ അടക്കം 45ഓളം ക്ലിനിക്കുകൾ വയോജനങ്ങൾക്കായി നഗരസഭ നടത്തിവരുന്നു. ജീവിതശൈലീ രോഗങ്ങൾ അടക്കമുള്ള വാർദ്ധക്യ സഹജമായ എല്ലാ രോഗങ്ങൾക്കുമുള്ള മരുന്നുകളും, ഇൻസുലിൻ അടക്കമുള്ള മറ്റ് അവശ്യ മരുന്നുകളും വയോജനങ്ങൾക്കായി നൽകുന്നു. 45 ക്ലിനിക്കുകളും കേന്ദ്രീകരിച്ച് വയോജന ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്. ഈ ക്ലബ്ബ് മുഖേന വിനോദയാത്രാ, കലാപ്രദർശങ്ങൾ, സൗഹൃദ ചർച്ചകൾ, യോഗാ ക്ലാസ്, ബോധവത്ക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചുവരുന്നു. വയോജനങ്ങൾക്ക് നിയമസഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും കൊച്ചി നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്. മുതിർന്നവർക്ക് എല്ലാ മേഖലയുമായി ബന്ധപ്പെട്ട സഹായത്തിനു വേണ്ടി രൂപീകരിച്ചിട്ടുള്ള എൽഡർ ഹെൽപ്പ് ലൈൻ പദ്ധതി, എമർജൻസി മാനേജ് മെൻറ് ആൻറ് എമർജൻസി അലേർട്ട് സംവിധാനം, കായിക വിനോദ മേഖലയിൽ മുതിർന്ന പൗരന്മാർക്കൊപ്പം വിവിധ പ്രായവിഭാഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ജെനറേഷൻ ഗെയിം പദ്ധതി, പ്രായമായവരിലെ പോഷകാഹാരശീലം വർദ്ധിപ്പിക്കുന്നതിനായുള്ള മൈക്രോഗ്രീൻസ് പദ്ധതി, മുതിർന്ന പൗരന്മാർക്ക് അവരുടെ വീടുകളിലെ അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്തു നൽകുന്നതിനായുള്ളാ ഹോം മെയിൻറനൻസ് സേവനങ്ങൾ, വയോജനങ്ങൾക്ക് ആവശ്യമായ സൈക്കോളജിക്കൽ കൗൺസിലിംഗ്, ഹോം കൗൺസിലിംഗ്, വൈദ്യ സഹായം തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള സല്ലാപം തുടങ്ങീ പദ്ധതികൾക്കും തുടക്കം കുറിച്ചു..
  5-3-2024
  മലപ്പുറം ജില്ലയിലെ ആദ്യ നാട്ടരങ്ങ് വള്ളിക്കുന്നിൽ.
സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന നാട്ടരങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മലപ്പുറം ജില്ലയിലെ ആദ്യ നാട്ടരങ്ങ് നാടിന് സമർപ്പിച്ചു. ഓപ്പൺ സ്റ്റേജും ഇരിപ്പിടങ്ങളും ഇന്റർലോക്കും കമ്പിവേലിയും ഉൾപ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തിയാണ് അത്താണിക്കൽ ജങ്ഷനിൽ നാട്ടരങ്ങ് പണിതീർത്തത്. സംസ്ഥാന നഗരിയിലെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയുടെ മാതൃകയിൽ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കലാകാരന്മാരുടെ കൂട്ടായ്മകൾക്കും കലാവതരണത്തിനുമാണ് പാതയോരങ്ങളിൽ നാട്ടരങ്ങുകൾ വകുപ്പൊരുക്കുന്നത്. പ്രദേശത്തെ കലാകാരന്മാർക്കും സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാർക്കും കഴിവുകൾ പ്രദർശിപ്പിക്കാൻ ഇവിടെ അവസരമുണ്ടാവും. വിവിധ അക്കാദമികൾ, സ്ഥാപനങ്ങൾ, പ്രാദേശിക ക്ലബുകൾ, വായനശാലകൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവരുമായി സഹകരിച്ചും പരിപാടികൾ അവതരിപ്പിക്കാം. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഓരോ ജില്ലയിലും ഓരോ നാട്ടരങ്ങ് എന്ന രീതിയിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ത​​​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വകുപ്പിന്റെ പ്ര​വ​ർ​ത്ത​നം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കുന്നതിന്റെ ഭാഗമായ​ പ​ദ്ധ​തി, പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​കും ന​ട​പ്പാ​ക്കു​ക. ത​ദ്ദേ​ശീ​യ ക​ലാ​കാ​ര​ന്മാ​ർ​ക്കും ക​ലാ​സം​ഘ​ട​ന​ക​ൾ​ക്കും പ​രി​പാ​ടികൾ അ​വ​ത​രി​പ്പി​ക്കാ​ൻ പൊ​തു​വേ​ദി​ക​ളി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളാ​ണ്​ പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.ഗ​താ​ഗ​ത​ത്തി​ര​ക്ക്​ കു​റ​ഞ്ഞ​തും വീ​തി​യേ​റി​യ​തു​മാ​യ റോഡിൻറെ വ​ശ​ങ്ങ​ളി​ൽ സ്​​റ്റേ​ജ്, മേ​ക്ക​പ്​ മു​റി, ചാ​രു​ബെ​ഞ്ചു​ക​ൾ എ​ന്നി​വ​യോ​ടു കൂടിയാകും നാ​ട്ട​ര​ങ്ങ്​ സ​ജ്ജീ​ക​രി​ക്കു​ക. ഇ​വ ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്​​ത്​ മോ​ടി പി​ടി​പ്പി​ക്കും. ക​ലാ​കാ​ര​ൻ​മാ​ർ​ക്ക്​ ഒ​ത്തു​ചേ​രാ​നും പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​നു​മു​ള്ള സ്​​ഥി​രം വേ​ദി​യാ​യി​രി​ക്കും ഇ​ത്. സാം​സ്​​കാ​രി​ക വ​കു​പ്പി​ന്​ ജ​ന​കീ​യ മു​ഖം ന​ൽ​കു​ക എ​ന്ന​തും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്.   .
  1-3-2024
  പച്ചക്കറിപഴവർഗങ്ങൾ ഇനി കീടനാശിനി മുക്തം - ഓസോൺ വാഷിംഗ് പ്ലാന്റുമായി നാട്ടുചന്ത.
സംസ്ഥാനത്തെ ആദ്യ ഓസോൺ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് വാഷിംഗ് പ്ലാന്റ് ഒരുക്കി മണ്ണാർക്കാട് റൂറൽ ബാങ്കിന്റ നാട്ടുചന്ത. ഓസോൺ സാന്ദ്രത ഉയർന്ന വെള്ളം ഉപയോഗിച്ച് പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കുന്ന സംവിധാനമാണിത്. ബാങ്ക് ആരംഭിച്ച നാട്ടുച്ചന്ത എന്ന പദ്ധതി വഴി പൊതുജനങ്ങള്‍ക്കായി നടപ്പാക്കുന്ന കീടനാശിനിമുക്ത പഴം-പച്ചക്കറി വിതരണ പദ്ധതിക്കായാണ് 60 ലക്ഷം രൂപ ചെലവില്‍ ഓസോണ്‍ വാഷ് പ്ലാന്റ് വാങ്ങിയത്.പച്ചക്കറികളും പഴവര്‍ഗങ്ങളും കീടനാശിനി മുക്തമാക്കി കഴുകിയെടുത്ത് വായുകടക്കാത്ത പായ്ക്കറ്റുകളാക്കുന്ന സംവിധാനമാണ് ഓസോൺ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് വാഷിംഗ് പ്ലാന്റ്. മണ്ണാര്‍ക്കാട് ബാങ്ക് വാങ്ങിയ പ്ലാന്റിന് മണിക്കൂറില്‍ 500 കിലോഗ്രാം കഴുകി പായ്ക്ക് ചെയ്യാനാകും. ആദ്യം സാധാരണ വെള്ളത്തിലും പിന്നീട് മൈനസ് നാല് ഡിഗ്രിയുള്ള വെള്ളത്തില്‍ ഓസോണ്‍ കുമിളകള്‍ കടത്തിവിട്ടാണ് കഴുകുന്നത്. ഓസോണ്‍ വാഷ് പഴങ്ങളുടേയും പച്ചക്കറികളുടേയും പുതുമ നിലനിര്‍ത്തുകയും ചെയ്യും.കാർഷികോത്പ്പന്നങ്ങളുടെ സംഭരണവും വിപണനവും സാധ്യമാക്കുന്നതിന് കൂടുതൽ ആകർഷകമാക്കിയുള്ള സംവിധാനങ്ങളാണ് നാട്ടുചന്തയിൽ ഒരുക്കിയിട്ടുള്ളത്. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം, നല്ല ആരോഗ്യത്തിന് നല്ല നടത്തം എന്ന ടാഗ് ലൈനുമായാണ് നാട്ടുചന്ത പ്രവർത്തനമാരംഭിച്ചത്.  ആരോഗ്യം മുൻനിർത്തിയുള്ള പ്രഭാതസവാരിയിലൂടെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ സമന്വയിപ്പിക്കുന്നു. രാവിലെ 6 മണി മുതൽ തന്നെ സൂപ്പർമാർക്കറ്റ്, ചിക്കൻ, മീറ്റ് സ്റ്റാളുകൾ, പാൽ വിതരണം, നീതി ഡയഗനോസ്റ്റിക് സെൻറർ, ടീ & ജ്യൂസ് പാർലർ എന്നിവയെല്ലാം സജീവമാണ് എന്നതും നാട്ടുചന്തയുടെ പ്രത്യേകതയായി മാറിക്കഴിഞ്ഞു. തേൻ സംസ്‌കരണ യൂണിറ്റ്, 5000 ചതുരശ്രയടി 1000 മെട്രിക് ടൺ ഗോഡൗൺ, നീതി ഡയഗ്നോസ്റ്റിക് സെന്റർ, കോൾഡ് സ്‌റ്റോറേജ്, ഫിഷ് ആന്റ് മീറ്റ് സ്റ്റാൾ, റൈപ്പനിംഗ് ചേംബർ എന്നിവയൊക്കെ നാട്ടുചന്തയിൽ ഒരുക്കിയിട്ടുണ്ട്.  നാട്ടുച്ചന്തയിലേക്കുള്ള എല്ലാ ഇനങ്ങളും ഓസോൺ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് വാഷിംഗ് പ്ലാന്റ് വഴി വൃത്തിയാക്കിയാണ് പൊതുജനങ്ങള്‍ക്ക് നല്‍കുക. പ്രാഥമിക കാര്‍ഷിക വികസന ബാങ്കുകള്‍ ഇനി മുതല്‍ ബഹുമുഖ സേവനകേന്ദ്രങ്ങളും ആകണമെന്ന കേന്ദ്രപദ്ധതിയിലാണ് നാട്ടുച്ചന്ത പ്രാവർത്തികമായത്‌..
  29-2-2024
  യാഥ്യാർത്ഥമായി പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി.
ജലവൈദ്യുത പദ്ധതികളിലൂടെ പരമാവധി ഊർജ്ജം സംസ്ഥാനത്തിനുള്ളിൽത്തന്നെ ഉത്പാദിപ്പിക്കുകയെന്ന സംസ്ഥാന സർക്കാർ നയത്തിൻ്റെ ഭാഗമായി സ്ഥാപിച്ച പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി യാഥ്യാർത്ഥമായി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ചക്കിട്ടപാറ, ചെമ്പനോട വില്ലേജുകളിലായാണ് പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് മെഗാവാട്ട് സ്ഥാപിതശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് നിലയത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച് പ്രതിവർഷം 24.70 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. 82.77 കോടി രൂപയാണ് പദ്ധതി ചെലവ്. കോഴിക്കോട് ജില്ലയിലെ പത്താമത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയാണിത്.പദ്ധതിയുടെ ശിലാസ്ഥാപനം 2017 ലാണ് നിർവഹിച്ചത്. ആറ് മെഗാവാട്ട് സ്ഥാപിതശേഷിയുള്ളെ പദ്ധതിയിൽ രണ്ടു യന്ത്രങ്ങൾ 24 മണിക്കൂറും പ്രവർത്തിച്ചാൽ ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനാകും. കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെയും കുറ്റ്യാടി ഓഗ്മെന്റേഷൻ പദ്ധതിയുടെയും ഭാഗമായ കക്കയം പവർഹൗസിൽ നിന്നും വൈദ്യുതി ഉത്പാദനം കഴിഞ്ഞുള്ള വെള്ളം പെരുവണ്ണാമൂഴി ജലസംഭരണിയിലേക്കാണ് എത്തിച്ചേരുന്നത്. ഇതിൽ ജലസേചനത്തിൻ്റെയും കുടിവെള്ളത്തിന്റേയും ആവശ്യം കഴിഞ്ഞ് അധികം വരുന്ന വെള്ളം വൈദ്യുതി പദ്ധതിക്കായി ഉപയോഗിക്കും. ശേഷം ബാക്കി വരുന്ന വെള്ളം കുറ്റ്യാടി പുഴയിലേക്ക് തുറന്നുവിടും.നിലയത്തിൽ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി ഭൂഗർഭ കേബിളുകൾ വഴി ചക്കിട്ടപ്പാറയിലെ 110 കെ വി സബ് സ്റ്റേഷനിലെത്തിച്ചാണ് വിതരണം. 2023 ജൂലൈ മുതൽ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത നിലയത്തിൽ നിന്നും വ്യവസായികാടിസ്ഥാനത്തിൽ വൈദ്യുതി ഉത്പ്പാദനം ആരംഭിച്ചിരുന്നു. ഇക്കാലയളവിൽ 10.08 ദശ ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. മലബാർ മേഖലയിൽ വിവിധങ്ങളായ ജലവൈദ്യുതപദ്ധതി പ്രവൃത്തികൾ നടപ്പിലാക്കി വരുന്നുണ്ട്. പഴശ്ശിസാഗർ, ഒലിക്കൽ, പൂവാറംതോട് തുടങ്ങിയ പദ്ധതികളുടെ നിർമ്മാണ പ്രവർത്തികളും പുരോഗമിക്കുകയാണ്..
  28-2-2024
  ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ കലക്ട്രേറ്റില്‍ വിത്ത് ഔട്ട് ചായ ക്യാമ്പയിന്‍.
മലപ്പുറത്തെ വിത്തൗട്ട് ജില്ലയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് കലക്ട്രേറ്റില്‍ വിത്ത് ഔട്ട് ചായ ക്യാമ്പയിൻ. പ്രത്യേക ആവിശ്യപെടുന്നവർക്ക് മാത്രമേ ഇനി കലക്ട്രേറ്റിലെ ചടങ്ങുകളില്‍ മധുരമിട്ട ചായ ലഭിക്കുകയുള്ളു. ജീവിതശൈലി രോഗങ്ങള്‍ നേരിടുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയായാണ് ജില്ലയില്‍ പുതിയ ക്യാമ്പയിനിന് തുടക്കമിട്ടത്. മാര്‍ച്ച് ഒന്നു മുതല്‍ ജില്ലയിലെ ഹോട്ടലുകളില്‍ മധുരം, ഉപ്പ്, ഓയില്‍ എന്നിവ പരമാവധി കുറച്ചുള്ള ഭക്ഷണങ്ങള്‍കൂടി ലഭ്യമാക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള ഭക്ഷണ രീതികള്‍ തുടരുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഓയില്‍, കൃത്രിമ നിറങ്ങള്‍, അമിതമായ ഉപ്പ്, പഞ്ചസാര എന്നിവ കുറവുള്ള ഭക്ഷണങ്ങള്‍ കൂടി സമാന്തരമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ആദ്യ ഘട്ടമെന്ന നിലയില്‍ കലക്ടറേറ്റിലുള്‍പ്പടെ ഔദ്യോഗിക പരിപാടികളിലും യോഗങ്ങളിലും മധുരം ഒഴിവാക്കിയുള്ള ചായ നല്‍കുന്നത് പ്രോത്സാഹിപ്പിക്കും.ഭക്ഷ്യ സുരക്ഷാ വകുപ്പിനെ കൂടാതെ ആരോഗ്യ വകുപ്പ്, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍, ട്രോമാകെയര്‍, റെസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ സഹായത്തോടെയാണ് ജില്ലയില്‍ ക്യാംപയിന്‍ പരിപാടികള്‍ നടപ്പാക്കുന്നത്. കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരുടെയും സഹകരണം ഉറപ്പാക്കും. എണ്ണ പലഹാരങ്ങള്‍ക്ക് പകരം ആവിയില്‍ വേവിച്ചെടുത്ത പലഹാരങ്ങള്‍ നല്‍കുന്ന ഹെല്‍ത്തി ഷെല്‍ഫ് ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നടപ്പാക്കും. വീടുകളില്‍ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നവര്‍ തട്ടുകടകള്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലുള്ളവരെയും ഉള്‍പ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ക്യാംപയിന്‍ സന്ദേശങ്ങള്‍ എല്ലാ ഹോട്ടലുകളിലും ബേക്കറി സ്ഥാപനങ്ങളിലും സ്ഥാപിക്കും. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ഫുഡ് വ്‌ളോഗര്‍മാര്‍ക്കെതിരേ നടപടിയെടുക്കും..
  28-2-2024
  സമ്പൂര്‍ണ്ണ ഭിന്നശേഷി ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് നല്‍കി അന്തിക്കാട്.
സമ്പൂര്‍ണ്ണ ഭിന്നശേഷി ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് നല്‍കുന്ന ഇന്ത്യയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് ആയി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്. നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയിലുള്ള ഇന്റലക്ച്ച്വല്‍ ഡിസെബിലിറ്റി, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പള്‍ ഡിസെബിലിറ്റി തുടങ്ങിയ തീവ്ര ഭിന്നശേഷി വെല്ലുവിളികള്‍ നേരിടുന്ന പതിനെട്ട് വയസ്സിന് മുകളിലുള്ള അന്തിക്കാട് ബ്ലോക്കിലെ 237 പേര്‍ക്കാണ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് (നിയമപരമായ രക്ഷാകർതൃത്വം) നല്‍കിയത്.അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ചാഴൂര്‍,മണലൂര്‍,അരിമ്പൂര്‍, താന്ന്യം,അന്തിക്കാട് പഞ്ചായത്തുകളില്‍ ഐ.സി.ഡി.എസ് ഓഫീസ്, പരിവാര്‍ (ഭിന്നശേഷി മക്കളുടെ മാതാപിതാക്കളുടെ സംഘടന) തുടങ്ങിയവര്‍ സര്‍വ്വേ നടത്തുകയും നാഷണല്‍ ട്രസ്റ്റ് ഭിന്നശേഷി വിഭാഗത്തില്‍ വരുന്നവരെ കണ്ടെത്തുകയും ചെയ്തിരുന്നു. ഓരോ പഞ്ചായത്തിലും പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിച്ച് ജില്ലാ കളക്ടര്‍ ചെയര്‍മാനായ ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 237 ഓളം പേര്‍ക്ക് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് നല്‍കിക്കൊണ്ടാണ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.നാഷണല്‍ ട്രസ്റ്റ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് നേടിയ ആദ്യ പഞ്ചായത്ത് എന്ന സ്ഥാനം വേലൂര്‍ ഗ്രാമപഞ്ചായത്ത് നേടിയതിനു ശേഷം ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയായിരുന്നു. ചാഴൂര്‍ ഗ്രാമപഞ്ചായത്ത്, മണലൂര്‍ ഗ്രാമപഞ്ചായത്ത്, അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത്, താന്ന്യം ഗ്രാമപഞ്ചായത്ത്, അന്തിക്കാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ വിവിധ ദിനങ്ങളില്‍ അദാലത്തുകള്‍ നടത്തി. ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ സഹായത്തോടെ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയാണ് പ്രവര്‍ത്തനം മുന്നോട്ട് പോയത്.ഭിന്നശേഷിക്കാരെ ശാക്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ വിപണന സ്റ്റാളുകളിലൂടെ ജനങ്ങളിലേക്ക് എത്തിച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വരുമാന മാര്‍ഗം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഏകോപിപ്പിക്കുന്നത്. ഇതിലൂടെ ഭിന്നശേഷിക്കാരുടെ ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. ശാരീരിക-ഭൗതിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീ മാതൃകയില്‍ സ്വയം സഹായകമാകുന്ന ഭിന്നശേഷി കൂട്ടായ്മയും രൂപീകരിക്കും..
  23-2-2024
  ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ആന്റിബയോഗ്രാം.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. ആന്റിബയോട്ടിക് അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് സ്ട്രാറ്റജിക് കർമ പദ്ധതി) ഭാഗമായി ശക്തിപ്പെടുത്തിയ ഹബ് ആൻഡ്‌ സ്‌പോക്ക് മാതൃകയിലൂടെയാണ്‌ പദ്ധതി നടപ്പാക്കിയത്‌. എറണാകുളം ജില്ലയാണ് ആന്റിബയോഗ്രാം പുറത്തിറക്കിയത്. എല്ലാ ജില്ലകളുടെയും ആന്റിബയോഗ്രാം വരുംവർഷങ്ങളിൽ പുറത്തിറക്കുകയാണ് ലക്ഷ്യം. ആന്റിബയോട്ടിക്കുകൾ നീലക്കവറിൽ നൽകുന്ന എറണാകുളം ജില്ലയിലെ രീതി സംസ്ഥാനം മുഴുവൻ നടപ്പിലാക്കും. കേരളത്തിലാണ് എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എഎംആർ കമ്മിറ്റികൾ രാജ്യത്ത് ആദ്യമായി രൂപീകരിച്ചത്. അവയുടെ പ്രവർത്തനഫലമായാണ് എറണാകുളം ജില്ലയ്ക്ക് ആന്റിബയോഗ്രാം പുറത്തിറക്കാൻ സാധിച്ചത്.പദ്ധതിയുടെ ഭാഗമായി 11 ജില്ലകളിൽ ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിൽ ലാബ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. എല്ലാവർഷവും പുറത്തിറക്കുന്ന കാർസ്‌നെറ്റ് ശൃംഖലയിലൂടെയുള്ള കാർസാപ്പ് ആന്റിബയോഗ്രാം വഴി ത്രിതല ആശുപത്രികളിലെ എഎംആർ രീതിയാണ് പഠിച്ചുകൊണ്ടിരുന്നത്. എന്നാൽ ജില്ലാതല ആന്റിബയോഗ്രാമിലൂടെ പ്രാഥമിക, ദ്വിതീയതല ആശുപത്രികളിലെ എഎംആർ (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) ട്രെന്റ് മനസിലാക്കാൻ സാധിക്കും.മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല മൃഗസംരക്ഷണ മേഖലയിലും ഫിഷറീസ്, അക്വാകൾച്ചർ മേഖലയിലും ഭക്ഷ്യമേഖലയിലുമൊക്കെയുള്ള എഎംആർ ട്രെന്റിനെപ്പറ്റിയും എ.എം.ആർ. കുറയ്ക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്നതല്ല എന്ന പോസ്റ്റർ എല്ലാ മെഡിക്കൽ സ്റ്റോറുകളിലും പതിപ്പിച്ചിട്ടുണ്ട്. ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്ക് പ്രത്യേക എംബ്ലവും സർട്ടിഫിക്കറ്റും നൽകും. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടപ്പിലാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ അമൃത്. മനുഷ്യരിൽ മാത്രമല്ല മൃഗപരിപാലനം, കോഴിവളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയിലും അശാസ്ത്രീയമായ രീതിയിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനു പുറമേ പരിസ്ഥിതിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ പോലും ആന്റിബയോട്ടികുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകളെയും ജീനുകളെയും കണ്ടെത്തിയിട്ടുണ്ട്..
  23-2-2024
  മാമ്പഴ സമൃദ്ധിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.
മാമ്പഴ ഉൽപാദനവും, വിപണനവും ലക്ഷ്യമിട്ട് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മാമ്പഴ സമൃദ്ധി-മാമ്പഴ ഗ്രാമം പദ്ധതിക്ക് തുടക്കമായി. കരകുളം ഗ്രാമപഞ്ചായത്തിലെ പേഴുംമൂടിൽ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത അര ഏക്കർ സ്ഥലത്ത് കോട്ടുകോണം മാവിൻ തൈ നട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ കരകുളം, വെമ്പായം, ആനാട്, പനവൂർ, അരുവിക്കര എന്നീ ഗ്രാമപഞ്ചായത്തുകളിൽ തരിശ് സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലെ സാധ്യമായ സ്ഥലങ്ങളിലും, മറ്റു കൃഷിയിടങ്ങളിലും മികച്ചയിനം മാവിൻ തൈകൾ ശാസ്ത്രീയമായി 'ഹൈഡെൻസിറ്റി പ്ലാന്റിങ്' മാതൃകയിൽ നട്ടുപരിപാലിക്കുന്ന നൂതന പദ്ധതിയാണ് മാമ്പഴ സമൃദ്ധി. ഓരോ പഞ്ചായത്തുകളിൽ നിന്നും രണ്ടര ഹെക്ടർ എന്ന രീതിയിൽ 12.5 ഹെക്ടർ സ്ഥലമാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കൃഷിക്കായി ബ്ലോക്ക് പഞ്ചായത്ത് കണ്ടെത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി കണക്കാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് മാവിൻ തൈകളുടെ പരിപാലനം ഉറപ്പാക്കും. വീടുകളിൽ നടാനായി വിതരണം ചെയ്യുന്ന മാവിൻ തൈയ്ക്ക് 75 രൂപയും തെങ്ങിൻ തൈയ്ക്ക് 60 രൂപയുമാണ് വില ഈടാക്കുന്നത്. കൂടാതെ അഞ്ച് കിലോ ജൈവവളവും നൽകും.കൃഷിസ്ഥലങ്ങളിലെ വന്യമൃഗശല്യം കണക്കിലെടുത്ത് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ കർഷകരുടെ കൃഷി ലാഭകരമാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ സ്വീകരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി കുരങ്ങ്, പന്നി തുടങ്ങിയ മൃഗങ്ങൾ അധികം നശിപ്പിക്കാത്ത മഞ്ഞൾ കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി മാവിൻ തൈകളും, കുറിയ ഇനം തെങ്ങിൻ തൈകളുടെ വിതരണം ചെയ്തു. .
  22-2-2024
  ഹരിത പദവിയിൽ ജില്ലയിലെ 474 സ്ഥാപനങ്ങൾ.
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത പെരുമാറ്റചട്ട പാലനം ഉറപ്പാക്കിയ ജില്ലയിലെ 474 സ്ഥാപനങ്ങൾക്ക് ഹരിത സ്ഥാപനം പദവി. ശുചിത്വ മാലിന്യ സംസ്കരണവും ഹരിത ചട്ടപാലനവും ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പരിശോധന ഫോറം അടിസ്ഥാനമാക്കിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ ഘടക സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിൽ പരിശോധന നടത്തിയത്. 1163 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 882 സ്ഥാപനങ്ങൾ ഗ്രേഡിങ്ങിന് അർഹത നേടി. വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ചുള്ള ഗ്രേഡിങ്ങിൽ 474 സ്ഥാപനങ്ങൾക്ക് എ പ്ലസ്, എ ഗ്രേഡുകൾ ലഭിച്ചു. ഈ സ്ഥാപനങ്ങൾക്ക് അംഗീകാരമായി സാക്ഷ്യപത്രം സമ്മാനിക്കും. വരും ദിവസങ്ങളിൽ താഴ്ന്ന ഗ്രേഡ് ലഭിച്ച 689 സ്ഥാപനങ്ങളിൽ 15 ദിവസത്തെ ഇടവേളകളിൽ തുടർ പരിശോധന നടത്തിയും അടുത്ത ഘട്ടത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലും ഗ്രേഡിംഗ് നടപ്പിലാക്കിയും പരമാവധി സ്ഥാപനങ്ങളെ ഹരിതസ്ഥാപനങ്ങളാക്കി മാറ്റുക എന്നതാണ് ഹരിതകേരളം മിഷന്റെ ലക്ഷ്യം. പ്രത്യേകം തയ്യാറാക്കിയ ഫോറം അനുസരിച്ചുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ നൽകുന്ന ഗ്രേഡ് കണക്കാക്കിയാണ് ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തുന്നത്. എ പ്ലസ്, എ ഗ്രേഡ്, ബി ഗ്രേഡ്, നോ ഗ്രേഡ് എന്നിങ്ങനെയാണ് വിലയിരുത്തൽ. ഹരിത പെരുമാറ്റച്ചട്ടം ഉറപ്പാക്കൽ, ഖര-ദ്രവ മാലിന്യ സംസ്‌കരണം, ശുചിത്വം, ഇ മാലിന്യം ഒഴിവാക്കൽ തുടങ്ങിയ പതിനെട്ട് കാര്യങ്ങൾ പരിശോധിച്ച് ഓരോന്നിനും പരമാവധി അഞ്ച് മാർക്ക് വീതം 100 മാർക്ക് നൽകും. ഇതിനുപുറമേ ജലസംരക്ഷണ, ഊർജസംരക്ഷണ പ്രവർത്തനങ്ങൾ, മഴവെള്ള സംഭരണം ഉൾപ്പെടെയുള്ളവയ്ക്ക് 20 മാർക്കും ലഭിക്കും. ആകെ 120 മാർക്ക്. സ്ഥലവും മറ്റ് പരിമിതികളും കാരണം ചില സ്ഥാപനങ്ങൾക്ക് പച്ചത്തുരുത്ത് ഉൾപ്പെടെയുള്ളവ നടപ്പാക്കാൻ പ്രയാസമുണ്ടാകും എന്നതിനാലാണ് എ ഗ്രേഡ് കിട്ടുന്നവർക്കും ഹരിത സാക്ഷ്യപത്രം നൽകുന്നത്. .
  21-2-2024
  സീറോ കാര്‍ബണ്‍ അങ്കണവാടികള്‍; പുകയില്ലാത്ത അടുക്കള ഒരുക്കി അംഗന്‍ജ്യോതി.
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന എനര്‍ജി മാനേജ്മെന്റ് സെന്റര്‍ നടപ്പാക്കുന്ന അംഗന്‍ജ്യോതി പദ്ധതി പാലക്കാട് ജില്ലയിലും ആരംഭിച്ചു. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ എന്ന ലക്ഷ്യത്തിനായി നടപ്പാക്കുന്ന അംഗന്‍ജ്യോതി പദ്ധതി സീറോ കാര്‍ബണ്‍ അങ്കണവാടികള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലയിലെ അങ്കണവാടികളില്‍ പുകയില്ലാത്ത അടുക്കളകള്‍ ഒരുക്കുന്നു. അങ്കണവാടികളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി നിലവില്‍ എല്‍.പി.ജി ഗ്യാസുകളാണ് ഉപയോഗിക്കുന്നത്. അതിനു പകരം അങ്കണവാടികളില്‍ ഉപയോഗിക്കുന്ന പാചക ഉപകരണങ്ങള്‍ സൗരോര്‍ജ്ജ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാക്കി മാറ്റി അതുവഴി ഊര്‍ജസംരക്ഷണവും കാര്‍ബണടക്കമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കലും പദ്ധതി വിഭാവനം ചെയ്യുന്നു. സംസ്ഥാനത്ത് 33,115 അങ്കണവാടികളിലും അംഗന്‍ജ്യോതി പദ്ധതി നടപ്പാക്കാനുള്ള പരിപാടികള്‍ നടത്തും. 2050-ഓടുകൂടി കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കുന്നതിനാണ് പദ്ധതി ശ്രമിക്കുന്നത്.സോളാര്‍ സ്ഥാപിക്കുന്നതിലൂടെ ചെലവ് കഴിഞ്ഞ് അധിക വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. പ്രതിവർഷം പാചകവാതക ഇനത്തിൽ 9000 രൂപയും, വൈദ്യുതി ഇനത്തിൽ 4000 രൂപയും അംഗൻജ്യോതി പദ്ധതിയിലൂടെ ലാഭിക്കാനാകും. പദ്ധതിയുടെ ഭാഗമായി പെഡസ്റ്റല്‍ ഫാന്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ചാര്‍ജിങ് സ്റ്റേഷന്‍, ബള്‍ബുകള്‍, ഇന്‍ഡക്ഷന്‍ കുക്കറില്‍ ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ തുടങ്ങിയവ അങ്കണവാടികളില്‍ വിതരണം ചെയ്യും. .
  21-2-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി