സമീപകാലത്ത് പ്രസിദ്ധീകരിച്ച് ജില്ലാ പരിപാടികൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച് വളയവും പെരുമണ്ണയും, ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്തുകൾ.
ഡിജി കേരളം പദ്ധതിയിലൂടെ, ജില്ലയിൽ നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യ ഗ്രാമപഞ്ചായത്തുകളായി വളയവും പെരുമണ്ണയും. വളയം ഗ്രാമപഞ്ചായത്തില്‍ 2519 പഠിതാക്കളേയും, പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ 2543 പഠിതാക്കളേയും സര്‍വേയിലൂടെ കണ്ടെത്തുകയും അവര്‍ക്ക് അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരതയില്‍ പരിശീലനം നല്‍കുകയും ചെയ്തു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.14 വയസ്സിനു മുകളിലുള്ള ജില്ലയിലെ മുഴുവന്‍ ആളുകളെയും ഡിജിറ്റല്‍ സാക്ഷരതയുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായിട്ടാണ് ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിജി വീക്ക് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. ക്യാമ്പയിനോടെ ജില്ലയിലെ ഡിജിറ്റല്‍ സാക്ഷരത നിരക്ക് 100 ശതമാനമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷന്‍ തലങ്ങളില്‍ വിവിധ ഏജന്‍സികളെ ഉള്‍പ്പെടുത്തി സര്‍വേ, പരിശീലന പരിപാടികള്‍ ഏകോപിപ്പിക്കും. വാര്‍ഡ്, ഡിവിഷന്‍ തലങ്ങളില്‍ വീടുകളില്‍ സര്‍വേ നടത്തി ഡിജിറ്റല്‍ സാക്ഷരതയില്ലാത്തവരെ കണ്ടെത്തുകയും അവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്യും. ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡിജി കേരളം ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത ഡിജി കേരളം വളണ്ടിയര്‍മാരെ ഉപയോഗിച്ചാണ് സര്‍വേ, പരിശീലനം, മൂല്യനിര്‍ണയം എന്നിവ പൂര്‍ത്തിയാക്കുന്നത്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ വാര്‍ഡ് തലത്തില്‍ ഡിജി കേരളം പോര്‍ട്ടലില്‍ നല്‍കുന്ന വീടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വളണ്ടിയര്‍മാര്‍ സര്‍വേ പൂര്‍ത്തിയാക്കും. ഇതിനായി നിശ്ചിത വളണ്ടിയര്‍മാരെ വാര്‍ഡ് തലത്തില്‍ ഓണ്‍ലൈന്‍ വഴി നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് സര്‍വേയിലൂടെ കണ്ടെത്തുന്ന ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവര്‍ക്ക് പരിശീലനം നല്‍കും. മൂന്ന് ഘട്ടമായി അടിസ്ഥാന സാക്ഷരതയുമായി ബന്ധപ്പെട്ട 15 കാര്യങ്ങളാണ് പരിശീലനത്തില്‍ പഠിപ്പിക്കുക. ഓരോ ഘട്ടവും പൂര്‍ത്തിയായാല്‍ ഇവരെ ഓണ്‍ലൈനായി മൂല്യനിര്‍ണയത്തിനു വിധേയമാക്കും. മൂല്യനിര്‍ണയം വിജയിക്കാന്‍ ഒന്നിലധികം അവസരമുണ്ടാവും. ഇവ പൂര്‍ത്തിയായാല്‍ ഡിജിറ്റല്‍ പ്രോഗ്രസ് കാര്‍ഡ് ആപ്പില്‍ ലഭിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കുകയാണ് ചെയ്യുക.  .
  2-10-2024
  കാസർഗോഡ് 'കുട്ടി ചന്ത' ഒരുക്കി കുടുംബശ്രീ ബാലസഭ.
കുട്ടികൾ വിപണന കേന്ദ്രമൊരുക്കുന്നു എന്ന പ്രത്യേകതയുമായാണ് കാസർഗോഡ് കുടുംബശ്രീയുടെ കുട്ടിചന്തകൾ തുറക്കുന്നത്. വിദ്യാഭ്യാസ കാലയളവിൽ തന്നെ തൊഴിലിന്റെ മാഹാത്മ്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ചെറു സംരംഭ ആശയങ്ങൾ പകർന്ന് നൽകുന്നതും ലക്ഷ്യമിട്ട് ആണ് കാസർഗോഡ് കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭ 'കുട്ടി ചന്ത'യ്ക്ക് തുടക്കമിടുന്നത്.ബാലസഭയിൽ അംഗങ്ങളായ കുട്ടികൾ സ്‌കൂൾ അവധി ദിവസങ്ങളിൽ ജില്ലയിലെ 42 സിഡിഎസുകളിലും മാസത്തിലൊരിക്കൽ കുട്ടിച്ചന്തകൾ (ചെറിയ ചന്തകൾ) നടത്തുന്നു. കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന ബഡ്സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ, അവരുടെ രക്ഷിതാക്കൾ എന്നിവർ ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ, കുടുംബശ്രീ കാർഷിക, ചെറുകിട സംരംഭങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവയെല്ലാമാണ് 'കുട്ടി ചന്ത'കൾ വഴി വിറ്റഴിക്കുന്നത്. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക, ഉപജീവന നൈപുണ്യങ്ങൾ നൽകുക, സാമൂഹിക ഇടപെടലുകൾക്ക് അവസരമൊരുക്കുക എന്നിവയും 'കുട്ടി ചന്ത' ലക്ഷ്യമിടുന്നു.കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ, അഗ്രികൾച്ചർ, സോഷ്യൽ ഡെവലപ്പ്‌മെന്റ് കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവർ അതാത് സി.ഡി.എസിന്റെ നേതൃത്വത്തിലാണ് കുട്ടി ചന്തകളിലേക്ക് ഉത്പന്നങ്ങൾ എത്തിക്കുന്നത്. ചന്തകളിൽ നിന്ന് ലഭിക്കുന്ന തുക സി.ഡി.എസ് അക്കൗണ്ടിൽ നിക്ഷേപിച്ച് കുട്ടികളുടെ പഠന, പാഠ്യേതര വിഷയങ്ങൾക്ക് ഉപയോഗിക്കും..
  1-10-2024
  മനുഷ്യ-വന്യജീവിസംഘർഷങ്ങൾ ലഘൂകരിക്കാൻ - തിരുവനന്തപുരത്തെ മലയോര മേഖലകളിൽ ആനപ്രതിരോധ കിടങ്ങുകൾ.
മനുഷ്യ-വന്യജീവിസംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പോട്ടോമാവ് ആദിവാസി നഗറിൽ ആനപ്രതിരോധ കിടങ്ങുകൾ നിർമ്മിക്കുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ഒൻപത് പ്രദേശങ്ങളിൽ നബാർഡിന്റെ ധനസഹായത്തോടെ 2.77 കോടി രൂപ ചെലവഴിച്ച് 15.5 കിലോമീറ്റർ ദൂരത്തിൽ ആനപ്രതിരോധ കിടങ്ങുകൾ നിർമിക്കുന്നത്. മലയോരമേഖലകളായ കുളത്തൂപ്പുഴ, പാലോട്, പരുത്തിപ്പള്ളി എന്നിവിടങ്ങളിലെ വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലും ആദിവാസി ഉന്നതികളിലുമാണ് കിടങ്ങുകളുടെ നിർമ്മാണം. വന്യജീവി ആക്രമണം തടയുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ തരത്തിലുള്ള പ്രതിരോധ നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. ഘട്ടം ഘട്ടമായി മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാവുകയുള്ളു. വന്യമൃഗങ്ങൾ കാടിറങ്ങുന്നത് ഒഴിവാക്കുന്നതിനായി കാടിനുള്ളിൽ ജലലഭ്യതയും ഭക്ഷണവും ഉറപ്പു വരുത്തുന്നതിന് ചെറുകുളങ്ങൾ നിർമ്മിക്കകയും, ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്യും. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്.വനമേഖലയില്‍ കഴിയുന്ന എല്ലാ കര്‍ഷകരും വന്യജീവി ഇടപെടലുകളാല്‍ നിരന്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പലപ്പോഴും ഇവര്‍ സ്വയം കരുതലുകള്‍ വന്യജീവി ആക്രമങ്ങള്‍ക്കെതിരെ സ്വീകരിക്കാറുണ്ട്. അവര്‍ സ്വീകരിക്കുന്ന പ്രധാന മാര്‍ഗ്ഗം വൈദ്യുതവേലികളാണ്. വലകള്‍, കുരുക്കുകള്‍, പന്നിപ്പടക്കങ്ങള്‍, പി.വി.സി. തോക്കുകള്‍ എന്നിവയും ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം പ്രതിരോധമാര്‍ഗ്ഗങ്ങള്‍ പലപ്പോഴും അപ്രായോഗികവും അപര്യാപ്തവുമാണ്. ശാസ്ത്രീയവും ആസൂത്രിതവുമായ പ്രവർത്തനങ്ങളോടെ വന്യജീവി ആക്രമണ ഭീതിയില്ലാതെ ജീവിക്കാൻ മലയോര കർഷകർക്ക് സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. വന്യജീവി ആക്രമണ മരണങ്ങളില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ഇത്തരം പദ്ധതികൾ ലക്ഷ്യമിടുന്നത്. .
  28-9-2024
  ഓണം വിപണനമേളയിലെ താരമായി മാറിയ വരവൂർ ഗോൾഡ്.
ഈ കഴിഞ്ഞ ഓണക്കാലത്ത് തൃശ്ശൂരിലെ വരവൂർ പഞ്ചായത്ത് കുടുംബശ്രീ ഒരുക്കിയ ഓണ വിപണിയിൽ മിന്നും താരമായിരുന്നു വരവൂർ ഗോൾഡ്. കുടുംബശ്രീ കൃഷി സംഘങ്ങൾ 63 ഏക്കറിൽ വരവൂർ പാടത്ത് കൃഷി ചെയ്ത നല്ലൊന്നാന്തരം കൂർക്കയാണ് വരവൂർ ഗോൾഡ്. വിളവെടുക്കുമ്പോഴുള്ള പ്രത്യേക മണം തന്നെ വരവൂർ ഗോൾഡിനെ മറ്റ് കൂർക്ക ഇനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു. ഇടവിളയായി ചെയ്യുന്ന വിരിപ്പ് കൃഷിക്ക് പകരമായാണ് കൂർക്ക കൃഷി ചെയ്തത്. വിളവെടുപ്പ് കഴിഞ്ഞതോടെ മുണ്ടകൻ കൃഷിക്കായ് കൂർക്കച്ചെടിയുടെ തലപ്പും, വേരും ഉൾപ്പെടെ പാടത്ത് ഉഴുതുമറിച്ചു മണ്ണിനോട് ചേർത്തു. സാധാരണ വൃശ്ചിക മാസത്തിലാണ് നാട്ടിൽ പുറങ്ങളിൽ കൂർക്ക കൃഷി വിളവെടുപ്പ് തുടങ്ങുക. എന്നാൽ വരവൂരിലെ കുടുംബശ്രീയുടെ കൂർക്ക മൂന്നു മാസം മുമ്പേ വിപണി കയ്യടക്കും. വിദേശത്തേക്കു വരെ വരവൂർ ഗോൾഡ് കയറ്റുമതി ചെയ്യുന്നുണ്ട്. കർഷകർക്ക് നല്ല വിലയും ലഭിക്കുന്നുണ്ട്. വരവൂർ സി.ഡി.എസ് ഓണം വിപണന മേളയിൽ കിലോഗ്രാമിന് 100 രൂപ നിരക്കിലായിരുന്നു വിൽപ്പന. 400 കിലോഗ്രാം കൂർക്ക ഓണ വിപണിയിൽ വിറ്റഴിക്കാനും കഴിഞ്ഞു.കഴിഞ്ഞ വർഷം പഞ്ചായത്തിന്റെയും സിഡിഎസിന്റെയും നേതൃത്വത്തിൽ 25 ലക്ഷം രൂപയുടെ കൂർക്കയാണ് വരവൂരിൽ നിന്നും വിറ്റഴിച്ചത്. നിള ജെഎൽജി ഗ്രൂപ്പിന്റെ കൂർക്കയാണ് ഇത്തവണ വിപണിയിൽ എത്തിയത്. പുറത്ത് മാർക്കറ്റിൽ 180 രൂപ വരെയാണ് ഇതിന് വില ഈടാക്കുന്നത്..
  26-9-2024
  വിദ്യാർഥികൾക്ക് അഭിരുചി അനുസരിച്ച് അറിവും നൈപുണിയും: മലപ്പുറത്ത് 16 തൊഴിൽ നൈപുണി കേന്ദ്രങ്ങൾ.
വിദ്യാർഥികൾക്ക് അഭിരുചിക്ക് അനുസരിച്ച് തൊഴിൽ സാധ്യതയുള്ള അറിവും നൈപുണിയും നൽകുകയെന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലയിലെ 16 സ്‌കൂളുകളിൽ തൊഴിൽ നൈപുണി കേന്ദ്രങ്ങൾ (സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ) തുറക്കുന്നു. സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി ജില്ലയിൽ 15 ഹയർസെക്കന്ററി സ്‌കൂളുകളും രണ്ട് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകളുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. പൈലറ്റ് അടിസ്ഥാനത്തിൽ അരിമ്പ്ര ജി.വി.എച്ച്.എസ്.എസിൽ നേരെത്തെ തന്നെ നൈപുണി വികസന കേന്ദ്രം പ്രവർത്തനമാരംഭിച്ചിരുന്നു. മറ്റുള്ള 16 കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്.ഓരോ സെന്ററുകളിലും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള രണ്ടു ജോബ് റോളുകളുടെ 25 കുട്ടികൾ വീതമുള്ള ഓരോ ബാച്ചുകൾ വീതമാണ് ഉണ്ടാകുക. ഓരോ കേന്ദ്രത്തിനും 21.5 ലക്ഷം രൂപയാണ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി വിനിയോഗിക്കുന്നത്. എച്ച്.എസ്.എസ്/ വി.എച്ച്.എസ്.ഇ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ, ഔട്ട് ഓഫ് സ്‌കൂൾ കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ, സ്‌കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത് ഓപ്പൺ വിദ്യാഭ്യാസത്തിൽ പഠിക്കുന്നവർ, ഭിന്നശേഷി കുട്ടികൾ, ബിരുദ പഠനം നടത്തുന്നവർ, ഹയർസെക്കണ്ടന്ററി വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികൾ എന്നിവർക്ക് തൊഴിൽ നൈപുണി കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കാം.മങ്കട ജി.വി.എച്ച്.എസ്.എസ്, പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ്, വേങ്ങര ജി.വി.എച്ച്.എസ്.എസ്, ചെട്ടിയാംകിണർ ജി.വി.എച്ച്.എസ്.എസ്, ബി.പി അങ്ങാടി ഗേൾസ് ജി.വി.എച്ച്.എസ്.എസ്, പുറത്തൂർ ജി.എച്ച്.എസ്.എസ്, പറവണ്ണ ജി.വി.എച്ച്.എസ്.എസ്, കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ്, തവനൂർ കെ.എം.പി.ബി.ജി.വി.എച്ച്.എസ്.എസ്, മഞ്ചേരി ജി.ജി.വി.എച്ച്.എസ്.എസ് ആന്റ് ടി.എച്ച്.എസ്, പെരിന്തൽമണ്ണ ജി.വി.എച്ച്.എസ്.എസ്, നിലമ്പൂർ ജി.വി.എച്ച്.എസ്.എസ്, വണ്ടൂർ ഗേൾസ് ജി.വി.എച്ച്.എസ്.എസ്, കീഴുപറമ്പ ജി.വി.എച്ച്.എസ്.എസ്, തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, തൃക്കാവ് ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്..
  25-9-2024
  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യ ത്രോംബക്ടമി ചികിത്സ.
സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജിൽ ഇന്റർവെൻഷൻ ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരമായി പൂർത്തിയാക്കി. പക്ഷഘാതം ബാധിതനായ രോഗിക്കാണ് മെക്കാനിക്കൽ ത്രോമ്പക്ടമിയിലൂടെ ചികിത്സ നൽകിയത്. ധമനിയിൽ നിന്നോ സിരയിൽ നിന്നോ രക്തം കട്ടപിടിക്കുന്നത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് ത്രോംബെക്ടമി. കാലുകൾ, കൈകൾ, കുടൽ, വൃക്കകൾ, തലച്ചോറ് അല്ലെങ്കിൽ മറ്റ് സുപ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാൻ ഈ പ്രക്രിയലിലൂടെ സാധ്യമാകും. ആദ്യമായാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ബാഹ്യ സഹായമില്ലാതെ മെക്കാനിക്കൽ ത്രോമ്പക്ടമി ചെയ്യുന്നത്. താരതമേന്യ ചെലവ് കൂടിയ ചികിത്സാ രീതിയാണ് മെക്കാനിക്കൽ ത്രോമ്പക്ടമി.  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗത്തെ കോമ്പ്രിഹെൻസീവ് സ്ട്രോക്ക് സെന്ററായി (സമഗ്ര പക്ഷാഘാത പരിചരണ വിഭാഗം) അടുത്തിടെ വികസിപ്പിച്ചിരുന്നു. ഇതിന്റെ ഭഗമായി പുതിയ ചികിത്സാ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പക്ഷാഘാത പരിചരണത്തിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ സാധിക്കും. .
  24-9-2024
  അരനൂറ്റാണ്ടിന് ശേഷം ആലങ്ങാടൻ ശർക്കര വീണ്ടും വിപണിയിലേക്ക്‌.
ചരിത്ര പ്രസിദ്ധവും പെരിയാറിന്റെ തീരപ്രദേശമായ ആലങ്ങാട് ഗ്രാമത്തിൻ്റെ തനത് ഉൽപന്നവുമായ ആലങ്ങാടൻ ശർക്കര വീണ്ടും വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങുന്നു. ഗുണമേൻമയിൽ ഏറെ മുന്നിലായിരുന്ന ആലങ്ങാടൻ ശർക്കരയുടെ ഉൽപാദനം പ്രതിസന്ധികളിൽ പെട്ട് നിലച്ചുപോയിരുന്നു. ഇപ്പോൾ കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് സഹകരണ ബാങ്കാണ് 43 വർഷങ്ങൾക്ക് ശേഷം ആലങ്ങാടൻ ശർക്കര വീണ്ടും ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. കരിമ്പ് കൃഷിയും ശർക്കര ഉൽപാദനവും ടൂറിസവുമായി ബന്ധപ്പെടുത്തി വീണ്ടും മൂല്യവർധിത പ്രകിയയായി വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.  ഓരോ വീട്ടിലും ശർക്കര ആല ഉണ്ടായിരുന്നതിനാലാണ് ആലങ്ങാട് എന്ന പേര് വന്നത് എന്നാണ് സങ്കൽപം. ഫലഭൂയിഷ്ഠമായ പെരിയാറിന്റെ എക്കൽ മണ്ണിൽ വിളഞ്ഞ കരിമ്പിൽ നിന്നാണ് ശർക്കര ഉണ്ടാക്കിയിരുന്നത്. ഗുണമേന്മയിൽ ഏറെ മുന്നിലായിരുന്ന ആലങ്ങാടൻ ശർക്കര വിവിധ ആയുർവേദ ഉല്പന്നങ്ങളുടേയും മരുന്നുകളുടെയും മുഖ്യ ചേരുവയായിരുന്നു. മനുഷ്യ ശരീരത്തിൽ അനാവശ്യമായി കടന്നുകൂടുന്ന കാർബൺ ഇല്ലാതാക്കാൻ ആലങ്ങാടൻ ശർക്കര കഴിക്കുന്ന രീതിയുണ്ടായിരുന്നു. പ്രാചീന കൃതികളിലും മറ്റും ആലങ്ങാടൻ ശർക്കരയെ പരാമർശിച്ചിട്ടുമുണ്ട്. എന്നാൽ പിന്നീട് പ്രതിസന്ധികളിൽ പെട്ട് ശർക്കരനിർമ്മാണം നിലച്ചു പോയി.ആലങ്ങാട് സഹകരണ ബാങ്കിന്റെയും, കൃഷി വിജ്ഞാൻ കേന്ദ്രയുടേയും, ആലങ്ങാട് ഗ്രാമ പഞ്ചായത്തിൻ്റേയും സഹകരണത്തോടെ വ്യാവസായിക അടിസ്ഥാനത്തിൽ ആലങ്ങാടൻ ശർക്കരയുടെ നിർമ്മാണത്തിനായി 42 സെൻറ് സ്ഥലത്ത് വിപുലമായ ശർക്കര നിർമ്മാണ പ്ലാൻറ് നിർമ്മിച്ചു. ഒരു ദിവസം ആയിരം കിലോ ശർക്കര ഉല്പാദിപ്പിക്കാൻ പ്ളാൻ്റിന് കഴിയും. കൃഷി വകുപ്പ്, സഹകരണ വകുപ്പ്, കേരള ബാങ്ക്, കാർഷിക സർവ്വകലാശാല, നബാർഡ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശർക്കര ഉത്പാദനം ആരംഭിച്ചത്. കൃഷി വിപുലമാകുന്ന മുറയ്ക്ക് ശർക്കര ഉല്പാദനത്തിലും വലിയ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. .
  24-9-2024
  ടൂറിസം സാധ്യതകളിലേക്ക് ചിറകുവിരിച്ച് പുന്നമട-നെഹ്‌റു ട്രോഫി പാലം.
ആലപ്പുഴ പുന്നമടയാറിന്റെ കരയിൽ താമസിക്കുന്ന ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്‌നം യാഥാർത്ഥ്യത്തിലേക്ക്. അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട വാർഡിനെയും നെഹ്‌റു ടോഫി വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 'പുന്നമട - നെഹ്‌റു ട്രോഫി പാലം' നിർമാണത്തിന് തുടക്കം. ആലപ്പുഴ നഗരത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന നെഹ്‌റു ട്രോഫി മുനിസിപ്പൽ വാർഡ് നിവാസികളുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് പ്രദേശവാസികളുടെയും യാത്ര ദുരിതം ഇല്ലാതാക്കുവാനും ഈ പ്രദേശങ്ങളിലെ ടൂറിസം വികസനവും പദ്ധതി ലക്ഷ്യമിടുന്നു. തണ്ണീർമുക്കം ആലപ്പുഴ റോഡിൽ നിന്നും ആലപ്പുഴ ടൗണിൽ കയറാതെ എ.സി. റോഡിൽ എത്താനും ആലപ്പുഴ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വിഭാവനം ചെയ്തിരിക്കുന്ന പള്ളാത്തുരുത്തി കിഴക്കൻ ബൈപ്പാസിന്റെ അലൈന്മെന്റിൽ ഉൾപ്പെടുന്നതാണ് പുന്നമടപാലം. പുന്നമട കായലിലൂടെയുള്ള ഹൗസ് ബോട്ട് ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ജലപാതയ്ക്ക് തടസം വരാത്ത രീതിയിൽ ഇൻ ലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ടാണ് പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്. പാലത്തിന്റെ നീളം 384.1 മീറ്ററാണ്. 12 മീറ്റർ നീളമുള്ള 25 സ്പാനുകളും 72.05 മീറ്ററിന്റെ ബോ സ്ട്രിങ് ആർച്ച് മാതൃകയിലുള്ള ജല ഗതാഗത സ്പാനുമാണ് പാലത്തിനുള്ളത്. കൂടാതെ, ഇരു കരകളിലുമായി 110 മീറ്റർ അപ്രോച്ച് റോഡും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ മണ്ണ് പരിശോധന, സർവേ എന്നിവയ്ക്ക് ശേഷം കിഫ്ബിയിലേക്ക് ഡിപിആർ തയ്യാറാക്കി സമര്‍പ്പിച്ചു.2016 - 17 വർഷത്തെ ബജറ്റിൽ ഉൾപ്പെട്ട പദ്ധതിക്ക് 25 കോടി രൂപയുടെ ഭരണാനുമതിയും. 2018ൽ 44.80 കോടി രൂപയുടെ സാമ്പത്തികാനുമതിയും ലഭിച്ചു. പദ്ധതിക്കായി 7.99 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്ത സ്ഥലം റവന്യൂ വകുപ്പിൽനിന്ന് 2023 ഓഗസ്റ്റിൽ കെആർഎഫ്ബിക്കു കൈമാറി. കിഫ്ബിയിൽ യിൽ നിന്ന് പുതിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള 57.40 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ലഭിച്ചതിനെ തുടർന്ന് കെഎസ്ഇബി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി 22.14 ലക്ഷം രൂപയും കേരള വാട്ടർ അതോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി 27 ലക്ഷം രൂപയും അതാത് വകുപ്പുകൾക്ക് കൈമാറി. യാത്ര ദുരിതത്തിന് അന്ത്യം കുറിക്കുന്നതിനൊപ്പം പുന്നമട-നെഹ്റു ട്രോഫി പാലം ചിറകുവിരിക്കുന്ന ടൂറിസം സ്വപ്നങ്ങളും ജനങ്ങളുടെ പ്രതീക്ഷകൾ ഉയർത്തുന്നു..
  23-9-2024
  അഭ്യസ്ത വിദ്യർക്ക് തൊഴിൽ; വിജ്ഞാന ആലപ്പുഴ' പദ്ധതിയുമായി ജില്ല പഞ്ചായത്ത്.
അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയുമായി ആലപ്പുഴ ജില്ല പഞ്ചായത്ത്. 'വിജ്ഞാന ആലപ്പുഴ' എന്ന പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ജില്ലാ പഞ്ചായത്ത് ഒരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ കെഡിസ്‌ക്, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. ജില്ലാ പഞ്ചായത്ത് 2022- 23 പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഡിവിഷണുകളിൽ സംഘടിപ്പിച്ച തൊഴിൽ മേളകളിൽ 3500 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരുന്നു.  ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളും കുടുംബശ്രീ മിഷനും വിജ്ഞാന ആലപ്പുഴ പദ്ധതിയിൽ അണിചേരും. തൊഴിൽ തേടുന്നവരെയും തൊഴിൽ ദാദാക്കളെയും ഒരു തട്ടകത്തിൽ കൊണ്ടുവരുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ 1,03,442 തൊഴിൽ അന്വേഷകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരെ തൊഴിലിന് പ്രാപ്തരാക്കി തൊഴിലവസരങ്ങൾ മുന്നോട്ടുവയ്ക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി വിവരശേഖരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. ഇങ്ങനെ കണ്ടെത്തിയവരെ ഉൾപ്പെടുത്തി ബ്ലോക്ക് തലത്തിൽ സമിതി രൂപീകരിച്ച് പരിശീലനം നൽകും. വിദ്യാഭ്യാസം യോഗ്യതയും തൊഴിൽ താൽപര്യവും അനുസരിച്ച് രജിസ്റ്റർ ചെയ്യുന്ന തൊഴിൽ അന്വേഷികരെ വിവിധ കാറ്റഗറികളിലായി തിരിക്കും. തൊഴിൽ ദാദാക്കൾ ആവശ്യപ്പെടുന്നതനുസരിച്ച് യോഗ്യതയുള്ളവരെ വിവരമറിയിക്കും. അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് പ്രസ്തുത ജോലിക്കായി അപേക്ഷ നൽകണം. തൊഴിൽ അന്വേഷകരെ സഹായിക്കുന്നതിനായി ജില്ലയിലെ 12 ബ്ലോക്കുകളിലും ബ്ലോക്ക്തല സംവിധാനം പ്രവർത്തന സജ്ജമാക്കും. തൊഴിലിൽ പ്രവേശിക്കാൻ ആവശ്യമായ നൈപുണ്യ പരിശീലനമാണ് പ്രധാനമായും നൽകുക. അഭിമുഖ പരിശീലനം, വ്യക്തിത്വ വികസന പരിശീലനം, ഇംഗ്ലീഷ് പരിശീലനം, സ്‌കിൽ ഗ്യാപ് ട്രെയിനിങ് എന്നിവയും സംഘടിപ്പിക്കും. കരിയർ ബ്രേക്ക് സംഭവിച്ചവർക്ക് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ ആവശ്യമായ പരിശീലനങ്ങൾ നൽകുന്നതോടൊപ്പം വർക്ക് ഫ്രം ഹോം, വർക്ക് നിയർ സാധ്യതകൾ പരിശോധിച്ചു അതിനുള്ള സംവിധാനങ്ങളും ഒരുക്കും..
  19-9-2024
  കുടുംബശ്രീയുടെ പ്രീമിയം കഫേ ഇനി പത്തനംതിട്ടയിൽ.
കൈപുണ്യത്തിന്റെയും ശുചിത്വത്തിന്റെയും മികവുമായി രുചിയുടെ ലോകത്ത് കാലുറപ്പിച്ച കുടുംബശ്രീയുടെ പ്രീമിയം കഫേ, എം.സി റോഡില്‍ പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അനിമിറ്റി സെന്ററിൽ പ്രവർത്തനമാരംഭിച്ചു. സംസ്ഥാനമൊട്ടാകെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രീമിയം കഫേ ശൃഖലയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 2024 ജനുവരി 27ന് എറണാകുളം അങ്കമാലിയിലാണ് ആദ്യ പ്രീമിയം കഫേ തുടങ്ങിയത്. പിന്നീട് തൃശ്ശൂരില്‍ ഗുരുവായൂരും, വയനാട്ടിലെ മേപ്പാടിയിലും പ്രീമിയം കഫേകള്‍ ആരംഭിച്ചു. ഇന്ന് പത്തനംതിട്ടയില്‍ കുടുംബശ്രീ തുടക്കം കുറിച്ച പ്രീമിയം കഫേ ഈ ശൃംഖലയിലെ നാലാമത്തെ കഫേയാണ്. സംരംഭകര്‍ക്ക് വരുമാന വര്‍ദ്ധനവ് നേടുന്നതിനൊപ്പം വനിതകളുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ഭക്ഷ്യശൃംഖല രൂപീകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കാന്റീന്‍ കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴില്‍ രംഗത്ത് ഉയര്‍ന്ന തലത്തില്‍ എത്തിക്കുകയെന്നതും പ്രീമിയം കഫേകളിലൂടെ ലക്ഷ്യമിടുന്നു. പരിശീലനം ലഭിച്ച 17 വനിതകളുടെ നേതൃത്വത്തില്‍ രാത്രി 11 വരെയാണ് കഫേയുടെ പ്രവര്‍ത്തനം. പാചക വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണ വിതരണം, പാഴ്‌സല്‍ സര്‍വീസ്, കാറ്ററിങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, ശുചിത്വം, മികച്ച മാലിന്യ സംസ്‌കരണ ഉപാധികള്‍ എന്നിവ കഫേയിലൊരുക്കിയിട്ടുണ്ട്. .
  12-9-2024
  സംസ്ഥാനത്ത് ആദ്യത്തെ വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസുമായി ആലപ്പുഴ.
വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ബസ്സുകളിൽ സുഖകരമായ യാത്ര ഒരുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസ്സ് സർവീസിന് ആലപ്പുഴ ജില്ലയിൽ തുടക്കമായി. ജില്ല നിയമ സേവന അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ജില്ല നിയമ സേവന അതോറിറ്റി തയാറാക്കിയ വിദ്യാർത്ഥി സൗഹൃദ സർവീസ് സ്റ്റിക്കറുകൾ ബസ്സുകളിൽ പതിപ്പിച്ചു.എൻഎഎൽഎസ്എ സ്‌കീം 2015ൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ആദ്യഘട്ടമായി സിറ്റി സർവീസുകളിലാണ് സ്റ്റിക്കറുകൾ പതിപ്പിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ഏഴ് മണി വരെ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കുന്ന കാര്യം സ്റ്റിക്കറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷക്കാലം ഇവ നിരീക്ഷിക്കും. ഏറ്റവും സൗഹൃദപരമായി സർവീസ് നടത്തുന്ന ബസുകൾക്ക് റിപ്പബ്ലിക് ദിനത്തിൽ റിവാർഡ് നൽകും. കുട്ടികളുടെ മാനസികവും കായികവുമായ ഉല്ലാസത്തിനുള്ള കാര്യങ്ങൾ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട് അതോടൊപ്പം ഇത്തരം പരിപാടിയിലൂടെ അവരുടെ സുരക്ഷക്ക് കൂടി പരിഗണന നൽകുകയാണ് ജില്ലാഭരണകൂടം. .
  9-9-2024
  പച്ചത്തുരുത്തിൽ സെഞ്ച്വറി കടന്ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ 101 മത് ജൈവ വൈവിധ്യ പച്ചതുരുത്ത് സൃഷ്ടിച്ച് ഹരിത കേരളം മിഷൻ. പ്രകൃതി പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ ഭാഗമായാണ് നഗരൂർ ഗ്രാമപഞ്ചായത്തിൽ ശ്രീശങ്കര ട്രസ്റ്റിന് കീഴിലുള്ള ഭൂമിയിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പച്ചത്തുരുത്ത് നിർമിച്ചത്. ബോട്ടാണിക്കൽ ഗാർഡനിൽ നിന്നും ഹരിത കേരള മിഷൻ ശേഖരിച്ച 500 തൈകളും തദ്ദേശീയമായി ലഭ്യമാക്കിയ 500 തൈകളും ഉപയോഗിച്ച് തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് നഗരൂർ ശ്രീശങ്കര ട്രസ്റ്റിന് കീഴിലുള്ള രണ്ട് ഏക്കർ സ്ഥലത്ത് പച്ചത്തുരുത്ത് നിർമിച്ചത്. ശ്രീശങ്കര വിദ്യാപീഠം കോളേജ് മുൻഭാഗത്ത് ഔഷധത്തോട്ടവും, സ്‌കൂളിന് സമീപമുള്ള കിഴക്കുഭാഗത്ത് ഫലവൃക്ഷതൈകളും, സ്‌കൂളിന് തെക്കുഭാഗത്ത് പൊക്കം കുറഞ്ഞ ഫലവൃക്ഷതൈകളും, ക്ഷേത്രകാവിനു സമീപം കാവ് സംരക്ഷണം നൽകുന്നതിന് സഹായിക്കുന്ന വൃക്ഷങ്ങളും, കോളേജിനോട് ചേർന്ന് സംരക്ഷിത തൈകളും, ക്ഷേത്രകുളം മുതൽ ക്ഷേത്രം വരെ ക്ഷേത്രത്തിന് ഉപയോഗപ്രദമാകുന്ന, ചെടികളുമാണ് വെച്ചുപിടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും. കരവാരം പഞ്ചായത്തിൽ 46, നഗരൂർ പഞ്ചായത്തിൽ 14, നാവായിക്കുളം പഞ്ചായത്തിൽ 10 , പുളിമാത്ത് പഞ്ചായത്തിൽ ഒൻപത് , കിളിമാനൂർ പഞ്ചായത്തിൽ ഒൻപത്, പള്ളിക്കൽ പഞ്ചായത്തിൽ ആറ്, മടവൂർ പഞ്ചായത്തിൽ നാല്, പഴയ കുന്നുമ്മൽ പഞ്ചായത്തിൽ രണ്ട് എന്നിങ്ങനെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 100 പച്ചത്തുരുത്തുകളാണ് ഉള്ളത്. കരവാരം, പുളിമാത്ത്, നഗരൂർ, പള്ളിക്കൽ, മടവൂർ, കിളിമാനൂർ ഗ്രാമപഞ്ചായത്തുകളിലും മാതൃക പച്ചത്തുരുത്തുകളും സ്ഥിതിചെയ്യുന്നുണ്ട്. .
  6-9-2024
  അതിനൂതന ഹൃദയ ശസ്ത്രക്രിയമാര്‍ഗങ്ങള്‍ വികസിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളേജ്; ഇത് ആരോഗ്യരംഗത്തെ അഭിമാന നേട്ടം.
രക്തക്കുഴലുകളുടെ വീക്കം പരിഹാരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയമാർഗങ്ങൾ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് ആന്റ് വാസ്‌കുലാർ സർജറി വിഭാഗം. അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം, സബ്‌ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം. സങ്കീർണമായ അവസ്ഥകളിൽ ഈ രക്തക്കുഴൽ വീർത്ത് പൊട്ടി മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരം സങ്കീർണമായ അവസ്ഥകളിൽ ഫലപ്രദമായ നൂതന ശസ്ത്രക്രിയാ രീതികളാണ് കോട്ടയം മെഡിക്കൽ കോളേജ് വിജയിപ്പിച്ചത്. അപൂർവമായി ഹൃദയത്തിനുണ്ടാകുന്ന സങ്കീർണമായ അവസ്ഥയായ സബ് മൈട്രൽ അന്യൂറിസത്തിന്റെ ചികിത്സയ്ക്കായി ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം ശസ്ത്രക്രിയയാണ് നടത്തിയത്. ഹൃദയം നിർത്തിവെച്ച ശേഷം ഹൃദയം തുറന്ന് സങ്കീർണമായ ശസ്ത്രക്രിയയാണ് പരമ്പരാഗതമായി ചെയ്തിരുന്നത്. എന്നാൽ എക്കോകാർഡിയോഗ്രാഫിയുടെ സഹായത്തോടെ, ഹൃദയം നിർത്തി വയ്ക്കാതെ, മിടിക്കുന്ന ഹൃദയത്തിൽ പുറത്തുനിന്ന് ശസ്ത്രക്രിയ നടത്തുന്ന നൂതന രീതിയാണ് അവലംബിച്ചത്. ഈ രീതിയിലൂടെ ഹൃദയം പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ശസ്ത്രക്രിയ നടത്താൻ കഴിയുന്നത് മൂലം അപകട സാധ്യതകൾ കുറയുകയും, ശസ്ത്രക്രിയ കൂടുതൽ ഫലപ്രദമാകുകയും ചെയ്യുന്നു. കൈയിലേക്കും തലച്ചോറിലേക്കും രക്തം എത്തിക്കുന്ന രക്തക്കുഴലിനുള്ള സങ്കീർണമായ വീക്കമായ സബ്‌ക്ലേവിയൻ അർട്ടറി അന്യൂറിസത്തിനും നൂതന ചികിത്സാ രീതി വികസിപ്പിച്ചെടുത്തു. മുൻവശത്തെ മാറെല്ലും വാരിയെല്ലുകളും തുറന്നാണ് പരമ്പരാഗതമായി ശസ്ത്രക്രിയ നടത്തിയിരുന്നത്. എന്നാൽ ചെറിയ മുറിവിലൂടെ ശസ്ത്രക്രിയ നടത്തുന്നതാണ് പുതിയ രീതി. ഇത് മൂലം ശസ്ത്രക്രിയയുടെ ദൈർഘ്യം കുറയ്ക്കാനും രക്തനഷ്ടം കുറയ്ക്കാനും സാധിക്കുന്നു. മാത്രമല്ല രോഗിയുടെ ആരോഗ്യം പെട്ടെന്ന് മെച്ചപ്പെടുകയും ചെയ്യുന്നു. അതിസങ്കീർണമായ ഹൃദയ ശസ്ത്രക്രിയകളിൽ വിജയം കൈവരിച്ച ഈ നൂതന രീതികൾ, പരമ്പരാഗത ഹൃദയ ശസ്ത്രക്രിയാ രീതികളിൽ നിന്നും വലിയ മുന്നേറ്റമാണ്. നിലവിൽ തുടരുന്ന ചികിത്സാ രീതിയിൽ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. പുതിയ ശസ്ത്രക്രിയാ രീതികളുടെ അംഗീകാരമായി അന്നൽസ് ഓഫ് തൊറാസിക് സർജറി എന്ന അന്താരാഷ്ട്ര ജേണലിൽ https://www.annalsthoracicsurgeryshortrep.org/article/S2772-9931(24)00267-5/fulltetx പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്ത് അത്യപൂർവമായി മാത്രം കാണുന്ന ക്യൂട്ടിസ് ലാക്‌സ തൊറാസിക് അയോർട്ടിക് അന്യൂറിസം എന്ന ജനിതക രോഗത്തിനുള്ള സങ്കീർണ ശസ്ത്രക്രിയ വിജയകരമാക്കി കാർഡിയോതൊറസിക് വിഭാഗം കഴിഞ്ഞ വർഷവും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഇവിടെ നടക്കുന്ന ഗവേഷണങ്ങൾ, സാധാരണ രോഗികൾക്ക് ഫലപ്രദമായ നൂതന ചികിത്സ ഉറപ്പുവരുത്തുകയും ചികിത്സാ ചെലവ് കുറക്കുകയും ചെയ്യുന്നു. കോട്ടയം മെഡിക്കൽ കോളേജിന്റെ നേട്ടം കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മികവിനുള്ള ഒരു ഉദാഹരണമാകുന്നു. .
  4-9-2024
  സ്മാർട്ട് ഫങ്ഷനിൽ തിളങ്ങി പ്രവച്ചമ്പലം - കരമന റോഡ്; ഇ-സാങ്കേതിക വിദ്യ കേരളത്തിൽ ആദ്യം.
ഇന്റർനെറ്റ് ഉപയോഗിച്ച് നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന വൈദ്യുതി വിളക്കുകൾ സ്ഥാപിച്ച് സ്മാർടായി തിരുവനന്തപുരം. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയാണ് തിരുവനന്തപുരം കരമന-പ്രാവച്ചമ്പലം മേഖലയിൽ നടപ്പിലാക്കിയത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചര കിലോമീറ്റർ വരുന്ന റോഡിന്റെ മീഡിയനുകളിൽ ആണ് ലൈറ്റുകൾ സ്ഥാപിച്ച് സുന്ദരമാക്കിയത്.സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി 4.9 കോടി രൂപ ചെലവിൽ ഒമ്പത് മീറ്റർ ഉയരമുളള 184 തൂണുകളിലായി പിയു കോട്ടഡ് വൈറ്റ് കോണിക്കൽ പോളുകളിൽ 170 വാട്്‌സ് ന്യൂട്രൽ വൈറ്റ് ബൾബുകളാണുള്ളത്. 170 തൂണുകളിൽ രണ്ട് ബൾബു വീതവും കരമന ഭാഗത്ത് 14 തൂണിൽ ഓരോ ബൾബു വീതവും. മൂന്ന് സ്മാർട്ട് മോണിറ്ററിങ് പാനലും സ്ഥാപിച്ചിട്ടുണ്ട്. നേമം, കാരയ്ക്കാമണ്ഡപം, പാപ്പനംകോട് എന്നിവിടങ്ങളിലാണ് കൺട്രോൾ യൂണിറ്റുകളുള്ളത്. ഇന്റർനെറ്റ് മുഖേന പ്രവർത്തനം നിയന്ത്രിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയായതിനാൽ റോഡിന്റെ തിരക്കിനനുസൃതമായി വൈകിട്ട് ആറ് മുതൽ രാവിലെ ആറുവരെ പ്രകാശം കൂട്ടാനും കുറയ്ക്കാനും സാധിക്കും. പ്രത്യേകം സിഗ്നലും സീബ്രലൈനുകളും ഇല്ലാത്ത ഭാഗങ്ങളിൽ റോഡ് മുറിച്ചു കടക്കുന്നതിനെ തുടർന്നുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി 4.75 കീലോമീറ്റർ നീളത്തിൽ ഇരുമ്പ് വേലി സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലങ്ങളിൽ ഡിവൈഡറിൽ പാഴ്‌ചെടികൾ വളർന്ന് യാത്രക്കാർക്ക് കാഴ്ചതടസ്സം ഉണ്ടാക്കുന്നത് ഒഴിവാക്കാനും മാലിന്യ നിക്ഷേപം തടയുന്നതിനുമായി ജംങ്ഷനുകളിലെല്ലാം 50 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്..
  2-9-2024
  പാരമ്പര്യത്തിന്റെയും അനുഭവസമ്പത്തിന്റെയും 'മറയൂർ മധുരം' വിപണിയിലേക്ക്.
ശർക്കര നിർമാണത്തിന്റെ വിവിധതലങ്ങളിൽ പരമ്പരാഗതമായി ഏർപ്പെട്ടിരുന്ന മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ പട്ടികവർഗ വിഭാഗത്തിൽ നിന്നും സ്വന്തം ബ്രാൻഡ് 'മറയൂർ മധുര'മെന്ന പേരിൽ വിപണിയിലേക്ക്. പട്ടികവർഗ വിഭാഗത്തിന്റെ പരമ്പരാഗത തൊഴിലുകൾ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച- 'സഹായകിരൺ' പദ്ധതിയിലുൾപ്പെടുത്തിയാണ് ശർക്കര നിർമാണ യൂണിറ്റ് യാഥാർഥ്യമാക്കിയത്. കേന്ദ്ര SCA to TSS ഫണ്ട് ഉപയോഗപ്പെടുത്തി സംസ്ഥാന പട്ടികവർഗ വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടികവർഗ അംഗങ്ങൾ നിയന്ത്രിക്കുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം. കാലങ്ങളായി കരിമ്പുകൃഷി മുതൽ ശർക്കര നിർമാണം വരെ ചെയ്തിരുന്ന 150 കുടുംബങ്ങളെ ഉൾപ്പെടുത്തി 'മറയൂർകാന്തല്ലൂർ ട്രൈബൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി' രൂപീകരിച്ചു.പട്ടിക വർഗ കർഷകരുടെ കൈവശമുള്ള ഭൂമിയിലെ കരിമ്പ് കൃഷിക്ക് മതിയായ വില ലഭ്യമാക്കുകയും അതോടൊപ്പം ശർക്കര നിർമ്മാണത്തിന്റെ ലാഭം പൂർണമായും പട്ടികവർഗ മേഖലയിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 25 ഓളം പേർക്ക് പ്രത്യക്ഷത്തിലും 300 പേർക്ക് പരോക്ഷമായും തൊഴിൽ നൽകാൻ സംരംഭത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. ഗുണനിലവാരമുള്ള ശർക്കര വിപണിയിലെത്തിക്കാനും പ്രാദേശിക കരിമ്പുകർഷകർക്ക് ന്യായവില ഉറപ്പാക്കാനും ഇതിലൂടെ കഴിയും. പ്രതിദിനം 1000 കിലോ ശർക്കര ഉൽപ്പാദിപ്പിക്കാനാകും. ചില്ലറ വിപണിയെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. 30 ലക്ഷം രൂപ പദ്ധതി ചെലവിൽ കാന്തല്ലൂർ പഞ്ചായത്തിലെ ദണ്ട്‌കൊമ്പ് കോളനിയിൽ ആണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.'മറയൂർ മധുര'ത്തിന്റെ ശർക്കര ഓണക്കാലത്ത് വിപണിയിലെത്തും. .
  31-8-2024
  എറണാകുളം ജില്ലയില്‍ നിന്ന് ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രം; ഒരുങ്ങി വേങ്ങൂര്‍ പാണിയേലി പോര്.
വിനോദസഞ്ചാര മേഖലയില്‍ ഹരിത പെരുമാറ്റച്ചട്ടം വിഭാവനം ചെയ്ത് ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ ആദ്യ മാതൃക ഹരിത ടൂറിസം കേന്ദ്രമാകാനുള്ള തയാറെടുപ്പിലാണ് പാണിയേലി പോര്. മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ വേങ്ങൂര്‍ പഞ്ചായത്തിലാണ് പാണിയേലി പോര്. ഒഴുകിവരുന്ന പെരിയാര്‍ നദിയിലെ വെള്ളം പാറക്കൂട്ടങ്ങളില്‍ തട്ടി പോരടിച്ചു ശബ്ദം ഉണ്ടാക്കുന്നതുകൊണ്ടാണ് ഈ സ്ഥലത്തിനു 'പാണിയേലി പോര് ' എന്ന പേര് വന്നതു എന്നാണ് കഥ. കൂറ്റന്‍ മരത്തൂണുകള്‍ കൊണ്ടുണ്ടാക്കിയ കമാനം വരെയാണ് വാഹനങ്ങള്‍ക്കു പ്രവേശനമുള്ളൂ. പാസ് വാങ്ങി വീതി കുറഞ്ഞ വഴികളിലൂടെ നടന്നു കാഴ്ചകള്‍ കാണാം.രാവിലെ എട്ടു മുതല്‍ അഞ്ചു മണി വരെയാണ് പ്രവേശനം. കാടിനുള്ളിലൂടെ ഒഴുകിയെത്തുന്ന പുഴയാണ് പാണിയേലിയുടെ ഭംഗി. കാട്ടിലെ വഴിയിലൂടെ നടന്ന് പെരിയാര്‍ നദിയെയും കണ്ട് ആ വെള്ളത്തില്‍ കളിച്ചുല്ലസിക്കാനാണ് മുഖ്യമായും ആളുകള്‍ ഇവിടെ എത്തുന്നത്. പോരിന്റെ മുഖ്യ കവാടത്തില്‍ നിന്നും ഏകദേശം മുന്നൂറു മീറ്റര്‍ ദൂരം കാട്ടിലൂടെ, പെരിയാറിനരുകിലൂടെ നടക്കാനായി നടപ്പാത ഒരുക്കിയിട്ടുണ്ട്. കാനന കാഴ്ചകളൊരുക്കിയ പാണിയേലി പോരിലെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നത്.ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യ സംസ്‌കരണം, ഒറ്റ തവണ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ കര്‍ശനമായ നിരോധനം നടപ്പാക്കല്‍,ബദല്‍ സംവിധാനം ഏര്‍പ്പെടുത്താല്‍,ടോയ്‌ലറ്റ് സംവിധാനവും ദ്രവ മാലിന്യ സംസ്‌കാരണവും കുറ്റമറ്റതാക്കല്‍,എം സി എഫ്, മിനി എം സി എഫുകള്‍, ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കല്‍,സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉറപ്പുവരുത്തി കൊണ്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രമാകുന്നത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍,വനം വകുപ്പ്, വന സംരക്ഷണ സമിതി, രാജഗിരി വിശ്വജ്യോതി കോളേജ് എന്നിവരുടെ സഹകരണത്തോടെ മെഗാ ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു..
  30-8-2024
  കേരള ബ്രാൻഡ് പദ്ധതിയിൽ രണ്ട് സ്ഥാപനങ്ങൾ, മികച്ച നേട്ടവുമായി കണ്ണൂർ ജില്ല.
സംസ്ഥാനത്ത് ഗുണമേന്മയുള്ള ഉത്പന്നങ്ങൾക്ക് അവതരിപ്പിക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന കേരള ബ്രാൻഡ് പദ്ധതിയിൽ മികച്ച നേട്ടവുമായി കണ്ണൂർ. കണ്ണൂർ ജില്ലയിലെ രണ്ട് സ്ഥാപനങ്ങൾക്ക് കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചു. അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡിന്റെ കീഴിലുള്ള സഹകാരി ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിംഗ് പ്ലാന്റ്, തളിപ്പറമ്പ നടുവിൽ മീൻപ്പറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കെ എം ഓയിൽ ഇൻഡസ്ട്രീസ് എന്നീ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾക്കാണ് ജില്ലയിൽ ആദ്യമായി കേരള ബ്രാന്റ് ലഭിച്ചത്.ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ആറ് സ്ഥാപനങ്ങൾക്ക് ആണ് കേരള ബ്രാൻഡ് അംഗീകാരം ലഭിച്ചത്.കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നേടുന്ന ഉത്പന്നങ്ങൾക്ക് ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ കേരള ബ്രാൻഡ് നാമത്തിൽ വിപണനം ചെയ്യാനാകും. ഗുണനിലവാരം, ഉത്പാദനത്തിലെ മൂല്യങ്ങൾ എന്നിവ പരിഗണിച്ചാണ് കേരള ബ്രാൻഡിംഗ് നൽകുന്നത്. തുടക്കത്തിൽ വെളിച്ചെണ്ണയ്ക്കും തുടർന്ന് 14 ഉത്പന്നങ്ങൾക്കുമാണ് കേരള ബ്രാൻഡിംഗ് നൽകുന്നത്..
  30-8-2024
  നീതി അയോഗ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൽ പരപ്പ ബ്ലോക്കിന് ഒന്നാം റാങ്ക്.
നീതി അയോഗ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം ഡിസംബർ 2023 (ക്വാർട്ടർ) റാങ്കിംഗിൽ സൗത്ത് സോൺ തലത്തിൽ പരപ്പ ബ്ലോക്കിന് ഒന്നാം റാങ്ക്. ദക്ഷിണ മേഖലയിലെ കേരളം, തമിഴ്നാട് കർണാടക ആന്ധ്രപ്രദേശ് തെലങ്കാന സംസ്ഥാനങ്ങളിലെ 64 ബ്ലോക്കുകളിൽ നിന്നുമാണ് പരപ്പ ബ്ലോക്ക് ഒന്നാമതെത്തിയത്.ആരോഗ്യവും പോഷകവും വിദ്യാഭ്യാസം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, അടിസ്ഥാന സൗകര്യം, സാമൂഹിക വികസനം എന്നീ അഞ്ചു വിശാല മേഖലകളിലെ 39 സൂചകങ്ങളിലെ വളർച്ച ആണ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം ലക്ഷ്യമാക്കുന്നത് പരപ്പ ബ്ലോക്ക് പരിധിയിലെ കിനാനൂർ കരിന്തളം, പനത്തടി, കള്ളാർ, കോടോം ബേളൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകളിലെ പ്രവർത്തനങ്ങളാണ് ഈ നേട്ടം കൈവരിക്കുന്നതിന് കാരണമായത്. ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൻ്റെ ഭാഗമായി സമ്പൂർണത അഭിയാൻ എന്ന പരിപാടിയാണ് നിലവിൽ പഞ്ചായത്തിൽ നടക്കുന്നത്. ഗുണഭോക്തൃ രജിസ്ട്രേഷൻ, സമ്പൂർണത മേള സാംസ്കാരിക പരിപാടികൾ എ ബി സി ഡി പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിച്ച പരപ്പബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ വികസനത്തിനുള്ള നിരവധി പദ്ധതികൾ നിലവിൽ നടപ്പിലാക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ഡയബറ്റിസ്, ഹൈപ്പർ ടെൻഷൻ ജീവിത ശൈലി നിർണ്ണയ ക്യാപുകളും, കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സോയിൽ ഹെൽത്ത് കാർഡ് വിതരണത്തിനുള്ള മണ്ണ് പരിശോധന ക്യാമ്പുകളും, കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്വയം സഹായ ഗ്രൂപ്പുകൾക്ക് റിവോൾവിംഗ് ഫണ്ട് വിതരണത്തിനുള്ള പ്രവർത്തനങ്ങളും , ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ ഗർഭിണികൾക്കുള്ള പോഷകാഹാര വിതരണവും നടപ്പിലാക്കി വരുന്നു. .
  24-8-2024
  കുട്ടികളുടെ അമിത പഞ്ചസാര ഉപയോഗം തടയാൻ ഷുഗർ ബോർഡ് പദ്ധതി.
കുട്ടികളിലുള്ള അമിതമായ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഷുഗർ ബോർഡ് (SUGAR BOARD) എന്ന പേരിൽ പുത്തൻ പദ്ധതി ആവിഷ്‌കരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്. ലഘുപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്കരണ ബോർഡ് (SUGAR BOARD) സ്‌കൂളുകളിൽ സ്ഥാപിച്ച് കുട്ടികളിൽ പഞ്ചസാരക്കെതിരെ അവബോധം സൃഷ്ടിക്കുക ആണ് പദ്ധതിയുടെ ലക്ഷ്യം. ഭക്ഷ്യസുരക്ഷ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് കോഴിക്കോട് നടക്കാവ് വൊക്കേഷണൽ ഹയർസെക്കൺഡറി സ്‌കൂളിൽ തുടക്കമിട്ടു. അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദയരോഗങ്ങൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകാം. ഒരാൾക്ക് ഒരു ദിവസം പരമാവധി 3 ടീ സ്പൂൺ (15g) പഞ്ചസാര വരെയാണ് ICMR (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) ശുപാർശ ചെയ്യുന്നത്. ഇത് സാധാരണ രണ്ട് നേരത്തെ ചായയിലൂടെയോ പാനീയങ്ങളിലൂടെയോ ശരീരത്തിലെത്തുന്നു. എന്നാൽ ലഘുപാനീയങ്ങളിൽ 10 മുതൽ 15% വരെ പഞ്ചസാര കാണപ്പെടുന്നു. ഇടവേളകളിൽ നമ്മൾ കുടിക്കുന്ന 300ാഹ ലഘുപാനീയങ്ങളിൽ 30ഴ മുതൽ 40ഴ വരെ പഞ്ചസാര നമ്മുടെ ശരീരത്തിൽ അധികമായി എത്തുന്നു. ഇത് ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും, പ്രത്യേകിച്ച് കുട്ടികളിൽ. പഞ്ചസാരയുടെ അളവിനെ കുറിച്ച് വിദ്യാർത്ഥികളിൽ അറിവുണ്ടാക്കാൻ ഷുഗർ ബോർഡ് സഹായിക്കും. ഇത്തരം ബോർഡുകൾ സ്‌കൂളുകളുമായി സഹകരിച്ച് ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സ്ഥാപിക്കുവാനുള്ള തയാറെടുപ്പിലാണ് ഭരണകൂടം. .
  23-8-2024
  'ഒപ്പം' പദ്ധതി: ആദ്യ ആക്‌സസ് കഫേ പ്രവർത്തനം തുടങ്ങി.
ഭിന്നശേഷിക്കാർക്കായി മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഒപ്പം' ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ 'ആക്‌സസ് കഫേ' കളക്ടറേറ്റ് കോൺഫറൻസ് ഹാളിന് മുൻവശം പ്രവർത്തനമാരംഭിച്ചു. ഭിന്നശേഷിക്കാർക്ക് സ്ഥിര വരുമാനം നൽകുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് ഭിന്ന ശേഷി സൗഹൃദ കഫേകൾ സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാർക്കു തന്നെയാണ് കഫേയുടെ നടത്തിപ്പു ചുമതല. ചാപ്പനങ്ങാടി പി എം എസ് എ എ വി എച്ച്എസ് സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റാണ് ആദ്യത്തെ ആദ്യത്തെ കഫേ സ്‌പോൺസർ ചെയ്തത്. കാപ്പി, ചായ, ചെറുകടികൾ എന്നിവയാണ് കഫേയിൽ വിൽപന നടത്തുക. നടുവിൽ വീൽചെയറിൽ ഇരുന്ന് ചായ കൊടുക്കാനും ചെറുകടികൾ നൽകാനും സൗകര്യമാകുന്ന രീതിയിലാണു നിർമാണം. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു മണി വരെ കഫേ പ്രവർത്തിക്കും. ഭിന്നശേഷിക്കാരനായ ഒതുക്കുങ്ങൽ മുനമ്പത്ത് സ്വദേശി എ.കെ. ശംസുദ്ദീൻ ആണ് ആദ്യ കഫേയുടെ ഗുണഭോക്താവ്. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിശീലനവും പിന്തുണയും നൽകി അവരുടെ ജീവിതസുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഒപ്പം' പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തുമായി ചേർന്ന് ഒപ്പം പദ്ധതിയിൽ മലപ്പുറം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ഇത്തരം 'ആക്‌സസ് കഫേ'കൾ ഭിന്നശേഷിക്കാർക്ക് നൽകാനുള്ള ശ്രമത്തിലാണ് ഭരണകൂടം. .
  22-8-2024
  പോഷക സമൃദ്ധം പ്രഭാതം പദ്ധതി : പ്രഭാത ഭക്ഷണം നൽകിയത് 22,791 കുട്ടികൾക്ക്.
കളമശ്ശേരി മണ്ഡലത്തിലെ സ്കൂളുകളിൽ സൗജന്യ പ്രഭാതഭക്ഷണം നൽകുന്ന 'പോഷകസമൃദ്ധം പ്രഭാതം' പദ്ധതി വഴി കഴിഞ്ഞ 3 വർഷത്തിനിടെ പ്രഭാത ഭക്ഷണം നൽകിയത് 22,791 കുട്ടികൾക്ക് . സ്കൂൾ കുട്ടികൾക്ക് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നൽകണമെന്ന ലക്ഷ്യത്തോടെ പ്രത്യേകമായൊരു പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ നിയമസഭാ മണ്ഡലമാണ് കളമശ്ശേരി. കളമശ്ശേരി നിയോജകമണ്ഡലത്തിലെ 39 സർക്കാർ എയ്ഡഡ് സ്കൂളുകളിലെ എൽ. പി, യു.പി വിദ്യാർഥികൾക്കാണ് പദ്ധതി വിഭാവനം ചെയ്‍തത്. ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെ പദ്ധതി ആവിഷ്കരിച്ചത്. കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വികാസത്തിന് പോഷക സമൃദ്ധമായ പ്രഭാതഭക്ഷണം പ്രധാന പങ്കുവഹിക്കുന്നന്നു അതിനാൽ വീട്ടിൽനിന്ന് പല കാരണങ്ങളാൽ പ്രഭാതഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമാകും വിധത്തിൽ സാർവത്രിക പ്രഭാതഭക്ഷണ പരിപാടി നടപ്പിലാക്കിയത്. .
  16-8-2024
  കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ‘കുട്ടിയിടം’.
വയനാട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘കുട്ടിയിടം’ പദ്ധതി തുടങ്ങി. കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി മാനസിക സംഘര്‍ഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പുകളിൽ കുട്ടികള്‍ ഒറ്റപ്പെട്ട് പോവുന്നത് തടയുക, ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും കുട്ടികളെ മുക്തരാക്കുക എന്നിവയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. കുട്ടികൾക്ക് വിവിധ കളികളിലും ചിത്രരചന, കളറിങ് തുടങ്ങിയ വിനോദങ്ങളിലും ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണ് കുട്ടിയിടം. ദുരന്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മേപ്പാടി സെന്‍റ് ജോസഫ്സ് യു പി സ്കൂള്‍, മേപ്പാടി സെന്റ് ജോസഫ്സ് ഹൈസ്കുള്‍, കല്‍പ്പറ്റ എസ് കെ എം ജെ എച്ച് എസ് എസ്, ചുണ്ടേല്‍ ആര്‍ സി എല്‍ പി സ്‌കൂള്‍, കോട്ടനാട് യു പി സ്കൂള്‍, കാപ്പംകൊല്ലി ആരോമ ഇന്‍, അരപ്പറ്റ സി എം എസ്, റിപ്പണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേപ്പാടി എച്ച് എസ്, കല്‍പ്പറ്റ എസ് ഡി എം എല്‍ പി സ്കൂള്‍, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി, കല്‍പ്പറ്റ ഡീപോള്‍, മേപ്പാടി ജി എല്‍ പി എസ് എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലാണ് നിലവില്‍ കുട്ടിയിടം പദ്ധതി ആരംഭിച്ചത്. പൊതുജനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് കുട്ടികള്‍ക്കാവശ്യമായ കളറിങ് ബുക്കുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ലഭിച്ചത്. കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനായി മാജിക് ഷോ, നാടന്‍ പാട്ടുകള്‍ തുടങ്ങി വിവിധ പരിപാടികളും കുട്ടിയിടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. യൂണിസെഫുമായി സഹകരിച്ച് കുട്ടികള്‍ക്കായി ആര്‍ട്ട് തെറാപ്പിയും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്. .
  6-8-2024
  ഡയപ്പറുകൾ ഇനി വലിച്ചെറിയണ്ട - ഡയപ്പർ ഡിസ്ട്രോയെരുമായി എളവള്ളി പഞ്ചായത്ത്.
ഡയപ്പറുകൾ സംസ്കരിക്കാൻ സ്വന്തമായി ഒരു യന്ത്രം തന്നെ രൂപകൽപ്പന ചെയ്ത എളവള്ളി ഗ്രാമപഞ്ചായത്ത്. കിടപ്പുരോഗികളും കുട്ടികളും ഉപയോഗിക്കുന്ന ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും കത്തിക്കാൻ ഗ്രീൻ ഇൻസിനറേറ്റർ തയ്യാറാക്കിയിരിക്കുകയാണ് പഞ്ചായത്ത്. ഡയപ്പർ കത്തിക്കുമ്പോഴുണ്ടാവുന്ന പൊടിപടലങ്ങൾ, പ്രകൃതിക്ക്‌ ദോഷം വരുന്ന വാതകങ്ങൾ എന്നിവ നീക്കം ചെയ്യുന്ന സംവിധാനമുള്ള ഇൻസിനേറ്ററാണിത്‌. പുഴയ്‌ക്കൽ വ്യവസായ പാർക്കിൽ ആരംഭിച്ച 4 ആർ ടെക്നോളജീസ് കമ്പനിയാണ്‌ ഇൻസിനേറ്റർ നിർമിക്കുന്നത്‌. തൃശൂർ എളവള്ളി പഞ്ചായത്തിൽ സ്ഥാപിച്ചതിന്റെ ട്രയൽ റൺ വിജയകരമായിരുന്നു. ഇതിലൂടെ ശാസ്ത്രീയമായി ഡയപ്പർ സംസ്കരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായി മാറുകയാണ് എളവള്ളി.പ്രസ്തുത ഇൻസിനറേറ്ററിൽ, ഒന്നാമത്തെ ചേംബറിൽ നിക്ഷേപിക്കുന്ന ഡയപ്പറുകൾ 850 ഡിഗ്രി സെന്റിഗ്രേഡിലാണ് ഓട്ടോമാറ്റിക് ഇൻഡസ്ട്രിയൽ ബർണറുകളിൽ കത്തിക്കുന്നത്. ആദ്യ ബർണറിൽ പ്രവർത്തന താപനില 850 ഡിഗ്രി സെന്റിഗ്രേഡും രണ്ടാമത്തെ ചേംബറിൽ 1050 ഡിഗ്രി സെന്റിഗ്രേഡുമായി ക്രമീകരിക്കും. എൽപിജിയാണ്‌ ഇന്ധനം. ഉയർന്ന ജ്വലനംമൂലം കാർബൺ മോണോക്‌സൈഡ്‌ പോലുള്ള വിഷ വാതകങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല. വെള്ളം പുനരുപയോഗിക്കാവുന്ന തരത്തിലാണ് ഇൻസിനറേറ്റർ നിർമ്മിച്ചിരിക്കുന്നത്. നൂറടി ഉയരത്തിൽ തുരുമ്പു പിടിക്കാത്ത സ്റ്റീൽകൊണ്ടാണ്‌ ചിമ്മിനി നിർമാണം. പറുത്തുപോവുന്ന പുക പ്രകൃതിക്ക്‌ ദോഷമില്ലാത്ത വെളുത്ത നിറത്തിലുള്ളതായിരിക്കും. പ്ലാന്റിന്‌ 30 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. മണിക്കൂറിന് രണ്ട് കി.ഗ്രാം എൽപിജി ഉപയോഗിക്കുന്ന പ്ലാന്റിൽ 45 മിനിറ്റിനുള്ളിൽ 60 ഡയപ്പറുകൾ കത്തിക്കാം. ഉപഭോക്താക്കളുടെ പട്ടിക തയ്യാറാക്കി വാർഡ് തോറും ഇലക്ട്രിക് ഓട്ടോ വഴി ഡയപ്പർ ശേഖരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.ഡയപ്പറുകൾ സംസ്കരിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത കേരളത്തിലെ വളരെ രൂക്ഷമായ പ്രശ്നമാണ്. തിരുവനന്തപുരത്തും കൊച്ചിയിലും ഉൾപ്പെടെ സ്വകാര്യ സംരംഭകരുമായി ചേർന്ന് നഗരസഭകൾ ഈ പ്രവർത്തനം ഏകോപിപ്പിക്കുന്നു. സ്വന്തം സംവിധാനമോ സ്വകാര്യ സംരംഭകരുമായി ചേർന്നോ സൗകര്യം ഒരുക്കാൻ നഗരസഭകൾ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്, പലതും പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. നഗരങ്ങളോട് ചേർന്നുള്ള ക്ലസ്റ്ററുകളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്കും ഈ സൗകര്യം ഉപയോഗിച്ച് ഡയപ്പറുകൾ സംസ്കരിക്കാനുള്ള സൗകര്യം വൈകാതെ ഒരുക്കാനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്..
  25-7-2024
  ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 'ഒപ്പം' പദ്ധതി.
മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന 'ഒപ്പം ഇനീഷ്യേറ്റീവ്' പദ്ധതിക്ക് തുടക്കമായി. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലനവും പിന്തുണയും നല്‍കുകയും അതു വഴി അവരുടെ ജീവിത സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് 'ഒപ്പം' പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാരുടെ സമഗ്രവികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്നും, മറ്റുള്ളവരെപ്പോലെ അവരെയും ചേര്‍ത്തുനിര്‍ത്തേണ്ടത് സമൂഹത്തിന്റെ പ്രധാന കടമയാണ് എന്നുമുള്ള കാഴ്ചപ്പാടോടെ ആരംഭിക്കുന്ന ആക്‌സസ് (അസോസിയേഷന്‍ ഫോര്‍ ഡിസബിലിറ്റി കെയര്‍, കംപാഷന്‍, എജ്യുക്കേഷന്‍, സപ്പോര്‍ട്ട് ആന്റ് സര്‍വ്വീസസ്) മലപ്പുറത്തിന്റെ ആദ്യ ഘട്ടമായാണ് 'ഒപ്പം' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായുള്ള ശാക്തീകരണ പരിപാടികളാണ് 'ഒപ്പം' പദ്ധതിയുടെ ഭാഗമായി നടത്തുക. വിദഗ്ധ പരിശീലനം നല്‍കി കേരള പി.എസ്.സി, എസ്.സ്.സി, യു.പി.എസ്.സി തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്കായി ഭിന്നശേഷിക്കാരെ സജ്ജരാക്കും. അതോടൊപ്പം സ്വകാര്യ മേഖലയിലെ തൊഴില്‍ദാതാക്കളെ കണ്ടെത്തി ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയും നടക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രത്യേകം വിവര ശേഖരണം നടത്തിയാണ് ഓരോ ഭിന്നശേഷിക്കും അനുയോജ്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്തുക.   ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യം നല്‍കി സ്വയം തൊഴില്‍ ആരംഭിക്കുന്നതിനുള്ള നടപടികളും 'ഒപ്പം' പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിക്കുന്നുണ്ട്. മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്നുള്ള സൗജന്യ ചെസ് പരിശീലനം എന്നീ പദ്ധതികള്‍ക്ക് ഇതിനകം തുടക്കമായിട്ടുണ്ട്. മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് 'ഒപ്പം' പദ്ധതിയുടെ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുന്ന 'ഭിന്ന ശേഷി സേവന കേന്ദ്രം' ആയും ഓഫീസ് പ്രവര്‍ത്തിക്കും. കോഴിക്കോട് ആസ്ഥാനമായ എന്‍.ജി.ഒ പ്രജാഹിത ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്..
  19-7-2024
  ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്തിന്റെ ചര്‍ക്ക വിതരണ പദ്ധതി.
ജില്ലയിലെ 15 ബഡ്സ് സ്‌ക്കൂളുകളിലെ അഞ്ച് വീതം ഭിന്നശേഷി വിഭാഗക്കാര്‍ക്കായി നൂല്‍ നൂല്‍പ്പ് (നൂല്‍ നിര്‍മ്മാണം) തൊഴിലിനുളള സജ്ജീകരണങ്ങള്‍ നല്‍കികൊണ്ട് അവര്‍ക്കായി ഒരു വരുമാന മാര്‍ഗ്ഗം തുറന്നിടുകയാണ് ജില്ല പഞ്ചായത്ത് . 23-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മാര്‍ച്ച് 12-ന് ആരംഭിച്ച ജില്ലാ പഞ്ചായത്തിന്റെ ചര്‍ക്കവിതരണ പദ്ധതിപ്രകാരം അഞ്ച് ചര്‍ക്കകള്‍ വീതം ഒരു ബഡ്സ് സ്‌ക്കൂളിന് എന്ന കണക്കില്‍ 75 ചര്‍ക്കകളും ഇരിപ്പിട സൗകര്യങ്ങളുമാണ് ജില്ലാ പഞ്ചായത്ത് വിതരണം ചെ്തത്. കണ്ണാടി ബഡ്സ് സ്‌ക്കൂളിലാണ് പ്രവര്‍ത്തനത്തിന് തുടക്കമായത്. പദ്ധതിക്കായി 18 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്.  ഖാദി ബോര്‍ഡിനായി ചര്‍ക്കകളില്‍ നൂല്‍നൂല്‍ക്കുന്ന തൊഴിലാണ് നടക്കുന്നത്. പഞ്ഞി പോലുളള അനുബന്ധ സാമഗ്രികളെല്ലാം ഖാദി ബോര്‍ഡാണ് കൊടുക്കുക. ഒരു കഴി നൂലിന് 10 രൂപയാണ് വേതനം. 120 രൂപ ക്ഷാമബത്തയും, സര്‍ക്കാറിന്റെ മിനിമം വരുമാന പൂരക പദ്ധതി പ്രകാരം ഒരു കഴിക്ക് 4.90 രൂപ വീതവും ഇന്‍സെന്റീവ് 60 പൈസയും കിട്ടും. ഒരു ദിവസം കുറഞ്ഞത് അഞ്ച് കഴി നൂല്‍ നൂറ്റാല്‍ 200 രൂപ വരെ വേതനമായി കിട്ടും.നൂല്‍നൂല്‍പ്പിനുളള വേതനം ഖാദി ബോര്‍ഡാണ് നല്‍കുക. ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുളള 24 ശതമാനം അംശദായത്തില്‍ 12 ശതമാനം ഖാദി ബോര്‍ഡും ബാക്കി 12 ശതമാനം ഈ ഭിന്നശേഷി വിഭാഗം തൊഴിലാളികളുടെ വേതനത്തില്‍ നിന്നും ഈടാക്കും. ബഡ്സ് സ്‌ക്കൂളില്‍ നിന്ന് 18 വയസ്സിന് മുകളിലുളള അഞ്ച് പേരെയാണ് പ്രസ്തുത പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കുറഞ്ഞത് 100 ദിവസം തൊഴില്‍ ചെയ്താല്‍ ഖാദി ബോര്‍ഡിന്റെ ക്ഷേമനിധി ബോര്‍ഡില്‍ അംഗമാക്കും. തുടര്‍ന്ന് എംപ്ലോയ്മെന്റ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പ്രകാരമുളള ചികിത്സ സഹായം, ഭവനനിര്‍മ്മാണ സഹായം തുടങ്ങിയ ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങളും ലഭിക്കും. കണ്ണാടി, കിഴക്കഞ്ചേരി, എരിമയൂര്‍, മാത്തൂര്‍, കുത്തന്നൂര്‍, മുതുതല, വിളയൂര്‍, പരുതൂര്‍, തൃത്താല, തൃക്കടീരി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, എലപ്പുള്ളി, ആലത്തൂര്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുളള 15 ബഡ്സ് സ്‌ക്കൂളുകള്‍ക്കാണ് ജില്ലാ പഞ്ചായത്ത് ചര്‍ക്ക വിതരണം നടത്തിയത്. വരുമാനത്തിന് പുറമെ ഏകാഗ്രത വര്‍ദ്ധിക്കുകയും നല്ലൊരു വ്യായാമവും കൂടിയായി മാറുകയാണ് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഈ പ്രവര്‍ത്തനം..
  17-7-2024
  വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍.
മികച്ച ശിശു സൗഹൃദ സേവനങ്ങൾക്ക് നൽകുന്ന ദേശീയ ​ഗുണനിലവാര അം​ഗീകാരമായ മുസ്കാൻ സർട്ടിഫിക്കേഷൻ സ്വന്തമാക്കി വയനാട് മെഡിക്കൽ കോളേജ്. 95 ശതമാനം സ്‌കോറോടെയാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയത്.നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുന്നതുമാണ് മുസ്‌കാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസം ഉൾപ്പെടെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. എസ്.എൻ.സി.യു., എൻ.ബി.എസ്.യു., പ്രസവാനന്തര വാർഡ്, പീഡിയാട്രിക് ഒപിഡി, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് മുസ്‌കാൻ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. നേരത്തെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് 96 ശതമാനം സ്‌കോറോടെ മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ 2 ആശുപത്രികൾക്കാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചത്. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സിൽ (എൻക്യുഎഎസ്) ഏറ്റവും ഉയർന്ന സ്‌കോർ നേടിയ (99) മലപ്പുറം കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തെ അടുത്തിടെ രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ഇതുവരെ ആകെ 175 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരവും 76 ആശുപത്രികൾക്ക് പുന:അംഗീകാരവും ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളിൽ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്..
  15-7-2024
  വെസ്റ്റ് കല്ലട ഫ്‌ളോട്ടിങ് സോളാർ പദ്ധതി - ചതുപ്പു ഭൂമിയിൽ സൗരോർജ്ജ നിലയം.
കേരളത്തിലാദ്യമായി കർഷകരുടെ പങ്കാളിത്തത്തോടെ കൃഷിയോഗ്യമല്ലാത്ത ചതുപ്പു ഭൂമിയിൽ സൗരോർജ്ജ നിലയം സ്ഥാപിച്ച് വൈദ്യുതിയുത്പാദിപ്പിക്കുന്ന പദ്ധതിയാണ് വെസ്റ്റ് കല്ലട ഫ്‌ളോട്ടിങ് സോളാർ പദ്ധതി. കല്ലട നിവാസികളുടെ സ്വപ്നപദ്ധതിയാണ് 50 മെഗാവാട്ട് വൈദ്യുതോത്പാദന ശേഷിയുള്ള പ്രസ്തുത പദ്ധതി. ഇവിടെനിന്നുള്ള വൈദ്യുതോർജ്ജ വരുമാനത്തിന്റെ മൂന്ന് ശതമാനം ഭൂവുടമകൾക്ക് ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.ആഭ്യന്തര ഊർജ്ജോത്പാദനം വർദ്ധിപ്പിക്കുക, ഹരിതോർജ്ജം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും സംയുക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന നിരവധി പദ്ധതികളിൽ ശ്രദ്ധേയമായ ഒന്നാണ് വെസ്റ്റ് കല്ലട ഫ്‌ളോട്ടിങ് സോളാർ പദ്ധതി. സംസ്ഥാനത്തിന്റെ നെറ്റ് സീറോ കാർബൺ ലക്ഷ്യം കൈവരിക്കുന്നതിനു സഹായകമായ ഈ പദ്ധതി, കുന്നത്തൂർ താലൂക്കിലെ പടിഞ്ഞാറേ കല്ലട വില്ലേജിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള, ചെളിയും മണലും ഖനനം ചെയ്തു വെള്ളത്തിൽ മുങ്ങിയ, കൃഷിക്കനുയോജ്യമല്ലാതായിത്തീർന്ന 300 ഏക്കറോളം ഭൂമിയിലാണ് യാഥാർഥ്യമാകുന്നത്. ഭൂവുടമകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന തരത്തിൽ വിഭാവനം ചെയ്തിരിക്കുന്നു എന്നതാണ് വെസ്റ്റ് കല്ലട പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകൾക്കുവേണ്ടി വെസ്റ്റ് കല്ലട നോൺ കൺവെൻഷണൽ എനർജി പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (M/S WKNCEPPL) എന്ന കമ്പനി രജിസ്റ്റർ ചെയ്യുകയും ഭൂമി ഉപയോഗിക്കാനായുള്ള അവകാശം ഭൂവുടമകൾ കമ്പനിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതി NHPC യുടെ സഹായത്തോടെ നടപ്പിലാക്കുന്നതിനും ഉത്പാദിപ്പിക്കുന്ന വൈദ്യുതി KSEBL വാങ്ങുന്നതിനും തീരുമാനമായിട്ടുമുണ്ട്.വെസ്റ്റ് കല്ലട പദ്ധതി നടപ്പിലാക്കുന്നതിനുള്ള അംഗീകാരം കേന്ദ്ര നവ പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിൽ (MNRE) നിന്നും നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷന് (NHPC) ലഭിച്ചിട്ടുണ്ട്. NHPC-യും വെസ്റ്റ് കല്ലട നോൺ കൺവെൻഷണൽ എനർജി പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡും (WKNCEPPL)തമ്മിലുള്ള പാട്ടക്കരാർ നടപ്പിലാക്കിയതിന് ശേഷം പദ്ധതിക്ക് ആവശ്യമായ സ്വകാര്യ ഭൂമി കൈമാറുന്നതിന് WKNCEPPL-മായി നേരിട്ട് കരാർ സ്ഥാപിക്കും.പദ്ധതി വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി 3 രൂപ 4 പൈസ അഥവ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന നിരക്കിൽ കെ എസ് ഇ ബി വാങ്ങുന്നതിന് തീരുമാനമായിട്ടുണ്ട്. കെ എസ് ഇ ബിയും എൻ എച്ച് പി സിയും തമ്മിലുള്ള ഡ്രാഫ്റ്റ് പവർ പർച്ചേസ് എഗ്രിമെന്റ് ഒപ്പുവച്ചതിനുശേഷം അനുമതിക്കായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് സമർപ്പിക്കും. 2026 മുതൽ ഭൂവുടമകൾക്ക് ഇതിൽ നിന്നുള്ള വരുമാനം ലഭിച്ചുതുടങ്ങും.സംസ്ഥാനത്തെ പുനരുപയോഗ ഊർജ്ജോത്പാദനം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും സംയുക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഫലമായി 1100 മെഗാവാട്ട് സോളാർ സ്ഥാപിത ശേഷി എന്ന വലിയ നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചു. കർഷകർക്ക് കൃഷിഭൂമികളിൽ നിന്ന് അധിക വരുമാനം ലഭ്യമാകുന്ന പി.എം. കുസും സോളാർ പദ്ധതി, സ്ഥല പരിമിതി മറികടക്കാൻ ജലാശയങ്ങളിൽ ഫ്ലോട്ടിംഗ് സോളാർ പദ്ധതി, കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ഉന്നത ശേഷിയുളള പവനോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതി, അധിക ഹരിതോർജ്ജം സംഭരിച്ച് ആവശ്യാനുസരണം പിക്ക് മണിക്കൂറുകളിൽ ഉപയോഗിക്കുവാനായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം തുടങ്ങിയ പദ്ധതികൾ പുരോഗമിക്കുകയാണ്..
  12-7-2024
  പൈതൃക സ്മാരക സംരക്ഷണവും, പ്രദേശിക വികസനവും ലക്ഷ്യമിട്ട് മുസിരിസ് സംരക്ഷണ പദ്ധതികൾ.
സംസ്ഥാനത്തിനുടനീളമുള്ള പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം, സ്മാരകങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശത്തേയും, അവിടത്തെ സമൂഹത്തേയും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് മുസിരിസ് സംരക്ഷണ പദ്ധതികൾ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി പുതുക്കി പണിത ചേരമാന്‍ ജുമാമസ്ജിദ് കെട്ടിടവും, കൊടുങ്ങല്ലൂര്‍ ക്ഷേത്ര മ്യൂസിയം കെട്ടിടത്തിന്റേയുമടക്കം വിവിധ പൈതൃക സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള പൈതൃക അവശേഷിപ്പുകളെ വീണ്ടെടുക്കാനുള്ള ഈ പദ്ധതി ഏറ്റവും കാര്യക്ഷമമായും സമയബന്ധിതമായും പ്രദേശിക ജനതയ്ക്ക് ഉപയുക്തമായും നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി എന്ന് വിശ്വസിക്കപ്പെടുന്ന വിഖ്യാതമായ ചേരമാന്‍ പെരുമാള്‍ പള്ളിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 1.13 കോടി രൂപയാണ് ചെലവാക്കിയത്. 93.64 കോടി രൂപ ചെലവാക്കി പള്ളിയുടെ ചുറ്റുമതിലും പണികഴിപ്പിച്ചു. കേരളത്തിന്റെ ശ്രേഷ്ഠ പൈതൃക അവശേഷിപ്പുകളിലൊന്നായ കൊടുങ്ങല്ലൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുര, ഭണ്ഡാരപ്പുര മാളിക സമുച്ചയത്തിന്റെ സംരക്ഷരണ പദ്ധതിക്ക് 3.23 കോടി രൂപയാണ് ചെലവഴിച്ചത്. കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകം കൂടിയായ കീഴ്തളിക്ഷേത്രത്തിന്റെ ബലിക്കല്ല് മണ്ഡപത്തിന്റെ നിര്‍മ്മാണവും മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടത്തി. ചേര കാലത്തെ ക്ഷേത്രങ്ങളുടെ വാസ്തുശൈലിക്ക് സമാനമായാണ് ഈ ബലിക്കല്‍ മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത്. തിരുവഞ്ചിക്കുളത്തെ കനാല്‍ ഓഫീസ് യഥാര്‍ത്ഥത്തില്‍ ഡച്ചുകാരാല്‍ നിര്‍മ്മിതമായതാണ്. ആ ചരിത്ര നിര്‍മ്മിതിയുടേയും സംരക്ഷണം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചു. ഇതുകൂടാതെ തൃകുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗപുരം ശിവക്ഷേത്രം, തൃകുലശേഖരപുരം ആഴ്വാര്‍ ക്ഷേത്രം, പടാകുളം അയ്യപ്പക്ഷേത്രം എന്നിവടങ്ങളിലെ പ്രദക്ഷിണ പദങ്ങള്‍, ആല്‍ത്തറകള്‍ തുടങ്ങിയ അടക്കം പതിനാറ് ആരാധനാലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം 3.29 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചു.ഇന്നലെകളുടെ പൈതൃകത്തെ സംരക്ഷണക്കുന്നതിനൊപ്പം സമൂഹത്തിലെ മതേരത്വവും മൈത്രിയും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, പ്രദേശികമായ സഹകണത്തോടെയാണ് മുസിരിസ് പദ്ധതി നടപ്പാക്കുന്നത്. മുസിരിസ് പാസ്പോര്‍ട്ട് എന്ന നവീന പദ്ധതിക്കും തുടക്കമായി. മുസിരിസ് പൈതൃക പദ്ധതിയുടെ കീഴില്‍ കൊടുങ്ങല്ലൂര്‍, പറവൂര്‍ മേഖലകളിലുള്ള മുപ്പതോളം സ്മാരക/ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി 500 രൂപ നല്‍കി മുസിരിസ് പാസ്പോര്‍ട്ട് എടുത്ത്, ആറു മാസം കാലയളവിനുള്ളില്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികളെ മുസിരിസിന്റെ അംബാസിഡര്‍മാരായി പ്രഖ്യാപിക്കുന്ന പദ്ധതിയാണ് മുസിരിസ് പാസ്പോര്‍ട്ട്. .
  11-7-2024
  പറന്നുയരാൻ 'ഫീനിക്സ്' തെറാപ്പി യൂണിറ്റ്.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിമിതികളെ അതിജീവിക്കാൻ തെറാപ്പിയും പിന്തുണയും നൽകി, അവരെ സമൂഹത്തിൽ മെച്ചപ്പെട്ട രീതിയിൽ ഇടപഴകുന്നതിന് പാകപ്പെടുത്താൻ നേമം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'ഫീനിക്സ്' തെറാപ്പി യൂണിറ്റ് സജ്ജമായി. ബ്ലോക്ക് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് മലയൻകീഴ് ഗ്രാമപഞ്ചായത്തിലെ അന്തിയൂർക്കോണത്ത്, ഗാന്ധിഗ്രാമം സാംസ്കാരിക നിലയത്തിൽ തെറാപ്പി യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. 18 വയസ്സിൽ താഴെ പ്രായമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഓക്കുപ്പേഷണൽ തെറാപ്പി, ബിഹേവിയർ തെറാപ്പി എന്നിവ നൽകുകയാണ് തെറാപ്പി യൂണിറ്റിന്റെ ലക്‌ഷ്യം. ഒരു വ്യക്തിയുടെ ജ്ഞാനേന്ദ്രിയങ്ങൾ ഉദ്ദീപിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി പ്രത്യേക സംവിധാനങ്ങളോട് കൂടിയ സെൻസറി റൂമും തെറാപ്പി യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. അതുകൂടാതെ കേൾവി പരിമിതിയുള്ള കുഞ്ഞുങ്ങൾക്ക് കേൾവി ശക്തി പരിശോധനാ റൂമും, ശാരീരിക വൈകല്യമുള്ള കുഞ്ഞുങ്ങൾക്ക് അവരുടെ പരിമിതികൾ കണ്ടെത്തി ആവശ്യമായ തെറാപ്പി നൽകുന്നതിനുള്ള ആധുനിക ഉപകരണങ്ങളും ഒരുക്കിയിരിക്കുന്നു. തെറാപ്പികളുടെ ചെലവ് രക്ഷിതാക്കൾക്കു പ്രതിസന്ധിയാകാതെ, സമയബന്ധിതമായ ചികിത്സയും പിന്തുണയും ഉറപ്പാക്കുക എന്നാണ് ഇത്തരം കേന്ദ്രങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.  ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുന്നതിനോടൊപ്പം, ഭിന്നശേഷി മക്കൾക്ക് സ്വയംപര്യാപ്ത ജീവിതം ഉറപ്പാക്കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹം സഫലീകരിക്കാനും വരുമാന ദായകമായ ചെറിയ തൊഴിലെങ്കിലും ചെയ്തു ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്നതും ഏറെ പ്രാധാനമാണ്. സമ്പൂർണ സ്വാശ്രയത്തിലേക്ക് ഉയർന്നുകൊണ്ട് സമൂഹത്തിൽ ആത്മവിശ്വാസത്തോടെ സ്വയംപര്യാപ്തതയോടെ വളരാനും ഇത്തരം കേന്ദ്രങ്ങൾ ഇവർക്ക് സഹായകമാകും. .
  8-7-2024
  സംസ്ഥാനത്ത് ആദ്യ പാലിയേറ്റീവ് സേനയുമായി ആലപ്പുഴ.
സംസ്ഥാന സർക്കാർ കുടുംബശ്രീയിലൂടെ പാലിയേറ്റീവ് പദ്ധതി രൂപീകരിക്കാനൊരുങ്ങുമ്പോൾ ആലപ്പുഴ ജില്ല സംസ്ഥാനത്തിന് മാതൃകയാകുകയാണ്. ആലപ്പുഴ ജില്ലയിലെ കിടപ്പിലായ നൂറു കണക്കിന് രോഗികൾക്ക് സാന്ത്വനത്തിന്റെ സ്നേഹസ്പർശമാകാൻ 220 പേരുടെ സേനയെ സജ്ജമാക്കിയിരിക്കുകയാണ് ജില്ല പഞ്ചായത്ത്. സാന്ത്വനപരിചരണം ആവശ്യമുള്ള രോഗികളെ ഇവർ വീട്ടിലെത്തി പരിചരിക്കും. പരിശീലനം പൂർത്തിയാക്കിയ സേനയുടെ പാസിംഗ് ഔട്ട് പരിപാടിയുടെ ഉദ്ഘാടനവും അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പൂർത്തിയായി.സംസ്ഥാനത്ത് ആദ്യമായാണ് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് സേന രൂപീകരിക്കുന്നത്. പഞ്ചായത്തു തലത്തിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് നഴ്സുമാരെയും പദ്ധതിയുമായി ബന്ധപ്പെടുത്താനുള്ള നടപടികളിലാണ് ഭരണകൂടം.ആലപ്പുഴ ജില്ല പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ എന്നിവരുടെ നേതൃത്വത്തിലാണ് അംഗങ്ങൾക്ക് സാന്ത്വനപരിചരണ പരിശീലനം നൽകിയത്. ജില്ലയിലെ 12 ബ്ലോക്കുകൾ കേന്ദ്രീകരിച്ച് പത്താം ക്ലാസ് പാസ്സായ 50 വയസ്സിനു താഴെയുള്ളവരാണ് പരിശീലനത്തിൽ പങ്കെടുത്തത്. രണ്ട് മണിക്കൂർ, ഉച്ചവരെ, ഒരു പകൽ മുഴുവൻ, പകലും രാത്രിയും എന്നിങ്ങനെ സമയക്രമം തിരിച്ചാണ് സേവനം നൽകുന്നത്. ഓരോ സേവനത്തിനും നിശ്ചിത തുക നിശ്ചയിച്ചിട്ടുണ്ട്. ബ്ലോക്കടിസ്ഥാനത്തിലുള്ള സമിതിയുടെ നിയന്ത്രണത്തിലാണ് സാന്ത്വനപരിചരണ സേന പ്രവർത്തിക്കുക. മാരകമായ അസുഖങ്ങൾ നേരിടുന്ന വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണയും പരിചരണവും നൽകുന്നതിനായി ജില്ലാ പഞ്ചായത്ത് സമഗ്രമായ സാന്ത്വന പരിചരണ നയം നേരത്തെ തയ്യാറാക്കിയിരുന്നു. വൊളൻ്റിയർ സംഘത്തിൻ്റെ അംഗബലം 500 ആക്കി ഉയർത്താനാണ് പഞ്ചായത്തിന്റെ ലക്‌ഷ്യം. അടുത്ത ഘട്ടത്തിൽ പാലിയേറ്റീവ് കെയർ ആവശ്യമുള്ള രോഗികൾക്ക് വീട്ടിൽ തന്നെ പരിശീലനം ലഭിച്ച ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും..
  6-7-2024
  സമ്പാദ്യ ശീലത്തിന് 'കരുതൽ 2024' പദ്ധതി.
സമ്പാദ്യ ശീലം ജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യമാക്കി വയനാട് ജില്ലയിലെ മുഴുവൻ കുടുംബങ്ങളിലും ചെറുകിട സമ്പാദ്യശീലം വളർത്തുന്നതിനും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനുമായി രൂപീകരിച്ച കരുതൽ 2024 പദ്ധതിക്ക് തുടക്കമായി. രാജ്യത്തെ എല്ലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമുള്ള ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്, റിക്കറിംഗ് ഡെപ്പോസിറ്റായ കരുതൽ 2024 പദ്ധതി. പദ്ധതി വഴി വ്യക്തികൾക്ക് സ്ഥിരമായി ഒരു നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുന്നതിനും മുൻകൂട്ടി നിശ്ചയിച്ച കാലയളവിൽ മുതലും കൂട്ടു പലിശയും സഹിതം നേടുന്നതിനും സഹായിക്കുന്നു. ജില്ലാ ലീഡ് ബാങ്ക് ഓഫീസ് കൽപ്പറ്റയുടെ ആഭിമുഖ്യത്തിൽ ആണ് പദ്ധതി നടപ്പാക്കുന്നത്.സ്ഥിരവും നിശ്ചിതവുമായ തുകകൾ മാസം തോറും നിക്ഷേപിക്കുന്നതിലൂടെ, അച്ചടക്കമുള്ള സമ്പാദ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിലൂടെ സമ്പാദ്യ ശീലം വളർത്തുകയും ചെയ്യുന്നു. ഒറ്റത്തവണ തുക നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പ്രയോജനകരമായ പദ്ധതിയാണിത്. വിദ്യാഭ്യാസം, വിവാഹം, യാത്ര തുടങ്ങിയ ഭാവി സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറാൻ ഈ നിക്ഷേപം സഹായകമാകും. ഗ്യാരണ്ടീഡ് റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നതും മാർക്കറ്റ് റിസ്‌കുകൾക്ക് വിധേയമല്ലാത്തതുമായതിനാൽ സുരക്ഷിത നിക്ഷേപമായി പ്രസ്തുത പദ്ധതി കണക്കാക്കപ്പെടുന്നു. ഇത് നഷ്ട സാധ്യത ഏറ്റടുക്കാൻ തയ്യാറല്ലാത്ത സാധാരണ നിക്ഷേപകർക്ക് അനുയോജ്യവുമാണ്. നിക്ഷേപം അവസാനിപ്പിക്കാതെ തന്നെ അത്യാവശ്യത്തിനു പണം ലഭ്യമാക്കുന്ന പദ്ധതി, നിശ്ചിത പരിധിക്ക് താഴെയുള്ള പലിശയ്ക്ക് ടിഡിഎസ്സും ഈടാക്കുന്നില്ല. ബാങ്കുകൾ ആർഡികൾ നിയന്ത്രിക്കുന്നതിന് ഓൺലൈൻ സൗകര്യങ്ങൾ നൽകുകയും, കാലാവധിക്കു മുൻപ് പിൻവലിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു. ജില്ലയിലെ മുഴുവൻ കുടുംബങ്ങളെയും കരുതൽ 2024 പദ്ധതിയുടെ ഭാഗമാക്കും. സെപ്റ്റംബർ മാസത്തോടെ പദ്ധതി എല്ലാ കുടുംബങ്ങളിലും എത്തിക്കുക ആണ് ലക്ഷ്യം..
  5-7-2024
  അനുഗാമി ടു ഹീൽ ടുഗദർ പദ്ധതി - സാന്ത്വന പരിചരണത്തിൽ മാതൃകയായി എറണാകുളം ജനറൽ ആശുപത്രി.
എറണാകുളം ജനറൽ ആശുപത്രി സാന്ത്വന പരിചരണത്തിൽ മാതൃകയാകുകയാണ്. ജനുവരി 26ന് ആരംഭിച്ച അനുഗാമി ടു ഹീൽ ടുഗദർ പദ്ധതിയിലൂടെ പത്ത് വർഷത്തിലധികമായി മുറിവുകൾ ഉണങ്ങാതെ നരക യാതനകൾ അനുഭവിക്കുന്ന രോഗികൾക്ക് വിദഗ്ധ പരിചരണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ് ആശുപത്രി. എറണാകുളം ജനറൽ ആശുപത്രിയിലെ നിലാവ് എന്ന പേരിട്ടിരിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതിയിൽ ആയിരത്തോളം രോഗികളാണുള്ളത്. അതിൽ 51 രോഗികൾക്കാണ് പത്തിലധികം വർഷമായി മുറിവുണങ്ങാതെ കണ്ടെത്തിയത്. അവർക്ക് ഈ പദ്ധതിയിലൂടെ വിദഗ്ധ ചികിത്സയും സാന്ത്വന പരിചരണവും നൽകി. ഇതിലൂടെ 18 രോഗികളുടെ മുറിവ് പൂർണമായും ഉണങ്ങി.ബെഡ് സോറുകൾ, അണുബാധയുള്ള സർജിക്കൽ വ്രണങ്ങൾ, വെരിക്കോസ് വ്രണങ്ങൾ, ക്യാൻസർ വ്രണങ്ങൾ, തുടങ്ങി വിവിധങ്ങളായ തരത്തിലുള്ള വ്രണങ്ങളാണ് ഉണ്ടായിരുന്നത്. നിരന്തരമായ പരിചരണത്തിലൂടെ ഇവയെ 20% ഉണക്കിയെടുക്കുവാനും ശേഷിക്കുന്ന മുറിവുകളിൽ 40% എങ്കിലും വലിപ്പം കുറച്ച് കൊണ്ടുവരാനും ആണ് പദ്ധതി ലക്ഷ്യമിട്ടത്. ദിവസേനയുള്ള ഭവന സന്ദർശനം, ഡ്രസ്സിംഗ് പ്രക്രിയ, ആഴ്ചകൾ തോറുമുള്ള രക്ത പരിശോധന, ഷുഗർ പരിശോധന, കൾച്ചർ ആന്റ് സെൻസിറ്റിവിറ്റി, സ്‌ക്രീനിങ്, ക്വാർട്ടറൈസേഷൻ സ്‌കിൻ ഗ്രാഫ്റ്റിംഗ്, റീ-സൂച്ചറിങ്, പോഷണ കുറവ് നികത്തൽ, എഫ്എഫ്പി ട്രാൻസ്ഫ്യൂഷൻ തുടങ്ങിയ വിവിധങ്ങളായ മാർഗങ്ങളാണ് ഈ പദ്ധതിയിൽ ഉപയോഗിച്ചത്. സർജറി വിഭാഗത്തിന് കീഴിൽ 2 സർജിക്കൽ ക്യാമ്പ് നടത്തി പുന അവലോകനവും നടത്തി.ഡോക്ടർമാരും പാലിയേറ്റീവ് നഴ്സുമാരും നഴ്സിങ് വിദ്യാർത്ഥികളും ചേർന്ന് 656 ഭവന സന്ദർശനങ്ങൾ നടത്തുകയും, പദ്ധതി ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോഴേക്കും, 35 ശതമാനം മുറിവുകളും പൂർണമായും ഭേദപ്പെടുത്തുകയും ചെയ്തു. പാലിയേറ്റീവ് പരിചരണ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് എറണാകുളം ജനറൽ ആശുപത്രിയുടെ പാലിയേറ്റ് വിഭാഗം പദ്ധതിയിലൂടെ നേടിയെടുത്തത്..
  5-7-2024
  പ്രൗഢി വീണ്ടെടുക്കാൻ കാസർഗോഡ് സാരി.
ഭൗമ സൂചിക പദവി ലഭിച്ച കാസർഗോഡ് സാരിയുടെ വിപണി കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിനും ജില്ലയിൽ വരുന്ന വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിട്ട് ജില്ലാ ഭരണ സംവിധാനം നൂതന പദ്ധതി തയ്യാറാക്കുന്നു. കാസർഗോഡ് ജില്ലയിലെ മാത്രം നെയ്ത്തുകാർ നിർമ്മിക്കുന്ന പരമ്പരാഗത കോട്ടൺ സാരിയാണ് കാസർഗോഡ് സാരി. കേരളത്തിൽ നിലവിലുള്ള നാല് നെയ്ത്തുപാരമ്പര്യങ്ങളിൽ ഒന്നാണിത്. ബാലരാമപുരം, കുത്താമ്പള്ളി, ചേന്ദമംഗലം എന്നിവയാണ് മറ്റുള്ളവ. സാധാരണയായി ചായം പൂശിയ കോട്ടൺ നൂലുകൾ ഉപയോഗിച്ച് പ്ലെയിൻ അല്ലെങ്കിൽ വരയുള്ള സാരികളാണ് നെയ്‌തെടുക്കുന്നത്. ജാക്കാർഡ് അല്ലെങ്കിൽ ഡോബി ടെക്‌നിക്കുകൾ ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ച ഇവയുടെ ബോർഡറുകൾ വളരെ ആകർഷകമാണ്. ഈ സാരികൾ 60 മുതൽ 100 വരെയുള്ള ഉയർന്ന ത്രെഡ് കൗണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 1938-ൽ സ്ഥാപിതമായ കാസർകോട് വീവേഴ്സ് കോ ഓപ്പറേറ്റീവ് പ്രൊഡക്ഷൻ ആൻഡ് സെയിൽ സൊസൈറ്റി ലിമിറ്റഡാണ്‌ കാസർകോട് സാരി ഉത്പാദിപ്പിച്ച് വിപണനം ചെയ്തും നെയ്ത്ത് പരിശീലനം നൽകിയും ഈ പാരമ്പര്യം നിലനിർത്തുന്നത്. നിത്യോപയോഗത്തിന് അനുയോജ്യമായതിനാൽ ഈ സാരികൾക്ക് സ്ഥിരമായ ആവശ്യക്കാർ ഏറെയുണ്ട്. 2009ൽ കാസർകോട് സാരികൾ ഭൗമസൂചിക ഉല്പന്നമായി പ്രഖ്യാപിക്കുന്നതിന്ന് കേരള സർക്കാർ അപേക്ഷിക്കുകയും, 2010 മുതൽ ഇന്ത്യാ ഗവൺമെന്റ് ഇതിനെ ഒരു ഭൗമസൂചിക പദവിയുള്ള ഉൽപന്നമായി അംഗീകരിക്കുകയും ചെയ്തു. നിലവിൽ ഇന്ത്യൻ ഹാൻഡ്‌ലും ബ്രാൻഡും കേരള ഹാൻഡ്‌ലും ബ്രാൻഡ് മുദ്രകളുള്ള ഉൽപന്നമാണ് കാസർഗോഡ് സാരീസ്. പരമ്പരാഗത കേരള സാരിയിൽ നിന്ന് വ്യത്യസ്തമായ കരാവലി ശൈലിയുടെ സ്വാധീനം കാസർഗോഡ് സാരികളിൽ പ്രകടമായി കാണുന്നു. കാസർഗോഡ് സാരിക്കു പുറമേ യൂനിഫോം മെറ്റീരിയൽ, ബെഡ്ഷീറ്റ് ബാത്ത്‌റൂം ടവ്വൽ ലുങ്കി തുടങ്ങിയവയും ഇവിടെ നെയ്യുന്നുണ്ട്. വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിച്ച് വിപണി കണ്ടെത്തി ഉൽപ്പാദനം കൂട്ടുന്നതിനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്..
  4-7-2024
  പോഷകാഹാരക്കുറവ് നേരിടാൻ ഫീഡിംഗ് ഡിസോർഡർ ക്ലിനിക്കുകൾ.
കുട്ടികളിലെ പോഷണക്കുറവിനും അതുമൂലമുണ്ടാകുന്ന രോഗങ്ങൾക്കുമെതിരെ ഫലപ്രദമായി ഇടപെടൽ നടത്താൻ ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷനിൽ (നിപ്മർ) ഫീഡിംഗ് ഡിസോഡർ ക്ലിനിക് ആരംഭിക്കുന്നു. വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ പല ഭക്ഷണങ്ങളും കുട്ടികൾ കഴിക്കാറില്ല. ഇത് കുട്ടികളെ പോഷണക്കുറവിലേക്കും മറ്റു രോഗങ്ങളിലേക്കും നയിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള സംവിധാനമാണ് ഫീഡിംഗ് ഡിസോഡർ ക്ലിനിക്. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുകയാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്.ഓരോ കുട്ടിക്കും അനുയോജ്യമായ മെനു പ്ലാനുകൾ തയ്യാറാക്കുന്നതിനും അവ കുട്ടികളുടെ രക്ഷിതാക്കളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിനും നിപ്മറിലെ വിദഗ്ധ ടീം സജീവമായി ഇടപെടും. ഡയറ്റീഷൻ, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ എന്നിവരടങ്ങുന്ന ടീം ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡയറ്റീഷന്റെ നേതൃത്വത്തിൽ ഓരോ കുട്ടിയുടേയും ഭക്ഷണ 'ശീലവും ഭക്ഷണക്രമവും ശരിയായി നിരീക്ഷിച്ച ശേഷമാണ് ആവശ്യമായ മെനു പ്ലാൻ തയ്യാറാക്കുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട ഇന്ദ്രിയ സംയോജന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നത് ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ആണ്. ഭക്ഷണവസ്തുക്കളുടെ മൃദുത്വം, രൂപം, രുചി എന്നിവ കുട്ടിക്ക് സ്വീകാര്യവും സുഖകരവുമാക്കി മാറ്റുന്നതിന് ഒക്യുപേഷണൽ തെറാപ്പിസ്റ്റ് സഹായിക്കും.ഭക്ഷണം ശരിയായ രീതിയിൽ ചവച്ചരച്ച് കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാവശ്യമായ മോട്ടോർ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ സ്പീച്ച് തെറാപ്പിസ്റ്റ് നൽകും. കഥകൾ, പാചക പരീക്ഷണങ്ങൾ എന്നിവയിലൂടെ കുട്ടികളിൽ ഭക്ഷണത്തോടുള്ള താല്പര്യം വളർത്തുക, കുട്ടികളുടെ ചലന സംബന്ധമായ കഴിവുകൾ, സമൂഹത്തോടുള്ള ഇടപെടലുകൾ എന്നിവ മെച്ചപ്പെടുത്തുക, ഭക്ഷണം സ്വയം കഴിക്കുന്നതിനുള്ള താല്പര്യം വളർത്തിയെടുക്കുക എന്നിവക്ക് സ്‌പെഷ്യൽ എഡ്യുക്കേറ്റർ മേൽനോട്ടം വഹിക്കും. രണ്ടു വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായുള്ള ക്ലിനിക്കാണിത്. തുടക്കത്തിൽ മൂന്നുമാസ കാലയളവുള്ള പരിശീലന പദ്ധതിക്കാണ് നിപ്മർ രൂപം നൽകിയിട്ടുള്ളത്. .
  22-6-2024
  സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍.
മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍റെ (ടിആര്‍സിഎംപിയു) വിപണന ശ്യംഖല വിപൂലീകരിക്കുന്നതിന്‍റെ ഭാഗമായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള 'മില്‍മ മിലി മാര്‍ട്ട് ' സംരംഭത്തിനു തുടക്കമായി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ച 'റീപോസിഷനിംഗ് മില്‍മ 2023' പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ഭാഗ്യ ചിഹ്നമായ 'മിലി' എന്ന മില്‍മ ഗേളിന്‍റെ പേരിലാണ് 'മിലി മാര്‍ട്ട്' അറിയപ്പെടുന്നത്.മോഡേണ്‍ ട്രേഡില്‍ ഉള്‍പ്പെടുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് മില്‍മ ഉത്പന്നങ്ങള്‍ക്ക് മാത്രമായാണ് 'മില്‍മ മിലി മാര്‍ട്ട് ' പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മില്‍മ ഉത്പന്നങ്ങള്‍ ഏറ്റവും സൗകര്യപ്രദമായി യഥേഷ്ടം ലഭ്യമാക്കാനാണ് റിലയന്‍സുമായി ചേര്‍ന്നുള്ള മില്‍മ മിലി മാര്‍ട്ടിലൂടെ ടിആര്‍സിഎംപിയു ലക്ഷ്യമിടുന്നത്. ഇവിടെ ആകര്‍ഷകമായ നിരക്കില്‍ മില്‍മ ഉത്പന്നങ്ങള്‍ ലഭ്യമാകും.വിപണിയിൽ മിൽമയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ആഭ്യന്തര, ആഗോള ഡയറി ബ്രാൻഡുകളിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാൻ സജ്ജരാക്കുന്നതിനുമാണ് റീപോസിഷനിംഗ് മില്‍മ 2023 പദ്ധതി ആരംഭിച്ചത്. ദേശീയ ക്ഷീര വികസന ബോർഡിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ വിഭാവനം ചെയ്ത പദ്ധതി, മറ്റേതൊരു ബ്രാൻഡുകളുമായും മത്സരിക്കുന്നതിന് മിൽമയെ സജ്ജമാക്കാൻ, പാക്കേജിംഗ്, ഡിസൈൻ, പാലുൽപ്പന്നങ്ങളുടെ ഗുണനിലവാരം, വില എന്നിവയിൽ സമഗ്രമായ മാറ്റവും ഏകത്വവും വിഭാവനം ചെയ്യുന്നു. സംസ്ഥാനത്തുടനീളമുള്ള വിദൂര പ്രദേശങ്ങളിൽ മിൽമയുടെ എല്ലാ പാലുൽപ്പന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കിക്കൊണ്ട് മിൽമയുടെ വിപണന ശൃംഖല വിപുലീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു..
  21-6-2024
  പൈപ്പിലൂടെ പാചകവാതകം: സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കം.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പൈപ്പ് ലൈൻ വഴി പാചകവാതകം വിതരണം ചെയ്യുന്ന സിറ്റിഗ്യാസ് പദ്ധതിക്ക് തുടക്കമായി. 120 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. എ ജി ആൻഡ് പി പ്രഥം കമ്പനിയാണ് പദ്ധതിയുടെ നടത്തിപ്പുകാർ. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയിൽ, ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ പത്ത് വാർഡുകളാണുള്ളത്.മെഡിക്കൽ കോളേജ്, പട്ടം, മുട്ടട, കുറവൻകോണം, കേശവദാസപുരം, കവടിയാർ, പേരൂർക്കട, നന്ദൻകോട്, നാലാഞ്ചിറ, ശാസ്‌തമംഗലം എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസ് പദ്ധതി ആദ്യം എത്തുന്നത്. കമ്പനിയുടെ കൊച്ചുവേളി പ്ലാന്റിൽ നിന്നാണ് വാതകം എത്തിക്കുന്നത്. പദ്ധതിക്കായി 60 കിലോമീറ്റർ ദൈർഘ്യത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 12,000 കണക്ഷനുകളാണ് നൽകുന്നത്. നിലവിലെ പാചകവാതക സിലിണ്ടറുകളിൽ നിന്ന് സിറ്റി ഗ്യാസ് പദ്ധതിയിലേക്ക് മാറുമ്പോൾ 10% മുതൽ 20% വരെ സാമ്പത്തിക ലാഭം ഗുണഭോക്താക്കൾക്ക് ഉണ്ടാകും. കണക്ഷന്റെ ഭാഗമായി സ്ഥാപിക്കുന്ന മീറ്റർ റീഡിംഗിന് അനുസരിച്ച് ഉപയോഗിക്കുന്ന ഗ്യാസിന് പണം നൽകിയാൽ മതിയാകും. ഒരു യൂണിറ്റിന് 50 രൂപ നിരക്കിലാകും ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കുക. അന്താരാഷ്ട നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാചകവാതക സിലിണ്ടറുകളെ അപേക്ഷിച്ച് പൈപ്പ് ലൈനുകളിൽ ഗ്യാസിന്റെ മർദ്ദം വളരെകുറഞ്ഞ അളവിലാണുള്ളത്. ഇത് അപകട സാധ്യതയും കുറയ്ക്കും.അടുക്കളയിൽ പാചകവാതകവും(പിഎൻജി) വാഹനങ്ങളിൽ പ്രകൃതി വാതകവും(സിഎൻജി) ലഭ്യമാക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. പൈപ്പ് ലൈനിലൂടെ പാചകവാതകം ലഭ്യമാകുമ്പോൾ ഇന്ധനചെലവ് 25 ശതമാനം കുറയുമെന്നതാണ് പദ്ധതിയുടെ നേട്ടം. ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ചെറുകിട-വൻകിട വ്യവസായങ്ങൾക്ക് പ്രകൃതിവാതകം ലഭിക്കും. സാധാരണ ലഭ്യമാകുന്നതിനേക്കാൾ 30 ശതമാനം വിലക്കുറവിൽ വാതക പൈപ്പ്ലൈൻ പ്രകാരം ഗാർഹിക ഇന്ധനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ വലിയ സവിശേഷത. .
  18-6-2024
  പാരമ്പര്യേതര ഊർജ ഉൽപ്പാദനം വ്യാപകമാക്കാൻ സോളാര്‍ റൂഫിംഗ് പദ്ധതി.
പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം വ്യാപമാകുന്നതിന്റെ ഭാഗമായി കേരള പൊലീസ് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സോളാര്‍ റൂഫിംഗ്. ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്, നീന്തല്‍ക്കുളങ്ങള്‍, ഫെന്‍സിംഗ് സ്‌ക്വാഷ് അക്കാദമി തുടങ്ങി വിവിധ പരിശീലന കേന്ദ്രങ്ങളുള്‍പ്പെടുന്നതാണ് ഈ സമുച്ചയം. സ്റ്റേഡിയത്തിന്റെ ഗാലറിക്ക് പൂര്‍ണമായതും സുരക്ഷിതവുമായ മേല്‍ക്കൂര ആവശ്യമാണെന്നതിനാലാണ് ഗവണ്‍മെന്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. സൂര്യപ്രകാശം നന്നായി ലഭിക്കുമെന്നതിനാല്‍ സോളാര്‍ റൂഫിംഗ് എന്ന ആശയം നടപ്പിലാക്കി. വൈദ്യുതോല്‍പ്പാദനത്തിലൂടെ ആറ് വര്‍ഷം കൊണ്ട് മുടക്കു മുതല്‍ പൂര്‍ണമായി ലഭിക്കുമെന്നതും പൂര്‍ണമായ ഊര്‍ജാവശ്യം നടക്കുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.കേരള പോലീസ് ഇന്റര്‍ഗ്രേറ്റഡ് സ്പോര്‍ട്സ് ആന്റ് ഗെയിംസ് കോംപ്ലക്സ് പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ ഗ്യാലറിയുടെ മേല്‍ക്കൂരയിലാണ് ഒരു മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ഏഴരക്കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതി 6.98 കോടി രൂപ കൊണ്ട് പൂര്‍ത്തിയാക്കാനായി. ഇതില്‍ 2.75 കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ലഭ്യമാക്കിയത്. പദ്ധതി വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി വില്‍ക്കുന്നതിലൂടെ ആറു വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങള്‍ക്ക് വിവിധ കായിക ഇനങ്ങള്‍ പരിശീലിക്കുന്നതിനും കളിക്കുന്നതിനും ഇവിടെ അവസരമുണ്ട്. കൂടാതെ ഒരു നീന്തല്‍ കുളവും മൂന്ന് ജിംനേഷ്യവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്ത് തന്നെ മാതൃകാപരമായ ഹരിത സ്റ്റേഡിയങ്ങളിലൊന്നായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം മാറുകയാണ്. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ വ്യാപനത്തിന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍, അനെര്‍ട്ട് തുടങ്ങിയ വിവിധ ഏജന്‍സികളിലൂടെ വിവിധ പദ്ധതികള്‍ ഗവണ്‍മെന്റ് നടപ്പിലാക്കി വരികയാണ്. പുരപ്പുറ സോളാര്‍ പദ്ധതിയായ സൗര, അക്ഷയോര്‍ജ ഉപകരണങ്ങളുടെ ഇ മാര്‍ക്കറ്റ് ഇടമായ www.buymysun.com, നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള അക്ഷയോര്‍ജ സേവന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു..
  18-6-2024
  പെറ്റ് എക്സ്പോർട്ട് അനുമതി നേടിയ കേരളത്തിലെ ആദ്യ വിമാനത്താവളമായി കൊച്ചി.
വളർത്തുമൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള "പെറ്റ് എക്സ്പോർട്ട്" അനുമതി ലഭിക്കുന്ന കേരളത്തിലെ ആദ്യ വിമാനത്താവളമായി കൊച്ചി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടിയാണ് ആദ്യമായി വിദേശത്തേക്ക് പറന്നത്. കൊച്ചിയിൽ നിന്ന് ദോഹ വഴി ദുബായിലേക്കായിരുന്നു യാത്ര.വളർത്തുമൃഗങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ, പ്രത്യേക കാർഗോ വിഭാഗം, വെറ്ററിനറി ഡോക്ടർമാർ, കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടു വരുന്നവർക്കുള്ള ഫെസിലിറ്റേഷൻ സെന്റർ എന്നിവ സിയാൽ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ആഭ്യന്തര റൂട്ടുകളിൽ മൃഗങ്ങളെ കൊണ്ടുപോകാനും കൊണ്ടു വരാനുമുള്ള അനുമതി മാത്രമേ സിയാലിന് ഉണ്ടായിരുന്നുള്ളൂ. എന്നാലിപ്പോൾ എല്ലാ വിദേശ രാജ്യങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കൂടുകളിലൂടെ കാർഗോ വഴി കൊണ്ടുപോകാനാകും. വിദേശത്ത് നിന്ന് വളർത്തുമൃഗങ്ങളെ നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കായും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനു വേണ്ടി പ്രത്യേകം ‘അനിമൽ ക്വാറന്റൈൻ’ കേന്ദ്രം സ്ഥാപിച്ചു വരികയാണ്. സസ്യങ്ങളും ഫലങ്ങളും കൊണ്ട് പോകാനും ഇറക്കുമതി ചെയ്യാനുമുള്ള അനുവാദം സിയാലിനുണ്ട്. ഇതിനായുള്ള ‘പ്ലാന്റ് ക്വാറന്റൈൻ സെന്റർ’ കാർഗോ വിഭാഗത്തിന് സമീപം പ്രവർത്തിച്ചു വരുന്നു. ഈ സൗകര്യങ്ങൾ ലഭ്യമാകുന്നതിന് കാർഗോ ഹാൻഡ്ലിങ് ഏജൻസികളെയോ എയർലൈനുകളെയോ ബന്ധപ്പെടാവുന്നതാണ്.ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കൂടാതെ പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളവും കൊച്ചിയാണ്. .
  12-6-2024
  ജൈവവൈവിധ്യം സംരക്ഷിക്കാൻ പച്ചത്തുരുത്ത് പദ്ധതി.
നവകേരളം കർമപദ്ധതി രണ്ടിന്റെ ഭാഗമായി നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതി കുമരകം നോർത്ത് ഗവ. എൽ.പി. സ്കൂളിൽ ആരംഭിച്ചു. പച്ചപ്പുകൾ ധാരാളം സൃഷ്ടിക്കുന്നതിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുകയാണ് പ്രസ്തുത പദ്ധതി ലക്ഷ്യമിടുന്നത്. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കുന്ന പദ്ധതി ജൂൺ അഞ്ചിന് സംസ്ഥാനത്തു തുടക്കം കുറിച്ചിരുന്നു. നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി- ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരു ഗ്രാമപഞ്ചായത്ത്-നഗരസഭയിൽ ഒന്നു വീതം എന്ന തോതിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകൾ നടും. കുമരകം ഗവ. എൽ.പി സ്‌കൂളിൽ 10 സെന്റിൽ പച്ചത്തുരുത്ത് വ്യാപിപ്പിക്കുകയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങൾ ഉൾപ്പടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനം മാതൃകകൾ സൃഷ്ടിച്ചെടുത്തു സംരക്ഷിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സന്നദ്ധ സംഘടനകൾ, പൊതുസ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, വ്യക്തികൾ എന്നിവയുടെ പിന്തുണയോടെ പച്ചത്തുരുത്തുസ്ഥാപിക്കലും തുടർസംരക്ഷണവുമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി പച്ചത്തുരുത്തുകൾ നിർമ്മിക്കാനുള്ള ദൗത്യം 2019ലാണ് ഹരിത കേരളം മിഷൻ ഏറ്റെടുത്തത്. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ 7.82 ഏക്കർ തരിശുഭൂമിയിൽ 90 പച്ചത്തുരുത്തുകൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ 11 ബ്ലോക്ക് പരിധികളിൽ ഓരോ മാതൃക തുരുത്തുകൾ അടക്കം വളർത്തിയെടുത്തിട്ടുണ്ട്. ഈ സാമ്പത്തികവർഷം 50 ഏക്കറിൽ പദ്ധതി നടപ്പാക്കും അതിൽ 20 ഏക്കർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി. കോളജിൽ 10 ഏക്കറിൽ ജൈവ വൈവിധ്യ ക്യാമ്പസ് നിർമിക്കും..
  12-6-2024
  സ്വീപ് സ്വീറ്റി വയനാടിന്റെ സ്വന്തം ഇലക്ഷന്‍ മസ്‌ക്കോട്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവേശങ്ങള്‍ക്കൊപ്പം സ്വീപ്പ് വയനാടിന്റെ സ്വീറ്റിയും. ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗത്തിന്റെ അവബോധവുമായാണ് സ്വീറ്റി എന്ന വയനാടന്‍ തുമ്പിയെയും ഇലക്ഷന്‍ മസ്‌ക്കോട്ടായി തെരഞ്ഞെടുത്തത്. സ്പ്രെഡിങ്ങ് വയനാട്സ് ഇലക്ഷന്‍ എന്തുസിയാസം ത്രു എപിതെമിസ് വയനാടന്‍സിസ് എന്നതാണ് സ്വീപ് വയനാടിന്റെ സ്വീറ്റിയിലൂടെ ലക്ഷ്യമിടുന്നത്. വയനാടന്‍ ജൈവ മണ്ഡലത്തില്‍ അടുത്തിടെ കണ്ടെത്തിയ എപിതെമിസ് വയനാടന്‍സിസ് എന്ന തുമ്പിയെയാണ് ഇലക്ഷന്‍ പ്രചാരണത്തിന്റെ മാസ്‌ക്കോട്ടായി അവതരിപ്പിച്ചത്.ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായ സ്വീപ്പ് പൊതുജനങ്ങള്‍ക്കിടയില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന ബോധവ്തകരണ പരിപാടികളാണ് നടത്തിയത്. പുതിയ വോട്ടര്‍മാര്‍ക്കിടയിലും ഉറപ്പാണ് എന്റെ വോട്ട് എന്ന പേരില്‍ വിപുലമായ പ്രചാരണം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങള്‍ക്കുമിടയില്‍ വിവിധ മത്സരങ്ങളും നടത്തിയിരുന്നു. സ്വീപ്, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് നെഹ്റു യുവക് കേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗ അവബോധ ക്യാമ്പെയിനുകള്‍ മുന്നേറുന്നത്. വരും ദിവസങ്ങളില്‍ സ്വീറ്റിയെന്ന മസ്‌ക്കോട്ടും പ്രചാരണത്തിന്റെ ഭാഗമാകും..
  5-4-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി