സമീപകാലത്ത് പ്രസിദ്ധീകരിച്ച് ജില്ലാ പരിപാടികൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ‘കുട്ടിയിടം’.
വയനാട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘കുട്ടിയിടം’ പദ്ധതി തുടങ്ങി. കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി മാനസിക സംഘര്‍ഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പുകളിൽ കുട്ടികള്‍ ഒറ്റപ്പെട്ട് പോവുന്നത് തടയുക, ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും കുട്ടികളെ മുക്തരാക്കുക എന്നിവയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. കുട്ടികൾക്ക് വിവിധ കളികളിലും ചിത്രരചന, കളറിങ് തുടങ്ങിയ വിനോദങ്ങളിലും ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണ് കുട്ടിയിടം. ദുരന്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മേപ്പാടി സെന്‍റ് ജോസഫ്സ് യു പി സ്കൂള്‍, മേപ്പാടി സെന്റ് ജോസഫ്സ് ഹൈസ്കുള്‍, കല്‍പ്പറ്റ എസ് കെ എം ജെ എച്ച് എസ് എസ്, ചുണ്ടേല്‍ ആര്‍ സി എല്‍ പി സ്‌കൂള്‍, കോട്ടനാട് യു പി സ്കൂള്‍, കാപ്പംകൊല്ലി ആരോമ ഇന്‍, അരപ്പറ്റ സി എം എസ്, റിപ്പണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേപ്പാടി എച്ച് എസ്, കല്‍പ്പറ്റ എസ് ഡി എം എല്‍ പി സ്കൂള്‍, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി, കല്‍പ്പറ്റ ഡീപോള്‍, മേപ്പാടി ജി എല്‍ പി എസ് എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലാണ് നിലവില്‍ കുട്ടിയിടം പദ്ധതി ആരംഭിച്ചത്. പൊതുജനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് കുട്ടികള്‍ക്കാവശ്യമായ കളറിങ് ബുക്കുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ലഭിച്ചത്. കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനായി മാജിക് ഷോ, നാടന്‍ പാട്ടുകള്‍ തുടങ്ങി വിവിധ പരിപാടികളും കുട്ടിയിടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. യൂണിസെഫുമായി സഹകരിച്ച് കുട്ടികള്‍ക്കായി ആര്‍ട്ട് തെറാപ്പിയും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്. .
  6-8-2024
  ഡയപ്പറുകൾ ഇനി വലിച്ചെറിയണ്ട - ഡയപ്പർ ഡിസ്ട്രോയെരുമായി എളവള്ളി പഞ്ചായത്ത്.
ഡയപ്പറുകൾ സംസ്കരിക്കാൻ സ്വന്തമായി ഒരു യന്ത്രം തന്നെ രൂപകൽപ്പന ചെയ്ത എളവള്ളി ഗ്രാമപഞ്ചായത്ത്. കിടപ്പുരോഗികളും കുട്ടികളും ഉപയോഗിക്കുന്ന ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും കത്തിക്കാൻ ഗ്രീൻ ഇൻസിനറേറ്റർ തയ്യാറാക്കിയിരിക്കുകയാണ് പഞ്ചായത്ത്. ഡയപ്പർ കത്തിക്കുമ്പോഴുണ്ടാവുന്ന പൊടിപടലങ്ങൾ, പ്രകൃതിക്ക്‌ ദോഷം വരുന്ന വാതകങ്ങൾ എന്നിവ നീക്കം ചെയ്യുന്ന സംവിധാനമുള്ള ഇൻസിനേറ്ററാണിത്‌. പുഴയ്‌ക്കൽ വ്യവസായ പാർക്കിൽ ആരംഭിച്ച 4 ആർ ടെക്നോളജീസ് കമ്പനിയാണ്‌ ഇൻസിനേറ്റർ നിർമിക്കുന്നത്‌. തൃശൂർ എളവള്ളി പഞ്ചായത്തിൽ സ്ഥാപിച്ചതിന്റെ ട്രയൽ റൺ വിജയകരമായിരുന്നു. ഇതിലൂടെ ശാസ്ത്രീയമായി ഡയപ്പർ സംസ്കരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായി മാറുകയാണ് എളവള്ളി.പ്രസ്തുത ഇൻസിനറേറ്ററിൽ, ഒന്നാമത്തെ ചേംബറിൽ നിക്ഷേപിക്കുന്ന ഡയപ്പറുകൾ 850 ഡിഗ്രി സെന്റിഗ്രേഡിലാണ് ഓട്ടോമാറ്റിക് ഇൻഡസ്ട്രിയൽ ബർണറുകളിൽ കത്തിക്കുന്നത്. ആദ്യ ബർണറിൽ പ്രവർത്തന താപനില 850 ഡിഗ്രി സെന്റിഗ്രേഡും രണ്ടാമത്തെ ചേംബറിൽ 1050 ഡിഗ്രി സെന്റിഗ്രേഡുമായി ക്രമീകരിക്കും. എൽപിജിയാണ്‌ ഇന്ധനം. ഉയർന്ന ജ്വലനംമൂലം കാർബൺ മോണോക്‌സൈഡ്‌ പോലുള്ള വിഷ വാതകങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല. വെള്ളം പുനരുപയോഗിക്കാവുന്ന തരത്തിലാണ് ഇൻസിനറേറ്റർ നിർമ്മിച്ചിരിക്കുന്നത്. നൂറടി ഉയരത്തിൽ തുരുമ്പു പിടിക്കാത്ത സ്റ്റീൽകൊണ്ടാണ്‌ ചിമ്മിനി നിർമാണം. പറുത്തുപോവുന്ന പുക പ്രകൃതിക്ക്‌ ദോഷമില്ലാത്ത വെളുത്ത നിറത്തിലുള്ളതായിരിക്കും. പ്ലാന്റിന്‌ 30 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. മണിക്കൂറിന് രണ്ട് കി.ഗ്രാം എൽപിജി ഉപയോഗിക്കുന്ന പ്ലാന്റിൽ 45 മിനിറ്റിനുള്ളിൽ 60 ഡയപ്പറുകൾ കത്തിക്കാം. ഉപഭോക്താക്കളുടെ പട്ടിക തയ്യാറാക്കി വാർഡ് തോറും ഇലക്ട്രിക് ഓട്ടോ വഴി ഡയപ്പർ ശേഖരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.ഡയപ്പറുകൾ സംസ്കരിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത കേരളത്തിലെ വളരെ രൂക്ഷമായ പ്രശ്നമാണ്. തിരുവനന്തപുരത്തും കൊച്ചിയിലും ഉൾപ്പെടെ സ്വകാര്യ സംരംഭകരുമായി ചേർന്ന് നഗരസഭകൾ ഈ പ്രവർത്തനം ഏകോപിപ്പിക്കുന്നു. സ്വന്തം സംവിധാനമോ സ്വകാര്യ സംരംഭകരുമായി ചേർന്നോ സൗകര്യം ഒരുക്കാൻ നഗരസഭകൾ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്, പലതും പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. നഗരങ്ങളോട് ചേർന്നുള്ള ക്ലസ്റ്ററുകളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്കും ഈ സൗകര്യം ഉപയോഗിച്ച് ഡയപ്പറുകൾ സംസ്കരിക്കാനുള്ള സൗകര്യം വൈകാതെ ഒരുക്കാനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്..
  25-7-2024
  ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 'ഒപ്പം' പദ്ധതി.
മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന 'ഒപ്പം ഇനീഷ്യേറ്റീവ്' പദ്ധതിക്ക് തുടക്കമായി. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലനവും പിന്തുണയും നല്‍കുകയും അതു വഴി അവരുടെ ജീവിത സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് 'ഒപ്പം' പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാരുടെ സമഗ്രവികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്നും, മറ്റുള്ളവരെപ്പോലെ അവരെയും ചേര്‍ത്തുനിര്‍ത്തേണ്ടത് സമൂഹത്തിന്റെ പ്രധാന കടമയാണ് എന്നുമുള്ള കാഴ്ചപ്പാടോടെ ആരംഭിക്കുന്ന ആക്‌സസ് (അസോസിയേഷന്‍ ഫോര്‍ ഡിസബിലിറ്റി കെയര്‍, കംപാഷന്‍, എജ്യുക്കേഷന്‍, സപ്പോര്‍ട്ട് ആന്റ് സര്‍വ്വീസസ്) മലപ്പുറത്തിന്റെ ആദ്യ ഘട്ടമായാണ് 'ഒപ്പം' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായുള്ള ശാക്തീകരണ പരിപാടികളാണ് 'ഒപ്പം' പദ്ധതിയുടെ ഭാഗമായി നടത്തുക. വിദഗ്ധ പരിശീലനം നല്‍കി കേരള പി.എസ്.സി, എസ്.സ്.സി, യു.പി.എസ്.സി തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്കായി ഭിന്നശേഷിക്കാരെ സജ്ജരാക്കും. അതോടൊപ്പം സ്വകാര്യ മേഖലയിലെ തൊഴില്‍ദാതാക്കളെ കണ്ടെത്തി ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയും നടക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രത്യേകം വിവര ശേഖരണം നടത്തിയാണ് ഓരോ ഭിന്നശേഷിക്കും അനുയോജ്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്തുക.   ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യം നല്‍കി സ്വയം തൊഴില്‍ ആരംഭിക്കുന്നതിനുള്ള നടപടികളും 'ഒപ്പം' പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിക്കുന്നുണ്ട്. മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്നുള്ള സൗജന്യ ചെസ് പരിശീലനം എന്നീ പദ്ധതികള്‍ക്ക് ഇതിനകം തുടക്കമായിട്ടുണ്ട്. മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് 'ഒപ്പം' പദ്ധതിയുടെ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുന്ന 'ഭിന്ന ശേഷി സേവന കേന്ദ്രം' ആയും ഓഫീസ് പ്രവര്‍ത്തിക്കും. കോഴിക്കോട് ആസ്ഥാനമായ എന്‍.ജി.ഒ പ്രജാഹിത ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്..
  19-7-2024
  ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്തിന്റെ ചര്‍ക്ക വിതരണ പദ്ധതി.
ജില്ലയിലെ 15 ബഡ്സ് സ്‌ക്കൂളുകളിലെ അഞ്ച് വീതം ഭിന്നശേഷി വിഭാഗക്കാര്‍ക്കായി നൂല്‍ നൂല്‍പ്പ് (നൂല്‍ നിര്‍മ്മാണം) തൊഴിലിനുളള സജ്ജീകരണങ്ങള്‍ നല്‍കികൊണ്ട് അവര്‍ക്കായി ഒരു വരുമാന മാര്‍ഗ്ഗം തുറന്നിടുകയാണ് ജില്ല പഞ്ചായത്ത് . 23-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മാര്‍ച്ച് 12-ന് ആരംഭിച്ച ജില്ലാ പഞ്ചായത്തിന്റെ ചര്‍ക്കവിതരണ പദ്ധതിപ്രകാരം അഞ്ച് ചര്‍ക്കകള്‍ വീതം ഒരു ബഡ്സ് സ്‌ക്കൂളിന് എന്ന കണക്കില്‍ 75 ചര്‍ക്കകളും ഇരിപ്പിട സൗകര്യങ്ങളുമാണ് ജില്ലാ പഞ്ചായത്ത് വിതരണം ചെ്തത്. കണ്ണാടി ബഡ്സ് സ്‌ക്കൂളിലാണ് പ്രവര്‍ത്തനത്തിന് തുടക്കമായത്. പദ്ധതിക്കായി 18 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്.  ഖാദി ബോര്‍ഡിനായി ചര്‍ക്കകളില്‍ നൂല്‍നൂല്‍ക്കുന്ന തൊഴിലാണ് നടക്കുന്നത്. പഞ്ഞി പോലുളള അനുബന്ധ സാമഗ്രികളെല്ലാം ഖാദി ബോര്‍ഡാണ് കൊടുക്കുക. ഒരു കഴി നൂലിന് 10 രൂപയാണ് വേതനം. 120 രൂപ ക്ഷാമബത്തയും, സര്‍ക്കാറിന്റെ മിനിമം വരുമാന പൂരക പദ്ധതി പ്രകാരം ഒരു കഴിക്ക് 4.90 രൂപ വീതവും ഇന്‍സെന്റീവ് 60 പൈസയും കിട്ടും. ഒരു ദിവസം കുറഞ്ഞത് അഞ്ച് കഴി നൂല്‍ നൂറ്റാല്‍ 200 രൂപ വരെ വേതനമായി കിട്ടും.നൂല്‍നൂല്‍പ്പിനുളള വേതനം ഖാദി ബോര്‍ഡാണ് നല്‍കുക. ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുളള 24 ശതമാനം അംശദായത്തില്‍ 12 ശതമാനം ഖാദി ബോര്‍ഡും ബാക്കി 12 ശതമാനം ഈ ഭിന്നശേഷി വിഭാഗം തൊഴിലാളികളുടെ വേതനത്തില്‍ നിന്നും ഈടാക്കും. ബഡ്സ് സ്‌ക്കൂളില്‍ നിന്ന് 18 വയസ്സിന് മുകളിലുളള അഞ്ച് പേരെയാണ് പ്രസ്തുത പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കുറഞ്ഞത് 100 ദിവസം തൊഴില്‍ ചെയ്താല്‍ ഖാദി ബോര്‍ഡിന്റെ ക്ഷേമനിധി ബോര്‍ഡില്‍ അംഗമാക്കും. തുടര്‍ന്ന് എംപ്ലോയ്മെന്റ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പ്രകാരമുളള ചികിത്സ സഹായം, ഭവനനിര്‍മ്മാണ സഹായം തുടങ്ങിയ ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങളും ലഭിക്കും. കണ്ണാടി, കിഴക്കഞ്ചേരി, എരിമയൂര്‍, മാത്തൂര്‍, കുത്തന്നൂര്‍, മുതുതല, വിളയൂര്‍, പരുതൂര്‍, തൃത്താല, തൃക്കടീരി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, എലപ്പുള്ളി, ആലത്തൂര്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുളള 15 ബഡ്സ് സ്‌ക്കൂളുകള്‍ക്കാണ് ജില്ലാ പഞ്ചായത്ത് ചര്‍ക്ക വിതരണം നടത്തിയത്. വരുമാനത്തിന് പുറമെ ഏകാഗ്രത വര്‍ദ്ധിക്കുകയും നല്ലൊരു വ്യായാമവും കൂടിയായി മാറുകയാണ് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഈ പ്രവര്‍ത്തനം..
  17-7-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി