സമീപകാലത്ത് പ്രസിദ്ധീകരിച്ച് ജില്ലാ പരിപാടികൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  ഭക്ഷ്യസുരക്ഷയും, ഫുഡ് ടൂറിസവും ലക്ഷ്യമാക്കി ശംഖുമുഖത്ത് ഫുഡ് സ്ട്രീറ്റ് ഹബ്.
മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ശംഖുമുഖത്ത് ഫുഡ് സ്ട്രീറ്റ് ഹബ് ഒരുങ്ങുന്നു. കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക വഴി സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയാണ് ഫുഡ് സ്ട്രീറ്റ് കൊണ്ട് സർക്കാർ ലക്‌ഷ്യം വെയ്ക്കുന്നത്. ആധുനിക ഫുഡ് സ്ട്രീറ്റുകൾ മുഖേന വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം ജനങ്ങൾക്കായ് ഒരുങ്ങുന്നു.ഒരു കോടി രൂപ ചിലവില്‍ ആണ് തിരുവനന്തപുരത്തെ ഫുഡ് സ്ട്രീറ്റ് യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്. ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണം പ്രദാനം ചെയ്യുന്നതിലൂടെ, കേരളത്തിലെ ആധുനിക ഫുഡ് സ്ട്രീറ്റുകൾ പ്രാദേശിക തൊഴിൽ മേഖല ശക്തിപ്പെടുത്തുകയും ഭക്ഷ്യ ടൂറിസം വികസിപ്പിക്കുകയും ടൂറിസം മേഖലയെ കൂടി ശക്തിപ്പെടുകയും ചെയ്യും. തിരുവനന്തപുരത്ത് ഡിടിപിസി, എന്‍എച്ച്എം, നഗരസഭ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുള്ള 18 സ്ഥിരം ഭക്ഷണ സ്റ്റാളുകളും, പൊതുവായ ഡൈനിംഗ് സ്ഥലം, മാലിന്യ നിര്‍മ്മാര്‍ജന സംവിധാനം, വാഷിംഗ് ഏരിയ, ശുചിമുറികള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിച്ചായിരിക്കും ഈ ഭക്ഷണ ശാലകള്‍ പ്രവര്‍ത്തനം നടത്തുന്നത്. ശംഖുമുഖത്തെത്തുന്ന പൊതുജനങ്ങള്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും വിവിധ രുചിവെവിധ്യം സുരക്ഷിതമായി ആസ്വദിക്കാന്‍ ഈ ഫുഡ് സ്ട്രീറ്റ് സഹായകമാകും. തിരുവനന്തപുരത്തിന്റെ തെരുവ് ഭക്ഷണ സംസ്‌കാരത്തിനും രാത്രി ജീവിതത്തിനും പുതിയ മാനം നൽകുകയാണ് ഫുഡ് സ്ട്രീറ്റ് പദ്ധതി.ഫുഡ് സ്ട്രീറ്റുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കുകയാണ് മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള ഫുഡ് സ്ട്രീറ്റുകൾ പദ്ധതിയിലൂടെ കൂടുതൽ മികവുറ്റതാക്കും. ഭക്ഷ്യജന്യ രോഗങ്ങൾ കുറച്ച്, പൊതുജനാരോഗ്യം വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക തൊഴിൽ മേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങൾ ലഭ്യമാക്കി ഫുഡ് ഡെസ്റ്റിനേഷനുകൾ പ്രോത്സാഹിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പദ്ധതി നടപ്പാക്കാൻ ആദ്യ ഘട്ടത്തില്‍ 4 സ്ഥലങ്ങളാണ് തെരഞ്ഞെടുത്തത്. തിരുവനന്തപുരം കൂടാതെ എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളിലും ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമായി കഴിഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ ഫുഡ് സ്ട്രീറ്റ് വ്യാപിപ്പിക്കുവാനും പദ്ധതി വിഭാവനം ചെയ്യുന്നു..
  7-11-2025
  സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തിൽ കോളേജ് സുരക്ഷാ പദ്ധതി ആരംഭിച്ചു.
സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുത്ത 11 കോളേജുകളിൽ കോളേജ് സുരക്ഷാ പദ്ധതി ആരംഭിച്ചു. ക്യാമ്പസ് സുരക്ഷയും ദുരന്ത പ്രതിരോധ മുൻകരുതലുകളും ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആദ്യ പരിശീലനം ആലപ്പുഴ എസ്.ഡി. കോളേജിലെ ക്യാമ്പസ് റാപിഡ് ആക്ഷൻ ടീം അംഗങ്ങൾക്ക് നൽകി.ആരോഗ്യ വകുപ്പ്, അഗ്നിശമന സേന, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നീ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ക്ലാസുകൾ നയിച്ചത്. തെരഞ്ഞെടുത്ത മറ്റ് കോളേജുകളിലും പരിശീലനം പൂർത്തിയാക്കും.ഈ പദ്ധതിയുടെ ഭാഗമായി, ജില്ലയിലെ 11 കോളേജുകളിലും കോളേജ് ദുരന്തനിവാരണ കമ്മിറ്റികൾ രൂപീകരിക്കപ്പെടുകയും, ഓരോ കോളേജിലും തെരഞ്ഞെടുത്ത 100 വിദ്യാര്‍ഥികളെ ക്യാമ്പസ് റാപ്പിഡ് ആക്ഷൻ ടീമാക്കി രൂപീകരിച്ച്, അവരെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പരിശീലിപ്പിക്കുകയും ചെയ്യും. പരിശീലനം ജില്ലയിലെ 1,000 വിദ്യാർത്ഥികൾക്കു ലഭ്യമാക്കാൻ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി ഓരോ കോളേജിനും കോളേജ് സുരക്ഷാ പ്ലാനുകൾ തയ്യാറാക്കും.ഇത്തരത്തിൽ, കോളേജ് സുരക്ഷാ പദ്ധതിയിലൂടെ ക്യാമ്പസ് സുരക്ഷയും ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുകയും വിദ്യാർത്ഥികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കാൻ ആവശ്യമായ പരിശീലനം ലഭിക്കുകയും ചെയ്യും. ഭാവിയിൽ ജില്ലയിലെ എല്ലാ കോളേജുകളിലും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്ന ഒരു സമഗ്ര സംവിധാനത്തിന് ഇത് അടിസ്ഥാനമാകും..
  28-10-2025
  തുല്യത കോഴ്സ് വിജയികൾക്ക് ബിരുദ പഠനത്തിന് വഴിയൊരുക്കി വയനാട്.
വയനാട് ജില്ലാ പഞ്ചായത്ത് സാക്ഷരതാ മിഷനുമായി സഹകരിച്ച് ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച വിദ്യാർത്ഥികൾക്കായി പുതിയ പദ്ധതി നടപ്പിലാക്കുന്നു. ഈ നൂതന പദ്ധതിയുടെ മുഖ്യ ലക്ഷ്യം തുല്യതാ വിജയികൾക്ക് ബിരുദപഠനത്തിന് അവസരം നൽകുക എന്നതാണ്. സാക്ഷരതാ മിഷന്റെ സഹകരണത്തോടൊപ്പം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പിന്തുണയോടെയാണ് ഈ ബിരുദപഠനം.പഠനാവസരം വീണ്ടെടുത്ത് ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ചവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരില്‍ പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് തുടക്കമിട്ടത്. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദ കോഴ്സുകളിൽ രജിസ്റ്റർ ചെയ്യുന്ന പഠിതാക്കൾക്ക് സാമ്പത്തിക പിന്തുണ നൽകും. ജനറൽ വിഭാഗത്തിലുള്ളവരുടെ 50% ഫീസ്, പട്ടികജാതി വിഭാഗക്കാരുടെ 75% ഫീസ്, പട്ടികവർഗ്ഗ പഠിതാക്കളുടെ 100% ഫീസ് ജില്ലാ പഞ്ചായത്ത് വഹിക്കും.പദ്ധതിയുടെ ആദ്യഘട്ടത്തിൽ 62 പേർ രജിസ്റ്റർ ചെയ്തു. രണ്ടാം ഘട്ടത്തിൽ 138 പേർക്ക് അവസരം ലഭിക്കും. കൽപ്പറ്റ ഗവ. എൻ.എം.എസ്.എം. കോളേജ്, സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളിൽ സമ്പർക്ക ക്ലാസുകൾ നടത്തും.സാമ്പത്തിക പ്രശ്നങ്ങൾ പഠനത്തിന് തടസ്സമാകാതെ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പിന്തുണ ലഭിക്കുന്നതിലൂടെ അവരുടെ അക്കാദമിക് കരിയർ മുന്നോട്ടു കൊണ്ടുപോകാൻ ഈ പദ്ധതിയിലൂടെ സാധ്യമാകും. വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഈ നൂതന പദ്ധതിയിലൂടെ ലഭിക്കുന്ന അവസരം അവരുടെ ഭാവിലേക്കുള്ള ഉറച്ച ചുവടുവെപ്പാണ്..
  28-10-2025
  മലബാറി ആട് ഫാം വിഭാഗത്തിൽ ആദ്യ മികവിന്റെ കേന്ദ്രമായി പാറശാല ആടുവളർത്തൽ കേന്ദ്രം.
മലബാറി വിഭാഗത്തിലെ ആടുകള്‍ക്കായുള്ള പ്രത്യേക കേന്ദ്രമായ പാറശാല ഗവ. ആടുവളര്‍ത്തല്‍ കേന്ദ്രം സെന്റര്‍ ഓഫ് എക്‌സലന്‍സ് നിലവാരത്തിലേക്ക് ഉയരുന്നു. പാറശാലയിലെ പരശുവയ്ക്കലിൽ സ്ഥിതിചെയ്യുന്ന ഈ ആട് ഫാം, ഈ വിഭാഗത്തിൽ നിന്ന് മികവിന്റെ കേന്ദ്രമായി അംഗീകാരം നേടുന്ന ആദ്യ സ്ഥാപനമാണ്. മലബാറി വിഭാഗത്തിലെ ആട്ടിൻകുട്ടികളെ ബുക്കിംഗ് അടിസ്ഥാനത്തിൽ കർഷകർക്കായി വിൽപ്പനയ്ക്കു നൽകുന്ന കേന്ദ്രവുമാണ് ഇത്.നിലവില്‍ അഞ്ച് ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ഫാമിൽ 300 ആടുകളാണ് ഉള്ളത്. പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കെട്ടിടങ്ങളിലാണ് ആടുകളെ പാര്‍പ്പിച്ചിരിക്കുന്നത്. മികവിന്റെ കേന്ദ്രമാവുന്നതോടെ ഇരുനിലകളിലായി പണിത പുതിയ കെട്ടിടങ്ങൾ കൂടി പ്രയോജനപ്പെടുത്തി 1000 ആടുകളെ ഒരേസമയം വളര്‍ത്താന്‍ സാധിക്കും.പ്രദേശവാസികളായ 10 പേര്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഫാമിൽ ജോലിചെയ്യുന്നുണ്ട്. മികവിന്റെ കേന്ദ്രമായി ഉയരുന്നത്തോടെ ഇരുപതോളം പേര്‍ക്ക് തൊഴില്‍ നല്‍കാനുമാകും. ഫാമിന്റെ ഭാവി വികസനം ലക്ഷ്യമാക്കി 18 ഏക്കർ അധിക ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ആടുകളെ പാർപ്പിക്കാനുള്ള പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഫാമിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കുന്നതും ഒക്ടോബറിൽ നടക്കും. നിലവിൽ യുവ കർഷകരടക്കം നിരവധി പേർ ഫാമിന്റെ ബുക്കിംഗ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു. അടുത്ത മാസം മുതൽ ബുക്കിംഗ് ചെയ്യുന്നവർക്ക് ഉടൻ തന്നെ ആട്ടിൻകുട്ടികളെ ലഭ്യമാക്കാനാകും. ആടുകൾക്ക് കേരള ഫീഡ്സിൽ നിന്ന് ലഭിക്കുന്ന പ്രീമിയം തീറ്റയാണ് നൽകുന്നത്. കൂടാതെ, ആടുകൾക്ക് ആവശ്യമായ പുല്ല് ഫാമിൽ തന്നെ കൃഷി ചെയ്യപ്പെടുന്നു. മികവിന്റെ കേന്ദ്രമായി ഉയരുന്നതോടെ കൂടുതൽ സ്ഥലങ്ങളിൽ പുല്ല് കൃഷി വ്യാപനവും ലക്ഷ്യമിടുന്നുണ്ട്.മാലിന്യസംസ്‌കരണത്തിൽ നിന്ന് ഉൽപ്പാദനമൂല്യ വർധനവുവരെ സമഗ്രമായ വികസനം ലക്ഷ്യമാക്കി മുന്നേറുന്ന പാറശാല ഗവ. ആടുവളർത്തൽ ഫാം, മികവിന്റെ കേന്ദ്രമായി മാറുന്നതിലൂടെ സംസ്ഥാനത്തെ ആടുവളർത്തൽ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകും. ശാസ്ത്രീയ സമീപനത്തോടെയും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളോടെയും മുന്നേറുന്ന ഈ പദ്ധതി, കർഷകർക്കും പ്രാദേശിക സമുദായത്തിനും കൂടുതൽ തൊഴിൽ-വ്യാപാര അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു..
  24-10-2025
  തൃശൂരിലെ ആദ്യ ഡബിൾ ഡെക്കർ ബസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയായി.
തൃശൂരിലെ ആദ്യ ഡബിൾ ഡെക്കർ ബസിന്റെ ട്രയൽ റൺ പൂർത്തിയായി. വിനോദസഞ്ചാരികൾക്ക് തൃശൂരിന്റെ നഗരസൗന്ദര്യവും പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ആകർഷണങ്ങളും ആസ്വദിക്കാൻ കഴിയുന്നവിധത്തിൽ മുകൾഭാഗം തുറന്ന കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസായിരിക്കും സർവീസ് നടത്തുക.ഒന്നര കോടി രൂപയാണ് ഗതാഗത വകുപ്പ് ഈ ബസിനായി അനുവദിച്ചിട്ടുള്ളത്. തൃശൂർ നഗരത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര, സ്വരാജ് റൗണ്ടിലൂടെ ചുറ്റി നഗരത്തിലെ വിവിധ പ്രദേശങ്ങൾ കടന്നുപോകും. തുടർന്ന് ജൂബിലി മിഷൻ, കുട്ടനെല്ലൂർ വഴി പുത്തൂർ സുവോളജിക്കൽ പാർക്കിനുള്ളിൽ സഞ്ചരിച്ച് വീണ്ടും നഗരത്തിൽ തിരിച്ചെത്തും.പുത്തൂരിൽ സൂവോളജിക്കൽ പാർക്ക് തുറക്കുന്നതിനൊപ്പം ഡബിൾ ഡെക്കർ ബസും വരുന്നതോടെ പാർക്കിലേക്കും തൃശൂരിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരവികസനത്തെയും വിനോദസഞ്ചാരത്തെയും സമന്വയിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ തൃശൂർ ജില്ല കൂടുതൽ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണ്..
  24-10-2025
  'ആലപ്പുഴ - എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' ജലടൂറിസം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്.
ലോകനിലവാരത്തിലുള്ള ജലവിനോദസഞ്ചാര കേന്ദ്രമെന്ന ആലപ്പുഴയുടെ സ്വപ്നങ്ങൾക്ക് ഊർജ്ജം പകരുന്ന ‘ആലപ്പുഴ – എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നഗരത്തിൽ ഔദ്യോഗികമായി ആരംഭിച്ചു. ജില്ലയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവയെ ഉയർന്ന നിലവാരത്തിലേക്ക് മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 93.177 കോടി രൂപ ഫണ്ട് വിനിയോഗിച്ച് രൂപകൽപ്പന ചെയ്ത പദ്ധതിയുടെ ഭാഗമായി വെള്ളാപ്പള്ളി–ശവക്കോട്ട കനാലിന്റെ വശങ്ങൾ കെട്ടുന്ന ജോലികളും കനാൽ ആഴം കൂട്ടാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. ബീച്ച് ഭാഗത്തെ സർവേ പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.പ്രധാന നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായ പൈലിംഗ് ഉടൻ ആരംഭിക്കും. പുന്നമട ഫിനിഷിംഗ് പോയിന്റിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഭാരപരിശോധനയും പൈലിങ്ങിനുള്ള നടപടികളും ആരംഭിച്ചു. ആദ്യഘട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പ്രധാന പണികൾ ഉടൻ ആരംഭിച്ച് 2026 ഫെബ്രുവരിയോടെ പദ്ധതി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്.ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. നിർമ്മാണ ചുമതല യുഎൽസിസിഎസ് (ULCSS) നാണ്. പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്.ആലപ്പുഴ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 24.45 കോടി രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. ഇതിൽ ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, ലാൻഡ്‌സ്‌കേപ്പിംഗ്, സൂചന ബോർഡുകൾ, പാർക്കിംഗ് മൈതാനം, പ്രദർശന വേദികൾ, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, കായിക വേദികൾ, സിസിടിവികൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ജില്ലയുടെ ജില്ലയുടെ മുഖ്യ കനാലുകളുടെ കരകൾ നവീകരിക്കുന്നതിനായി 37 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ദീപാലങ്കാരങ്ങൾ, പ്ലാസകൾ, ബോട്ട് ഡോക്കുകൾ, കഫേകൾ, ബോട്ട് ജെട്ടി വികസനം, പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, സൂചന ബോർഡുകൾ, സിസിടിവികൾ, മാലിന്യ സംസ്കരണ സംവിധാനം, ലാൻഡ്‌സ്‌കേപ്പിംഗ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിമുറികൾ എന്നിവയാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങൾ.ആലപ്പുഴയുടെ പ്രധാന ആകർഷണമായ പുന്നമട ഫിനിഷിംഗ് പോയിന്റിലെ ബോട്ട് ടെർമിനലിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 8.5 കോടി രൂപ പദ്ധതി വഴിയിൽ വകയിരുത്തിയിട്ടുണ്ട്. പാർക്കിങ് സൗകര്യങ്ങൾ, മറീന, എക്സ്പീരിയൻസ് സെന്റർ, ഇൻഫർമേഷൻ കിയോസ്‌ക്കുകൾ, ജല സാഹസിക വിനോദ കേന്ദ്രങ്ങൾ, ഭക്ഷണ ശാലകൾ, ശുചിമുറികൾ തുടങ്ങിയവ സമഗ്രമായി ഒരുക്കുന്നത് വഴി ബോട്ട് ടെർമിനൽ ധാരാളം പരിപാടികളുടെ കേന്ദ്രബിന്ദുവായി മാറും.കൂടാതെ ഡിജിറ്റൽ ആൻഡ് സ്മാർട്ട് ടൂറിസം, സാംസ്‌കാരിക, പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സുസ്ഥിരത പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കായി 4 കോടി രൂപ കൂടി പദ്ധതിയിൽ പ്രത്യേകമായി വകയിരുത്തിയിട്ടുമുണ്ട്..
  24-10-2025
  കുട്ടനാടിന്റെ മനോഹാരിതയും, രുചിവൈവിധ്യങ്ങളും അറിയാൻ - 'കുട്ടനാട് സഫാരി' പാക്കേജ് ടൂറിസം പദ്ധതി.
വിനോദസഞ്ചാരികൾക്കായി കുട്ടനാടിന്റെ കായല്‍ സൗന്ദര്യവും, രുചിവൈവിധ്യങ്ങളും, സാംസ്‌കാരികത്തനിമയും ഒരുക്കി 'കുട്ടനാട് സഫാരി' പാക്കേജ് ടൂറിസം പദ്ധതി. ജലഗതാഗതവകുപ്പ്, മുഹമ്മ ഗ്രാമപ്പഞ്ചായത്തുമായി ചേര്‍ന്നു നടപ്പാക്കുന്ന വ്യത്യസ്തമായ ഈ ടൂറിസം പദ്ധതി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ജലഗതാഗതവകുപ്പിന്റെ പുതിയ സൗര-1 സൗരോര്‍ജ യാത്രബോട്ടാണ് പദ്ധതിക്കായി ഉപയോഗിക്കുക. രാവിലെ 10ന് ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്ന് തുടങ്ങുന്ന യാത്ര ആദ്യം എത്തിച്ചേരുക നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റിലാണ്. തുടര്‍ന്ന് അഴീക്കല്‍ കനാലിലൂടെയുള്ള യാത്രയില്‍ നാടന്‍ രുചികളടങ്ങിയ പ്രഭാത ഭക്ഷണം സഞ്ചാരികള്‍ക്കായി നല്‍കും. കൂടാതെ പായ നെയ്ത്ത് കാണാനും പായ സ്വയം നെയ്യാനും അവസരമൊരുക്കും. ഓല കൊണ്ടുള്ള കരകൗശല ഉല്‍പ്പന്നങ്ങളായ കുട, മുറം, പായ എന്നിവ വാങ്ങുന്നതിനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. തുടര്‍ന്ന് കളിവള്ളങ്ങളും കുട്ടനാടിന്റെ അത്ഭുതകരമായ പ്രകൃതിഭംഗിയും കണ്ട് സഞ്ചരിക്കാം. സി ബ്ലോക്ക്, ആര്‍ ബ്ലോക്ക് എന്നിവയുടെ പിറവിയെപ്പറ്റിയും അടുത്തറിയാം. ആര്‍ ബ്ലോക്കില്‍ എത്തിക്കഴിയുമ്പോള്‍ കുട്ടനാടന്‍ ശൈലിയില്‍ ഷാപ്പ് വിഭവങ്ങളും കായല്‍ വിഭവങ്ങളും അടങ്ങിയ ഉച്ചയൂണ് ആസ്വദിക്കാം.കായല്‍ യാത്രയില്‍ പഞ്ചവാദ്യവും ശിങ്കാരിമേളവും വേലകളിയും കുത്തിയോട്ടവും അടങ്ങുന്ന ദൃശ്യങ്ങളും ബോട്ടില്‍ സഞ്ചരികള്‍ക്കായി പ്രദര്‍ശിപ്പിക്കും. ശേഷം യാത്ര എത്തിച്ചേരുന്നത് പാതിരാമണല്‍ ദ്വീപിലേക്കാണ്. അവിടെ ആംഫി തിയേറ്ററില്‍ നാടന്‍ കലാരൂപങ്ങള്‍ സഞ്ചാരികള്‍ക്കായി അരങ്ങേറും. ഇപ്റ്റയുമായി സഹകരിച്ചാണ് തീയറ്ററില്‍ കലാപരിപാടികള്‍ ഒരുക്കുന്നത്. തിരികെ ആലപ്പുഴയിലേക്കുള്ള യാത്രയില്‍ കായലില്‍ നിന്നും കക്ക വാരുന്നതും നീറ്റുന്നതും അവ ഉല്‍പ്പന്നമാക്കി മാറ്റുന്നതും കണ്ട് മനസിലാക്കാനും അവസരമൊരുക്കുന്നുണ്ട്. കൂടാതെ ഫ്‌ളോട്ടിങ് ഷോപ്പുകളില്‍ നിന്ന് ആലപ്പുഴയുടെ തനത് ഉത്പന്നങ്ങള്‍ വാങ്ങുവാനും സഞ്ചാരികള്‍ക്ക് സാധിക്കും. വൈകിട്ട് ആറ് മണിയോടെ യാത്ര ആരംഭിച്ച ആലപ്പുഴ ബോട്ട് ജെട്ടിയില്‍ മടങ്ങിയെത്തുന്നതോടെയാണ് ബോട്ട് സഫാരി അവസാനിക്കുക..
  17-10-2025
  മാധ്യമം നേരിനും സമാധാനത്തിനും, ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള.
'മാധ്യമം നേരിനും സമാധാനത്തിനും' എന്ന സന്ദേശവുമായി കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയ്ക്ക് (IMFK) തിരുവനന്തപുരത്ത് വർണശബളമായ സമാപനം. സെപ്തംബർ 29 മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിന്ന ഫെസ്റ്റിവലിൽ, ദേശീയ-അന്തർദേശീയ തലത്തിലെ പ്രഗത്ഭർ പങ്കെടുത്തു. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റും കേരള പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ചാണ് ഐഎംഎഫ്കെ സംഘടിപ്പിച്ചത്. പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷ് മുഖ്യാതിഥിയായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച സമ്മേളനത്തിന് പലസ്തീൻ ഐക്യദാർഢ്യത്തോടെ തുടക്കമായി. പലസ്തീൻ ഐക്യദാർഢ്യ രേഖ അബ്ദുള്ള അബു ഷ്വേഷിന് മുഖ്യമന്ത്രി കൈമാറി. 2024 ലെ മീഡിയ പേഴ്സൺ ഓഫ് ദ ഇയർ പുരസ്‌കാരം ആഫ്രിക്കൻ മാധ്യമപ്രവർത്തക മറിയം ഔഡ്രാഗോ ഏറ്റുവാങ്ങി. പട്ടാള അട്ടിമറികളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന ലൈംഗിക അതിക്രമങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവന്നതിനാണ് ആഫ്രിക്കയിലെ ബുർക്കിനോഫാസയിൽ നിന്നുള്ള പ്രമുഖ മാധ്യമ പ്രവർത്തകയായ മറിയം ഔഡ്രാഗോയ്ക്ക് ഈ അംഗീകാരം ലഭ്യമായത്. 2022,24 വർഷങ്ങളിലെ ഇന്ത്യൻ മീഡിയ പേഴ്സൺ പുരസ്‌കാരം യഥാക്രമം കരൺ ഥാപ്പർ, രാജദീപ് സർദേശായി എന്നിവർ ഏറ്റുവാങ്ങി.ശശികുമാർ, റാണാ അയൂബ്, അരുണാചൽ ടൈംസിന്റെ അസോസിയേറ്റ് എഡിറ്റർ ടോംഗം റിന, ബസ്തർ മേഖലയിലെ മാധ്യമപ്രവർത്തക പുഷ്പ റോക്രോക്‌ഡെ, ആൾട്ട് ന്യൂസ് സ്ഥാപകരായ പ്രതിക് സിൻഹ, മുഹമ്മദ് സുബൈർ തുടങ്ങി പ്രഗത്ഭരായ മാധ്യമപ്രവർത്തകരുടെ വലിയൊരു നിര ഫെസ്റ്റിവലിൽ സാന്നിധ്യമറിയിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ട് പ്രധാന പ്രദർശനങ്ങളും ഒരുക്കിയിരുന്നു. ഗാസയിൽ ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ട മുന്നൂറിലധികം മാധ്യമപ്രവർത്തകർക്ക് പ്രണാമമർപ്പിക്കുന്ന ചിത്രപ്രദർശനമായിരുന്നു അവയിലൊന്ന്. ഈ ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവ ഒക്ടോബർ 2ന് മാനവീയം വീഥിയിൽ സംഘടിപ്പിച്ച 'സേവ് ഗാസ' സംഗമത്തിലും പ്രദർശിപ്പിച്ചിരുന്നു.കേരളത്തിന്റെ വേറിട്ട സാമൂഹിക-സാംസ്‌കാരിക സ്വഭാവം അവതരിപ്പിക്കുന്ന റിയൽ കേരള സ്‌റ്റോറി എക്സിബിഷൻ ഓഡിയോ-വീഡിയോ വിരുന്നോടെയാണ് ഒരുക്കിയത്. കേരളം എങ്ങനെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ആഗോളതലത്തിൽ പോലും വ്യത്യസ്തമായി നിലകൊള്ളുന്നുവെന്ന് ഈ എക്‌സിബിഷൻ തുറന്നു കാണിക്കുന്നു. കൂടാതെ, വർക്കിംഗ് ജേർണലിസ്റ്റുകൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്തെ മാധ്യമ സാധ്യതകൾ പകർന്നു നൽകുന്നതിനുള്ള വർക്ക്ഷോപ്പ് സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിലായി സംഘടിപ്പിച്ചു. ഇതിൽ വ്യാജവാർത്തകൾ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ പ്രധാന വിഷയമായി.മിററിംഗ് ദി ട്രൂത്ത്, മാധ്യമഭാഷ: ഇല്ലിക്കുന്ന് മുതൽ ഇന്റർനെറ്റ് വരെ, അനുഭവസാക്ഷ്യം- ആക്‌സിഡന്റൽ ജേണലിസം, അധിനിവേശയുദ്ധങ്ങളും മാധ്യമങ്ങളും, എഐ @ ന്യൂസ്-കൃത്രിമബുദ്ധിയുടെ വെളിച്ചത്തിൽ വാർത്തകൾ, റിയൽ കേരള സ്‌റ്റോറി & മീഡിയ, ഫ്രം ജേണലിസം ടു ലിറ്ററേച്ചർ & സിനിമ, മീഡിയ സ്റ്റഡീസ് ഇൻ സൈബർ ഏജ് തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. മുഖാമുഖം, എഐ വർക്ക് ഷോപ്പ്, ക്ലാസുകൾ, സെമിനാറുകൾ, പൂർവവിദ്യാർത്ഥി സംഗമം, സാംസ്‌കാരിക പരിപാടികൾ എന്നിവയെ കൂടാതെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ കോളേജ്-സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഗ്രാന്റ്മാസ്റ്റർ ജി.എസ്. പ്രദീപ് നയിച്ച മാധ്യമ പ്രശ്നോത്തരി -'ക്വിസ് പ്രസ്' സംഘടിപ്പിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമായി ആയിരത്തിലധികം മാധ്യമ പ്രവർത്തകരും വിദ്യാർത്ഥികളും ഫെസ്റ്റിവലിന്റെ ഭാഗമായി.മാധ്യമ രംഗത്തെ ആഗോള ചർച്ചകൾക്കും നവീന ആശയവിനിമയ രീതികൾക്കും വേദിയായ ഐഎംഎഫ്കെ, മാധ്യമ പ്രവർത്തനത്തിന്റെ ആവശ്യകതയേയും പ്രാധാന്യത്തേയും എടുത്തുകാട്ടുന്നു. ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്ന അറിവിന്റെയും അനുഭവത്തിന്റെയും സംഗമമായി ഫെസ്റ്റിവൽ മാറി..
  3-10-2025
  മാലിന്യ സംസ്‌കരണത്തിൽ കണ്ടെയ്നർ മാതൃകയുമായി ചേപ്പാട് ഗ്രാമപഞ്ചായത്ത്.
ആലപ്പുഴ ജില്ലയിലെ ചേപ്പാട് ഗ്രാമപഞ്ചായത്ത് മാലിന്യസംസ്‌കരണത്തിൽ കൂടുതൽ പ്രകൃതിസൗഹൃദപരമായ സമീപനം സ്വീകരിച്ച് മാതൃകയാവുകയാണ്. മാലിന്യം സംഭരിക്കുന്നതിനുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ (എംസിഎഫ്) നിർമ്മിക്കാൻ കോൺക്രീറ്റ് കെട്ടിടങ്ങൾ തേടിപ്പോകാതെ, പഴയ കണ്ടെയ്നറുകൾ കണ്ടെത്തിയാണ് ചേപ്പാട് വേറിട്ട മാതൃക സൃഷ്ടിച്ചത്.പഞ്ചായത്തിലെ അജൈവ മാലിന്യങ്ങൾ സംഭരിക്കുന്നതിനായി പഴയ രണ്ട് കണ്ടെയ്നറുകളാണ് എംസിഎഫ് കേന്ദ്രങ്ങളാക്കി മാറ്റിയത്. ഇതിലൂടെ പ്രതിമാസം ഏകദേശം 800 കിലോ അജൈവ മാലിന്യം സംഭരിക്കാൻ പഞ്ചായത്തിന് സാധിക്കുന്നുണ്ട്.2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാലിന്യ പരിപാലനത്തിനായി കണ്ടെയ്നറുകൾ എത്തിച്ചത്. പഞ്ചായത്തിന്റെ തനത് ഫണ്ടും കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റും ചേർത്ത് ?6,48,528 രൂപയാണ് ഇതിനായി ചെലവഴിച്ചത്. കണ്ടെയ്നർ ആർക്കിടെക്ചർ സ്ഥാപനമായ ഇന്റഗ്രേറ്റഡ് ലിഫ്റ്റേഴ്സിന്റെ പക്കൽ നിന്നാണ് കണ്ടെയ്നറുകൾ വാങ്ങിയത്. മൂന്നാം വാർഡിൽ പഞ്ചായത്തിനു സമീപവും പതിനൊന്നാം വാർഡിൽ ദേശീയപാതയ്ക്ക് സമീപം കോട്ടംകോയിക്കൽ ജംഗ്ഷനിലുമാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ഇവയ്ക്ക് 20 അടി ഉയരവും 36.31 ക്യൂബിക് മീറ്റർ ശേഷിയുമുണ്ട്.പഞ്ചായത്തിലെ 14 വാർഡുകളിലെ എംസിഎഫ് പ്രവർത്തനങ്ങളിലൂടെ 28 ഹരിതകർമ്മസേനാഗംങ്ങൾക്കാണ് തൊഴിൽ നൽകുന്നത്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, ചില്ല് മാലിന്യം തുടങ്ങിയവ ഇവർ സംഭരിച്ച് തരംതിരിക്കും. തുടർന്ന് ഈ മാലിന്യം ക്ലീൻ കേരള കമ്പനിക്കും പ്ലാനറ്റ് എർത്ത് എക്കോ സൊല്യൂഷൻസിനും കൈമാറുകയാണ് ചെയ്യുന്നത്. മാലിന്യസംസ്‌കരണ രംഗത്ത് ചേപ്പാട് പഞ്ചായത്ത് നടപ്പിലാക്കിയ ഈ നൂതന പദ്ധതി മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്നതാണ്..
  27-9-2025
  ഓണത്തിന് ബമ്പറിച്ച് കെഎസ്ആർടിസി; ഒരാഴ്ച കൊണ്ട് ജില്ലയിൽ നേടിയത് 25 ലക്ഷം രൂപയുടെ വരുമാനം.
ഏറ്റവും കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരം സാധ്യമാക്കുന്ന ബഡ്ജറ്റ് ടൂറിസത്തിന് ഇക്കഴിഞ്ഞ ഓണക്കാലത്തും ലഭിച്ചത് വൻ സ്വീകാര്യത. തിരുവനന്തപുരം ജില്ലയിൽ ഓണ സീസണിൽ മാത്രം കെഎസ്ആർടിസി നേടിയത് 25 ലക്ഷം രൂപയുടെ വരുമാനം. സെപ്തംബർ ഒന്നു മുതൽ ഏഴു വരെയുള്ള കണക്കാണിത്. ഓണാവധിക്ക് 40 ട്രിപ്പുകൾ വിവിധയിടങ്ങളിലായി സംഘടിച്ചു. സൂര്യകാന്തി പൂക്കളുടെ സീസൺ തുടങ്ങിയതോടെ സുന്ദരപാണ്ഡ്യപുരത്തേക്ക് നടത്തിയ പ്രത്യേക സർവീസുകൾക്കും മികച്ച വരുമാനം നേടാനായി. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ കൂടുതൽ ട്രിപ്പുകൾ ഒരുക്കയാണ് അധികൃതർ. റിസോർട്ട് ടൂറിസത്തിന് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി കാസർഗോഡ് പൊലിയംതുരുത്തിലേക്കുള്ള പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും ബുക്ക് ചെയ്യാം.ബഡ്ജറ്റ് ടൂറിസത്തിൽ ഗവി, മൂന്നാർ, വാഗമൺ ട്രിപ്പുകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. ജില്ലയിലെ 20 ഡിപ്പോകളിൽ നിന്നുമായി അവധിക്കാലം ലക്ഷ്യമിട്ട് കേരളത്തിന്റെ പല സ്ഥലങ്ങളിലേക്കും ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. സഞ്ചാരികളുടെ ആവശ്യപ്രകാരവും പ്രത്യേകം ട്രിപ്പുകൾ ഒരുക്കാറുണ്ട്. തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, വെഞ്ഞാറമൂട് ഡിപ്പോകളാണ് യാത്രകളിൽ മുന്നിലുള്ളത്. കോട്ടയം മലരിക്കൽ ആമ്പൽ വസന്തം കാണുന്നതിനും ജില്ലയിൽ നിന്നും നിരവധി തവണ സർവീസുകൾ ലഭ്യമാക്കിയിരുന്നു.ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള നെഫർടിറ്റി ആഡംബരകപ്പൽ യാത്രക്കും ജില്ലയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് ബസിൽ യാത്രക്കാരെ ബോൾഗാട്ടിയിലെത്തിച്ച് അവിടെ നിന്നും ഉൾക്കടലിലേക്ക് കപ്പൽമാർഗം കൊണ്ടുപോകും. അതുകഴിഞ്ഞ് അതേ ബസിൽ മടക്കയാത്ര. ചുരുങ്ങിയ ചെലവിലും സുരക്ഷിതമായും കടൽക്കാഴ്ചകൾ കണ്ടു മടങ്ങാനുള്ള അവസരമാണിത്. 2022ൽ തുടങ്ങിയതുമുതൽ 20000 സഞ്ചാരികളാണ് ഇതുവരെ നെഫർടിറ്റി പാക്കേജിൽ യാത്ര ചെയ്തത്. ജില്ലയിൽ നിന്നും 2000 പേരോളം ആ പാക്കേജിൽ പങ്കാളികളായിട്ടുണ്ട്. ഈ വർഷം 50 പേരാണ് നെഫർടിറ്റി പാക്കേജ് ഉപയോഗപ്പെടുത്തിയത്.   സിറ്റി ഡബിൾ ഡെക്കർ, പൊന്മുടി തുടങ്ങി ജില്ലക്ക് അകത്തുള്ള വിനോദയാത്രകൾക്ക് പുറമേ തീർത്ഥാടനയാത്രകളും ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂകാംബിക, കൊട്ടിയൂർ, നാലമ്പലം, ശബരിമല, ഗുരുവായൂർ, തിരുവൈരാണിക്കുളം, കൃപാസനം എന്നിങ്ങനെ സീസൺ യാത്രകളും ഒരുക്കുന്നുണ്ട്. ഒക്ടോബർ രണ്ട് വരെ പഞ്ചപാണ്ഡവ ദർശനത്തിനുള്ള സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന യാത്രകളായ മൂകാംബിക, വേളാങ്കണ്ണി, കന്യാകുമാരി സർവീസുകളുമുണ്ടാകും. ദീർഘദൂര ട്രിപ്പുകൾ എല്ലാം ഡീലക്‌സ് സെമിസ്ലീപ്പറുകളിലാണ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് എ സി ബസിലും യാത്ര ക്രമീകരിക്കാറുമുണ്ട്.ഇതിനൊക്കെ പുറമേ വിവാഹാവശ്യങ്ങൾക്കും ചാർട്ടേഡ് ട്രിപ്പുകൾ നടത്താറുണ്ട്. വിദ്യാർത്ഥികൾക്ക് വിജ്ഞാനവും ടെക്നോളജിയും കോർത്തിണക്കിക്കൊണ്ടുള്ള ട്രാവൽ ടൂർ ടെക്നോളജി പദ്ധതിയും കുറഞ്ഞ ചെലവിൽ സ്‌കൂൾ കോളേജ് കുട്ടികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.ഗവി, മൂന്നാർ, നെഫർടിറ്റി കപ്പൽയാത്ര എന്നീ ട്രിപ്പുകളാണ് വരുമാനത്തിൽ മുന്നിൽ നിൽക്കുന്നത്. ഇക്കൊല്ലം ജനുവരിയിലാണ് ജില്ലയിൽ ഏറ്റവുമധികം കളക്ഷൻ നേടിയത്, 85 ലക്ഷം രൂപ. ഗവി, റോസ്മല, പൊന്മുടി യാത്രകൾ വനം-ടൂറിസം വകുപ്പുകളുമായി സഹകരിച്ചാണ് നടത്തുന്നത്. ടിക്കറ്റ് നിരക്ക് ഓരോ ഡിപ്പോയ്ക്കും വ്യത്യസ്തമായിരിക്കും.2025 ലെ വരുമാനം ഇപ്രകാരംജനുവരി- 85 ലക്ഷംഫെബ്രുവരി- 40 ലക്ഷംമാർച്ച്- 35 ലക്ഷംഏപ്രിൽ- 70 ലക്ഷംമെയ് - 75 ലക്ഷംജൂൺ- 30 ലക്ഷംജൂലായ് - 35 ലക്ഷംആഗസ്റ്റ്- 55 ലക്ഷംസെപ്തംബർ( ഇതുവരെ) - 45 ലക്ഷം.
  24-9-2025
  സ്‌കൂളിലെത്തണം എല്ലാവരും, കൂടെയുണ്ട് നാടൊന്നാകെ- കർമ്മ പദ്ധതിയുമായി എറണാകുളം.
സ്‌കൂളുകളിൽ നിന്നും പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ എറണാകുളം ജില്ലാഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത് സംയുക്ത സഹകരണത്തോടെ കർമ്മ പദ്ധതി നടപ്പാക്കുന്നു. സ്‌കൂളിലെത്തണം എല്ലാവരും കൂടെയുണ്ട് നാടൊന്നാകെ എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളെയും സ്‌കൂളിലെത്തിക്കുക ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.  ജില്ലയിലെ ആകെ സ്‌കൂൾ വിദ്യാർത്ഥികളിൽ 20 ശതമാനം പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവരാണ്. പഠനം പാതിവഴിയിൽ നിർത്തി കൊഴിഞ്ഞുപോകുന്നവരിൽ നാലിൽ മൂന്ന് പേരും പട്ടികവർഗ്ഗക്കാരാണെന്ന കണക്ക് അടിസ്ഥാനമാക്കിയാണ് പട്ടികവർഗ്ഗ വിഭാഗത്തിന് പ്രഥമ പരിഗണന നൽകി കർമ്മപദ്ധതി തയ്യാറാക്കുന്നത്. 2025 അധ്യയന വർഷത്തിൽ ജൂലൈയിൽ 50 ശതമാനത്തിൽ താഴെ ദിവസങ്ങൾ സ്‌കൂളിലെത്തിയ കുട്ടികളുടെ എണ്ണം 618 ആയിരുന്നു. ഓഗസ്റ്റിലെ റിപ്പോർട്ട് പ്രകാരം 50 ശതമാനത്തിൽ താഴെ ഹാജരുള്ളവർ 434 വരായി കുറഞ്ഞു.  വ്യക്തമായ കാരണമില്ലാതെ സ്‌കൂളിലെത്താത്ത വിദ്യാർത്ഥികളുടെ കണക്കുകൾ സ്‌കൂളുകളിൽ രേഖപ്പെടുത്തി പ്രത്യേക ഡ്രോപ്പ് ഔട്ട് രജിസ്റ്റർ സൂക്ഷിക്കുകയും കർമ്മപദ്ധതിയിലൂടെ വിവിധ വകുപ്പുകൾ ഡ്രോപ്പ് ഔട്ട് രജിസ്റ്റർ അവലോകനം ചെയ്യും. വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാൻ നോഡൽ അധ്യാപകരുടെ നിയമനം, മൂന്ന് ദിവസത്തിൽ കൂടുതൽ സ്‌കൂളുകളിലെത്താത്തവരുടെ വീടുകളിൽ അധ്യാപകർ, പിടിഎ പ്രതിനിധികൾ, ട്രൈബൽ പ്രൊമോട്ടർമാർ എന്നിവരുടെ സംയുക്ത സന്ദർശനവും പദ്ധതിയിലുടെ ഉറപ്പുവരുത്തും. ഒരോ വിദ്യാലയത്തിനും ഒരു പ്രൊമോട്ടർക്ക് വ്യക്തിഗത ഏകോപന ചുമതലയും നൽകും.സ്‌കൂളിൽ എത്താത്ത ഓരോ കുട്ടിയുടെയും വിവരങ്ങൾ പട്ടികവർഗ്ഗ വികസന വകുപ്പ് സമയബന്ധിതമായി പഠിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കും. കുടുംബങ്ങളിൽ വിവിധ ബുദ്ധിമുട്ടുകളാൽ പഠനം തുടരാൻ പ്രയാസപ്പെടുന്ന കുട്ടികളെ പ്രീ-പോസ്റ്റ്- എം.ആർ.എസ് ഹോസ്റ്റലുകളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും. സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉന്നതികൾ കേന്ദ്രീകരിച്ച് വീഡിയോ പ്രചാരണം നടത്തും. പ്രത്യേക ഇടപെടൽ ആവശ്യമുള്ള വിഷയങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് പട്ടികവർഗ്ഗ വികസന വകുപ്പിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കും. സ്‌കൂൾ-തദ്ദേശസ്വയംഭരണ- താലൂക്ക്-ജില്ലാതലത്തിൽ അവലോകന സമിതികൾ പ്രവർത്തിക്കും. പത്താം ക്ലാസ് വിജയിച്ച് തുടർ പഠനത്തിന്അപേക്ഷ നൽകാത്തവർ, ഹയർസെക്കൻഡറി പ്രവേശനം ലഭിച്ചിട്ടും പോകാത്ത വിദ്യാർത്ഥികളുടെ കാര്യത്തിലും ആവശ്യമായ നടപടികൾ സ്വീകരിക്കും..
  23-9-2025
  കുത്തിയതോട് പോലീസ് സ്റ്റേഷന് ബി.ഐ.എസ്. സർട്ടിഫിക്കേഷൻ.
പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കി കേരള പോലീസ് വീണ്ടും നേട്ടം കൈവരിക്കുന്നു. ആലപ്പുഴയിലെ കുത്തിയതോട് പോലീസ് സ്റ്റേഷൻ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി.ഐ.എസ്.) സർട്ടിഫിക്കേഷനോടെ ഐ.എസ്.ഒ. അംഗീകാരം സ്വന്തമാക്കി. ഈ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ പോലീസ് സ്റ്റേഷനാണിത്. ജില്ലയിലെ തന്നെ അർത്തുങ്കൽ പോലീസ് സ്റ്റേഷനാണ് നേരത്തെ ഈ നേട്ടം കൈവരിച്ചത്.ക്രമസമാധാന പരിപാലനം, കുറ്റാന്വേഷണം, പരാതികൾ തീർപ്പാക്കുന്നതിലെ വേഗത, രേഖകളുടെ പരിപാലനം എന്നിവയിൽ ബി.ഐ.എസ്. നിഷ്‌കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ നേട്ടം. സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി. ശുചിത്വവും ഹരിത പെരുമാറ്റച്ചട്ടവും പാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകി. ഉദ്യോഗസ്ഥരുടെ മികച്ചതും സൗഹാർദപരവുമായ പെരുമാറ്റം കൂടി പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്.ആറുമാസത്തെ തുടർച്ചയായ പരിശ്രമത്തിനൊടുവിൽ, ചെന്നൈയിലെ ദക്ഷിണമേഖലാ ബി.ഐ.എസ്. ഓഫീസിലെ വിദഗ്ദ്ധ സംഘത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചാണ് കുത്തിയതോട് പോലീസ് സ്റ്റേഷൻ ഈ അംഗീകാരം നേടിയത്. ജനങ്ങൾക്ക് കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ നൽകാനുള്ള കേരളപൊലീസിന്റെ ചുവടുവെയ്പ്പുകൾക്കുള്ള പ്രചോദനമാണ് കുത്തിയതോട് പോലീസ് സ്റ്റേഷന് ലഭിച്ച ബിഐഎസ് അംഗീകാരം..
  23-9-2025
  ആർദ്ര കേരളം പുരസ്‌കാരം: തിരുവനന്തപുരം നഗരസഭയക്ക് തുടർച്ചയായി മൂന്നാം തവണയും.
കേരള സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നൽകുന്ന 'ആർദ്ര കേരളം പുരസ്‌കാരം' തുടർച്ചയായി മൂന്നാം തവണയും തിരുവനന്തപുരം നഗരസഭയ്ക്ക്. ആരോഗ്യ മേഖലയിൽ നഗരസഭ നടപ്പാക്കിയ സമഗ്രവും ജനക്ഷേമപരവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 22 പുതിയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചു. നവീകരിച്ച 31 കേന്ദ്രങ്ങൾ ഉൾപ്പെടെ 78 ആരോഗ്യ സ്ഥാപനങ്ങൾ ഇപ്പോൾ നഗരപരിധിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ വാർഡിലും ഒരു ആരോഗ്യ കേന്ദ്രം എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ മുന്നോട്ട് പോകുന്നത്.13 പാലിയേറ്റീവ് കെയർ യൂണിറ്റുകളിലായി 5801 രോഗികളെ നഗരസഭ സൗജന്യമായി പരിപാലിക്കുന്നു. കരൾ രോഗം, ക്യാൻസർ, കിഡ്നി രോഗം, അവയവമാറ്റം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്ക് അനന്തപുരി മെഡിക്കൽസ് വഴി സൗജന്യ മരുന്ന് വിതരണം നടത്തുന്നു. 187 രോഗികൾക്ക് മാസത്തിൽ നാല് സൗജന്യ ഡയാലിസിസ് സൗകര്യവും ലഭ്യമാക്കുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണവിതരണത്തിനായി 3 കോടി രൂപ അനുവദിച്ചു.ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗജന്യ മരുന്ന് വിതരണത്തിനുമായി നടപ്പ് സാമ്പത്തിക വർഷം 75 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. രാജ്യത്ത് ആദ്യമായി സുസ്ഥിര വികസനത്തിനുള്ള യു.എൻ. ഹാബിറ്റാറ്റ് പുരസ്‌കാരവും, മൂന്ന് തവണ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫിയും നേടിയ തിരുവനന്തപുരം നഗരസഭയ്ക്ക് മികവേറുന്ന അംഗീകാരമാണ് ആർദ്ര കേരളം പുരസ്‌കാരം..
  17-9-2025
  ബാറ്ററി ഡൗണായ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ കെൽട്രോണിന്റെ ജംപ് സ്റ്റാർട്ടർ.
ബാറ്ററി ഡ‍ൗണായി സ്റ്റാർട്ടാകാത്ത വാഹനങ്ങൾക്കായി കെൽട്രോണിന്റെ 'ജംപ് സ്റ്റാർട്ടർ'. കണ്ണൂരിലെ സൂപ്പർ കപ്പാസിറ്റർ മാനുഫാക്ചറിങ് സെന്ററിലാണ്‌ ‘ജംപ് സ്റ്റാർട്ടർ' നിർമ്മിച്ചത്. രാജ്യത്തെ ആദ്യ സൂപ്പർ കപ്പാസിറ്റർ മാനുഫാക്ചറിങ് സെന്ററാണ്‌ കണ്ണൂരിലുള്ളത്.വാഹനത്തിന്റെ ബാറ്ററി ടെർമിനലുകളുമായി ബന്ധിപ്പിക്കുന്ന ഉപകരണമാണ് ജംപ് സ്റ്റാർട്ടർ. വാഹനം സ്റ്റാർട്ട് ചെയ്യാനുള്ള പവർ ഇത് നൽകും. അങ്ങനെ അടുത്തുള്ള സർവീസ് സ്റ്റേഷനിലേക്ക് സുരക്ഷിതമായി വാഹനം എത്തിക്കാനാകും. ‘ജംപ്‌ സ്റ്റാർട്ടറി’ൽ പവർ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും നൂതന സൂപ്പർ കപ്പാസിറ്റർ സാങ്കേതികവിദ്യയാണ്‌ ഉപയോഗിച്ചിരിക്കുന്നത്.വാഹനത്തിന്റെ ബാറ്ററി ആകസ്മികമായി പ്രവർത്തനരഹിതമായാൽ, (ഉദാഹരണത്തിന്, ഹെഡ്‌ലൈറ്റുകൾ, ഇന്റീരിയർ ലൈറ്റുകൾ അല്ലെങ്കിൽ എഞ്ചിൻ പ്രവർത്തിക്കാത്തപ്പോൾ ഇഗ്നിഷൻ സ്വിച്ച് ഓണാക്കിയാൽ) വാഹന ഉടമകൾക്ക് ജംപ് സ്റ്റാർട്ടർ ഉപയോഗിക്കാം. വാഹനം സ്റ്റാർട്ട് ചെയ്‌തുകഴിഞ്ഞാൽ, അതിന്റെ സാധാരണ ചാർജിംഗ് സിസ്റ്റം റീചാർജ് ചെയ്യപ്പെടുകയും, ജംപ് സ്റ്റാർട്ടർ നീക്കം ചെയ്യാനും സാധിക്കും. വാഹന ചാർജിംഗ് സിസ്റ്റം പ്രവർത്തനക്ഷമമാണെങ്കിൽ, എഞ്ചിൻ പ്രവർത്തിപ്പിക്കുന്നതിലൂടെ ബാറ്ററിയുടെ ചാർജ് പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. ജംപ്‌ സ്റ്റാർട്ടർ കൂടാതെ ഇലക്ട്രിക് വീൽചെയർ, ലോജിസ്റ്റിക്സ് മേഖലയിലേക്കുള്ള ഇലക്ട്രിക് ട്രോളി എന്നിവയും സൂപ്പർ കപ്പാസിറ്ററുകൾ ഉപയോഗിച്ച്‌ നിർമിച്ചിട്ടുണ്ട്‌. വാട്ടർപമ്പ്‌ നിയന്ത്രിക്കുന്ന സിംഗിൾ ഫെ-യ്‌സ് പമ്പ് കൺട്രോൾ പാനലും വിപണിയിലിറക്കി. ​ബാറ്ററിയും സൂപ്പർ കപ്പാസിറ്ററും സംയോജിപ്പിക്കുന്ന നൂതന ഹൈബ്രിഡ് പവർ സിസ്റ്റം ഉൾക്കൊള്ളുന്ന ഉപകരണമാണ്‌ ഇലക്ട്രിക് ട്രോളി. കിണറുകളിൽ ഉപയോഗിക്കുന്ന സിംഗിൾ ഫെയ്‌സ് പന്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും നിയന്ത്രിക്കാനും രൂപകൽപ്പന ചെയ്‌ത ഉപകരണമാണ്‌ പമ്പ് കൺട്രോൾ പാനൽ. മോട്ടോർ സ്റ്റാർട്ട് കപ്പാസിറ്റർ സർക്യൂട്ടാണ്‌ ഇതിലുള്ളത്‌..
  12-9-2025
  സാനിറ്ററി മാലിന്യ സംസ്‌കരണത്തിൽ വിപ്ലവകരമായ മാറ്റം: വർക്കലയിൽ പുതിയ പ്ലാന്റ്.
കേരളത്തിന്റെ ഖരമാലിന്യ സംസ്‌കരണ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം കുറിച്ച്, ഗാർഹിക സാനിറ്ററി മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള ഒരു പുതിയ പ്ലാന്റ് വർക്കലയിൽ പ്രവർത്തനമാരംഭിച്ചു. സമൂഹത്തിലെ ഒരു വലിയ വിഭാഗം ജനങ്ങൾ നേരിടുന്ന സാനിറ്ററി പാഡുകൾ, ഡയപ്പറുകൾ തുടങ്ങിയവയുടെ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ബയോമെഡിക്കൽ സാനിറ്ററി മാലിന്യങ്ങളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പ്ലാന്റാണ് വർക്കലയിലേത്. പ്രതിദിനം 5 ടൺ മാലിന്യങ്ങൾ സംസ്‌കരിക്കാൻ ഈ പ്ലാന്റിന് ശേഷിയുണ്ട്. മാലിന്യ സംസ്‌കരണത്തിലൂടെ പ്രതിദിനം 60 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. 1.5 കോടി രൂപ ചെലവഴിച്ച്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാങ്കേതികാനുമതിയോടെയാണ് പ്ലാന്റ് സ്ഥാപിച്ചത്. ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, പുനരുപയോഗ സാധ്യമല്ലാത്ത തുണികൾ, മുടി എന്നിവ ഈ പ്ലാന്റിൽ ശാസ്ത്രീയമായി നിർമാർജനം ചെയ്യും. ഈ പ്ലാന്റ് ഉൾപ്പെടെ, അടുത്ത ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഒരു ഡസനോളം പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ, സംസ്ഥാനത്ത് ഒരു ദിവസം ഉത്പാദിപ്പിക്കപ്പെടുന്ന സാനിറ്ററി മാലിന്യം മുഴുവൻ ശാസ്ത്രീയമായി സംസ്‌കരിക്കാൻ സാധിക്കും. കേന്ദ്ര സർക്കാരിന്റെ ശുചിത്വ റാങ്കിംഗിൽ 1370-ൽ നിന്ന് 158-ാം സ്ഥാനത്തേക്ക് ഉയർന്ന വർക്കല നഗരസഭ, മാലിന്യ സംസ്‌കരണത്തിൽ സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ച് മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറിയിരിക്കുകയാണ്. ഈ സുപ്രധാന ചുവടുവെപ്പ് മാലിന്യരഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ കൂടുതൽ അടുപ്പിക്കുന്നു. .
  21-8-2025
  വ്യവസായ മുന്നേറ്റത്തിൽ കോഴിക്കോട് 'റീ ഇൻവെന്റ് മലബാർ: ഗ്രോത്ത് സ്റ്റോറീസ്'.
കോഴിക്കോട് ജില്ലയിലെ സംരംഭകരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും ജില്ലയുടെ വ്യാവസായിക മുന്നേറ്റത്തിനാവശ്യമായ ആശയങ്ങൾ സ്വരൂപിക്കാനുമായി 'റീ ഇൻവെന്റ് മലബാർ: ഗ്രോത്ത് സ്റ്റോറീസ്' പരിപാടിയുമായി കെ.എസ്.എസ്.ഐ.എ. പുതുതലമുറ നിക്ഷേപകർക്ക് നെറ്റ്വർക്കിങ്ങ് സാധ്യതകൾ തുറന്നു നൽകുകയും ഇന്നത്തെ ലോകമത്സരങ്ങളിൽ അതിജീവനത്തിനും വളർച്ചയ്ക്കുമുള്ള ആശയങ്ങൾ പങ്കുവെയ്ക്കുകയും ചെയ്യുക ലക്ഷ്യമിട്ടാണ് പരിപാടി തയാറാക്കിയത്.കോഴിക്കോട് ജില്ലയിൽ മാത്രം ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വന്ന നിക്ഷേപ വാഗ്ദാനം 20472 കോടിയുടേതാണ്. ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ ഈ പദ്ധതികളിലൂടെ സൃഷ്ടിക്കപ്പെടും. 17 പദ്ധതികളിൽ നിന്നായി വന്നിട്ടുള്ള ഈ വാഗ്ദാനങ്ങളിൽ 6 പദ്ധതികൾ ഇതിനോടകം നിർമ്മാണഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ഇതിലൂടെ മാത്രം 11100 കോടിയുടെ നിക്ഷേപമാണ് ജില്ലയിൽ സൃഷ്ടിക്കപ്പെടുന്നത്. ജില്ലയുടേയും ഉത്തരകേരളത്തിന്റെയാകെയും വ്യാവസായിക മുന്നേറ്റം ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പരിപാടികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. ഉത്തരകേരളത്തിന്റെ വ്യാവസായിക വളർച്ചയ്ക്കായി സംരംഭകരുടെ ആവശ്യപ്രകാരം കോഴിക്കോട് കെ.എസ്.ഐ.ഡി.സിക്ക് പുതിയ ഓഫീസ് ആരംഭിച്ചു. ഈ മേഖലയിലെ ഐടി നിക്ഷേപം വർധിക്കുന്നതിനായി ആരംഭിച്ച കോഴിക്കോട് സൈബർ പാർക്കിൽ ടാറ്റ എലക്‌സി ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾ കടന്നുവരുകയും പാർക്കിലെ മുഴുവൻ സ്ഥലവും വിതരണം ചെയ്യുകയും ചെയ്തു. ഇതിന് പുറമെ കോഴിക്കോട് ഐടി പാർക്കിൽ 184 കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ 80 ഏക്കർ ഭൂമിയിൽ 222.83 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് നിലവിൽ നിരവധി കമ്പനികൾ പ്രവർത്തിക്കുന്ന പാർക്ക് സ്ഥാപിച്ചത്.115.13 ഏക്കർ ഭൂമിയിൽ കുറ്റ്യാടിയിൽ നാളികേര ഭക്ഷ്യ സംസ്‌കരണ പാർക്കിന്റെ നിർമ്മാണം ആരംഭിച്ചു.കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാനുഫാക്ചറിങ്ങ് യൂണിറ്റുകളിലൊന്നായ ക്രേസ് ബിസ്‌കറ്റ്‌സിന്റെ യൂണിറ്റ് ആരംഭിച്ചതും കോഴിക്കോടാണ്. 150 കോടി രൂപ മുതൽമുടക്കിൽ ഒരുലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണത്തിൽ കോഴിക്കോട് പ്രവർത്തനമാരംഭിച്ച കമ്പനി ഇപ്പോൾ വിപുലീകരണം നടത്തുകയാണ്. ഒപ്പം സ്വകാര്യ വ്യവസായ പാർക്കുകളും കോഴിക്കോട് നിർമ്മാണഘട്ടത്തിലാണ്. കൂടുതൽ നിക്ഷേപകർ സ്വകാര്യവ്യവസായ പാർക്കുകൾ ആരംഭിക്കാൻ മുന്നോട്ടുവരുന്നതിലൂടെ കോഴിക്കോട് ജില്ലയിൽ വ്യവസായ കുതിപ്പ് വേഗത്തിലാകും..
  12-8-2025
  കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ 'ഹാഫ് ബർത്ത് ഡേ'.
ശിശുക്കളുടെ ആരോഗ്യം, വളർച്ച, സമഗ്ര വികാസം എന്നിവ ഉറപ്പാക്കുന്നതിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 'ഹാഫ് ബർത്ത് ഡേ' എന്ന പേരിൽ ഒരു പുതിയ ആരോഗ്യ പദ്ധതിക്ക് തുടക്കമിട്ടു. ജനിച്ച് ആറുമാസം പൂർത്തിയാക്കിയ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, സംസ്ഥാനത്ത് ആദ്യമായാണ് ഒരു മെഡിക്കൽ കോളേജിൽ നടപ്പാക്കുന്നത്.ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകിയ ശേഷം, കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പൂരക ആഹാരങ്ങളെക്കുറിച്ച് അമ്മമാരിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആലപ്പുഴ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം, നാഷണൽ നിയോനാറ്റോളജി ഫോറം, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് എന്നിവയുടെ സഹകരണത്തോടെ എല്ലാ മാസവും 'ഹാഫ് ബർത്ത് ഡേ' ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.ഈ പദ്ധതി പ്രകാരം, മെഡിക്കൽ കോളേജിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും ആറുമാസം പൂർത്തിയാകുമ്പോൾ ആശുപത്രിയിലേക്ക് ക്ഷണിക്കുകയും, ശിശുരോഗ വിദഗ്ദ്ധർ കുട്ടികളുടെ വളർച്ച, പ്രതിരോധ കുത്തിവെപ്പുകൾ എന്നിവ പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്യുന്നു. രക്ഷിതാക്കൾക്ക് അവരുടെ സംശയങ്ങൾ ചോദിച്ചറിയാനും ഇവിടെ അവസരം ലഭിക്കും. വിവിധ പ്രായങ്ങളിൽ കുഞ്ഞുങ്ങൾക്ക് നൽകേണ്ട ആഹാര പദാർത്ഥങ്ങളെയും അവയുടെ രൂപത്തെയും കുറിച്ച് അമ്മമാർക്ക് ഇവിടെ പരിശീലനം നൽകുന്നു.ഈ മാതൃകാപരമായ പദ്ധതി സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. ഇത് വഴി കുഞ്ഞുങ്ങളുടെ ശരിയായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും പോഷകാഹാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാനും സാധിക്കും. ഈ പദ്ധതി ശിശുപരിപാലന രംഗത്ത് കേരളം കൈവരിച്ച മറ്റൊരു മികച്ച നേട്ടമാണ്..
  12-8-2025
  അമ്പലവയൽ: കേരളത്തിന്റെ കാർഷിക മേഖലയുടെ പുതിയ മുഖമായി 'അവക്കാഡോ സിറ്റി'.
കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ വയനാട്ടിലെ അമ്പലവയൽ 'അവക്കാഡോ സിറ്റി' എന്ന പുതിയ ഖ്യാതിയിലേക്ക് ഉയരുന്നു. വെണ്ണപ്പഴം എന്നറിയപ്പെടുന്ന അവക്കാഡോ കൃഷിയിൽ വയനാട് കൈവരിച്ച മുന്നേറ്റം സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പരമ്പരാഗത വിളകൾ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ, കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന വരുമാനം നൽകുന്ന അവക്കാഡോ കൃഷിയിലേക്ക് കൂടുതൽ കർഷകർ തിരിയുന്നത് കേരളത്തിന്റെ കാർഷിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തും.വയനാടൻ അവക്കാഡോയ്ക്ക് ആഗോള ശ്രദ്ധ നേടിക്കൊടുക്കാനും ഉത്പാദനം, സംസ്‌കരണം, മൂല്യവർദ്ധന, വിപണനം എന്നീ മേഖലകളിൽ നൂതന സാധ്യതകൾ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ട് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും വയനാട് ഹിൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച 'അവക്കാഡോ ഫെസ്റ്റ് 2025' ഈ മുന്നേറ്റത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ശാസ്ത്രീയമായ കൃഷിരീതികളിലൂടെ ഒരു ചെടിയിൽ നിന്ന് 5,000 രൂപ മുതൽ 50,000 രൂപ വരെ ആദായം നേടാൻ കഴിയുമെന്നത് കർഷകർക്ക് വലിയ പ്രചോദനമാണ്.അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അവക്കാഡോ നടീൽ വസ്തുക്കളുടെ പ്രധാന വിതരണ കേന്ദ്രമായി മാറിയിരിക്കുന്നു. ഗവേഷണത്തിനും പ്രജനനത്തിനുമായി 400-ലധികം വൈവിധ്യമാർന്ന അവക്കാഡോ വൃക്ഷങ്ങളെ ഇവിടെ സംരക്ഷിക്കുന്നു. വയനാടൻ അവക്കാഡോ ബ്രാൻഡ് ഉത്പന്നമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾക്കും തുടക്കമായി. ഡൽഹി, ചെന്നൈ, ബെംഗളൂരു തുടങ്ങിയ വൻ നഗരങ്ങളിലെ ഉയർന്ന ഡിമാൻഡ് പ്രയോജനപ്പെടുത്തിക്കൊണ്ട്, ടൺ കണക്കിന് അവക്കാഡോയാണ് അമ്പലവയലിൽ നിന്ന് ഓരോ വർഷവും കയറ്റി അയയ്ക്കുന്നത്.അവക്കാഡോ പൗഡർ പോലുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഉയർന്ന നിലവാരമുള്ള വിപണികളിലേക്ക് പ്രവേശനം നേടാനും സാധിക്കും. ഈ ലക്ഷ്യത്തോടെ, കോൾഡ് സ്റ്റോറേജ്, ലോജിസ്റ്റിക്‌സ്, ഫാം-ടു-മാർക്കറ്റ് ലിങ്കേജുകൾ എന്നിവ ഉൾപ്പെടുന്ന വിതരണ ശൃംഖല വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.കേരളത്തിന്റെ കാർഷിക-ശാസ്ത്രീയ പൈതൃകത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട്, പ്രാദേശിക കർഷകരുടെ ഉപജീവനമാർഗങ്ങളെയും നവീകരണത്തെയും പ്രോത്സാഹിപ്പിക്കാൻ 'അവക്കാഡോ സിറ്റി' എന്ന ഈ ബഹുമതി സഹായിക്കും. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെയും ആഭ്യന്തര വിപണിയിലെ ശക്തമായ സാന്നിധ്യത്തിലൂടെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പഴവർഗ്ഗ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ അമ്പലവയലിന്റെ ഈ കാർഷിക വിപ്ലവം വഴിയൊരുക്കും..
  4-8-2025
  മൂന്നാറിലെത്തുന്ന വനിതാ സഞ്ചാരികൾക്ക് ഇനി സുരക്ഷിത താമസം; ഇടുക്കിയിലെ ആദ്യ 'ഷീ ലോഡ്ജ്' ഒരുങ്ങി.
മൂന്നാറിലെത്തുന്ന വനിതാ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്നതിനായി, ഇടുക്കി ജില്ലയിലെ ആദ്യ 'ഷീ ലോഡ്ജ്' നിർമ്മാണം പൂർത്തിയാക്കി. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് മാത്രമായി നിർമ്മിച്ച ഈ ലോഡ്ജ്, ജില്ലയുടെ ടൂറിസം മേഖലയിൽ ഒരു മികച്ച കാൽവെപ്പായി മാറുകയാണ്.രണ്ടാംമൈലിലെ പള്ളിവാസൽ പഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് ഈ മാതൃകാപരമായ പദ്ധതി യാഥാർത്ഥ്യമായത്. പഞ്ചായത്തിന്റെ തനത് പദ്ധതി വിഹിതത്തിൽ നിന്ന് 1.25 കോടി രൂപ ചെലവഴിച്ചാണ് ലോഡ്ജിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മുൻകൈയെടുത്ത് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ 'ഷീ ലോഡ്ജ്' കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.2022 മാർച്ചിൽ നിർമ്മാണം ആരംഭിച്ച 'ഷീ ലോഡ്ജിൽ' എട്ട് മുറികൾ, 16 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി, റസ്റ്ററന്റ്, അടുക്കള തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്. മൂന്നാറിന്റെ പ്രകൃതിഭംഗി പൂർണ്ണമായി ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ, രണ്ടാംമൈൽ ചിത്തിരപുരം ഭാഗത്തെ തേയിലത്തോട്ടങ്ങൾക്ക് അഭിമുഖമായാണ് ഈ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്.വനിതാ സഞ്ചാരികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിലൂടെ, കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക്, പ്രത്യേകിച്ച് മൂന്നാറിന് ഇത് വലിയ മുതൽക്കൂട്ടാകും..
  26-7-2025
  തിരുവനന്തപുരം നഗരസഭക്ക് വീണ്ടും കേന്ദ്ര പുരസ്‌കാരം, കേരളത്തിൽ നിന്നും വാട്ടർ പ്ലസ് അംഗീകാരം നേടുന്ന നഗരം.
കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സർവ്വേയായ സ്വച്ച് സർവേഷൻ റാങ്കിങ്ങിൽ തിരുവനന്തപുരം നഗരസഭക്ക് മികച്ച നേട്ടം. തരംതിരിച്ചുള്ള മാലിന്യ ശേഖരണം നീക്കം ചെയ്യൽ, ഖരമാലിന്യ എഫ്.സി സംസ്‌ക്കരണം, ലഗസി മാലിന്യനിർമ്മാർജ്ജനം, ബോധവൽക്കരണ സാനിറ്റേഷൻ-ദ്രവമാലിന്യ സംസ്‌കരണം - സഫായി മിത്ര സുരക്ഷ, ജി. റേറ്റിംഗ്, ഓ.ഡി.എഫ്. പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിംഗ് തീരുമാനിക്കുന്നത്. 2023 സർവ്വേയിൽ നാഷണൽ റാങ്കിങ്ങിൽ 2613-ാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം നഗരസഭ ഇത്തവണ 89-ാം സ്ഥാനം കരസ്തമാക്കി. റാങ്കിങ്ങിന്റെ പ്രധാന ഘടകങ്ങളായ ഓ.ഡി.എഫ് (ODF) സർട്ടിഫിക്കറ്റിന്റെ ഏറ്റവും വലിയ റാങ്ക് ആയ വാട്ടർ പ്ലസ് കേരളത്തിൽ ആദ്യമായി തിരുവനന്തപുരം കോർപ്പറേഷനാണ് ലഭിക്കുന്നത്. കൊച്ചി, കൽപ്പറ്റ, ഗുരുവായൂർ നഗരസഭകൾക്ക് ODF++ ഉം, 77 നഗരസഭകൾക്ക് ODF+ സർട്ടിഫിക്കേഷനും ലഭിച്ചു. 2023 വരെയുള്ള കണക്കുകൾ പ്രകാരം ഒരു നഗരസഭയ്ക്ക് മാത്രമായിരുന്നു ODF++ റേറ്റിംഗ് എങ്കിലും ലഭിച്ചത്. ബ്രഹ്‌മപുരം തീപിടുത്തത്തിന് പിന്നാലെ സംസ്ഥാന സർക്കാർ തീവ്രമായി നടപ്പിലാക്കിയ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ കേരളം ഒന്നുചേർന്ന് നടത്തിയ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കും മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഈ നേട്ടം..
  19-7-2025
  മൃഗങ്ങളുടെ സർജറി - മൊബൈൽ വെറ്ററിനറി യൂണിറ്റ് ഒരുക്കി ആലപ്പുഴ.
വളർത്തുമൃഗങ്ങൾക്ക് കാര്യക്ഷമമായ ചികിത്സ ഉറപ്പാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പൊരുക്കിയ മൊബൈൽ വെറ്ററിനറി സർജറി യൂണിറ്റ് ആലപ്പുഴ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിലും തെരഞ്ഞെടുത്ത അഞ്ചു സ്ഥാപനങ്ങളിലുമാണ് നിലവിൽ മൊബൈൽ വെറ്ററിനറി സർജറി യൂണിറ്റിന്റെ സേവനം ലഭ്യമാകുക. വാഹനത്തിൽ രണ്ട് ഡോക്ടർമാർ, ഡ്രൈവർ കം അറ്റൻഡർ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയ സജ്ജീകരണങ്ങളാണുള്ളത്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തനം. തിങ്കൾ - ചെങ്ങന്നൂർ വെറ്ററിനറി പോളി ക്ലിനിക്, ചൊവ്വ - മാവേലിക്കര വെറ്ററിനറി പോളി ക്ലിനിക്, ബുധൻ - അമ്പലപ്പുഴ വെറ്ററിനറി ആശുപത്രി, വ്യാഴം - പാണാവള്ളി വെറ്ററിനറി ഡിസ്പെൻസറി, വെള്ളി - ആലപ്പുഴ ജില്ല മൃഗാശുപത്രി, ശനി - മങ്കൊമ്പ് വെറ്ററിനറി പോളി ക്ലിനിക് എന്നീ ക്രമത്തിലാണ് സേവനം നൽകുന്നത്. സർക്കാർ നിരക്കിൽ വളർത്തുമൃഗങ്ങൾക്ക് വന്ധ്യംകരണം ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ മുൻകൂട്ടി അറിയിക്കുന്ന മുറയ്ക്ക് നടത്തിക്കൊടുക്കും. 24 മണിക്കൂറും സജീവമായ 1962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കോൾ സെന്റർ സംവിധാനത്തിലൂടെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ബുക്ക് ചെയേണ്ടത്.സേവന നിരക്കുകൾ:പ്രസവശസ്ത്രക്രിയ പശു/ എരുമ - 4000ചെമ്മരിയാട്/ ആട്- 1450പന്നി - 1400പട്ടി - 4000പൂച്ച - 2500ലാപറോട്ടമി പശു/ എരുമ - 3000ചെമ്മരിയാട്/ ആട്- 1450പന്നി - 1250പട്ടി - 4000പൂച്ച - 2500പെരിഫറൽ ട്യൂമർ പശു/ എരുമ - 2000ചെമ്മരിയാട്/ ആട്- 1000പന്നി - 1000പട്ടി - 2500പൂച്ച - 1500ഹെർണിയ പശു/ എരുമ -2000ചെമ്മരിയാട്/ ആട്- 1250പന്നി - 1200പട്ടി - 3000പൂച്ച - 2000ഗർഭപാത്രം നീക്കംചെയ്യൽ പശു/ എരുമ -4000ചെമ്മരിയാട്/ ആട്- 1450പന്നി - 1400പട്ടി - 2500പൂച്ച - 1500വന്ധ്യംകരണം  പശു/ എരുമ - 2000ചെമ്മരിയാട്/ ആട്- 1000പന്നി -1000 /ഓരോ പന്നിക്കുട്ടിക്കും - 250 പട്ടി - 1500പൂച്ച - 750ആമ്പ്യൂട്ടേഷൻ ഓഫ് ലിമ്പ് / എക്സ്ട്രീമിറ്റീസ് പശു/ എരുമ - 2000ചെമ്മരിയാട്/ ആട്- 1000പന്നി - 1500പട്ടി - 3000പൂച്ച -2000മറ്റു ശസ്ത്രക്രിയകൾ പശു/ എരുമ - 2000ചെമ്മരിയാട്/ ആട്- 1450പന്നി - 1000പട്ടി - 1500പൂച്ച - 1000.
  2-7-2025
  മാവേലിക്കരയുടെ സ്വന്തം 'അമൃത് ഹണി' - തേൻകൃഷിയിലും സംസ്‌കരണത്തിലും മുന്നേറ്റം.
തേനിൽ നിന്ന് സമ്പൊത്തുരുക്കുന്ന കർഷകർക്ക് കരുത്തായി ഒരു നാടിന്റെ വിജയഗാഥ. രാജ്യത്തെ ആദ്യ തേനീച്ച സസ്യപാർക്കായി 2018-ൽ പ്രവർത്തനം ആരംഭിച്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കര തഴക്കര പഞ്ചായത്തിലെ കല്ലിമേൽ തേനീച്ച വളർത്തൽ കേന്ദ്രം ഇന്ന് പ്രതിദിനം 25,000 രൂപ വരെ വിറ്റുവരവുള്ളതും ആയിരക്കണക്കിന് കർഷകർക്ക് പ്രയോജനകരവുമായ ഒരു മാതൃകാ സ്ഥാപനമായി വളർന്നു കഴിഞ്ഞു.ഹോർട്ടികോർപ്പിന് കീഴിൽ മൂന്ന് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രം, സർക്കാർ സംവിധാനത്തിന് കീഴിലുള്ള ആദ്യത്തെ ആധുനിക തേൻ നിർമ്മാണ, ശുദ്ധീകരണ, വിപണന കേന്ദ്രം കൂടിയാണ്. തേനീച്ചകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കോടി രൂപ ചെലവിൽ കെട്ടിടം പുനർനിർമ്മിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി രണ്ട് കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളും ഇവിടെ നടപ്പിലാക്കി.ഇരുനൂറോളം തേനീച്ചക്കൂടുകളിലായി ചെറുതേനീച്ചകളെയും ഇന്ത്യൻ തേനീച്ചകളെയും വളർത്തി വർഷം രണ്ട് ടണ്ണോളം തേൻ ഇവിടെ ഉൽപ്പാദിപ്പിക്കുന്നു.കർഷകരിൽ നിന്ന് ന്യായവില നൽകി തേൻ സംഭരിച്ച്, അത് ശാസ്ത്രീയമായി സംസ്‌കരിച്ച് 'അമൃത് ഹണി' എന്ന ബ്രാൻഡിൽ കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കുന്നു. ഇതിനോടകം 50,000 കിലോയിലധികം തേനാണ് ഇപ്രകാരം വിൽപ്പന നടത്തിയത്. ഒരു കിലോ തേനിന് 380 രൂപയും അഞ്ച് കിലോയ്ക്ക് 1375 രൂപയുമാണ് വില.തേനീച്ച വളർത്തലിൽ കർഷകർക്ക് സമഗ്രമായ പരിശീലനം നൽകുന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ വഴി 40% സബ്സിഡിയിൽ തേനീച്ചക്കൂടും അനുബന്ധ ഉപകരണങ്ങളും നൽകുന്നുണ്ട്. 1500-ൽ അധികം കർഷകർക്ക് ഇതിനോടകം പരിശീലനം നൽകുകയും പതിനായിരത്തിലധികം കർഷകർക്ക് തേനീച്ച കോളനികൾ നിർമ്മിക്കാൻ സബ്സിഡി സഹായം നൽകുകയും ചെയ്തു.ഹണി സോപ്പ്, ഇരട്ടി മധുരം, നീലഅമരി, വിവിധതരം അരികൾ തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.കർഷകർക്ക് തേനിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഒരു ലാബ് സ്ഥാപിക്കാൻ കേന്ദ്രത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ഒരു ഹണി മ്യൂസിയമായി കേന്ദ്രത്തെ മാറ്റുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നു. കൂടാതെ, ഹോർട്ടികോർപ്പിന്റെ രണ്ട് പതിറ്റാണ്ട് കാലത്തെ ഗവേഷണ ഫലമായി ഇൻഫ്യൂഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവിധ പഴവർഗ്ഗങ്ങളുടെ രുചിയുള്ള തേനും മാവേലിക്കരയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതിനാവശ്യമായ ഉപകരണങ്ങളും ഹോർട്ടികോർപ് വികസിപ്പിച്ചിട്ടുണ്ട്.മാവേലിക്കര കല്ലിമേൽ തേനീച്ച വളർത്തൽ കേന്ദ്രം, കാർഷിക മേഖലയിലും പ്രാദേശിക സമ്പദ്വ്യവസ്ഥയിലും സംഭവിച്ച വികസന മാറ്റങ്ങൾക്ക് ഉത്തമ ഉദാഹരണമാണ്..
  30-6-2025
  വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് ചിറകായി 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്'പദ്ധതി.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയിട്ടും സാമ്പത്തിക പ്രയാസങ്ങള്‍ മൂലം തുടര്‍ന്ന് പഠിക്കാനുള്ള ആഗ്രഹം മനസ്സിലൊതുക്കേണ്ടി വരുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകാന്‍ 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്' (Pursuit of Happiness) പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള കോഴ്സുകള്‍ തിരഞ്ഞെടുത്ത് ഉന്നത പഠനം നടത്താന്‍ പദ്ധതി അവസരമൊരുക്കുന്നു. ഒരു വിദ്യാര്‍ഥിയുടെയും പഠന സ്വപ്നങ്ങള്‍ സാമ്പത്തിക ബാധ്യത കാരണം മുടങ്ങില്ലെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. സാമ്പത്തികപ്രയാസം നേരിടുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനായി തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പദ്ധതിയില്‍ സ്പോണ്‍സര്‍മാരായി അണിചേരാം. സഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് idukki.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ലഭിക്കുന്ന അപേക്ഷകള്‍ അതത് വില്ലേജ് ഓഫീസര്‍മാര്‍ വഴി വിശദമായ അര്‍ഹതാ പരിശോധനയ്ക്ക് വിധേയമാക്കും. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും കളക്ടര്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. സുതാര്യവും കാര്യക്ഷമവുമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അര്‍ഹതയുള്ളവര്‍ക്ക് സഹായം ഉറപ്പാക്കും. സാമ്പത്തിക സഹായം നല്‍കാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ക്ക് ഇതേ വെബ്സൈറ്റിലൂടെ തന്നെ അപേക്ഷ നല്‍കാം. തുടര്‍ന്ന് സ്പോണ്‍സര്‍മാരാകാന്‍ താല്‍പ്പര്യമറിയിച്ചവരെ ജില്ലാ ഭരണകൂടം ബന്ധപ്പെടും. തിരഞ്ഞെടക്കുന്ന സ്പോണ്‍സര്‍മാര്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ടോ ഔദ്യോഗിക ഇമെയില്‍ വഴിയോ സമ്മതപത്രം സമര്‍പ്പിക്കണം. സ്പോണ്‍സര്‍മാരും വിദ്യാര്‍ഥികളും തമ്മിലുള്ള ഏകോപനം കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും നടക്കുക. വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ മേധാവികളുമായി ജില്ലാ ഭരണകൂടം ബന്ധപ്പെടുകയും, കോഴ്സ് ഫീസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്പോണ്‍സര്‍മാരെ അറിയിക്കുകയും ചെയ്യും. തുടര്‍ന്ന്, കളക്ടര്‍, സ്പോണ്‍സര്‍, സ്ഥാപനമേധാവി, വിദ്യാര്‍ഥി എന്നിവര്‍ ചേര്‍ന്ന് ഒരു ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുറക്കും. ഈ അക്കൗണ്ടിലൂടെയായിരിക്കും സ്പോണ്‍സര്‍ ചെയ്യുന്ന തുക കൈമാറ്റം ചെയ്യപ്പെടുന്നത്. ഇത് പണമിടപാടുകളില്‍ പൂര്‍ണ്ണമായ സുതാര്യത ഉറപ്പാക്കുന്നു. ഒരു പദ്ധതി എന്നതിനപ്പുറം, 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്‌' വിദ്യാര്‍ഥികള്‍ക്ക് നൽകുന്നത് പുതിയ പ്രതീക്ഷയും, പുത്തന്‍ ജീവിതവുമാണ്. .
  21-6-2025
  നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പരിസ്ഥിതി മിത്ര അവാര്‍ഡ്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഗോസ് ഇക്കോ ഫ്രണ്ട്‌ലി (ഇമേജ്) നല്‍കുന്ന പരിസ്ഥിതി മിത്ര അവാർഡ് കരസ്ഥമാക്കി നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം. ആരോഗ്യ സ്ഥാപനങ്ങളില്‍ ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് കൃത്യമായി പാലിക്കല്‍, ആരോഗ്യ സംരക്ഷണ ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തികള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. സംസ്ഥാനത്തെ 21792 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് നൂല്‍പ്പുഴ ആരോഗ്യ കേന്ദ്രത്തെ രണ്ടാമതായി തെരഞ്ഞെടുത്തത്. മികച്ച മാലിന്യ സംസ്‌കരണം, മാലിന്യം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കുള്ള വാക്സിനേഷന്‍, വേസ്റ്റ് മാനേജ്‌മെന്റിന് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം, പ്ലാസ്റ്റിക്-പൊതു മാലിന്യങ്ങള്‍ സംസ്‌കരണം തുടങ്ങീയ മാതൃക പ്രവര്‍ത്തനങ്ങളാണ് സ്ഥാപനത്തെ അംഗീകാരത്തിന് അര്‍ഹമാക്കിയത്. 50 കിടക്കയില്‍ താഴെയുള്ള ആശുപത്രികളുടെ വിഭാഗത്തിലാണ് നൂല്‍പ്പുഴ അംഗീകാരം നേടിയത്.ആശുപത്രിയില്‍ 2023 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫിറ്റ്‌നസ് സെന്ററിനകത്ത് തലയെടുപ്പോടെ നില്‍ക്കുന്ന മരം സ്ഥാപനത്തിന്റെ പരിസ്ഥിതി സംരക്ഷണ മാതൃകയാണ്. ആശുപത്രി പരിസരത്ത് കാലങ്ങളായി തണല്‍ നല്‍കിയ മരം ഫിറ്റ്‌നസ് സെന്റര്‍ നിര്‍മ്മാണ പ്രവര്‍ത്തിക്ക് തടസമായപ്പോള്‍ മരം മുറിച്ച് മാറ്റാതെ ഫിറ്റ്‌നസ് സെന്റര്‍ നിര്‍മ്മിക്കുകയായിരുന്നു. പ്രകൃതിയോടിണങ്ങി നിര്‍മ്മിച്ച ഫിറ്റ്‌നസ് സെന്റര്‍ മുഖേന 150 ഓളം പേരാണ് ദിവസേന പരിശീലനത്തിന് എത്തുന്നത്. പരിസ്ഥിതിയുമായി ചേർന്ന് പ്രവർത്തിക്കുന്ന കൂടുതൽ മാതൃകാ പദ്ധതികൾ നടപ്പാക്കി വരികയാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം..
  10-6-2025
  അതിദാരിദ്ര്യ നിർമ്മാർജനം: സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത നഗരസഭയായി ഷൊർണൂർ.
സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത നഗരസഭയായി പാലക്കാട് ഷൊർണൂർ നഗരസഭ. നഗരസഭയിലെ അതിദരിദ്ര പട്ടികയിൽ ഉണ്ടായിരുന്ന 99 കുടുംബങ്ങളെയും ദാരിദ്ര്യ മുക്തമാക്കിയാണ് നഗരസഭ ഈ നേട്ടംകൈവരിച്ചത്. വീടില്ലാത്ത അഞ്ച് കുടുംബങ്ങൾക്ക് നഗരസഭ വീടുകൾ നിർമിച്ചു നൽകി. വീടും സ്ഥലവും ഇല്ലാതിരുന്ന നാല് കുടുംബങ്ങൾക്ക് മനസ്സോടിത്തിരി മണ്ണ് പദ്ധതി വഴി ലഭിച്ച 25 സെന്റ് ഭൂമിയിൽ ഫ്‌ളാറ്റ് നിർമിച്ചു നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നഗരസഭയിലെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടവരുടെ മറ്റെല്ലാ പ്രശ്‌നങ്ങൾക്കും അധികൃതർ കൃത്യതയോടെയുള്ള പരിഹാരം നടപ്പാക്കിയിട്ടുണ്ട്. നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ലക്ഷ്യത്തോടെ സർക്കാർ നീങ്ങുമ്പോൾ, ഷൊർണൂർ നഗരസഭ ആ ലക്ഷ്യം നേരത്തെ കൈവരിച്ചു. നേരത്തെ സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭയായും സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരസഭയായും ഷൊർണൂർ നേട്ടം കൈവരിച്ചിരുന്നു. ജില്ലയിലെ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള അവാർഡും ഷൊർണുരിന് ലഭിച്ചു. അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ പൂർണ്ണമായും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി' സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ട്. 'ദാരിദ്ര്യ നിർമ്മാർജ്ജനം', 'പട്ടിണിയില്ലാതാക്കൽ' എന്നീ സുപ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർണ്ണമായി കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിലും വാർഡ്/ഡിവിഷൻ തലങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ 1,03,099 വ്യക്തികൾ ഉൾപ്പെടുന്ന 64,006 അതിദരിദ്ര കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കി. ഓരോ കുടുംബത്തിന്റെയും ദുരിത കാരണങ്ങൾ കണ്ടെത്തി ഹ്രസ്വകാല, ഇടക്കാല, ദീർഘകാല പരിപാടികളായി തരംതിരിച്ച് സൂക്ഷ്മമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു. . ഇതിന്റെ ഫലമായി ആദ്യഘട്ടത്തിൽ 30,658 കുടുംബങ്ങളെയും (47.89%) 2025 മെയ് 23ന് 51,417 കുടുംബങ്ങളെയും (80.33%) അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. അതിദാരിദ്ര്യ നിർമ്മാർജനം കേരളം ഏറ്റെടുത്ത സാമൂഹിക-വികസനമാർഗങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ കാൽവയ്പുകളിലൊന്നാണ്. ഷൊർണൂർ നഗരസഭയുടെ മാതൃകാപരമായ നേട്ടം ഈ പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മാറുന്നതോടെ, മനുഷ്യകേന്ദ്രിത വികസനത്തിന്റെയും സമഗ്ര സാമൂഹ്യ നീതിയുടെയും അടിസ്ഥാനത്തിൽ നിർമ്മിതമായ ഒരു പുതിയ വികസന മാതൃക രാജ്യത്തിന് മുന്നിൽ സൃഷ്ടിക്കുകയാണ് കേരളം. .
  2-6-2025
  ശിശുസുരക്ഷയ്ക്കും വനിതശാക്തീകരണത്തിനും ‘പനിനീര്‍ പൂവിനെ വരവേല്‍ക്കാം’ പദ്ധതി.
നവജാത ശിശുക്കളുടെ പ്രാഥമികപരിചരണവും ആരോഗ്യസുരക്ഷയും ഉറപ്പാക്കുന്ന ‘പനിനീര്‍ പൂവിനെ വരവേല്‍ക്കാം' പദ്ധതിയുമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ആദ്യപ്രസവത്തിന് തയ്യാറെടുക്കുന്ന ബിപിഎല്‍ കുടുംബത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്ക് ആരോഗ്യ പരിശോധന, കൗണ്‍സിലിംഗ്, പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും പരിരക്ഷ, ഔഷധ വിതരണം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗര്‍ഭിണിയായി ഒമ്പതാം മാസം മുതല്‍ തുടങ്ങുന്ന പരിചരണം പ്രസവശേഷം 15 ദിവസം വരെയാണ് നല്‍കുക.അന്യംനിന്നുപോയ നാട്ടറിവുകള്‍ പ്രയോജനപ്പെടുത്താനും കുടുംബാംഗങ്ങളുടെ കരുതലും പിന്തുണയും അമ്മയാകുന്ന സ്ത്രീക്ക് ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സുരക്ഷിതമായ ഗര്‍ഭകാലം, അമ്മയുടെയും കുഞ്ഞിന്റെയും ശാരീരിക- മാനസികാരോഗ്യം എന്നിവ കുടുംബാംഗങ്ങളുടെ കൂടി ഉത്തരവാദിത്വമാണെന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന കർത്തവ്യമാണ് പദ്ധതി നിർവഹിക്കുന്നത്. തിരഞ്ഞെടുത്ത വനിതകള്‍ക്ക് ഒരുമാസത്തെ പരിശീലനം നല്‍കി ‘ധാത്രി ബ്രിഗേഡ്‌സ്'രൂപീകരിച്ചാണ് സേവനം ലഭ്യമാക്കുന്നത്. പദ്ധതി പ്രകാരം ബ്ലോക്ക് പരിധിയിലെ ഡോക്ടര്‍മാരുടെയും വനിതാ-ശിശുവികസന വകുപ്പിന്റെയും സഹായത്തോടെ കൈപുസ്തകവും തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ആയുര്‍വേദ വനിത ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം പ്രസവാനന്തരം കഴിക്കേണ്ട ആയുര്‍വേദ മരുന്നുകള്‍ ഉള്‍പ്പെടെ 2500 രൂപ വില വരുന്ന സാധനങ്ങളുടെ കിറ്റും സൗജന്യമായി ലഭ്യമാക്കുന്നു.  നവജാത ശിശുക്കളുടെ പരിചരണം കൂടാതെ, ബ്ലോക്ക്പരിധിയിലെ വനിതകള്‍ക്ക് തൊഴില്‍ലഭ്യമാക്കല്‍ കൂടിയാണ് പദ്ധതി വഴി സാധ്യമാകുന്നത്. ഇത് പ്രകാരം ഏഴ് ഗ്രാമപഞ്ചായത്തിലെ 25നും 40 നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്കാണ് സ്വയംതൊഴില്‍ പരിശീലനം നല്‍കിയത്. നിലവില്‍ ആറ് ‘ധാത്രി ബ്രിഗേഡ്‌സ്' ഇവിടെയുണ്ട്. ഇവര്‍ക്ക് പ്രതിദിനം 500 രൂപ വീതം വേതനവും നല്‍കുന്നു. വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യവര്‍ഷം 2,50,000 രൂപ ചിലവഴിച്ച് ബ്ലോക്ക് പരിധിയിലുള്ള 34 ഗുണഭോക്താക്കള്‍ക്ക് പദ്ധതി വഴി സേവനം ഉറപ്പാക്കി. കഴിഞ്ഞ നാലു വര്‍ഷങ്ങളായി 12 ലക്ഷത്തോളം രൂപ ചിലവഴിച്ച് 284 പേര്‍ക്കാണ് സേവനം നല്‍കിയത്..
  13-5-2025
  നഗരത്തിലെ വാഹന പാർക്കിംഗ് സ്മാർട്ടാകാൻ ‘പാർകൊച്ചി’ മൊബൈൽ ആപ്പുമായി സിഎസ്‌എംഎൽ.
കൊച്ചി നഗരത്തിലെ വാഹന പാർക്കിംഗ് സ്മാർട്ടാകാൻ ‘പാർകൊച്ചി’ സംവിധാനവുമായി സിഎസ്‌എംഎൽ. കൊച്ചി കോർപറേഷൻ, ജിസിഡിഎ, മെട്രോ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി) എന്നിവരുടെ സഹകരണത്തോടെയാണ്‌ ആപ്‌ അധിഷ്‌ഠിത പാർക്കിങ്‌ സംവിധാനം നഗരത്തിൽ നടപ്പിലാക്കുന്നത്. ഇവയുടെ കീഴിലുള്ള പാർക്കിങ്‌ കേന്ദ്രങ്ങളാണ്‌ ആപ്പിലുള്ളത്‌. ആപ്പിന്റെ സഹായത്തോടെ പാർക്കിങ്‌ കേന്ദ്രങ്ങൾ, പാർക്ക്‌ ചെയ്യാനുള്ള സ്ഥലലഭ്യത, എണ്ണം എന്നിവയുടെ വിവരങ്ങളറിയാനാകും. മാത്രമല്ല, പാർക്കിംഗ് കേന്ദ്രങ്ങൾ, ആപ്പിലൂടെ മുൻകൂട്ടി ബുക്ക്‌ ചെയ്യാനും, ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഫീസ് അടയ്ക്കാനും സാധിക്കും. പദ്ധതിയിൽപ്പെട്ട കേന്ദ്രങ്ങളിൽ ഡിജിറ്റൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്‌. ഇതുവഴി ഇവിടങ്ങളിലെ പാർക്കിങ്‌ ലഭ്യത തത്സമയം അറിയാനാകും. ഇവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെയാണ് സ്ഥലലഭ്യത ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്പിലും, ഡിജിറ്റൽ ബോർഡിലും എത്തുന്നത്‌. മെട്രോ സ്‌റ്റേഷനുകൾ, ബോട്ടുജെട്ടി, ദർബാർ ഹാൾ ഗ്രൗണ്ട്‌, വൈറ്റില മൊബിലിറ്റി ഹബ്‌ ഉൾപ്പെടെയുള്ള 51 സ്ഥലങ്ങളാണ്‌ ആദ്യഘട്ടമെന്ന നിലയിൽ ആപ്പിലുണ്ടാകുക. ആകെ 2652 പാർക്കിങ്‌ ഇടമാണ്‌ ഇവിടങ്ങളിലായുള്ളത്‌. മൊബൈൽ ആപ്പിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്‌. പ്രവർത്തനം വിലയിരുത്തി മാറ്റം ആവശ്യമെങ്കിൽ അത്‌ ഉൾപ്പെടുത്തി ആപ്‌ അധികം വൈകാതെ പുറത്തിറക്കും. നഗരത്തിലെ ഗതാഗതസംവിധാനം കൂടുതൽ ജനസൗഹൃദവും കാര്യക്ഷമവുമാക്കുന്നതിന്റെയും ഭാഗമായാണ്‌ പാർകൊച്ചി ആപ്‌ നിലവിൽ വരുന്നത്. ഇതുവഴി വാഹനങ്ങൾ അനായാസമായി പാർക്ക്‌ ചെയ്യാൻ സാധിക്കുന്നതിനൊപ്പം നിലവിലെ പ്രശ്‌നങ്ങൾ ഒഴിവാക്കുകയും ചെയ്യും. 17 മെട്രോ സ്‌റ്റേഷനിലായി 692, ജിസിഡിഎയുടെ 13 സ്ഥലങ്ങളിലായി 1213, കോർപറേഷന്റെ നാല്‌ സ്ഥലങ്ങളിലായി 164, ഡിടിപിസിയുടെ രണ്ട്‌ സ്ഥലങ്ങളിലായി 160, വൈറ്റില മൊബിലിറ്റി ഹബ്ബിൽ 100 പാർക്കിങ്‌ ഇടങ്ങൾ ഇതിനകം ഉൾപ്പെടുത്തി കഴിഞ്ഞു. .
  2-4-2025
  മാലിന്യത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ - പുതു പരിശീലന പദ്ധതിക്ക് തുടക്കമിട്ട് പാലക്കാട് ജില്ലാ മിഷന്‍.
അജൈവമാലിന്യങ്ങളില്‍ നിന്നും അലങ്കാരവസ്തുക്കള്‍ ഉള്‍പ്പെടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയാറാക്കാനുള്ള മെഗാ പരിശീലന പരിപാടി സംഘടിപ്പിച്ച് ടാലന്റ് റെക്കോഡിന്റെ ഏഷ്യന്‍ റെക്കോഡ് കരസ്ഥമാക്കി, കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിലാണ് 'അപ്‌സൈക്ലിങ് ആര്‍ട്ട്' എന്ന പേരില്‍ ജില്ലാ മിഷന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്. 18 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ള 358 കുടുംബശ്രീ അംഗങ്ങളാണ് പരിശീലന പരിപാടിയുടെ ഭാഗമായത്. പ്ലാസ്റ്റിക് കുപ്പി, എല്‍.ഇ.ഡി ബള്‍ബ്, പേപ്പര്‍ ഗ്ലാസ്, തുണി, ചിരട്ട, ചില്ലുകുപ്പി എന്നിങ്ങനെ വിവിധ വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു പരിശീലനം. 33 പേരാണ് പരിശീലന പരിപാടി നയിച്ചത്. ഇപ്പോള്‍ പരിശീലനം നേടിയവര്‍ക്ക് രണ്ടാം ഘട്ട പരിശീലനം നൽകുന്നത് വഴി, ഇവർക്ക് പിന്നീട് ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ അപ്‌സൈക്ലിങ് ആര്‍ട്ട് പരിശീലനം നൽകാനും സാധിക്കും. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ വില്‍പ്പനയിലൂടെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ഒരു വരുമാനം നേടാനാകും. ജില്ലയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങളില്‍ നിന്നാണ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ തുക നല്‍കി വാങ്ങുക. ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും ഇതുവഴി വരുമാനം ഉറപ്പാക്കുന്നു. .
  29-3-2025
  ആലപ്പുഴ ജില്ലയിൽ ആദ്യ എ.ബി.സി സെന്റർ തുറന്നു.
സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങരയിൽ ജില്ലയിലെ ആദ്യ അനിമൽ ബർത്ത് കൺട്രോൾ സെന്റർ പ്രവർത്തനസജ്ജമായി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 38,24,000 രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് എബിസി സെന്ററിന്റെ നിർമ്മാണം പൂർത്തികരിച്ചത്. 840 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സെന്ററിന്റെ പ്രധാന കെട്ടിടം, അനുബന്ധ സൗകര്യങ്ങൾക്ക് നിർമ്മിച്ചിരിക്കുന്ന ഷെഡുകൾ, 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ എന്നിവ ഉൾപ്പെടെയാണ് ഒരുക്കിയിട്ടുള്ളത്. ശസ്ത്രക്രിയ നടത്താനുള്ള തിയേറ്റർ, പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് മുറികൾ, ജീവനക്കാർക്കുള്ള മുറി, എബിസി ഓഫീസ്, സ്റ്റോർ, മാലിന്യ നിർമാർജ സൗകര്യം, അടുക്കള തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ദിവസം 10 ശസ്ത്രക്രിയകൾ വരെ നടത്താനുള്ള സജ്ജീകരണങ്ങളാണ് കേന്ദ്രത്തിലുള്ളത്. ഒരു വെറ്ററിനറി സർജൻ, നാല് മൃഗപരിപാലകർ, ഒരു തീയേറ്റർ സഹായി, ഒരു ശുചീകരണ തൊഴിലാളി, നായപിടുത്ത സംഘം എന്നിവരെ സെന്റർ പ്രവർത്തനങ്ങൾക്കായി നിയമിച്ചിട്ടുണ്ട്. .
  28-3-2025
  ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി കൂത്താട്ടുകുളം.
എറണാകുളം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി കൂത്താട്ടുകുളം. മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നഗരസഭ ശുചിത്വരംഗത്ത് ഏറ്റെടുത്ത് നടപ്പാക്കിയ പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നഗരസഭയെ സമ്പൂർണ്ണ ശുചിത്വ നഗരമായി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങൾ, അങ്കണവാടികൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവയെ നേരിൽ പരിശോധിച്ച്, ഗ്രേഡിങ് നടത്തുകയും, പോരായ്‌മകൾ പരിഹരിച്ച് അവരെ നിശ്ചിത നിലവാരത്തിലേക്ക് ഉയർത്തി ഹരിത സർട്ടിഫിക്കറ്റിന് അർഹരാക്കുകയും ചെയ്തു. 33 സർക്കാർ, പൊതുമേഖല, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ഒമ്പത് വിദ്യാലയങ്ങൾ, 15 അംഗണവാടികൾ , 151 അയൽക്കൂട്ടങ്ങൾ എന്നിവയെ ഹരിത സ്ഥാപനങ്ങൾ ആക്കുകയും , ഹരിത ടൗൺ പ്രഖ്യാപനം നടത്തുകയും ചെയ്തു. കൂടാതെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പ്രത്യേക വാർഡ് സഭകൾ ചേർന്ന് വാർഡ് തല ശുചിത്വ പ്രഖ്യാപനവും നടത്തി. കുട്ടികളിൽ ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിനായി ശുചിത്വത്സവങ്ങൾ, കുട്ടികളുടെ ഹരിത സഭകൾ, വിവിധ സ്ഥാപന മേധാവികൾക്കും നോഡൽ ഓഫീസർമാർക്കും പരിശീലനങ്ങൾ, പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകളും, മിനി എംസിഎഫുകളും, ട്വിൻ ബിന്നുകളും, ഉറവിട മാലിന്യ സംസ്കരണ ഉപാധികളും വിതരണം ചെയ്തു. ഹരിതമിത്രം ആപ്പ് വഴി 100% വാതിൽ പടി ശേഖരണവും, യൂസർ ഫീ കളക്ഷനും തുടർച്ചയായി കൈവരിക്കാൻ നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ , ഹരിത കേരളം മിഷൻ, കേരള ഖര മാലിന്യസംസ്കരണ പദ്ധതി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ശാസ്ത്രീയ മാലിന്യ പരിപാലനം, ഹരിത പെരുമാറ്റച്ചട്ടം, ജൈവ വൈവിധ്യം, കൃഷി, ഊർജ സംരക്ഷണം, ജല സുരക്ഷ, വാതിൽപ്പടി ശേഖരണം ,പൊതു ശുചിത്വം , മറ്റു അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് കൂത്താട്ടുകുളം സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി മാറിയത്. .
  25-3-2025
  ശുദ്ധമായ മാംസം വിപണിയിലെത്തിക്കാൻ 'ഇരവിപേരൂര്‍ മീറ്റ്സ്'.
മാംസാഹാരപ്രിയര്‍ക്കായി ജില്ലയിലെ ആദ്യ ആധുനിക അറവുശാല ഒരുക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. ഒരു കോടി ഇരുപതിനായിരം രൂപ ചിലവഴിച്ചാണ് പഞ്ചായത്ത് ആധുനികവും ആരോഗ്യകരവുമായ സംവിധാനം നടപ്പിലാക്കുന്നത്. ഗുണനിലവാരത്തോടെ ശുദ്ധമായ മാംസം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇരവിപേരൂര്‍ മീറ്റ്സ് എന്ന ലേബലിലാകും മാംസം വിപണിയിലെത്തിക്കുക. പൊതു-സ്വകാര്യപങ്കാളിത്തത്തോടെ കശാപ്പ് മുതല്‍ മാലിന്യസംസ്‌കരണം വരെയുള്ള എല്ലാപ്രക്രിയകളും ഇവിടെനടത്താം. പ്രതിദിനം 10 മുതല്‍ 15 കന്നുകാലികളെ കശാപ്പ് ചെയ്യാന്‍ സാധിക്കുന്ന യന്ത്രങ്ങളാണ് എവിടെ ഉള്ളത്. കാലികളെയും, മാംസവും കൊണ്ടുപോകുന്നതിനുള്ള കട്ടിംഗ്‌മെഷീന്‍, ഹാംഗറുകള്‍, കണ്‍വെയറുകള്‍, സംഭരണസ്ഥലങ്ങള്‍, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സ്ഥലങ്ങള്‍ എന്നിവയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആരോഗ്യകരമായ മാംസം ഉറപ്പാക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ കന്നുകാലികളുടെ ഭാരം അളന്നു ആരോഗ്യനില പരിശോധിച്ച് ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കും. പൂര്‍ണ്ണമായി അണുവിമുക്തമാക്കിയ ശേഷം മെഷീനിലേക്ക്, അണുനാശിനി ലായനി ഉപയോഗിച്ച് കന്നുകാലികളെ കഴുകി ശരീരം ഉണക്കും. യന്ത്രം ഉപയോഗിച്ചാണ് നനവ് മാറ്റുക. കശാപ്പ് കഴിഞ്ഞാലുടന്‍, തല, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവ യന്ത്രങ്ങളുപയോഗിച്ച് വേര്‍പെടുത്തി പ്രത്യേക ഇടങ്ങളിലേക്ക് മാറ്റും. ഇറച്ചി അരിഞ്ഞു പായ്ക്ക്‌ ചെയ്തതിനുശേഷം വിപണിയില്‍ എത്തിക്കും. പ്രദേശവാസികള്‍ക്ക് ഇവിടെനിന്നും മാംസം വാങ്ങാം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പിസിബി) അനുമതി ലഭിച്ച അറവുശാലയുടെ മുറികള്‍ ശീതീകരിച്ചവയാണ്. ആധുനിക യന്ത്രസഹായത്തോടെ മാംസംമുറിക്കല്‍, എല്ലുകള്‍ നീക്കം ചെയ്യല്‍, അറവുമാലിന്യങ്ങള്‍ വേര്‍തിരിക്കല്‍ എന്നിവയെല്ലാം വേഗത്തില്‍ ചെയ്യാനാകും. അറവ് മാലിന്യം വിവിധഘട്ടങ്ങളിലൂടെ നീക്കം ചെയ്ത് ഡ്രൈനേജ് സംവിധാനത്തിലേയ്ക്കും മാലിന്യം വളമാക്കുന്ന പ്ലാന്റിലേക്കും മാറ്റും. പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാംസാവശിഷ്ടങ്ങള്‍ സംസ്‌കരിച്ച് നായ ബിസ്‌ക്കറ്റുകളും, കോഴിത്തീറ്റയും, വളവുമാക്കി മാറ്റും. റെന്‍ഡറിംഗ് പ്ലാന്റുമായി ബന്ധപ്പെട്ട ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നുമുണ്ട്. കെട്ടിടത്തിന്റെ പ്രധാനഭാഗത്തിന്റെ ജോലികള്‍, വൈദ്യുതി വിതരണ ക്രമീകരണം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. മികച്ച ഫ്രീസര്‍ പ്ലോട്ടുകളുടെ സജ്ജീകരണം അറവു മാംസങ്ങളില്‍ ഉണ്ടാകുന്ന ബാക്ടീരിയകളെ ചെറുത്ത് നില്‍ക്കാന്‍ സഹായിക്കും. മാംസം പ്രത്യേകം സ്ളോട്ടറുകളിലായി ശാസ്ത്രീയമായി മുറിച്ച് നിശ്ചിതസമയം തണുപ്പിച്ച് ബാക്ടീരിയകളുടെ വളര്‍ച്ച തടഞ്ഞശേഷമാണ് പോഷക സമ്പുഷ്ടമാക്കി വിപണിയിലെത്തിക്കുന്നത്. .
  21-3-2025
  കേരളത്തിലെ ആദ്യ പാത്ത് വേ പാലം ആലപ്പുഴയിൽ.
സംസ്ഥാനത്തെ ആദ്യത്തെ പാത്ത് വേ പാലം എന്ന വിശേഷണവുമായി ആലപ്പുഴ കരുവാറ്റ കുപ്പപ്പുറം റോഡിൽ പടഹാരം പാലം തുറക്കുന്നു. തകഴി-നെടുമുടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു പൂക്കൈതയാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന പാലത്തിൽ കേരളീയ വാസ്തു ശൈലിയിൽ ആറ് വാച്ച് ടവറുകൾ, മുകളിൽ വിശാലമായ 2 വരെ പാത, പാലത്തിനു താഴെ കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കാവുന്ന രീതിയിൽ ഇരുവശങ്ങളിലുമായി താഴെ 1.70 മീറ്റർ വീതിയുള്ള നടപ്പാതയാണ് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.45 മീറ്റർ നീളത്തിൽ 3 സ്പാനും 35 മീറ്റർ നീളത്തിലുള്ള ആറ് സ്പാനും 12 മീറ്ററുള്ള 9 സ്പാനുമാണ് പാലത്തിനുള്ളത്. പാലം 7.5 മീറ്റർ വീതിയിലാണ്.കേരളത്തിൽ ആദ്യമായാണ് ഒരു പാലത്തിന് ഇത്തരത്തിലുള്ള വ്യത്യസ്തമായ രൂപകൽപന. രണ്ട് നിലകളിലായി ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണ് പാലത്തിന്റെ ഡിസൈൻ തയാറാക്കിയത്.2016-2017ലെ ബജറ്റിൽ കിഫ്ബിയിൽ അനുവദിച്ച 60 കോടി രൂപ ചെലവിട്ടാണ് പാലം നിർമ്മിച്ചിരിക്കുന്നത്. എസി റോഡിനെയും അമ്പലപ്പുഴ തിരുവല്ല റോഡിനെയും വേഗത്തിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. .
  19-3-2025
  മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഹാപ്പി ട്രിവാൻഡ്രം പദ്ധതി.
സാമൂഹിക ഇടപെടലുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം, യങ് ഇന്ത്യൻസുമായി ചേർന്ന് നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് 'ഹാപ്പി ട്രിവാൻഡ്രം' മാനവീയം വീഥിയിൽ നടന്ന 'ഹാപ്പി ട്രിവാൻഡ്ര'ത്തിന്റെ ആദ്യ പരിപാടി സംഘടിപ്പിച്ചു. രസകരമായ പ്രവർത്തനങ്ങളിലൂടെ സന്തോഷം പകരുന്ന ഹാപ്പി ട്രിവാൻഡ്രം പദ്ധതി എല്ലാ മാസവും വൈവിധ്യങ്ങളായ പരിപാടികളുമായി വിപുലപ്പെടുത്താനാണ് തീരുമാനം. മാലിന്യ സംസ്‌ക്കരണ സന്ദേശവുമായി ഏണിയും പാമ്പും, വിവിധ ബോർഡ് ഗെയിമുകൾ, ആർച്ചറി, പെനാൽറ്റി കിക്ക് ചലഞ്ച്, എന്നിങ്ങനെ വിവിധ മത്സരങ്ങളും നടത്തി. പാട്ടും ഡാൻസും ഉൾപ്പടെയുള്ള കലാപരിപാടികളും അരങ്ങേറി. മൊബൈൽ ഫോൺ, ടെലിവിഷൻ, ലാപ്‌ടോപ് സ്‌ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്ന സമയം കുറച്ച്, ആളുകളുമായി ഇടപെഴകുകയും ഉല്ലസിക്കുകയും ചെയ്യേണ്ടത്തിന്റെ ആവശ്യകത മനസ്സിലാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സമൂഹത്തിൽ അനിവാര്യമായ രീതിയിൽ തയാറാക്കിയിരിക്കുന്ന 'ഹാപ്പി ട്രിവാൻഡ്രം' പദ്ധതി സംഘടിപ്പിക്കുന്ന ദിവസങ്ങൾ മുൻകൂട്ടി അറിയിക്കും. .
  27-2-2025
  അതിജീവനത്തിന്റെ ബെയ്‌ലി - 'എ പ്രോഡക്റ്റ് ഫ്രം ചൂരൽമല'.
അതിജീവനത്തിന്റെ ബെയ്‌ലിയുമായി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും സ്ത്രീകൾ. വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ ഒരു കൂട്ടം സ്ത്രീകൾ ഒത്തുചേർന്ന് രൂപീകരിച്ച ബെയ്‌ലി-ചൂരൽമലയിൽ നിന്നുള്ള ഒരു ഉത്പന്നം ('Bailey - A Product from Chooralmala'. ) ദുരന്തബാധിതരുടെ അതിജീവനത്തിന്റെ നേർക്കാഴ്ചയാകുകയാണ്. ആധുനിക ഡിസൈനുകളും പരമ്പരാഗത കരകൗശല വൈദഗ്ധ്യവും സമന്വയിപ്പിച്ച് സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്ന ബെയിലി ബ്രാൻഡുകളുടെ പ്രധാന ലക്ഷ്യം പ്രാദേശിക കരകൗശല വിദഗ്ധരെ പിന്തുണക്കുകയും ദുരന്തബാധിത പ്രദേശങ്ങളിലെ സമൂഹങ്ങളെ ഉയർത്തുകയും ചെയ്യുക എന്നതാണ്. ബെയിലി ബാഗുകളുടെ ഉത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങൾക്ക് ഒരു പ്രധാന വരുമാന മാർഗ്ഗമാവുകയാണ് ഈ സംരംഭം. ലോഗോയിലെ 'b' ഒരു കമാനത്തിലൂടെ ഒരു ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന ബെയ്ലി പാലത്തെ പ്രതിനിധീകരിക്കുന്നു.'b' ക്കും മുകളിലെ മൂലയിലെ ത്രികോണത്തിനും (ഭൂപ്രദേശം) ഇടയിലുള്ള 2 വളവുകൾ ഇവക്കിടയിലൂടെ ഒഴുകുന്ന ഒരു നദിയെ സൂചിപ്പിക്കുന്നു. വളരെ ലളിതമായ ഒരു ലോഗോയാണിത്. പച്ച നിറം വയനാടിന്റെ പച്ചപ്പിനെയും പരിസ്ഥിതി സൗഹൃദത്തെയും പ്രതീകപ്പെടുത്തുന്നു. ഉരുൾപൊട്ടലിൽ പാലം തകർന്ന് ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളെ രാപകൽ ഭേദമന്യേ അക്ഷീണം പ്രയത്‌നിച്ച് അതിവേഗം ബെയ്ലി പാലം നിർമ്മിച്ച് ഗതാഗതം പുനഃസ്ഥാപിച്ചും, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായ പിന്തുണയും നൽകി ആശ്വാസമായ ഇന്ത്യൻ ആർമിയുടെ സ്തുത്യർഹ സേവങ്ങളോടുള്ള ബഹുമാന സൂചകമായിട്ടാണ് അതിജീവിതരുടെ ഈ ഉൽപ്പന്നങ്ങൾക്ക് 'ബെയിലി' എന്ന പേര് നൽകിയിട്ടുള്ളത്. .
  27-2-2025
  മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കി വെളിയന്നൂർ പഞ്ചായത്ത്.
വികസന-ക്ഷേമപ്രവർത്തനങ്ങളിൽ സൂക്ഷ്മതയോടെ നടത്തിയ മുന്നേറ്റങ്ങൾ മുഖേന സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തായി വെളിയന്നൂർ. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരമാണ് വെളിയന്നൂർ പഞ്ചായത്ത് കരസ്ഥമാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിന് പുറമേ, അതിദാരിദ്ര്യ നിർമാർജ്ജനത്തിലെ പുരോഗതി, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി, മാലിന്യസംസ്‌കരണരംഗത്ത് സ്വീകരിച്ച പുതുമാതൃകകൾ, ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന വാർഷിക പദ്ധതിയിലെ പ്രവർത്തനങ്ങളുടെ മികവ്, സംരംഭങ്ങൾ ആരംഭിക്കുന്നതിൽ കാണിച്ച വേറിട്ട ഇടപെടലുകൾ, ആരോഗ്യ-വിദ്യഭ്യാസ മേഖലയിലെ നേട്ടങ്ങൾ, ഭിന്നശേഷി സൗഹൃദ സമീപനം, പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളിലെ കൃത്യത തുടങ്ങിയ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളാണ് പുരസ്‌കാര നേട്ടത്തിലേക്കെത്തിച്ചത്. 2023-24 വാർഷിക പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും, പദ്ധതി തുക ചെലവഴിക്കലിൽ നൂറു ശതമാനം നേട്ടം കൈവരിക്കുകയും, കെട്ടിട നികുതി സമാഹരിക്കുന്നതിലും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുകയും ചെയ്തു. പഞ്ചായത്ത് പരിധിയിലെ ജലസ്രോതസുകളെല്ലാം നവീകരിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്റെ ഭാഗമായി വെളിയന്നൂരിൽ ബഡ്‌സ് സ്‌കൂൾ ആരംഭിക്കുകയും, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ നോക്കുന്ന തിരക്കിൽ ജോലിയും വരുമാനവും ഇല്ലാതാകുന്ന മാതാപിതാക്കൾക്കായി സ്‌കൂളിനോടുചേർന്ന് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നതിന് സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തു. കനിവ് പേപ്പർ പ്രോഡക്ട്സ് എന്ന സ്ഥാപനത്തിലൂടെ പേപ്പർ പേന, നോട്ട് പാഡ്, ഫയലുകൾ തുടങ്ങി ഏറ്റവും ഒടുവിൽ 'ഇതൾ' എന്ന ബ്രാൻഡിൽ പുതിയ നോട്ട് ബുക്കുകളും ഇവിടെ ഉൽപാദിപ്പിക്കുന്നു. തരിശുകിടന്ന വെളിയന്നൂർ പാടശേഖരത്ത് എട്ട് വർഷം തുടർച്ചയായി കൃഷിയിറക്കി കാർഷികരംഗത്തും മാതൃകയാകുകയാണ് വെളിയന്നൂർ. 26 ഏക്കർ പാടത്താണ് കൂട്ടായ പരിശ്രമത്തിലൂടെ വിഷരഹിത കൃഷി ചെയ്യുന്നത്. ജൈവൈവിധ്യ സംരക്ഷണവും സുസ്ഥിര വികസനവും എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ജൈവവൈവിധ്യ ആക്ഷൻ പ്ലാനും ബയോഡൈവേഴ്സിറ്റി റജിസ്റ്ററിന്റെ രണ്ട് വാല്യങ്ങളും തയാറാക്കിയ ഏക ഗ്രാമപഞ്ചായത്താണ് വെളിയന്നൂർ. 'എല്ലാവർക്കും സ്പോർട്സ് എല്ലാവർക്കും ആരോഗ്യം' എന്ന ലക്ഷ്യം വച്ച് ഗ്രാമപഞ്ചായത്ത് പുതുവേലിയിൽ ഫ്ളഡ്ലിറ്റ് സ്റ്റേഡിയവും ഓപ്പൺ ജിമ്മും സ്ഥാപിച്ചിട്ടുണ്ട്. ലൈഫ് മിഷന്റെ ഭാഗമായി ഭൂമി കൈവശമുള്ളതും എന്നാൽ വീടില്ലാത്തതുമായ കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാനുള്ള പ്രവർത്തികൾ അവസാനഘട്ടത്തിലാണ്. മൂന്നാംഘട്ടത്തിൽ മനസോടിത്തിരി മണ്ണ് പദ്ധതിയിൽ ലഭിച്ച ഭൂമിയിൽ വീടു നിർമാണം പൂർത്തിയാകുന്നതോടെ ലൈഫ് പദ്ധതി പൂർത്തിയാകുന്ന ഗ്രാമപഞ്ചായത്താകും വെളിയന്നൂർ. മാലിന്യം, ഊർജ്ജം, വ്യവസായം, കൃഷി തുടങ്ങിയ മേഖലകളിൽ പുറന്തള്ളുന്ന കാർബണിന്റെ അളവ് കണക്കാക്കി ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' ക്യാമ്പയിൻ ജില്ലയിൽ ആദ്യഘട്ടത്തിൽ ഏറ്റെടുത്ത പഞ്ചായത്തും വെളിയന്നൂരാണ്. .
  25-2-2025
  പൊൻതിളക്കവുമായി കുഞ്ഞാറ്റ കൃഷിക്കൂട്ടത്തിന്റെ 'തട്ട ബ്രാൻഡ്'.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ശുദ്ധമായ മഞ്ഞള്‍പ്പൊടി വിപണിയിലെത്തിച്ച്‌ 'കുഞ്ഞാറ്റ' കൃഷിക്കൂട്ടം. അഞ്ചുവര്‍ഷത്തെ നിരന്തര പ്രയത്‌നമാണ് 'തട്ട ബ്രാന്റ്' എന്ന വിജയസംരംഭത്തിന് പിന്നില്‍. ജൈവകൃഷിരീതിയിൽ, ശുദ്ധമായ മഞ്ഞൾ ഉദ്പാദനമാണ് കൃഷിയിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള 'പ്രതിഭ'യെന്ന മഞ്ഞള്‍ വിത്ത് ഉപയോഗിച്ച് 2021-22 ലെ ജനകീയ ആസൂത്രണ പദ്ധതിയിലൂടെയാണ് 21 ഹെക്ടറിൽ മഞ്ഞൾ കൃഷി ആരംഭിച്ചത്. അത്യുത്പാദനശേഷി പ്രകടിപ്പിക്കുന്ന വിത്തിന്റെ ഒരു ചുവട്ടില്‍ നിന്നും കിട്ടുന്നത് രണ്ട് കിലോയിലധികം മഞ്ഞളാണ്. മഞ്ഞളിന്റെ പൂര്‍ണവളര്‍ച്ചയ്ക്ക് 10 മാസമാണ് കാലാവധി. വിളവെടുപ്പ് കാലത്ത് അഞ്ച് അടിയോളം ഉയരത്തിലാകും മഞ്ഞള്‍ചെടി വളരുക. വിളവെടുത്ത മഞ്ഞള്‍ നാരും വേരും മാറ്റി, കഴുകിവൃത്തിയാക്കി, പുഴുങ്ങി ഉണക്കിയോ, പച്ചയ്ക്ക് അരിഞ്ഞ് ഉണക്കിയോ ആണ് നിര്‍മാണ സ്ഥലത്ത് എത്തിക്കുന്നത്. ഇവിടെ നിന്നും മഞ്ഞള്‍ പൊടിച്ച്‌, പായ്ക്കും ലേബലും ചെയ്തുമാണ് 'തട്ട ബ്രാന്‍ഡ്' വിപണിയിലെത്തിക്കുന്നത്. നിര്‍മാണ യൂണിറ്റിന് സ്ഥലവും കെട്ടിടവും ഉപകരണങ്ങളും നൽകുന്നത് ഗ്രാമപഞ്ചായത്ത് ആണ്. 2022 ലാണ് സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. മായം ചേർക്കാത്ത 'തട്ട ബ്രാൻഡിന്' ആവശ്യക്കാർ കൂടുതലാണ്. ഇക്കൊല്ലത്തെ വിളവിന്റെ നല്ലപങ്കും പൊടിയാക്കി വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. കുടുംബശ്രീ ഫെസ്റ്റുകളിലെ സ്ഥിരസാന്നിധ്യവുമാണ് 'തട്ട ബ്രാൻഡ്' മഞ്ഞൾ പൊടി. കിലോയ്ക്ക് 700 രൂപയുള്ള മഞ്ഞൾ, കാല്‍, അര, ഒരു കിലോ എന്നിങ്ങനെ വാങ്ങാവുന്നതാണ്. വിപണിമൂല്യം കൂടുന്നതിന് അനുസൃതമായി ഉദ്പാദനം വർദ്ധിപ്പിക്കാനും കർഷകർ ആലോചിക്കുന്നുണ്ട്. .
  22-2-2025
  സ്മാര്‍ട്ടായി കരകുളം കൃഷിഭവന്‍.
തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാർട്ട് കൃഷിഭവൻ കരകുളത്ത് ആരംഭിച്ചു. കൃഷിഭവനുകളെ നവീനവൽക്കരിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സേവനങ്ങൾ കൃത്യതയോടും സമയബന്ധിതമായും കർഷകരിലേക്ക് എത്തിക്കുന്നതിനായി കര്‍ഷക ക്ഷേമ വകുപ്പ് രൂപീകരിച്ച പദ്ധതിയാണ് സ്മാർട്ട് കൃഷിഭവൻ. ജില്ലയിലെ കരകുളം, മംഗലാപുരം എന്നീ കൃഷിഭവനുകൾക്കാണ് 2022-23 സാമ്പത്തിക വർഷത്തിൽ പദ്ധതി അനുവദിച്ചത്. കൃഷി വകുപ്പിന്റെയും കരകുളം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായാണ് നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കരകുളം കൃഷിഭവന്‍ സ്മാര്‍ട്ടാക്കിയത്. കേരളത്തില്‍ ആദ്യമായി കൃഷിഭവന്‍ എന്ന സംവിധാനത്തിന് തുടക്കം കുറിച്ചതും കരകുളം പഞ്ചായത്തില്‍ തന്നെയായിരുന്നു. കൃഷി വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപയോടൊപ്പം കരകുളം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ വകയിരുത്തിയ 12.5 ലക്ഷം രൂപ കൂടെ വിനിയോഗിച്ചാണ് സ്മാർട്ട് കൃഷിഭവൻ യാഥാർഥ്യമാക്കിയത്. സാങ്കേതിക വിദ്യ വികസനം, അടിസ്ഥാന സൗകര്യവികസനം, ഫ്രണ്ട് ഓഫീസ് സംവിധാനം, വിള പരിപാലന കേന്ദ്രം, അറ്റകുറ്റ പണികളും പുതുക്കി പണിയലും വിഭാഗങ്ങളിലായിട്ടാണ് തുക അനുവദിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ കരകുളം ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിങ്ങ് വിഭാഗവും, വാങ്ങൽ പ്രവർത്തികൾ കൃഷി ഭവൻ മുഖേനെ പൂർത്തിയാക്കിയുമാണ് സമയബന്ധിതമായി സ്മാർട്ട് കൃഷിഭവൻ പൂർത്തിയാക്കിയത്. കാർഷിക സേവനങ്ങൾ പൂർണമായും ഓൺലൈൻ ആക്കി പേപ്പർലെസ്സ് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, കർഷകർക്ക് തിരിച്ചറിയൽ കാർഡുകൾ ലഭ്യമാക്കുക, വിള പരിപാലനത്തിനുള്ള പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക് സംവിധാനം ഒരുക്കുക, അഗ്രോ ഫാര്‍മസി വഴി കര്‍ഷകര്‍ക്ക് വിള പരിപാലനത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുക തുടങ്ങി വിവിധ സേവനങ്ങളാണ് സ്മാര്‍ട്ട് കൃഷിഭവന്‍ വഴി നടപ്പിലാക്കുക. .
  15-2-2025
  പ്രകൃതിയോടിണങ്ങിയ വിനോദസഞ്ചാരം; ഹരിത ടൂറിസം കേന്ദ്രമായി മാർമല അരുവി.
കോട്ടയം തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല അരുവി വിനോദസഞ്ചാര കേന്ദ്രത്തെ ഹരിതടൂറിസം കേന്ദ്രമായി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ഹരിതകേരള മിഷൻ ജില്ലയിലെ 30 ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരുന്നതിൽ ഒന്നാണ് മാർമല അരുവി. പ്രദേശത്ത് ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി 100% മാലിന്യമുക്തമാക്കിയിരിക്കുകയാണ്.ഏകദേശം 40 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന മാർമല അരുവി ഈരാറ്റുപേട്ടയിൽ നിന്ന് പത്ത് കിലോമീറ്റർ ദൂരെ തീക്കോയിലാണ്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ഇത്. വെള്ളച്ചാട്ടം കാണാൻ എത്തുന്നവർക്ക് നീന്തി കുളിക്കാൻ പ്രകൃതിയാൽ തന്നെ തീർത്ത ഒരു കുളവും അരുവിയ്ക്ക് സമീപത്തുണ്ട്. ട്രെക്കിങ്ങും സാഹസിക യാത്രകളും ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ ഇടംകൂടിയാണ് മാർമല. എസ്‌റ്റേറ്റുകളുടെ ഇടയിലുള്ള ഒറ്റയടിപാത ഒരു കലോമീറ്ററോളം നടന്നാണ് വെള്ളച്ചാട്ടത്തിലേക്കെത്തേണ്ടത്.മാർമലയിൽ ദിനംപ്രതി നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. ഇവിടെ വൈദ്യുതി ലൈൻ, ബയോ-ടോയ്ലറ്റ്, ടേക്ക് എ ബ്രേക്ക്, ഹരിത ചെക്ക് പോസ്റ്റ്, സെക്യൂരിറ്റി റൂം, നിരീക്ഷണ ക്യാമറ എന്നീ അത്യാധുനിക സൗകര്യങ്ങൾ കൂടി സാധ്യമാകുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. സെക്യൂരിറ്റിയും ക്ലീനിങ് സ്റ്റാഫും ഉൾപ്പെടെ നാലു ജീവനക്കാരെ മാർമലയിൽ നിയോഗിച്ചിട്ടുണ്ട്..
  10-2-2025
  പൊലീസ് സേവനങ്ങളുടെ ആധുനികവൽക്കരണം: പട്ടണക്കാട്, മുഹമ്മ സ്റ്റേഷനുകൾക്ക് ഐഎസ്ഒ അംഗീകാരം.
പൊലീസ് സ്റ്റേഷനിലെ സേവനങ്ങൾ ആധുനികവത്കരിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്ക് ISO 9001:2015 അംഗീകാരം. ആധുനിക സൗകര്യങ്ങൾ, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ, പൊതുജന സൗഹൃദ അന്തരീക്ഷം എന്നിവ അടിസ്ഥാനമാക്കിയയാണ് അംഗീകാരം നൽകിയത്. പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾ മാതൃകാപരമായ മാനുഷിക-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ മികച്ച സേവനദാതാക്കളായി മാറിയതിന്റെ തെളിവാണ് ഈ നേട്ടം. എഫ്‌ഐആർ രജിസ്‌ട്രേഷനുള്ള വിവരങ്ങളുടെ പ്രാഥമിക ഉറവിടമായി വർത്തിക്കുന്ന പരാതിപരിഹാരസംവിധാനം പൊലീസ് സ്റ്റേഷൻ പ്രവർത്തനങ്ങളുടെ നിർണായക ഘടകമാണ്. ഈ പരാതി അന്വേഷണങ്ങൾ എഎസ്പി ഓഫീസിൽ നേരിട്ടു നിരീക്ഷിക്കും. 15 ദിവസത്തിനുള്ളിൽ പരാതികൾ തീർപ്പാക്കുന്നതിനായി ഈ സംവിധാനം പ്രവർത്തിക്കും. പൊലീസ് സ്റ്റേഷനിലെ അടിസ്ഥാന സൗകര്യാവികസനങ്ങളുടെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട നാനൂറിലധികം വസ്തുക്കൾ ജില്ലാ പൊലീസ് സ്റ്റോറിലേക്കു നൽകുകയും ഉപയോഗശൂന്യമായ വസ്തുക്കൾ നീക്കുകകയും ചെയ്തു. ഈ നടപടികൾ സ്റ്റേഷനുകൾക്കുള്ളിൽ ആവശ്യത്തിനു സ്ഥലം ലഭിക്കാൻ സഹായിച്ചു. ചേർത്തല സബ് ഡിവിഷനിലെ എല്ലാ വാഹനങ്ങളുടെയും സമഗ്രമായ വിവരസഞ്ചയം തയ്യാറാക്കി. ക്ലെയിം ചെയ്യാത്ത വാഹനങ്ങൾ ലേലം ചെയ്യാനുള്ള പ്രക്രിയ ആരംഭിച്ചു. ചേർത്തല സബ് ഡിവിഷൻ ''കടലാസ്രഹിതഭരണം/കടലാസിന്റെ ആവശ്യകത കുറഞ്ഞ ഭരണനിർവഹണം''എന്ന നയം സ്വീകരിച്ചു ഡിജിറ്റൽ സംവിധാനങ്ങൾ വഴി കേസ് ഡയറികളും കുറ്റപത്രങ്ങളും സമർപ്പിച്ചു. പ്രതിമാസം 50,000 കടലാസുകൾ ഈ സംവിധാനത്തിലൂടെ ലാഭിക്കാനാകും. കനത്ത മഴയിൽനിന്നു കെട്ടിടങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ ആയുസ്സു വർധിപ്പിക്കുന്നതിനുമായി ട്രസ് വർക്ക്, വാട്ടർപ്രൂഫിങ്, റീപെയിന്റിങ് തുടങ്ങിയ നടപടികൾ നടപ്പാക്കി. സ്റ്റേഷനുകളിലെ ജോലി അന്തരീക്ഷവും പൊതുജന ഇടപെടലും മെച്ചപ്പെടുത്തുന്നതിനു ജീവനക്കാർക്കു പ്രത്യേക ഇടങ്ങൾ, മെച്ചപ്പെട്ട വിശ്രമമുറികൾ, വാട്ടർ കൂളറുകൾ, ഇരിപ്പിടങ്ങൾ പോലുള്ള ജനസൗഹൃദ സൗകര്യങ്ങൾ എന്നിവയും സജ്ജമാക്കി .പൊതു സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമായ ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനുമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഈ ക്രമീകരണങ്ങൾ വ്യാപിപ്പിക്കാൻ ചേർത്തല സബ് ഡിവിഷൻ പദ്ധതിയിടുന്നു. .
  1-2-2025
  കുഷ്ഠരോഗം കണ്ടെത്താൻ അശ്വമേധം ക്യാമ്പയിന്‍.
സമൂഹത്തില്‍ കണ്ടുപിടിക്കപ്പെടാത്ത കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കി രോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള ആരോഗ്യവകുപ്പിന്റെ അശ്വമേധം ക്യാമ്പയിനിന്‌ കൊല്ലം ജില്ലയിൽ ആരംഭിക്കുന്നു. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്ത് അവബോധം സൃഷ്ടിക്കുകയാണ് പദ്ധതി വഴി ലക്ഷ്യം വെയ്ക്കുന്നത്. ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെയാണ് ക്യാമ്പയിന്‍ കാലയളവ്. പരിശീലനം ലഭിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലയിലെ മുഴുവന്‍ വീടുകള്‍ സന്ദര്‍ശിച്ച് ചര്‍മ്മ പരിശോധന നടത്തി കുഷ്ഠരോഗസമാന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രികളില്‍ എത്തിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കും. ചികിത്സ സൗജന്യമാണ്. ഭവനസന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, വോളന്റിയര്‍മാര്‍ എന്നിവര്‍ക്കു പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്. കുട്ടികളിലെ രോഗബാധ, അംഗവൈകല്യം സംഭവിക്കുന്നവരുടെ നിരക്ക് പ്രത്യേകം നിരീക്ഷിക്കും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ കുറഞ്ഞത് അഞ്ച് മുതല്‍ 10 വര്‍ഷം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക. ഈ കാലയളവ് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ രോഗം കണ്ടുപിടിക്കുക അതിപ്രധാനമാണ്. ആരംഭത്തില്‍ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന ഒന്നാണ് കുഷ്ഠരോഗം. നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പര്‍ശന ശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കല്‍, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം പ്രത്യക്ഷമാകുന്നത്. വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഓരോ തദ്ദേശസ്ഥാപനങ്ങള്‍തോറും, പട്ടികവര്‍ഗ മേഖലയിലും, ഇതരസംസ്ഥാന തൊഴിലാളികള്‍ വസിക്കുന്ന മേഖലയിലും പ്രത്യേക പ്രചാരണം നടത്തുകയും ചെയ്യും. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പ്രചാരണം നടത്തുന്നതിനായി സ്കൂൾ അധികൃതരെ നിയോഗിക്കുകയും ചെയ്യും. .
  30-1-2025
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി