അരനൂറ്റാണ്ടിന് ശേഷം ആലങ്ങാടൻ ശർക്കര വീണ്ടും വിപണിയിലേക്ക്
ചരിത്ര പ്രസിദ്ധവും പെരിയാറിന്റെ തീരപ്രദേശമായ ആലങ്ങാട് ഗ്രാമത്തിൻ്റെ തനത് ഉൽപന്നവുമായ ആലങ്ങാടൻ ശർക്കര വീണ്ടും വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങുന്നു. ഗുണമേൻമയിൽ ഏറെ മുന്നിലായിരുന്ന ആലങ്ങാടൻ ശർക്കരയുടെ ഉൽപാദനം പ്രതിസന്ധികളിൽ പെട്ട് നിലച്ചുപോയിരുന്നു. ഇപ്പോൾ കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് സഹകരണ ബാങ്കാണ് 43 വർഷങ്ങൾക്ക് ശേഷം ആലങ്ങാടൻ ശർക്കര വീണ്ടും ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. കരിമ്പ് കൃഷിയും ശർക്കര ഉൽപാദനവും ടൂറിസവുമായി ബന്ധപ്പെടുത്തി വീണ്ടും മൂല്യവർധിത പ്രകിയയായി വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഓരോ വീട്ടിലും ശർക്കര ആല ഉണ്ടായിരുന്നതിനാലാണ് ആലങ്ങാട് എന്ന പേര് വന്നത് എന്നാണ് സങ്കൽപം. ഫലഭൂയിഷ്ഠമായ പെരിയാറിന്റെ എക്കൽ മണ്ണിൽ വിളഞ്ഞ കരിമ്പിൽ നിന്നാണ് ശർക്കര ഉണ്ടാക്കിയിരുന്നത്. ഗുണമേന്മയിൽ ഏറെ മുന്നിലായിരുന്ന ആലങ്ങാടൻ ശർക്കര വിവിധ ആയുർവേദ ഉല്പന്നങ്ങളുടേയും മരുന്നുകളുടെയും മുഖ്യ ചേരുവയായിരുന്നു. മനുഷ്യ ശരീരത്തിൽ അനാവശ്യമായി കടന്നുകൂടുന്ന കാർബൺ ഇല്ലാതാക്കാൻ ആലങ്ങാടൻ ശർക്കര കഴിക്കുന്ന രീതിയുണ്ടായിരുന്നു. പ്രാചീന കൃതികളിലും മറ്റും ആലങ്ങാടൻ ശർക്കരയെ പരാമർശിച്ചിട്ടുമുണ്ട്. എന്നാൽ പിന്നീട് പ്രതിസന്ധികളിൽ പെട്ട് ശർക്കരനിർമ്മാണം നിലച്ചു പോയി.ആലങ്ങാട് സഹകരണ ബാങ്കിന്റെയും, കൃഷി വിജ്ഞാൻ കേന്ദ്രയുടേയും, ആലങ്ങാട് ഗ്രാമ പഞ്ചായത്തിൻ്റേയും സഹകരണത്തോടെ വ്യാവസായിക അടിസ്ഥാനത്തിൽ ആലങ്ങാടൻ ശർക്കരയുടെ നിർമ്മാണത്തിനായി 42 സെൻറ് സ്ഥലത്ത് വിപുലമായ ശർക്കര നിർമ്മാണ പ്ലാൻറ് നിർമ്മിച്ചു. ഒരു ദിവസം ആയിരം കിലോ ശർക്കര ഉല്പാദിപ്പിക്കാൻ പ്ളാൻ്റിന് കഴിയും. കൃഷി വകുപ്പ്, സഹകരണ വകുപ്പ്, കേരള ബാങ്ക്, കാർഷിക സർവ്വകലാശാല, നബാർഡ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശർക്കര ഉത്പാദനം ആരംഭിച്ചത്. കൃഷി വിപുലമാകുന്ന മുറയ്ക്ക് ശർക്കര ഉല്പാദനത്തിലും വലിയ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.