സ്മാർട്ട് ഫങ്ഷനിൽ തിളങ്ങി പ്രവച്ചമ്പലം - കരമന റോഡ്; ഇ-സാങ്കേതിക വിദ്യ കേരളത്തിൽ ആദ്യം
ഇന്റർനെറ്റ് ഉപയോഗിച്ച് നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന വൈദ്യുതി വിളക്കുകൾ സ്ഥാപിച്ച് സ്മാർടായി തിരുവനന്തപുരം. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയാണ് തിരുവനന്തപുരം കരമന-പ്രാവച്ചമ്പലം മേഖലയിൽ നടപ്പിലാക്കിയത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചര കിലോമീറ്റർ വരുന്ന റോഡിന്റെ മീഡിയനുകളിൽ ആണ് ലൈറ്റുകൾ സ്ഥാപിച്ച് സുന്ദരമാക്കിയത്.സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി 4.9 കോടി രൂപ ചെലവിൽ ഒമ്പത് മീറ്റർ ഉയരമുളള 184 തൂണുകളിലായി പിയു കോട്ടഡ് വൈറ്റ് കോണിക്കൽ പോളുകളിൽ 170 വാട്്‌സ് ന്യൂട്രൽ വൈറ്റ് ബൾബുകളാണുള്ളത്. 170 തൂണുകളിൽ രണ്ട് ബൾബു വീതവും കരമന ഭാഗത്ത് 14 തൂണിൽ ഓരോ ബൾബു വീതവും. മൂന്ന് സ്മാർട്ട് മോണിറ്ററിങ് പാനലും സ്ഥാപിച്ചിട്ടുണ്ട്. നേമം, കാരയ്ക്കാമണ്ഡപം, പാപ്പനംകോട് എന്നിവിടങ്ങളിലാണ് കൺട്രോൾ യൂണിറ്റുകളുള്ളത്. ഇന്റർനെറ്റ് മുഖേന പ്രവർത്തനം നിയന്ത്രിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയായതിനാൽ റോഡിന്റെ തിരക്കിനനുസൃതമായി വൈകിട്ട് ആറ് മുതൽ രാവിലെ ആറുവരെ പ്രകാശം കൂട്ടാനും കുറയ്ക്കാനും സാധിക്കും. പ്രത്യേകം സിഗ്നലും സീബ്രലൈനുകളും ഇല്ലാത്ത ഭാഗങ്ങളിൽ റോഡ് മുറിച്ചു കടക്കുന്നതിനെ തുടർന്നുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി 4.75 കീലോമീറ്റർ നീളത്തിൽ ഇരുമ്പ് വേലി സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലങ്ങളിൽ ഡിവൈഡറിൽ പാഴ്‌ചെടികൾ വളർന്ന് യാത്രക്കാർക്ക് കാഴ്ചതടസ്സം ഉണ്ടാക്കുന്നത് ഒഴിവാക്കാനും മാലിന്യ നിക്ഷേപം തടയുന്നതിനുമായി ജംങ്ഷനുകളിലെല്ലാം 50 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.