സംസ്ഥാനത്ത് ആദ്യത്തെ വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസുമായി ആലപ്പുഴ
വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ബസ്സുകളിൽ സുഖകരമായ യാത്ര ഒരുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസ്സ് സർവീസിന് ആലപ്പുഴ ജില്ലയിൽ തുടക്കമായി. ജില്ല നിയമ സേവന അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ജില്ല നിയമ സേവന അതോറിറ്റി തയാറാക്കിയ വിദ്യാർത്ഥി സൗഹൃദ സർവീസ് സ്റ്റിക്കറുകൾ ബസ്സുകളിൽ പതിപ്പിച്ചു.എൻഎഎൽഎസ്എ സ്‌കീം 2015ൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ആദ്യഘട്ടമായി സിറ്റി സർവീസുകളിലാണ് സ്റ്റിക്കറുകൾ പതിപ്പിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ഏഴ് മണി വരെ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കുന്ന കാര്യം സ്റ്റിക്കറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷക്കാലം ഇവ നിരീക്ഷിക്കും. ഏറ്റവും സൗഹൃദപരമായി സർവീസ് നടത്തുന്ന ബസുകൾക്ക് റിപ്പബ്ലിക് ദിനത്തിൽ റിവാർഡ് നൽകും. കുട്ടികളുടെ മാനസികവും കായികവുമായ ഉല്ലാസത്തിനുള്ള കാര്യങ്ങൾ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട് അതോടൊപ്പം ഇത്തരം പരിപാടിയിലൂടെ അവരുടെ സുരക്ഷക്ക് കൂടി പരിഗണന നൽകുകയാണ് ജില്ലാഭരണകൂടം.