നീതി അയോഗ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൽ പരപ്പ ബ്ലോക്കിന് ഒന്നാം റാങ്ക്
നീതി അയോഗ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം ഡിസംബർ 2023 (ക്വാർട്ടർ) റാങ്കിംഗിൽ സൗത്ത് സോൺ തലത്തിൽ പരപ്പ ബ്ലോക്കിന് ഒന്നാം റാങ്ക്. ദക്ഷിണ മേഖലയിലെ കേരളം, തമിഴ്നാട് കർണാടക ആന്ധ്രപ്രദേശ് തെലങ്കാന സംസ്ഥാനങ്ങളിലെ 64 ബ്ലോക്കുകളിൽ നിന്നുമാണ് പരപ്പ ബ്ലോക്ക് ഒന്നാമതെത്തിയത്.ആരോഗ്യവും പോഷകവും വിദ്യാഭ്യാസം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, അടിസ്ഥാന സൗകര്യം, സാമൂഹിക വികസനം എന്നീ അഞ്ചു വിശാല മേഖലകളിലെ 39 സൂചകങ്ങളിലെ വളർച്ച ആണ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം ലക്ഷ്യമാക്കുന്നത്
പരപ്പ ബ്ലോക്ക് പരിധിയിലെ കിനാനൂർ കരിന്തളം, പനത്തടി, കള്ളാർ, കോടോം ബേളൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകളിലെ പ്രവർത്തനങ്ങളാണ് ഈ നേട്ടം കൈവരിക്കുന്നതിന് കാരണമായത്. ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൻ്റെ ഭാഗമായി സമ്പൂർണത അഭിയാൻ എന്ന പരിപാടിയാണ് നിലവിൽ പഞ്ചായത്തിൽ നടക്കുന്നത്. ഗുണഭോക്തൃ രജിസ്ട്രേഷൻ, സമ്പൂർണത മേള സാംസ്കാരിക പരിപാടികൾ എ ബി സി ഡി പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിച്ച പരപ്പബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ വികസനത്തിനുള്ള നിരവധി പദ്ധതികൾ നിലവിൽ നടപ്പിലാക്കുന്നുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ഡയബറ്റിസ്, ഹൈപ്പർ ടെൻഷൻ ജീവിത ശൈലി നിർണ്ണയ ക്യാപുകളും, കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സോയിൽ ഹെൽത്ത് കാർഡ് വിതരണത്തിനുള്ള മണ്ണ് പരിശോധന ക്യാമ്പുകളും, കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്വയം സഹായ ഗ്രൂപ്പുകൾക്ക് റിവോൾവിംഗ് ഫണ്ട് വിതരണത്തിനുള്ള പ്രവർത്തനങ്ങളും , ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ ഗർഭിണികൾക്കുള്ള പോഷകാഹാര വിതരണവും നടപ്പിലാക്കി വരുന്നു.