ഓണം വിപണനമേളയിലെ താരമായി മാറിയ വരവൂർ ഗോൾഡ്
ഈ കഴിഞ്ഞ ഓണക്കാലത്ത് തൃശ്ശൂരിലെ വരവൂർ പഞ്ചായത്ത് കുടുംബശ്രീ ഒരുക്കിയ ഓണ വിപണിയിൽ മിന്നും താരമായിരുന്നു വരവൂർ ഗോൾഡ്. കുടുംബശ്രീ കൃഷി സംഘങ്ങൾ 63 ഏക്കറിൽ വരവൂർ പാടത്ത് കൃഷി ചെയ്ത നല്ലൊന്നാന്തരം കൂർക്കയാണ് വരവൂർ ഗോൾഡ്. വിളവെടുക്കുമ്പോഴുള്ള പ്രത്യേക മണം തന്നെ വരവൂർ ഗോൾഡിനെ മറ്റ് കൂർക്ക ഇനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു. ഇടവിളയായി ചെയ്യുന്ന വിരിപ്പ് കൃഷിക്ക് പകരമായാണ് കൂർക്ക കൃഷി ചെയ്തത്. വിളവെടുപ്പ് കഴിഞ്ഞതോടെ മുണ്ടകൻ കൃഷിക്കായ് കൂർക്കച്ചെടിയുടെ തലപ്പും, വേരും ഉൾപ്പെടെ പാടത്ത് ഉഴുതുമറിച്ചു മണ്ണിനോട് ചേർത്തു. സാധാരണ വൃശ്ചിക മാസത്തിലാണ് നാട്ടിൽ പുറങ്ങളിൽ കൂർക്ക കൃഷി വിളവെടുപ്പ് തുടങ്ങുക. എന്നാൽ വരവൂരിലെ കുടുംബശ്രീയുടെ കൂർക്ക മൂന്നു മാസം മുമ്പേ വിപണി കയ്യടക്കും. വിദേശത്തേക്കു വരെ വരവൂർ ഗോൾഡ് കയറ്റുമതി ചെയ്യുന്നുണ്ട്. കർഷകർക്ക് നല്ല വിലയും ലഭിക്കുന്നുണ്ട്. വരവൂർ സി.ഡി.എസ് ഓണം വിപണന മേളയിൽ കിലോഗ്രാമിന് 100 രൂപ നിരക്കിലായിരുന്നു വിൽപ്പന. 400 കിലോഗ്രാം കൂർക്ക ഓണ വിപണിയിൽ വിറ്റഴിക്കാനും കഴിഞ്ഞു.കഴിഞ്ഞ വർഷം പഞ്ചായത്തിന്റെയും സിഡിഎസിന്റെയും നേതൃത്വത്തിൽ 25 ലക്ഷം രൂപയുടെ കൂർക്കയാണ് വരവൂരിൽ നിന്നും വിറ്റഴിച്ചത്. നിള ജെഎൽജി ഗ്രൂപ്പിന്റെ കൂർക്കയാണ് ഇത്തവണ വിപണിയിൽ എത്തിയത്. പുറത്ത് മാർക്കറ്റിൽ 180 രൂപ വരെയാണ് ഇതിന് വില ഈടാക്കുന്നത്.