വെസ്റ്റ് കല്ലട ഫ്‌ളോട്ടിങ് സോളാർ പദ്ധതി - ചതുപ്പു ഭൂമിയിൽ സൗരോർജ്ജ നിലയം


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

കേരളത്തിലാദ്യമായി കർഷകരുടെ പങ്കാളിത്തത്തോടെ കൃഷിയോഗ്യമല്ലാത്ത ചതുപ്പു ഭൂമിയിൽ സൗരോർജ്ജ നിലയം സ്ഥാപിച്ച് വൈദ്യുതിയുത്പാദിപ്പിക്കുന്ന പദ്ധതിയാണ് വെസ്റ്റ് കല്ലട ഫ്‌ളോട്ടിങ് സോളാർ പദ്ധതി. കല്ലട നിവാസികളുടെ സ്വപ്നപദ്ധതിയാണ് 50 മെഗാവാട്ട് വൈദ്യുതോത്പാദന ശേഷിയുള്ള പ്രസ്തുത പദ്ധതി. ഇവിടെനിന്നുള്ള വൈദ്യുതോർജ്ജ വരുമാനത്തിന്റെ മൂന്ന് ശതമാനം ഭൂവുടമകൾക്ക് ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.ആഭ്യന്തര ഊർജ്ജോത്പാദനം വർദ്ധിപ്പിക്കുക, ഹരിതോർജ്ജം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും സംയുക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന നിരവധി പദ്ധതികളിൽ ശ്രദ്ധേയമായ ഒന്നാണ് വെസ്റ്റ് കല്ലട ഫ്‌ളോട്ടിങ് സോളാർ പദ്ധതി. സംസ്ഥാനത്തിന്റെ നെറ്റ് സീറോ കാർബൺ ലക്ഷ്യം കൈവരിക്കുന്നതിനു സഹായകമായ ഈ പദ്ധതി, കുന്നത്തൂർ താലൂക്കിലെ പടിഞ്ഞാറേ കല്ലട വില്ലേജിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള, ചെളിയും മണലും ഖനനം ചെയ്തു വെള്ളത്തിൽ മുങ്ങിയ, കൃഷിക്കനുയോജ്യമല്ലാതായിത്തീർന്ന 300 ഏക്കറോളം ഭൂമിയിലാണ് യാഥാർഥ്യമാകുന്നത്. ഭൂവുടമകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന തരത്തിൽ വിഭാവനം ചെയ്തിരിക്കുന്നു എന്നതാണ് വെസ്റ്റ് കല്ലട പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകൾക്കുവേണ്ടി വെസ്റ്റ് കല്ലട നോൺ കൺവെൻഷണൽ എനർജി പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (M/S WKNCEPPL) എന്ന കമ്പനി രജിസ്റ്റർ ചെയ്യുകയും ഭൂമി ഉപയോഗിക്കാനായുള്ള അവകാശം ഭൂവുടമകൾ കമ്പനിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതി NHPC യുടെ സഹായത്തോടെ നടപ്പിലാക്കുന്നതിനും ഉത്പാദിപ്പിക്കുന്ന വൈദ്യുതി KSEBL വാങ്ങുന്നതിനും തീരുമാനമായിട്ടുമുണ്ട്.വെസ്റ്റ് കല്ലട പദ്ധതി നടപ്പിലാക്കുന്നതിനുള്ള അംഗീകാരം കേന്ദ്ര നവ പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിൽ (MNRE) നിന്നും നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷന് (NHPC) ലഭിച്ചിട്ടുണ്ട്. NHPC-യും വെസ്റ്റ് കല്ലട നോൺ കൺവെൻഷണൽ എനർജി പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡും (WKNCEPPL)തമ്മിലുള്ള പാട്ടക്കരാർ നടപ്പിലാക്കിയതിന് ശേഷം പദ്ധതിക്ക് ആവശ്യമായ സ്വകാര്യ ഭൂമി കൈമാറുന്നതിന് WKNCEPPL-മായി നേരിട്ട് കരാർ സ്ഥാപിക്കും.പദ്ധതി വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി 3 രൂപ 4 പൈസ അഥവ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന നിരക്കിൽ കെ എസ് ഇ ബി വാങ്ങുന്നതിന് തീരുമാനമായിട്ടുണ്ട്. കെ എസ് ഇ ബിയും എൻ എച്ച് പി സിയും തമ്മിലുള്ള ഡ്രാഫ്റ്റ് പവർ പർച്ചേസ് എഗ്രിമെന്റ് ഒപ്പുവച്ചതിനുശേഷം അനുമതിക്കായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് സമർപ്പിക്കും. 2026 മുതൽ ഭൂവുടമകൾക്ക് ഇതിൽ നിന്നുള്ള വരുമാനം ലഭിച്ചുതുടങ്ങും.സംസ്ഥാനത്തെ പുനരുപയോഗ ഊർജ്ജോത്പാദനം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും സംയുക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഫലമായി 1100 മെഗാവാട്ട് സോളാർ സ്ഥാപിത ശേഷി എന്ന വലിയ നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചു. കർഷകർക്ക് കൃഷിഭൂമികളിൽ നിന്ന് അധിക വരുമാനം ലഭ്യമാകുന്ന പി.എം. കുസും സോളാർ പദ്ധതി, സ്ഥല പരിമിതി മറികടക്കാൻ ജലാശയങ്ങളിൽ ഫ്ലോട്ടിംഗ് സോളാർ പദ്ധതി, കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ഉന്നത ശേഷിയുളള പവനോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതി, അധിക ഹരിതോർജ്ജം സംഭരിച്ച് ആവശ്യാനുസരണം പിക്ക് മണിക്കൂറുകളിൽ ഉപയോഗിക്കുവാനായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം തുടങ്ങിയ പദ്ധതികൾ പുരോഗമിക്കുകയാണ്.

കൊല്ലം

 12-07-2024
article poster

വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍

article poster

വെസ്റ്റ് കല്ലട ഫ്‌ളോട്ടിങ് സോളാർ പദ്ധതി - ചതുപ്പു ഭൂമിയിൽ സൗരോർജ്ജ നിലയം

article poster

പൈതൃക സ്മാരക സംരക്ഷണവും, പ്രദേശിക വികസനവും ലക്ഷ്യമിട്ട് മുസിരിസ് സംരക്ഷണ പദ്ധതികൾ

article poster

പറന്നുയരാൻ 'ഫീനിക്സ്' തെറാപ്പി യൂണിറ്റ്

article poster

സംസ്ഥാനത്ത് ആദ്യ പാലിയേറ്റീവ് സേനയുമായി ആലപ്പുഴ