സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍
മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍റെ (ടിആര്‍സിഎംപിയു) വിപണന ശ്യംഖല വിപൂലീകരിക്കുന്നതിന്‍റെ ഭാഗമായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള 'മില്‍മ മിലി മാര്‍ട്ട് ' സംരംഭത്തിനു തുടക്കമായി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ച 'റീപോസിഷനിംഗ് മില്‍മ 2023' പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ഭാഗ്യ ചിഹ്നമായ 'മിലി' എന്ന മില്‍മ ഗേളിന്‍റെ പേരിലാണ് 'മിലി മാര്‍ട്ട്' അറിയപ്പെടുന്നത്.മോഡേണ്‍ ട്രേഡില്‍ ഉള്‍പ്പെടുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് മില്‍മ ഉത്പന്നങ്ങള്‍ക്ക് മാത്രമായാണ് 'മില്‍മ മിലി മാര്‍ട്ട് ' പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മില്‍മ ഉത്പന്നങ്ങള്‍ ഏറ്റവും സൗകര്യപ്രദമായി യഥേഷ്ടം ലഭ്യമാക്കാനാണ് റിലയന്‍സുമായി ചേര്‍ന്നുള്ള മില്‍മ മിലി മാര്‍ട്ടിലൂടെ ടിആര്‍സിഎംപിയു ലക്ഷ്യമിടുന്നത്. ഇവിടെ ആകര്‍ഷകമായ നിരക്കില്‍ മില്‍മ ഉത്പന്നങ്ങള്‍ ലഭ്യമാകും.വിപണിയിൽ മിൽമയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ആഭ്യന്തര, ആഗോള ഡയറി ബ്രാൻഡുകളിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാൻ സജ്ജരാക്കുന്നതിനുമാണ് റീപോസിഷനിംഗ് മില്‍മ 2023 പദ്ധതി ആരംഭിച്ചത്. ദേശീയ ക്ഷീര വികസന ബോർഡിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ വിഭാവനം ചെയ്ത പദ്ധതി, മറ്റേതൊരു ബ്രാൻഡുകളുമായും മത്സരിക്കുന്നതിന് മിൽമയെ സജ്ജമാക്കാൻ, പാക്കേജിംഗ്, ഡിസൈൻ, പാലുൽപ്പന്നങ്ങളുടെ ഗുണനിലവാരം, വില എന്നിവയിൽ സമഗ്രമായ മാറ്റവും ഏകത്വവും വിഭാവനം ചെയ്യുന്നു. സംസ്ഥാനത്തുടനീളമുള്ള വിദൂര പ്രദേശങ്ങളിൽ മിൽമയുടെ എല്ലാ പാലുൽപ്പന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കിക്കൊണ്ട് മിൽമയുടെ വിപണന ശൃംഖല വിപുലീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.