ജൈവവൈവിധ്യം സംരക്ഷിക്കാൻ പച്ചത്തുരുത്ത് പദ്ധതി
നവകേരളം കർമപദ്ധതി രണ്ടിന്റെ ഭാഗമായി നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതി കുമരകം നോർത്ത് ഗവ. എൽ.പി. സ്കൂളിൽ ആരംഭിച്ചു. പച്ചപ്പുകൾ ധാരാളം സൃഷ്ടിക്കുന്നതിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുകയാണ് പ്രസ്തുത പദ്ധതി ലക്ഷ്യമിടുന്നത്. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കുന്ന പദ്ധതി ജൂൺ അഞ്ചിന് സംസ്ഥാനത്തു തുടക്കം കുറിച്ചിരുന്നു. നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി- ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരു ഗ്രാമപഞ്ചായത്ത്-നഗരസഭയിൽ ഒന്നു വീതം എന്ന തോതിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകൾ നടും. കുമരകം ഗവ. എൽ.പി സ്‌കൂളിൽ 10 സെന്റിൽ പച്ചത്തുരുത്ത് വ്യാപിപ്പിക്കുകയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങൾ ഉൾപ്പടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനം മാതൃകകൾ സൃഷ്ടിച്ചെടുത്തു സംരക്ഷിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സന്നദ്ധ സംഘടനകൾ, പൊതുസ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, വ്യക്തികൾ എന്നിവയുടെ പിന്തുണയോടെ പച്ചത്തുരുത്തുസ്ഥാപിക്കലും തുടർസംരക്ഷണവുമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി പച്ചത്തുരുത്തുകൾ നിർമ്മിക്കാനുള്ള ദൗത്യം 2019ലാണ് ഹരിത കേരളം മിഷൻ ഏറ്റെടുത്തത്. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ 7.82 ഏക്കർ തരിശുഭൂമിയിൽ 90 പച്ചത്തുരുത്തുകൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ 11 ബ്ലോക്ക് പരിധികളിൽ ഓരോ മാതൃക തുരുത്തുകൾ അടക്കം വളർത്തിയെടുത്തിട്ടുണ്ട്. ഈ സാമ്പത്തികവർഷം 50 ഏക്കറിൽ പദ്ധതി നടപ്പാക്കും അതിൽ 20 ഏക്കർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി. കോളജിൽ 10 ഏക്കറിൽ ജൈവ വൈവിധ്യ ക്യാമ്പസ് നിർമിക്കും.