മൂന്നാറിലെത്തുന്ന വനിതാ സഞ്ചാരികൾക്ക് ഇനി സുരക്ഷിത താമസം; ഇടുക്കിയിലെ ആദ്യ 'ഷീ ലോഡ്ജ്' ഒരുങ്ങി
മൂന്നാറിലെത്തുന്ന വനിതാ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്നതിനായി, ഇടുക്കി ജില്ലയിലെ ആദ്യ 'ഷീ ലോഡ്ജ്' നിർമ്മാണം പൂർത്തിയാക്കി. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് മാത്രമായി നിർമ്മിച്ച ഈ ലോഡ്ജ്, ജില്ലയുടെ ടൂറിസം മേഖലയിൽ ഒരു മികച്ച കാൽവെപ്പായി മാറുകയാണ്.രണ്ടാംമൈലിലെ പള്ളിവാസൽ പഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് ഈ മാതൃകാപരമായ പദ്ധതി യാഥാർത്ഥ്യമായത്. പഞ്ചായത്തിന്റെ തനത് പദ്ധതി വിഹിതത്തിൽ നിന്ന് 1.25 കോടി രൂപ ചെലവഴിച്ചാണ് ലോഡ്ജിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മുൻകൈയെടുത്ത് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ 'ഷീ ലോഡ്ജ്' കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.2022 മാർച്ചിൽ നിർമ്മാണം ആരംഭിച്ച 'ഷീ ലോഡ്ജിൽ' എട്ട് മുറികൾ, 16 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി, റസ്റ്ററന്റ്, അടുക്കള തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്. മൂന്നാറിന്റെ പ്രകൃതിഭംഗി പൂർണ്ണമായി ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ, രണ്ടാംമൈൽ ചിത്തിരപുരം ഭാഗത്തെ തേയിലത്തോട്ടങ്ങൾക്ക് അഭിമുഖമായാണ് ഈ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്.വനിതാ സഞ്ചാരികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിലൂടെ, കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക്, പ്രത്യേകിച്ച് മൂന്നാറിന് ഇത് വലിയ മുതൽക്കൂട്ടാകും.