വിദ്യാർഥികൾക്ക് അഭിരുചി അനുസരിച്ച് അറിവും നൈപുണിയും: മലപ്പുറത്ത് 16 തൊഴിൽ നൈപുണി കേന്ദ്രങ്ങൾ
വിദ്യാർഥികൾക്ക് അഭിരുചിക്ക് അനുസരിച്ച് തൊഴിൽ സാധ്യതയുള്ള അറിവും നൈപുണിയും നൽകുകയെന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലയിലെ 16 സ്കൂളുകളിൽ തൊഴിൽ നൈപുണി കേന്ദ്രങ്ങൾ (സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ) തുറക്കുന്നു. സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി ജില്ലയിൽ 15 ഹയർസെക്കന്ററി സ്കൂളുകളും രണ്ട് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകളുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. പൈലറ്റ് അടിസ്ഥാനത്തിൽ അരിമ്പ്ര ജി.വി.എച്ച്.എസ്.എസിൽ നേരെത്തെ തന്നെ നൈപുണി വികസന കേന്ദ്രം പ്രവർത്തനമാരംഭിച്ചിരുന്നു. മറ്റുള്ള 16 കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്.ഓരോ സെന്ററുകളിലും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള രണ്ടു ജോബ് റോളുകളുടെ 25 കുട്ടികൾ വീതമുള്ള ഓരോ ബാച്ചുകൾ വീതമാണ് ഉണ്ടാകുക. ഓരോ കേന്ദ്രത്തിനും 21.5 ലക്ഷം രൂപയാണ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി വിനിയോഗിക്കുന്നത്. എച്ച്.എസ്.എസ്/ വി.എച്ച്.എസ്.ഇ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ, ഔട്ട് ഓഫ് സ്കൂൾ കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ, സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത് ഓപ്പൺ വിദ്യാഭ്യാസത്തിൽ പഠിക്കുന്നവർ, ഭിന്നശേഷി കുട്ടികൾ, ബിരുദ പഠനം നടത്തുന്നവർ, ഹയർസെക്കണ്ടന്ററി വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികൾ എന്നിവർക്ക് തൊഴിൽ നൈപുണി കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കാം.മങ്കട ജി.വി.എച്ച്.എസ്.എസ്, പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ്, വേങ്ങര ജി.വി.എച്ച്.എസ്.എസ്, ചെട്ടിയാംകിണർ ജി.വി.എച്ച്.എസ്.എസ്, ബി.പി അങ്ങാടി ഗേൾസ് ജി.വി.എച്ച്.എസ്.എസ്, പുറത്തൂർ ജി.എച്ച്.എസ്.എസ്, പറവണ്ണ ജി.വി.എച്ച്.എസ്.എസ്, കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ്, തവനൂർ കെ.എം.പി.ബി.ജി.വി.എച്ച്.എസ്.എസ്, മഞ്ചേരി ജി.ജി.വി.എച്ച്.എസ്.എസ് ആന്റ് ടി.എച്ച്.എസ്, പെരിന്തൽമണ്ണ ജി.വി.എച്ച്.എസ്.എസ്, നിലമ്പൂർ ജി.വി.എച്ച്.എസ്.എസ്, വണ്ടൂർ ഗേൾസ് ജി.വി.എച്ച്.എസ്.എസ്, കീഴുപറമ്പ ജി.വി.എച്ച്.എസ്.എസ്, തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, തൃക്കാവ് ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.