സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യ ത്രോംബക്ടമി ചികിത്സ
സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജിൽ ഇന്റർവെൻഷൻ ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരമായി പൂർത്തിയാക്കി. പക്ഷഘാതം ബാധിതനായ രോഗിക്കാണ് മെക്കാനിക്കൽ ത്രോമ്പക്ടമിയിലൂടെ ചികിത്സ നൽകിയത്. ധമനിയിൽ നിന്നോ സിരയിൽ നിന്നോ രക്തം കട്ടപിടിക്കുന്നത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് ത്രോംബെക്ടമി. കാലുകൾ, കൈകൾ, കുടൽ, വൃക്കകൾ, തലച്ചോറ് അല്ലെങ്കിൽ മറ്റ് സുപ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാൻ ഈ പ്രക്രിയലിലൂടെ സാധ്യമാകും. ആദ്യമായാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ബാഹ്യ സഹായമില്ലാതെ മെക്കാനിക്കൽ ത്രോമ്പക്ടമി ചെയ്യുന്നത്. താരതമേന്യ ചെലവ് കൂടിയ ചികിത്സാ രീതിയാണ് മെക്കാനിക്കൽ ത്രോമ്പക്ടമി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗത്തെ കോമ്പ്രിഹെൻസീവ് സ്ട്രോക്ക് സെന്ററായി (സമഗ്ര പക്ഷാഘാത പരിചരണ വിഭാഗം) അടുത്തിടെ വികസിപ്പിച്ചിരുന്നു. ഇതിന്റെ ഭഗമായി പുതിയ ചികിത്സാ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പക്ഷാഘാത പരിചരണത്തിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ സാധിക്കും.