ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്തിന്റെ ചര്‍ക്ക വിതരണ പദ്ധതി
ജില്ലയിലെ 15 ബഡ്സ് സ്ക്കൂളുകളിലെ അഞ്ച് വീതം ഭിന്നശേഷി വിഭാഗക്കാര്‍ക്കായി നൂല് നൂല്‍പ്പ് (നൂല് നിര്‍മ്മാണം) തൊഴിലിനുളള സജ്ജീകരണങ്ങള്‍ നല്‍കികൊണ്ട് അവര്‍ക്കായി ഒരു വരുമാന മാര്‍ഗ്ഗം തുറന്നിടുകയാണ് ജില്ല പഞ്ചായത്ത് . 23-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മാര്‍ച്ച് 12-ന് ആരംഭിച്ച ജില്ലാ പഞ്ചായത്തിന്റെ ചര്‍ക്കവിതരണ പദ്ധതിപ്രകാരം അഞ്ച് ചര്ക്കകള് വീതം ഒരു ബഡ്സ് സ്ക്കൂളിന് എന്ന കണക്കില്‍ 75 ചര്‍ക്കകളും ഇരിപ്പിട സൗകര്യങ്ങളുമാണ് ജില്ലാ പഞ്ചായത്ത് വിതരണം ചെ്തത്. കണ്ണാടി ബഡ്സ് സ്ക്കൂളിലാണ് പ്രവര്‍ത്തനത്തിന് തുടക്കമായത്. പദ്ധതിക്കായി 18 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. ഖാദി ബോര്‍ഡിനായി ചര്‍ക്കകളില്‍ നൂല്‍നൂല്‍ക്കുന്ന തൊഴിലാണ് നടക്കുന്നത്. പഞ്ഞി പോലുളള അനുബന്ധ സാമഗ്രികളെല്ലാം ഖാദി ബോര്‍ഡാണ് കൊടുക്കുക. ഒരു കഴി നൂലിന് 10 രൂപയാണ് വേതനം. 120 രൂപ ക്ഷാമബത്തയും, സര്‍ക്കാറിന്റെ മിനിമം വരുമാന പൂരക പദ്ധതി പ്രകാരം ഒരു കഴിക്ക് 4.90 രൂപ വീതവും ഇന്‍സെന്റീവ് 60 പൈസയും കിട്ടും. ഒരു ദിവസം കുറഞ്ഞത് അഞ്ച് കഴി നൂല് നൂറ്റാല്‍ 200 രൂപ വരെ വേതനമായി കിട്ടും.നൂല്‍നൂല്‍പ്പിനുളള വേതനം ഖാദി ബോര്‍ഡാണ് നല്‍കുക. ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുളള 24 ശതമാനം അംശദായത്തില്‍ 12 ശതമാനം ഖാദി ബോര്‍ഡും ബാക്കി 12 ശതമാനം ഈ ഭിന്നശേഷി വിഭാഗം തൊഴിലാളികളുടെ വേതനത്തില്‍ നിന്നും ഈടാക്കും. ബഡ്സ് സ്ക്കൂളില്‍ നിന്ന് 18 വയസ്സിന് മുകളിലുളള അഞ്ച് പേരെയാണ് പ്രസ്തുത പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കുറഞ്ഞത് 100 ദിവസം തൊഴില്‍ ചെയ്താല്‍ ഖാദി ബോര്‍ഡിന്റെ ക്ഷേമനിധി ബോര്‍ഡില്‍ അംഗമാക്കും. തുടര്‍ന്ന് എംപ്ലോയ്മെന്റ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പ്രകാരമുളള ചികിത്സ സഹായം, ഭവനനിര്‍മ്മാണ സഹായം തുടങ്ങിയ ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങളും ലഭിക്കും. കണ്ണാടി, കിഴക്കഞ്ചേരി, എരിമയൂര്‍, മാത്തൂര്‍, കുത്തന്നൂര്‍, മുതുതല, വിളയൂര്‍, പരുതൂര്‍, തൃത്താല, തൃക്കടീരി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, എലപ്പുള്ളി, ആലത്തൂര്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുളള 15 ബഡ്സ് സ്ക്കൂളുകള്‍ക്കാണ് ജില്ലാ പഞ്ചായത്ത് ചര്‍ക്ക വിതരണം നടത്തിയത്. വരുമാനത്തിന് പുറമെ ഏകാഗ്രത വര്‍ദ്ധിക്കുകയും നല്ലൊരു വ്യായാമവും കൂടിയായി മാറുകയാണ് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഈ പ്രവര്‍ത്തനം.