പച്ചത്തുരുത്തിൽ സെഞ്ച്വറി കടന്ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ 101 മത് ജൈവ വൈവിധ്യ പച്ചതുരുത്ത് സൃഷ്ടിച്ച് ഹരിത കേരളം മിഷൻ. പ്രകൃതി പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ ഭാഗമായാണ് നഗരൂർ ഗ്രാമപഞ്ചായത്തിൽ ശ്രീശങ്കര ട്രസ്റ്റിന് കീഴിലുള്ള ഭൂമിയിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പച്ചത്തുരുത്ത് നിർമിച്ചത്.
ബോട്ടാണിക്കൽ ഗാർഡനിൽ നിന്നും ഹരിത കേരള മിഷൻ ശേഖരിച്ച 500 തൈകളും തദ്ദേശീയമായി ലഭ്യമാക്കിയ 500 തൈകളും ഉപയോഗിച്ച് തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് നഗരൂർ ശ്രീശങ്കര ട്രസ്റ്റിന് കീഴിലുള്ള രണ്ട് ഏക്കർ സ്ഥലത്ത് പച്ചത്തുരുത്ത് നിർമിച്ചത്. ശ്രീശങ്കര വിദ്യാപീഠം കോളേജ് മുൻഭാഗത്ത് ഔഷധത്തോട്ടവും, സ്‌കൂളിന് സമീപമുള്ള കിഴക്കുഭാഗത്ത് ഫലവൃക്ഷതൈകളും, സ്‌കൂളിന് തെക്കുഭാഗത്ത് പൊക്കം കുറഞ്ഞ ഫലവൃക്ഷതൈകളും, ക്ഷേത്രകാവിനു സമീപം കാവ് സംരക്ഷണം നൽകുന്നതിന് സഹായിക്കുന്ന വൃക്ഷങ്ങളും, കോളേജിനോട് ചേർന്ന് സംരക്ഷിത തൈകളും, ക്ഷേത്രകുളം മുതൽ ക്ഷേത്രം വരെ ക്ഷേത്രത്തിന് ഉപയോഗപ്രദമാകുന്ന, ചെടികളുമാണ് വെച്ചുപിടിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.
കരവാരം പഞ്ചായത്തിൽ 46, നഗരൂർ പഞ്ചായത്തിൽ 14, നാവായിക്കുളം പഞ്ചായത്തിൽ 10 , പുളിമാത്ത് പഞ്ചായത്തിൽ ഒൻപത് , കിളിമാനൂർ പഞ്ചായത്തിൽ ഒൻപത്, പള്ളിക്കൽ പഞ്ചായത്തിൽ ആറ്, മടവൂർ പഞ്ചായത്തിൽ നാല്, പഴയ കുന്നുമ്മൽ പഞ്ചായത്തിൽ രണ്ട് എന്നിങ്ങനെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 100 പച്ചത്തുരുത്തുകളാണ് ഉള്ളത്. കരവാരം, പുളിമാത്ത്, നഗരൂർ, പള്ളിക്കൽ, മടവൂർ, കിളിമാനൂർ ഗ്രാമപഞ്ചായത്തുകളിലും മാതൃക പച്ചത്തുരുത്തുകളും സ്ഥിതിചെയ്യുന്നുണ്ട്.