ഭക്ഷ്യസുരക്ഷയും, ഫുഡ് ടൂറിസവും ലക്ഷ്യമാക്കി ശംഖുമുഖത്ത് ഫുഡ് സ്ട്രീറ്റ് ഹബ്
മോഡേണൈസേഷന് ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ശംഖുമുഖത്ത് ഫുഡ് സ്ട്രീറ്റ് ഹബ് ഒരുങ്ങുന്നു. കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക വഴി സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയാണ് ഫുഡ് സ്ട്രീറ്റ് കൊണ്ട് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ആധുനിക ഫുഡ് സ്ട്രീറ്റുകൾ മുഖേന വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം ജനങ്ങൾക്കായ് ഒരുങ്ങുന്നു.
ഒരു കോടി രൂപ ചിലവില്‍ ആണ് തിരുവനന്തപുരത്തെ ഫുഡ് സ്ട്രീറ്റ് യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്. ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണം പ്രദാനം ചെയ്യുന്നതിലൂടെ, കേരളത്തിലെ ആധുനിക ഫുഡ് സ്ട്രീറ്റുകൾ പ്രാദേശിക തൊഴിൽ മേഖല ശക്തിപ്പെടുത്തുകയും ഭക്ഷ്യ ടൂറിസം വികസിപ്പിക്കുകയും ടൂറിസം മേഖലയെ കൂടി ശക്തിപ്പെടുകയും ചെയ്യും. തിരുവനന്തപുരത്ത് ഡിടിപിസി, എന്‍എച്ച്എം, നഗരസഭ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുള്ള 18 സ്ഥിരം ഭക്ഷണ സ്റ്റാളുകളും, പൊതുവായ ഡൈനിംഗ് സ്ഥലം, മാലിന്യ നിര്‍മ്മാര്‍ജന സംവിധാനം, വാഷിംഗ് ഏരിയ, ശുചിമുറികള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിച്ചായിരിക്കും ഈ ഭക്ഷണ ശാലകള്‍ പ്രവര്‍ത്തനം നടത്തുന്നത്. ശംഖുമുഖത്തെത്തുന്ന പൊതുജനങ്ങള്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും വിവിധ രുചിവെവിധ്യം സുരക്ഷിതമായി ആസ്വദിക്കാന്‍ ഈ ഫുഡ് സ്ട്രീറ്റ് സഹായകമാകും. തിരുവനന്തപുരത്തിന്റെ തെരുവ് ഭക്ഷണ സംസ്കാരത്തിനും രാത്രി ജീവിതത്തിനും പുതിയ മാനം നൽകുകയാണ് ഫുഡ് സ്ട്രീറ്റ് പദ്ധതി.
ഫുഡ് സ്ട്രീറ്റുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കുകയാണ് മോഡേണൈസേഷന് ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള ഫുഡ് സ്ട്രീറ്റുകൾ പദ്ധതിയിലൂടെ കൂടുതൽ മികവുറ്റതാക്കും. ഭക്ഷ്യജന്യ രോഗങ്ങൾ കുറച്ച്, പൊതുജനാരോഗ്യം വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക തൊഴിൽ മേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങൾ ലഭ്യമാക്കി ഫുഡ് ഡെസ്റ്റിനേഷനുകൾ പ്രോത്സാഹിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പദ്ധതി നടപ്പാക്കാൻ ആദ്യ ഘട്ടത്തില്‍ 4 സ്ഥലങ്ങളാണ് തെരഞ്ഞെടുത്തത്. തിരുവനന്തപുരം കൂടാതെ എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളിലും ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമായി കഴിഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ ഫുഡ് സ്ട്രീറ്റ് വ്യാപിപ്പിക്കുവാനും പദ്ധതി വിഭാവനം ചെയ്യുന്നു.