കുടുംബശ്രീയുടെ പ്രീമിയം കഫേ ഇനി പത്തനംതിട്ടയിൽ
കൈപുണ്യത്തിന്റെയും ശുചിത്വത്തിന്റെയും മികവുമായി രുചിയുടെ ലോകത്ത് കാലുറപ്പിച്ച കുടുംബശ്രീയുടെ പ്രീമിയം കഫേ, എം.സി റോഡില്‍ പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ അനിമിറ്റി സെന്ററിൽ പ്രവർത്തനമാരംഭിച്ചു.
സംസ്ഥാനമൊട്ടാകെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രീമിയം കഫേ ശൃഖലയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 2024 ജനുവരി 27ന് എറണാകുളം അങ്കമാലിയിലാണ് ആദ്യ പ്രീമിയം കഫേ തുടങ്ങിയത്. പിന്നീട് തൃശ്ശൂരില്‍ ഗുരുവായൂരും, വയനാട്ടിലെ മേപ്പാടിയിലും പ്രീമിയം കഫേകള്‍ ആരംഭിച്ചു. ഇന്ന് പത്തനംതിട്ടയില്‍ കുടുംബശ്രീ തുടക്കം കുറിച്ച പ്രീമിയം കഫേ ഈ ശൃംഖലയിലെ നാലാമത്തെ കഫേയാണ്. സംരംഭകര്‍ക്ക് വരുമാന വര്‍ദ്ധനവ് നേടുന്നതിനൊപ്പം വനിതകളുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ഭക്ഷ്യശൃംഖല രൂപീകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കാന്റീന് കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴില്‍ രംഗത്ത് ഉയര്‍ന്ന തലത്തില്‍ എത്തിക്കുകയെന്നതും പ്രീമിയം കഫേകളിലൂടെ ലക്ഷ്യമിടുന്നു. പരിശീലനം ലഭിച്ച 17 വനിതകളുടെ നേതൃത്വത്തില്‍ രാത്രി 11 വരെയാണ് കഫേയുടെ പ്രവര്‍ത്തനം. പാചക വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണ വിതരണം, പാഴ്സല്‍ സര്‍വീസ്, കാറ്ററിങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, ശുചിത്വം, മികച്ച മാലിന്യ സംസ്കരണ ഉപാധികള്‍ എന്നിവ കഫേയിലൊരുക്കിയിട്ടുണ്ട്.