പാരമ്പര്യത്തിന്റെയും അനുഭവസമ്പത്തിന്റെയും 'മറയൂർ മധുരം' വിപണിയിലേക്ക്
ശർക്കര നിർമാണത്തിന്റെ വിവിധതലങ്ങളിൽ പരമ്പരാഗതമായി ഏർപ്പെട്ടിരുന്ന മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ പട്ടികവർഗ വിഭാഗത്തിൽ നിന്നും സ്വന്തം ബ്രാൻഡ് 'മറയൂർ മധുര'മെന്ന പേരിൽ വിപണിയിലേക്ക്. പട്ടികവർഗ വിഭാഗത്തിന്റെ പരമ്പരാഗത തൊഴിലുകൾ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച- 'സഹായകിരൺ' പദ്ധതിയിലുൾപ്പെടുത്തിയാണ് ശർക്കര നിർമാണ യൂണിറ്റ് യാഥാർഥ്യമാക്കിയത്. കേന്ദ്ര SCA to TSS ഫണ്ട് ഉപയോഗപ്പെടുത്തി സംസ്ഥാന പട്ടികവർഗ വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
പട്ടികവർഗ അംഗങ്ങൾ നിയന്ത്രിക്കുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം. കാലങ്ങളായി കരിമ്പുകൃഷി മുതൽ ശർക്കര നിർമാണം വരെ ചെയ്തിരുന്ന 150 കുടുംബങ്ങളെ ഉൾപ്പെടുത്തി 'മറയൂർകാന്തല്ലൂർ ട്രൈബൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി' രൂപീകരിച്ചു.പട്ടിക വർഗ കർഷകരുടെ കൈവശമുള്ള ഭൂമിയിലെ കരിമ്പ് കൃഷിക്ക് മതിയായ വില ലഭ്യമാക്കുകയും അതോടൊപ്പം ശർക്കര നിർമ്മാണത്തിന്റെ ലാഭം പൂർണമായും പട്ടികവർഗ മേഖലയിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 25 ഓളം പേർക്ക് പ്രത്യക്ഷത്തിലും 300 പേർക്ക് പരോക്ഷമായും തൊഴിൽ നൽകാൻ സംരംഭത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
ഗുണനിലവാരമുള്ള ശർക്കര വിപണിയിലെത്തിക്കാനും പ്രാദേശിക കരിമ്പുകർഷകർക്ക് ന്യായവില ഉറപ്പാക്കാനും ഇതിലൂടെ കഴിയും. പ്രതിദിനം 1000 കിലോ ശർക്കര ഉൽപ്പാദിപ്പിക്കാനാകും. ചില്ലറ വിപണിയെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. 30 ലക്ഷം രൂപ പദ്ധതി ചെലവിൽ കാന്തല്ലൂർ പഞ്ചായത്തിലെ ദണ്ട്കൊമ്പ് കോളനിയിൽ ആണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.'മറയൂർ മധുര'ത്തിന്റെ ശർക്കര ഓണക്കാലത്ത് വിപണിയിലെത്തും.