കാസർഗോഡ് 'കുട്ടി ചന്ത' ഒരുക്കി കുടുംബശ്രീ ബാലസഭ
കുട്ടികൾ വിപണന കേന്ദ്രമൊരുക്കുന്നു എന്ന പ്രത്യേകതയുമായാണ് കാസർഗോഡ് കുടുംബശ്രീയുടെ കുട്ടിചന്തകൾ തുറക്കുന്നത്. വിദ്യാഭ്യാസ കാലയളവിൽ തന്നെ തൊഴിലിന്റെ മാഹാത്മ്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ചെറു സംരംഭ ആശയങ്ങൾ പകർന്ന് നൽകുന്നതും ലക്ഷ്യമിട്ട് ആണ് കാസർഗോഡ് കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭ 'കുട്ടി ചന്ത'യ്ക്ക് തുടക്കമിടുന്നത്.ബാലസഭയിൽ അംഗങ്ങളായ കുട്ടികൾ സ്കൂൾ അവധി ദിവസങ്ങളിൽ ജില്ലയിലെ 42 സിഡിഎസുകളിലും മാസത്തിലൊരിക്കൽ കുട്ടിച്ചന്തകൾ (ചെറിയ ചന്തകൾ) നടത്തുന്നു. കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന ബഡ്സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ, അവരുടെ രക്ഷിതാക്കൾ എന്നിവർ ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ, കുടുംബശ്രീ കാർഷിക, ചെറുകിട സംരംഭങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവയെല്ലാമാണ് 'കുട്ടി ചന്ത'കൾ വഴി വിറ്റഴിക്കുന്നത്. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക, ഉപജീവന നൈപുണ്യങ്ങൾ നൽകുക, സാമൂഹിക ഇടപെടലുകൾക്ക് അവസരമൊരുക്കുക എന്നിവയും 'കുട്ടി ചന്ത' ലക്ഷ്യമിടുന്നു.കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ, അഗ്രികൾച്ചർ, സോഷ്യൽ ഡെവലപ്പ്മെന്റ് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ എന്നിവർ അതാത് സി.ഡി.എസിന്റെ നേതൃത്വത്തിലാണ് കുട്ടി ചന്തകളിലേക്ക് ഉത്പന്നങ്ങൾ എത്തിക്കുന്നത്. ചന്തകളിൽ നിന്ന് ലഭിക്കുന്ന തുക സി.ഡി.എസ് അക്കൗണ്ടിൽ നിക്ഷേപിച്ച് കുട്ടികളുടെ പഠന, പാഠ്യേതര വിഷയങ്ങൾക്ക് ഉപയോഗിക്കും.