കേരള ബ്രാൻഡ് പദ്ധതിയിൽ രണ്ട് സ്ഥാപനങ്ങൾ, മികച്ച നേട്ടവുമായി കണ്ണൂർ ജില്ല
സംസ്ഥാനത്ത് ഗുണമേന്മയുള്ള ഉത്പന്നങ്ങൾക്ക് അവതരിപ്പിക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന കേരള ബ്രാൻഡ് പദ്ധതിയിൽ മികച്ച നേട്ടവുമായി കണ്ണൂർ. കണ്ണൂർ ജില്ലയിലെ രണ്ട് സ്ഥാപനങ്ങൾക്ക് കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചു. അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡിന്റെ കീഴിലുള്ള സഹകാരി ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിംഗ് പ്ലാന്റ്, തളിപ്പറമ്പ നടുവിൽ മീൻപ്പറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കെ എം ഓയിൽ ഇൻഡസ്ട്രീസ് എന്നീ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾക്കാണ് ജില്ലയിൽ ആദ്യമായി കേരള ബ്രാന്റ് ലഭിച്ചത്.ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ആറ് സ്ഥാപനങ്ങൾക്ക് ആണ് കേരള ബ്രാൻഡ് അംഗീകാരം ലഭിച്ചത്.കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നേടുന്ന ഉത്പന്നങ്ങൾക്ക് ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ കേരള ബ്രാൻഡ് നാമത്തിൽ വിപണനം ചെയ്യാനാകും. ഗുണനിലവാരം, ഉത്പാദനത്തിലെ മൂല്യങ്ങൾ എന്നിവ പരിഗണിച്ചാണ് കേരള ബ്രാൻഡിംഗ് നൽകുന്നത്. തുടക്കത്തിൽ വെളിച്ചെണ്ണയ്ക്കും തുടർന്ന് 14 ഉത്പന്നങ്ങൾക്കുമാണ് കേരള ബ്രാൻഡിംഗ് നൽകുന്നത്.