വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് ചിറകായി 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്'പദ്ധതി


വിജ്ഞാന സമൂഹത്തിലേക്കുള്ള ശാക്തീകരണപാതയിൽ ഉന്നത വിദ്യാഭ്യാസ രംഗം

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയിട്ടും സാമ്പത്തിക പ്രയാസങ്ങള്‍ മൂലം തുടര്‍ന്ന് പഠിക്കാനുള്ള ആഗ്രഹം മനസ്സിലൊതുക്കേണ്ടി വരുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകാന്‍ 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്' (Pursuit of Happiness) പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള കോഴ്സുകള്‍ തിരഞ്ഞെടുത്ത് ഉന്നത പഠനം നടത്താന്‍ പദ്ധതി അവസരമൊരുക്കുന്നു. ഒരു വിദ്യാര്‍ഥിയുടെയും പഠന സ്വപ്നങ്ങള്‍ സാമ്പത്തിക ബാധ്യത കാരണം മുടങ്ങില്ലെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. സാമ്പത്തികപ്രയാസം നേരിടുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനായി തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പദ്ധതിയില്‍ സ്പോണ്‍സര്‍മാരായി അണിചേരാം.

സഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് idukki.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ലഭിക്കുന്ന അപേക്ഷകള്‍ അതത് വില്ലേജ് ഓഫീസര്‍മാര്‍ വഴി വിശദമായ അര്‍ഹതാ പരിശോധനയ്ക്ക് വിധേയമാക്കും. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും കളക്ടര്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. സുതാര്യവും കാര്യക്ഷമവുമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അര്‍ഹതയുള്ളവര്‍ക്ക് സഹായം ഉറപ്പാക്കും.

സാമ്പത്തിക സഹായം നല്‍കാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ക്ക് ഇതേ വെബ്സൈറ്റിലൂടെ തന്നെ അപേക്ഷ നല്‍കാം. തുടര്‍ന്ന് സ്പോണ്‍സര്‍മാരാകാന്‍ താല്‍പ്പര്യമറിയിച്ചവരെ ജില്ലാ ഭരണകൂടം ബന്ധപ്പെടും. തിരഞ്ഞെടക്കുന്ന സ്പോണ്‍സര്‍മാര്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ടോ ഔദ്യോഗിക ഇമെയില്‍ വഴിയോ സമ്മതപത്രം സമര്‍പ്പിക്കണം. സ്പോണ്‍സര്‍മാരും വിദ്യാര്‍ഥികളും തമ്മിലുള്ള ഏകോപനം കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും നടക്കുക. വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ മേധാവികളുമായി ജില്ലാ ഭരണകൂടം ബന്ധപ്പെടുകയും, കോഴ്സ് ഫീസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്പോണ്‍സര്‍മാരെ അറിയിക്കുകയും ചെയ്യും. തുടര്‍ന്ന്, കളക്ടര്‍, സ്പോണ്‍സര്‍, സ്ഥാപനമേധാവി, വിദ്യാര്‍ഥി എന്നിവര്‍ ചേര്‍ന്ന് ഒരു ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുറക്കും. ഈ അക്കൗണ്ടിലൂടെയായിരിക്കും സ്പോണ്‍സര്‍ ചെയ്യുന്ന തുക കൈമാറ്റം ചെയ്യപ്പെടുന്നത്. ഇത് പണമിടപാടുകളില്‍ പൂര്‍ണ്ണമായ സുതാര്യത ഉറപ്പാക്കുന്നു. ഒരു പദ്ധതി എന്നതിനപ്പുറം, 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്‌' വിദ്യാര്‍ഥികള്‍ക്ക് നൽകുന്നത് പുതിയ പ്രതീക്ഷയും, പുത്തന്‍ ജീവിതവുമാണ്.

ഇടുക്കി

 21-06-2025
article poster

ആരോഗ്യരംഗത്ത് എറണാകുളത്തിന് സുവർണ്ണ നേട്ടം: രാജ്യത്താദ്യമായി ജില്ലാ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

article poster

ഭക്ഷ്യസുരക്ഷയും, ഫുഡ് ടൂറിസവും ലക്ഷ്യമാക്കി ശംഖുമുഖത്ത് ഫുഡ് സ്ട്രീറ്റ് ഹബ്

article poster

സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തിൽ കോളേജ് സുരക്ഷാ പദ്ധതി ആരംഭിച്ചു

article poster

തുല്യത കോഴ്സ് വിജയികൾക്ക് ബിരുദ പഠനത്തിന് വഴിയൊരുക്കി വയനാട്

article poster

മലബാറി ആട് ഫാം വിഭാഗത്തിൽ ആദ്യ മികവിന്റെ കേന്ദ്രമായി പാറശാല ആടുവളർത്തൽ കേന്ദ്രം