എറണാകുളം ജില്ലയില്‍ നിന്ന് ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രം; ഒരുങ്ങി വേങ്ങൂര്‍ പാണിയേലി പോര്
വിനോദസഞ്ചാര മേഖലയില്‍ ഹരിത പെരുമാറ്റച്ചട്ടം വിഭാവനം ചെയ്ത് ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ ആദ്യ മാതൃക ഹരിത ടൂറിസം കേന്ദ്രമാകാനുള്ള തയാറെടുപ്പിലാണ് പാണിയേലി പോര്. മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ വേങ്ങൂര്‍ പഞ്ചായത്തിലാണ് പാണിയേലി പോര്. ഒഴുകിവരുന്ന പെരിയാര്‍ നദിയിലെ വെള്ളം പാറക്കൂട്ടങ്ങളില്‍ തട്ടി പോരടിച്ചു ശബ്ദം ഉണ്ടാക്കുന്നതുകൊണ്ടാണ് ഈ സ്ഥലത്തിനു 'പാണിയേലി പോര് ' എന്ന പേര് വന്നതു എന്നാണ് കഥ. കൂറ്റന്‍ മരത്തൂണുകള്‍ കൊണ്ടുണ്ടാക്കിയ കമാനം വരെയാണ് വാഹനങ്ങള്‍ക്കു പ്രവേശനമുള്ളൂ. പാസ് വാങ്ങി വീതി കുറഞ്ഞ വഴികളിലൂടെ നടന്നു കാഴ്ചകള്‍ കാണാം.രാവിലെ എട്ടു മുതല്‍ അഞ്ചു മണി വരെയാണ് പ്രവേശനം. കാടിനുള്ളിലൂടെ ഒഴുകിയെത്തുന്ന പുഴയാണ് പാണിയേലിയുടെ ഭംഗി. കാട്ടിലെ വഴിയിലൂടെ നടന്ന് പെരിയാര്‍ നദിയെയും കണ്ട് ആ വെള്ളത്തില്‍ കളിച്ചുല്ലസിക്കാനാണ് മുഖ്യമായും ആളുകള്‍ ഇവിടെ എത്തുന്നത്. പോരിന്റെ മുഖ്യ കവാടത്തില്‍ നിന്നും ഏകദേശം മുന്നൂറു മീറ്റര്‍ ദൂരം കാട്ടിലൂടെ, പെരിയാറിനരുകിലൂടെ നടക്കാനായി നടപ്പാത ഒരുക്കിയിട്ടുണ്ട്. കാനന കാഴ്ചകളൊരുക്കിയ പാണിയേലി പോരിലെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നത്.ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യ സംസ്കരണം, ഒറ്റ തവണ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ കര്‍ശനമായ നിരോധനം നടപ്പാക്കല്‍,ബദല്‍ സംവിധാനം ഏര്‍പ്പെടുത്താല്‍,ടോയ്ലറ്റ് സംവിധാനവും ദ്രവ മാലിന്യ സംസ്കാരണവും കുറ്റമറ്റതാക്കല്‍,എം സി എഫ്, മിനി എം സി എഫുകള്‍, ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കല്‍,സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉറപ്പുവരുത്തി കൊണ്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രമാകുന്നത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്,വനം വകുപ്പ്, വന സംരക്ഷണ സമിതി, രാജഗിരി വിശ്വജ്യോതി കോളേജ് എന്നിവരുടെ സഹകരണത്തോടെ മെഗാ ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു.