ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ആന്റിബയോഗ്രാം
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. ആന്റിബയോട്ടിക് അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് സ്ട്രാറ്റജിക് കർമ പദ്ധതി) ഭാഗമായി ശക്തിപ്പെടുത്തിയ ഹബ് ആൻഡ് സ്‌പോക്ക് മാതൃകയിലൂടെയാണ് പദ്ധതി നടപ്പാക്കിയത്. എറണാകുളം ജില്ലയാണ് ആന്റിബയോഗ്രാം പുറത്തിറക്കിയത്.
എല്ലാ ജില്ലകളുടെയും ആന്റിബയോഗ്രാം വരുംവർഷങ്ങളിൽ പുറത്തിറക്കുകയാണ് ലക്ഷ്യം. ആന്റിബയോട്ടിക്കുകൾ നീലക്കവറിൽ നൽകുന്ന എറണാകുളം ജില്ലയിലെ രീതി സംസ്ഥാനം മുഴുവൻ നടപ്പിലാക്കും. കേരളത്തിലാണ് എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എഎംആർ കമ്മിറ്റികൾ രാജ്യത്ത് ആദ്യമായി രൂപീകരിച്ചത്. അവയുടെ പ്രവർത്തനഫലമായാണ് എറണാകുളം ജില്ലയ്ക്ക് ആന്റിബയോഗ്രാം പുറത്തിറക്കാൻ സാധിച്ചത്.
പദ്ധതിയുടെ ഭാഗമായി 11 ജില്ലകളിൽ ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിൽ ലാബ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. എല്ലാവർഷവും പുറത്തിറക്കുന്ന കാർസ്‌നെറ്റ് ശൃംഖലയിലൂടെയുള്ള കാർസാപ്പ് ആന്റിബയോഗ്രാം വഴി ത്രിതല ആശുപത്രികളിലെ എഎംആർ രീതിയാണ് പഠിച്ചുകൊണ്ടിരുന്നത്. എന്നാൽ ജില്ലാതല ആന്റിബയോഗ്രാമിലൂടെ പ്രാഥമിക, ദ്വിതീയതല ആശുപത്രികളിലെ എഎംആർ (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) ട്രെന്റ് മനസിലാക്കാൻ സാധിക്കും.
മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല മൃഗസംരക്ഷണ മേഖലയിലും ഫിഷറീസ്, അക്വാകൾച്ചർ മേഖലയിലും ഭക്ഷ്യമേഖലയിലുമൊക്കെയുള്ള എഎംആർ ട്രെന്റിനെപ്പറ്റിയും എ.എം.ആർ. കുറയ്ക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്നതല്ല എന്ന പോസ്റ്റർ എല്ലാ മെഡിക്കൽ സ്റ്റോറുകളിലും പതിപ്പിച്ചിട്ടുണ്ട്. ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്ക് പ്രത്യേക എംബ്ലവും സർട്ടിഫിക്കറ്റും നൽകും. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടപ്പിലാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ അമൃത്.
മനുഷ്യരിൽ മാത്രമല്ല മൃഗപരിപാലനം, കോഴിവളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയിലും അശാസ്ത്രീയമായ രീതിയിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനു പുറമേ പരിസ്ഥിതിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ പോലും ആന്റിബയോട്ടികുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകളെയും ജീനുകളെയും കണ്ടെത്തിയിട്ടുണ്ട്.