കോട്ടയം ജില്ലയിൽ എലിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ പുറത്തുവിട്ട് ജില്ലാ മെഡിക്കൽ ഓഫീസർ.
വെള്ളംകയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ, ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർ, ശുചീകരണത്തൊഴിലാളികൾ, പാടത്തും ജലാശയങ്ങളിലും മീൻ പിടിക്കാനിറങ്ങുന്നവർ തുടങ്ങി കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കമുണ്ടായിട്ടുള്ള എല്ലാവരും എലിപ്പനിക്കെതിരെയുള്ള മുൻകരുതൽ മരുന്നായ ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാമി(100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക ) ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കണം.
ശരീരത്തിൽ മുറിവുകൾ ഉളളവർ അത് ഉണങ്ങുന്നതുവരെ മലിനജലവുമായി സമ്പർക്കത്തിൽവരുന്ന ജോലികൾ ചെയ്യരുത്. ജോലിചെയ്യേണ്ട സാഹചര്യം വന്നാൽ കൈയുറ, കാലുറ എന്നിവ ധരിക്കണം. ഡോക്സി സൈക്ലിനും കഴിക്കണം. വീടിനു പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ചെരുപ്പ് ധരിക്കണം.
വിനോദത്തിനായി മീൻ പിടിക്കാൻ പോകുന്ന സ്ഥലങ്ങളിൽ മലിനജലവുമായി സമ്പർക്കമുണ്ടായാൽ ഡോക്സിസൈക്ലിൻ ഗുളികകഴിച്ച് മുൻകരുതൽഎടുക്കുക.
കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളിൽ കുളിക്കുകയോ മുഖം, വായ എന്നിവ കഴുകുകയോ ചെയ്യരുത്. തൊഴുത്ത്, പട്ടിക്കൂട് എന്നിവ വൃത്തിയാക്കുന്നവർ മൃഗങ്ങളുടെ വിസർജ്ജ്യങ്ങളുമായി സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങേണ്ടിവന്നാൽ കൈകാലുകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
ആഹാരവും കുടിവെള്ളവും എലി മൂത്രംകലർന്ന് മലിനമാകാതെ മൂടിവെക്കുക.
കടുത്ത പനി, തലവേദന, ക്ഷീണം,ശരീര വേദന, കാൽവണ്ണയിലെ പേശികളിൽ വേദന, കണ്ണിനു മഞ്ഞനിറം എന്നിവ ഉണ്ടായാൽ സ്വയംചികിൽസ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെകണ്ടു ചികിത്സതേടണം. മലിനജലവുമായി സമ്പർക്കം വന്നിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയണം. ഇതോടെ നിർണയം കൂടുതൽ എളുപ്പമാക്കും.
കുട്ടികളെ മലിനജലത്തിൽ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്. മഴക്കാലമായതിനാൽ മറ്റ്പകർച്ചവ്യാധികൾക്കെതിരെയും ജാഗ്രത പാലിക്കണം.